Share The Article

01

സൌഹൃദ്ബന്ധത്തിന്റെ കഥ പറഞ്ഞു കൊണ്ട് ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ സേര്‍ച്ചിന്റെ ഏറ്റവും പുതിയ പരസ്യം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നു. ഒരു യുവതി തന്റെ മുത്തച്ചനുമായി സംസാരിക്കുന്നതും മുത്തച്ഛന്‍ തന്റെ ബാല്യകാല സുഹൃത്തിനെ ഓര്‍മ്മിക്കുന്നതും എന്നാല്‍ പിന്നീടു ഇന്ത്യ വിഭജനത്തിനു ശേഷം പാക്കിസ്ഥാനില്‍ ജീവിക്കുന്ന തന്റെ സുഹൃത്തിനെ വിട്ടു പോരേണ്ടി വന്ന കഥയും ദുഖത്തോടെ പറയുന്നതാണ് പരസ്യത്തിന്റെ ആദ്യ ഭാഗത്ത് നാം കാണുക.

പരസ്യത്തിന്റെ അടുത്ത ഘട്ടത്തില്‍ ഈ യുവതി തന്റെ മുത്തച്ഛന്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുന്നതും അങ്ങിനെ ഗൂഗിളിലെ ഓരോ വിവരങ്ങള്‍ വെച്ച് കൊണ്ട് അവസാനം തന്റെ മുത്തച്ഛന്റെ ബാല്യകാല സുഹൃത്ത്‌ ജോലി ചെയ്യുന്ന കട കണ്ടു പിടിക്കുകയും അങ്ങിനെ അവരെ ഫോണ്‍ വിളിക്കുന്നതുമാണ് നാം കാണുക. അതിനു ശേഷം അവര്‍ ഇന്ത്യയിലേക്ക് വരുവാന്‍ വേണ്ടി വിസ റെഡി ആക്കുവാന്‍ വേണ്ടിയും ഗൂഗിള്‍ സെര്‍ച്ച്‌ തന്നെ ഉപയോഗിക്കുന്നതാണ് നമ്മള്‍ കാണുക.

അങ്ങിനെ അവസാനം ഈ രണ്ടു ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടു മുട്ടുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍ ആണ് നാം കാണുക. ഈ മൂന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നമ്മെ സോഹൃദ് ബന്ധത്തെക്കുറിച്ചും രാജ്യാതിര്‍ത്തികള്‍ കടന്നു പോകുന്ന ബന്ധത്തെക്കുറിച്ചും ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്ത വീഡിയോ ഇതിനകം 7300 ലധികം തവണ പ്ലേ ചെയ്യപ്പെട്ടു കഴിഞ്ഞു.