സേര്‍ച്ച് എഞ്ചിന് ഭീമന് ആയ ഗൂഗിളും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശും തന്നില്‍ എന്താണ് ബന്ധം എന്ന് ആലോചിച്ചു അമ്പരക്കേണ്ട. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അരുണാചല്‍ പ്രദേശിലെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കുവാന്‍ വേണ്ടി ഗൂഗിളിന്റെ ക്രോംബുക്കുകള്‍ ലഭ്യമാക്കുവാനുള്ള ഒരു പദ്ധതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ ആണ്. ആദ്യ ഘട്ടത്തില്‍ ഇറ്റാനഗറിലും സിറോയിലും ആണ് ഇത് നടപ്പാക്കുക.
എന്താണ് ക്രോം ബുക്ക്?
ഗൂഗിളിന്റെ തന്നെ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്ടോപ് ആണ് ക്രോം ബുക്ക്. ഇന്റര്‍നെറ്റ് സൗകര്യത്തോടെ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിച്ചാണ് ക്രോം ബുക്ക് പ്രധാനമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവുക. ഈ ആപ്പുകള്‍ എല്ലാം തന്നെ ക്ലൌഡ് ശ്രംഖലയില്‍ ആയിരിക്കും സൂക്ഷിക്കപ്പെടുന്നത്.
എന്തുകൊണ്ട് ഗൂഗിള്‍ ഈ പദ്ധതി അവതരിപ്പിക്കുന്നു?
വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്കുവാന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഗൂഗിള്‍ ഈ പദ്ധതിയെക്കുറിച്ച് ആലോചിച്ചത് എന്ന് ഗൂഗിള്‍ ഗ്ലോബല്‍ പ്രൊജക്റ്റ് മാനേജര്‍ (ക്രോം ഒ.എസ്.) സ്മിത ഹാഷിം പറഞ്ഞു. ക്രോം ബുക്കും ഗൂഗിള്‍ പ്ലേയിലെ എഡ്യൂക്കേഷന്‍ ആപ്പുകളും ഉപയോഗിച്ച് കുട്ടികള്‍ക്ക് അറിവ് നേടുവാനും വളരുവാനും കഴിയും എന്ന് ഹാഷിം കൂട്ടിച്ചേര്‍ത്തു.
എങ്ങനെ ഒരു ക്രോം ബുക്ക് സ്വന്തമാക്കാം?
വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ഗൂഗിള്‍ ക്രോം ബുക്കുകളുടെ ഒരു പുതിയ പതിപ്പ് പുറത്തിറക്കുന്നുണ്ട്. ആമസോണില്‍ നെക്സിയാന് എയര്‍ ക്രോം ബുക്കുകള്‍ ലഭ്യമാണ്. സോളോയുടെ ക്രോം ബുക്ക് ഉടന്‍ തന്നെ വിപണിയില്‍ എത്തും. വില 12,999.
ഈ പദ്ധതിക്ക് പരിമിതികള്‍ ഉണ്ടാവില്ലേ?
തീര്‍ച്ചയായും. ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചാണ് ക്രോം ബുക്ക് പ്രധാനമായും പ്രവര്‍ത്തിക്കുക. അപ്പോള്‍, ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ ഇത് ഉപയോഗിക്കുവാന്‍ സാധിക്കാതെ വരും. അതുപോലെ തന്നെ, ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് സൗജന്യമായി നല്കുവാനുള്ള പദ്ധതികളും (സ്കൂളുകളില്‍ ഹൈസ്പീഡ് വൈഫൈ) പുതുതായി ഒരുക്കേണ്ടി വരും.
എങ്ങനെ ആണ് ഈ പരിമിതികളെ ഗൂഗിള്‍ നേരിടാന്‍ പോകുന്നത്?
ഇന്ത്യ പോലെ ഒരു രാജ്യത്ത് ഭൂരിപക്ഷം ആളുകളുടെയും സാങ്കേതിക വിദ്യയുമായും ഇന്റര്നെറ്റുമായും ഉള്ള ആദ്യ പരിചയം ലാപ്ടോപിലൂടെ അല്ല, മൊബൈല്‍ ഫോണിലൂടെ ആണ് എന്നത് ഒരു പ്രശ്നം തന്നെയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമായ സ്ഥലങ്ങളിലും ലാപ്ടോപില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ തക്ക വിധം സ്പീഡ് ലഭ്യമാക്കുക എന്ന കടമ്പ ആണ് മുന്നിലുള്ളത്. എന്നാല്‍, തല്കാലിക പരിഹാരം എന്നാ നിലയില്‍ ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍, വി.എല്‍.സി. മീഡിയ പ്ലയെര്‍ എന്നിങ്ങനെ ഒരു കൂട്ടം ആപ്പ്ളിക്കേഷനുകള്‍ ഓഫ്ലൈന് ആയി ലഭ്യമാകുക എന്ന നയം ആയിരിക്കും ഗൂഗിള്‍ കൈക്കൊള്ളുക.
എന്തൊക്കെ ശ്രദ്ധിക്കണം?
വെറുതെ ഇരിക്കുമ്പോള്‍ എന്നാല്‍ കുറച്ചു കാശ് അരുണാചലില്‍ മുടക്കിയേക്കാം എന്ന് വിചാരിച്ചു വരുന്നതല്ല ഗൂഗിള്‍. എവിടെയൊക്കെ മുടക്കിയാലും അതൊക്കെ പല മടങ്ങായി അവര്‍ക്ക് തിരികെ കിട്ടുമെന്നും നമ്മള് കണ്ടിട്ടുണ്ട്. അപ്പോള്‍, ഈ അവസരത്തെ കിട്ടിയത് ആട്ടെ ഈന മട്ടില്‍ നിസംഗതയോടെ സമീപിക്കരുത്. ചെറിയ ചെറിയ മാറ്റങ്ങളില്‍ നിന്നാണ് പലപ്പോഴും വലിയ വിപ്ലവങ്ങള്‍ ഉണ്ടാവുക. ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ ഉണ്ടാവട്ടെ എന്ന് നമുക്ക് ആശിക്കാം.