ഗാസ – നമുക്ക് വെറുതെ വിലപിക്കാം..

    220

    20121120-gaza-logo

    ഗാസ ഒരു സങ്കടത്തുരുത്താകുന്നു. എന്തിനാണ് കൊല്ലപ്പെടുന്നതെന്നു പോലും മനസിലാവാതെ നിരന്തരമായി വേട്ടയാടപ്പെടുന്ന ഒരു ജനത.. കൂട്ടക്കൊല തങ്ങളുടെ അവകാശമായി കാണുന്ന, ഇനിയും കൊല്ലും എന്ന് യാതൊരു മറവുമില്ലാതെ വിളിച്ചു പറയുന്ന യുദ്ധഭ്രാന്തു പിടിച്ച ഇസ്രായേല്‍ ഭരണകൂടം.. എല്ലാ യുദ്ധങ്ങളിലും ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്..

    അത് ഗാസയിലാവട്ടെ, ഇറാഖിലാവട്ടെ…. പോരാട്ടങ്ങളൊക്കെത്തന്നെ മതത്തിന്റെ പേരിലാണ്..നന്മയെക്കുറിച്ച് വല്ലാതെ പ്രസംഗിക്കുന്ന മതങ്ങളൊന്നും തന്നെ ലോകത്തൊരിടത്തും ഇന്നു വരെ എന്തെങ്കിലും നന്‍മ ചെയ്തതായി നമുക്ക് കാണാനാവില്ല.. നിരന്തരമായ പൊരാട്ടങ്ങളാണ് മതങ്ങളുടെ നിലനില്‍പിന്റെ അടിസ്ഥാനം.. സ്ഥിരമായി ശത്രുക്കളെ സങ്കല്‍പിക്കുകയും അവക്കെതിരെ പടയോട്ടങ്ങള്‍ നടത്തുകയും ചെയ്യുന്ന മതങ്ങള്‍ എങ്ങനെയാണ് ലോക നന്‍മക്ക് കാരണമാകുക..

    എല്ലാ മതങ്ങളും അധികാരത്തിലേക്കുളള കുറുക്കു വഴികളായിമാത്രമാണ് പരിഗണിക്കപ്പെടുന്നത്. മതം എന്നും എല്ലായിടത്തും പക്ഷപാതപരവും മാനുഷിക വിരുദ്ധവുമാണ്.. അതു കൊണ്ടു കൂടിയാണ് ഇറാഖില്‍ കൊല്ലപ്പെടുന്നവര്‍ക്കു കിട്ടുന്നതിനേക്കാള്‍ സഹതാപവും ഐക്യദാര്‍ഡ്യവും പലസ്തീനികള്‍ക്കു കിട്ടുന്നത്.. ഒരേ വേദന, ആക്രമിക്കപ്പെടുന്നതിന്റെ, കുടിയിറക്കപ്പെടുന്നതിന്റെ, അനാഥരാക്കപ്പെടുന്നതിന്റെ സങ്കടങ്ങള്‍ പോലും പക്ഷവല്‍ക്കരിക്കപ്പെടുമ്പോള്‍ മതം സുരക്ഷയാണ് എന്നും ആശ്രയമാണെന്നും പറയുന്നത് ഏറ്റവും ചുരുക്കി പറഞ്ഞാല്‍ വഞ്ചനയാണ്..