എന്താണ് ഗൂഗിള് ട്രെൻഡ്സ് (Google Trends )?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. കോവിഡ് മഹാമാരി ഭൂലോകത്തെ പിടിച്ചുലച്ചപ്പോഴും ഇന്റർനെറ്റിന്റെയും , അനുബന്ധ സ്മാർട്ട് ഉപാധികളുടെയും ഉപയോഗവും ആവശ്യകതയും കൂടുകയാണ് ചെയ്തത്. പണമിടപാട് മുതൽ ഭക്ഷണം വാങ്ങുന്നതുവരെ ഡിജിറ്റലായത് സാധാരണക്കാരനെ വരെ ഇന്റർനെറ്റിന്റെ മായാലോകത്തേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചു.
ഇന്റർനെറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന പേരാണ് ഗൂഗിൾ. അതേ, ടെക് ഭീമനായ ഗൂഗിൾ തന്നെ. ചൈന എന്ന വൻകിട രാജ്യമൊഴിച്ചു നിർത്തിയാൽ, ലോകമെമ്പാടുമുള്ള ശരാശരി ഇന്റർനെറ്റ് ഉപയോക്താക്കൾ എന്തിനും ഏതിനും ആശ്രയിക്കുന്ന ഏറ്റവും വലിയ സേർച്ച് എൻജിനാണ് ഗൂഗിൾ. പിന്നാലെ ബിങ്, യാഹൂ, ബൈഡു എന്നിങ്ങനെ നീളുന്ന ഒരു വലിയ നിരയുമുണ്ട്.
ഗൂഗിളിൽ ആളുകൾ തിരയുന്നത് എന്തൊക്കെയാണ് എന്നത് ബിസിനസ് ലോകത്ത് ഏറ്റവും മൂല്യമുള്ള വിവരങ്ങളിലൊന്നാണ്. ഗൂഗിളിലെ തിരയൽ പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ 2006 മെയ് മാസത്തിൽ ഗൂഗിൾ തുടങ്ങിയ സേവനമാണ് ഗൂഗിൾ ട്രെൻഡ്സ്. ഈ സേവനം പതിനഞ്ചാം പിറന്നാൾ ആഘോഷിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
നിശ്ചിത കാലയളവുകളിൽ ലോകത്തെ വിവിധ മേഖലകളിലുള്ള ആളുകളുടെ ഗൂഗിളിലെ തിരയൽ പ്രവണതകളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഈ സേവനം ബിസിനസ് ലോകത്തിന് വലിയ സാധ്യതകളാണ് തുറന്നു കാട്ടിയത്.വിവിധ വിഷയങ്ങളിലെ, വിവിധ മേഖലകളിലെ, വിവിധ കാലങ്ങളിലെ തിരച്ചിൽ പ്രവണത സംബന്ധിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്തി തങ്ങൾക്കനുകൂലമായ ബിസിനസ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ ബിസിനസ് ലോകത്തിന് ഈ സേവനം വളരെ ഉപകാരപ്പെട്ടു. ഇതു തന്നെയായിരുന്നു ഗൂഗിളിന്റെ ഉദ്ദേശ്യവും.2006 മെയ് മാസത്തിലാണ് സേവനമാരംഭിച്ചതെങ്കിലും 2004 മുതൽക്കുള്ള തിരച്ചിൽ വിവരങ്ങൾ ട്രെൻഡ്സിൽ ലഭ്യമാണ്.ഒരു നിശ്ചിത കാലയളവിൽ ഗൂഗിളിൽ നടക്കുന്ന ആകെ തിരയലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രത്യേക പദം (Key word) എത്ര തവണ ഗൂഗിളിൽ തിരയപ്പെട്ടിട്ടുണ്ടെന്ന കണക്കുകൾ ആണ് ഗൂഗിൾ ട്രെൻഡ്സ് വഴിഉപയോക്താവിനു ലഭിക്കുന്നത്.
