ഗുരുദക്ഷിണ.

929

‘ഒന്ന് വലുതാകട്ടെ ഒറ്റയടിക്ക്‌ അയാളെ താഴെ ഇടണം. കുട്ടികളെ പേടിപ്പിച്ച് വല്യ ആളായി നടക്കുന്നു. ഇപ്പൊ അടിച്ചാല്‍ ബാപ്പയ്ക്ക് ഇഷ്ടാവില്ല. ബാപ്പാന്‍റെ അടുത്ത ചങ്ങാതിയാണ് അയാള്‍. ..,കുറച്ചു കഴിയട്ടെ. അടി കൊടുക്കുക എന്ന തീരുമാനത്തില്‍ യാതൊരു മാറ്റവും ഇല്ല’.

പഠനത്തില്‍ എന്നത് പോലെ ആരോഗ്യത്തിലും ദുര്‍ബലനായിരുന്ന ഒരു ഏഴാം ക്ലാസുകാരന്‍റെ ചിന്തകള്‍ അങ്ങനെ ആയിരുന്നു.കാണുമ്പോള്‍ എല്ലാം പഠിക്കണം എന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്ന അബു മാഷിനു കരുതി വെച്ചിരുന്ന ഒരു പ്രതികാര ദക്ഷിണ.

എന്‍റെ സ്കൂളിലെ മാത്രമല്ല ആ പ്രദേശത്തെ തന്നെ പ്രഗല്‍ഭനായ അധ്യാപകനായിരുന്നു അബു മാസ്റ്റര്‍.

വര്‍ഷങ്ങള്‍ പെട്ടന്നാണ് കടന്നു പോയത്‌.

ദുര്‍ബലനായ ആ ഏഴാം ക്ലാസുകാരന്‍റെ മകന്‍ ഇന്ന് ഏഴാം  ക്ലാസ്സില്‍ പഠിക്കുന്നു.

വല്യുപ്പയെ അന്വേഷിച്ച് ആരോ വന്നിട്ടുണ്ട് എന്ന് മകന്‍ എന്നോട് പറഞ്ഞു.മകനോട്‌ വല്യുപ്പയെ വിളിക്കുവാന്‍ പറഞ്ഞിട്ട് ഞാന്‍ പുറത്തേക്ക് ചെന്നു.

അത് അബു മാസ്റ്റര്‍ ആയിരുന്നു.

കാലം മാസ്റ്ററുടെ ഗാംഭീര്യം നിറഞ്ഞ മുഖത്ത്‌ ഒരുപാട് ചുളിവുകള്‍ വരുത്തിയിരുന്നു.

ഉപദേശങ്ങളെയും ശാസനകളെയും ധിക്കരിച്ചതിന്‍റെ പ്രതിഫലമായി ഒരുപാട് ചുളിവുകള്‍ എന്‍റെ മനസിലും ജീവിതത്തിലും അതിനോടകം വന്നു കഴിഞ്ഞിരുന്നു.

ഞാന്‍ മാസ്റ്ററെ അകത്തേക്ക് ക്ഷണിച്ചു. അപ്പോഴേക്കും എന്‍റെ മകന്‍ വല്യുപ്പയെയും കൂട്ടി വന്നു. “എന്‍റെ മാഷാണ്”.ഞാന്‍ മാസ്റ്ററെ മകന് പരിചയപ്പെടുത്തി.അദ്ദേഹം എന്‍റെ മകന്‍റെ തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു,”നന്നായിട്ട് പഠിക്കണം.”

എന്‍റെ കണ്ണുകള്‍ നിറഞ്ഞു.ഇങ്ങനെ പറഞ്ഞതിനാണല്ലോ ഞാന്‍ അദ്ദേഹത്തെ അടിക്കാന്‍ തീരുമാനിച്ചിരുന്നത്.കണ്ണീര്‍ മറച്ചു കൊണ്ട് ഞാന്‍ മകനോട്‌ പറഞ്ഞു ഞങ്ങള്‍ക്കൊക്കെ മാഷെ വലിയ പേടിയായിരുന്നു.

“അതങ്ങനെ ഒരു കാലം. നമ്മള്‍ കണ്ടിട്ട് ഇരുപതു വര്‍ഷത്തിലേറെ ആയില്ലെടോ?വാ പുറത്തിരുന്നു സംസാരിക്കാം” എന്ന് പറഞ്ഞ് മാസ്റ്റര്‍ എന്‍റെ ബാപ്പയേയും കൂട്ടി മുറ്റത്തെ വലിയ മാവിന്‍ ചുവട്ടിലേക്ക് നടന്നു.

‘ആശ്വാസം എന്‍റെ ക്രിക്കറ്റ് കാണല്‍ ഇപ്പൊ കുളമായേനെ’ എന്ന് അകത്തേക്ക് നടന്ന എന്‍റെ മകന്‍ പിറുപിറുക്കുന്നത് ഞാന്‍ അവ്യക്തമായി കേട്ടു.

എന്‍റെ ബാലിശമായ പ്രതികാര ചിന്തകള്‍ക്കും,

പ്രായശ്ചിത്തമായി ഇന്നുതിര്‍ന്നു വീണ കണ്ണീരിനും,

പുതിയ തലമുറയുടെ പിറുപിറുപ്പിനും,

സാക്ഷിയായി ആ വലിയ മാവ്‌ മുറ്റത്ത് നിന്നിരുന്നു.