സമയത്തെയും , സ്ഥലത്തെയും മുൻനിർത്തി സെർച്ച് വിവരങ്ങളെ ക്രമാനുസരണമാക്കുന്നതിലൂടെയാണ് ട്രെൻഡ്സ് ഡാറ്റ രൂപപ്പെടുത്തുന്നത്. രണ്ട് പദങ്ങൾ തമ്മിലുള്ള താരതമ്യം ഇത് എളുപ്പമാക്കുന്നു. ഒരു സ്ഥലത്തെ ഒരു നിശ്ചിത കാലയളവിലെ മൊത്തം തിരയൽ അളവിനെ അടിസ്ഥാനപ്പെടുത്തി നാം നൽകുന്ന പദം / പദങ്ങൾ ആ കാലയളവിൽ അതേ സ്ഥലത്ത് എത്ര കണ്ട് തിരയപ്പെട്ടു എന്ന ആപേക്ഷിക വിവരമാണ് ട്രെൻഡ്സ് നൽകുന്നത്. എളുപ്പത്തിനായി ഈ അളവുകളെ 0 മുതൽ 100 വരെയുള്ള ഒരു മാനകത്തിലേക്ക് മാറ്റിയാണ് നൽകുന്നത്. ഒരേ തിരയൽ താത്പര്യം പ്രദർശിപ്പിക്കുന്ന വ്യത്യസ്ത മേഖലകളിലെ യഥാർത്ഥ തിരയൽ വ്യാപ്തം തുല്യമായിരിക്കില്ല എന്ന ഒരു ന്യൂനത ഇവിടെയുണ്ട്. യഥാർത്ഥത്തിൽ നടന്നിട്ടുള്ള തിരച്ചിലുകളുടെ എണ്ണം രണ്ട് സ്ഥലങ്ങളിലേയും വ്യത്യസ്തമാവാം.
ഉദാഹരണത്തിന് കേരളത്തിലെയും , ഉത്തർപ്രദേശിലെയും ആളുകൾ സിനിമയെ കുറിച്ച് തിരയുന്നു എന്നിരിക്കട്ടെ. 2020 ൽ കേരളത്തിൽ ആകെ നടന്ന തിരയൽ ഒരു ലക്ഷവും , ഉത്തർപ്രദേശിലേത് പത്തുലക്ഷവുമാണെന്നിരിക്കട്ടെ. കേരളത്തിൽ സിനിമയെക്കുറിച്ച് 10,000 തിരച്ചിലുകൾ ഉണ്ടായപ്പോൾ ഉത്തർപ്രദേശിലത് ഒരു ലക്ഷമാണെന്നും വിചാരിക്കുക. എങ്കിൽ സിനിമ എന്ന പദത്തിന്റെ സെർച്ച് താത്പര്യം ഈ രണ്ട് സ്ഥലങ്ങളിലേയും ഒന്നു തന്നെയായിരിക്കും. എന്നാൽ ഇവിടെ യഥാർത്ഥ തിരയൽ വ്യാപ്തം വ്യത്യസ്തമാണ്. അത് പതിനായിരവും ഒരു ലക്ഷവുമാണ്.ഒരു പ്രത്യേക മേഖലയിൽ ഒരു പ്രത്യേക വിഷയം തിരയുന്നതിന് ആളുകൾ ഉപയോഗിക്കുന്ന വിവിധ പദങ്ങളുടെ താരതമ്യവും ട്രെൻഡ്സിൽ സാധ്യമാവും. ഉദാഹരണത്തിന് മലയാള സിനിമയെക്കുറിച്ച് ഗൂഗിളിൽ തിരയാൻ movie, cinema, film, padam എന്നിവയിൽ ഏതു പദമാണ് കേരളീയർക്ക് താത്പര്യം എന്നറിയാൻ ട്രെൻഡ്സ് ഉപയോഗിക്കാം. ഒരേ സമയം അഞ്ച് പദങ്ങൾ വരെ ഇങ്ങനെ താരതമ്യം ചെയ്യാം.
ഗൂഗിളിലെ മൊത്തം തിരയൽ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ട്രെൻഡ്സ് ഡാറ്റ രൂപപ്പെടുത്തുന്നതെങ്കിലും ഓട്ടോമേറ്റഡ് സെർച്ച് പോലെയുള്ള കാര്യങ്ങൾ ഗൂഗിളിന് ഇക്കാര്യത്തിൽ തടസ്സമാവുന്നുണ്ട്. ഇത്തരം കാര്യങ്ങളും , സെർച്ചിലെ തനി പകർപ്പുകളും , വളരെ കുറച്ച് ആളുകൾ മാത്രം തിരയുന്ന വിവരങ്ങളും മറ്റും ഒഴിവാക്കി ട്രെൻഡ്സ് ഡാറ്റയോടെ പരമാവധി നീതി പുലർത്താൻ ഗൂഗിൾ ശ്രമിക്കുന്നുണ്ട്.ഗൂഗിളിൽ ലോകം എന്തിനെല്ലാം വേണ്ടിയാണ് തിരയുന്നത് എന്ന് കണ്ടെത്താനായാൽ അത് വഴി ആളുകൾക്ക് തങ്ങളുടെ സേവനം മെച്ചപ്പെടുത്താനുള്ള ശരിയായ നിർദ്ദേശങ്ങൾ തേടാൻ കഴിയും. അതവരുടെ വ്യാപാര വിജയത്തിനും കാരണമാകും.
ആളുകളിൽ വന്നിരിക്കുന്ന അഭിരുചി മാറ്റങ്ങൾ പോലും ഗൂഗിൾ ട്രെൻഡ്സ് വഴി നമുക്ക് മനസ്സിലാക്കാൻ കഴിയും. മെയ് 2006 ഇൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പുസ്തകങ്ങൾ ഡാവിഞ്ചി കോഡ്, ഹാരി പോട്ടർ എന്നിവയായിരുന്നു. എന്നാൽ 2021 ഇൽ അത് ദ ഹാൻഡ്മെയിഡ്സ് ടെയിൽ, ഗെയിം ഓഫ് ത്രോൺസ് ആണ്.ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ അഞ്ചു രാജ്യങ്ങളാണ് ബെൽജിയം, സൗത്ത് കൊറിയ, മൊറോക്കോ, ഇസ്രായേൽ, ഇന്തോനേഷ്യ. ഇന്ത്യക്കു പത്തൊൻപതാം സ്ഥാനമാണ്. പാകിസ്ഥാൻ നമ്മളെക്കാൾ മുന്നിൽ പത്താം സ്ഥാനത്തുണ്ട്.
ഇതിൽ തന്നെ ആഗോളാടിസ്ഥാനത്തിൽ നഗരങ്ങളുടെ കണക്കെടുത്താൽ ബ്രസെല്സ്, സിയോൾ, സാൻ ഫ്രാൻസികോ, ന്യൂയോർക്, ബാർസിലോണ എന്നീ നഗരങ്ങളാണ് ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതെന്ന് കാണാം. ബാംഗളൂർ പതിനാലാം സ്ഥാനത്തുണ്ട്. മുംബൈയും , ചെന്നൈയും , ഡൽഹിയും , ഹൈദരാബാദും പിന്നിലുണ്ട്.ദേശീയതലത്തിൽ നോക്കുമ്പോൾ സംസ്ഥാനങ്ങളിൽ കേരളം ആണ് ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. തിരുവന്തപുരവും , കൊച്ചിയും ആണ് ഇതിൽ മുന്നിൽ. ടെക്നോപാർക്കിന്റെയും , ഇൻഫോപാർക്കിന്റെയും സാന്നിദ്ധ്യം ഇതിന് പിന്തുണയേകുന്നുണ്ടാവാം.
എല്ലാ വർഷാവസാനവും ഗൂഗിൾ അവരുടെ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത് എന്ന കണക്കുകൾ പല വിഭാഗങ്ങളായി തിരിച്ചു പുറത്തു വിടാറുണ്ട്. ലോകം മൊത്തമായി ഉള്ളതും , വെവ്വേറെ രാജ്യങ്ങളായും അവലോകനം ചെയ്ത് തരംതിരിച്ചാണ് ഈ കണക്കുകൾ സാധാരണ പുറത്തുവിടാറുള്ളത്. പതിവ് പോലെ 2021 വർഷാവസാനമായതോടെ ഗൂഗിൾസ് ഇയർ ഇൻ സേർച്ച് 2021 (Google’s Year in Search 2021) എന്ന പേരിൽ ഗൂഗിൾ ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നു.
ഓരോ വിഭാഗത്തിലും ആദ്യ പത്ത് സ്ഥാനങ്ങളിൽ വന്നവ ഏതെന്നുള്ള വിവരങ്ങളാണ് ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത്. ആഗോളമായുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവ, വാർത്തകളിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത്, കൂടുതൽ ആളുകൾ തിരഞ്ഞ അഭിനേതാക്കൾ, ഭക്ഷണം, കായികതാരങ്ങൾ, ഗെയിമുകൾ, സിനിമകൾ, സ്പോർട്സ് ടീം, ടെലിവിഷൻ പരമ്പരകൾ, ഗാനങ്ങൾ, വ്യക്തികൾ എന്നിങ്ങനെയായി തരം തിരിച്ചിരിക്കുന്നു വിഭാഗങ്ങൾ.