ഗൃഹാതുരത്വം എന്ന രസം !
‘മരുഭൂമിയിലും മഴയോ ?’
‘സത്യായിട്ടും..’
‘ഈ മഴ കാണുമ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാന്‍ കൊതിയാകുന്നു ..’
‘തല്ക്കാലം ങ്ങള് ആ മഴ കണ്ട് അവിടെത്തന്നെ നിന്നോളീ …’
62 total views
‘റസിയാ ഇവിടെ നല്ല മഴ !’
‘മരുഭൂമിയിലും മഴയോ ?’
‘സത്യായിട്ടും..’
‘ഈ മഴ കാണുമ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാന്‍ കൊതിയാകുന്നു ..’
‘തല്ക്കാലം ങ്ങള് ആ മഴ കണ്ട് അവിടെത്തന്നെ നിന്നോളീ …’
ഒരു മഴ കണ്ട് നില്ക്കാന് പോലും പ്രവാസിക്ക് കഴിയുന്നില്ല. അപ്പോഴേക്കും ചിന്തകള്‍ റോക്കറ്റ് പോലെ നാട്ടിലേക്ക് കുതിക്കും. ഗൃഹാതുരത്വം എന്ന് ഓമനപേരിട്ട് വിളിച്ച ഈ പ്രതിഭാസം ഓരോ മലയാളിയുടെയും ജീവിതത്തില്‍ ഒരു വില്ലന്റെ അല്ലെങ്കില്‍ നായകന്റെ റോള്‍ വഹിക്കുന്നു എന്നതാണ് സത്യം. മഴ കണ്ടാല്‍ ഗൃഹാതുരത്വം, വെയില് കണ്ടാല്‍ ഗൃഹാതുരത്വം, മഞ്ഞ് കണ്ടാല്‍ ഗൃഹാതുരത്വം എന്തിനേറെ പറയുന്നു കണ്ണില്‍ പൊന്നീച്ച പറന്നാല്‍ പോലും ഗൃഹാതുരത്വം വിളമ്പിരസിക്കുന്നവരാണ് മലയാളികള്‍. ഞാനാലോചിക്കുന്നത്
ഈ ഗൃഹാതുരത്വത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ മലയാളികളാണോ എന്നതാണ്. പ്രവാസി ജീവിതത്തിന്റെ ശ്വാസംമുട്ടലിനിടയില് ഒരുപാട് മറുനാട്ടുകാരുമായി ഇടപഴകി ജോലിചെയ്തിട്ടുണ്ട് ഞാന്‍. അവരുടെ ചിന്തകള്‍ ഇത്രമേല്‍ നാട്ടിലേക്ക് പറക്കുന്നില്ല എന്നാണ് എന്റെ അനുഭവം.
‘ഗൃഹാതുരത്വം’ ‘യേ ക്യാ ഹേ ?’
ഇതാണ് അവരുടെ കഥ !
നാട്ടിലെ കഥ കട്ടപോകയായത് കൊണ്ടാണോ അവരങ്ങിനെ ചിന്തിക്കുന്നത് ? ഹാ !
ചിന്തകള്‍ കൊണ്ടും സ്വഭാവരീതി കൊണ്ടും മറ്റ് നാട്ടുകാരേക്കാള്‍ വ്യത്യസ്തരാണ് മലയാളികള്‍. ലോകത്തിന്റെ പലദിക്കിലും മലയാളി സാന്ന്യധ്യമുണ്ട്. ചന്ദ്രനിലേക്ക് ട്രാന്സ്പോര്ട്ടേഷന് സംവിധാനം ഇല്ലാത്തത് കൊണ്ടാവണം മലയാളികളെ അവിടെ കാണാനില്ലാത്തത്. എത്ര ദൂരങ്ങള്‍ താണ്ടിയാലും നാടിന്റെ വേര് മുറിച്ചു കളയാന്‍ മലയാളിക്ക് കഴിയില്ല. അവിടെയാണ് ഗൃഹാതുരത്വം എന്ന പദം മലയാളികളുടെ നിഘണ്ടുവില്‍ ഇടം തേടുന്നത്.
ലക്ഷ്യങ്ങള്‍ മുന്നോട്ടുള്ള കാല്‍വെയ്പിന്റെ ഊര്ജസ്രോതസ്സാണെങ്കില് ഓര്‍മകള്‍ക്ക് അതിനെ ഉദ്ദീപിക്കാന്‍ ശക്തിയുണ്ട്. ഓര്‍മകളുടെ കൂട്ടികിഴിക്കലിനിടയില് നിന്നാണ് ഗൃഹാതുരത്വം എന്ന രസം ഉണ്ടാകുന്നത്. ഒരു പക്ഷെ കാലങ്ങള്‍ പ്രവാസിയാകുമ്പോഴും പിടിച്ചു നില്ക്കാന് കരുത്തേകുന്നത് ഗൃഹാതുരത്വം എന്ന രസമായിരിക്കാം. ഗൃഹാതുരത്വം ഒരാശ്വാസമാണ്. മനസ്സിന്റെ ഞെരിപ്പോടുകളെ തണുപ്പിക്കാന്‍ അതിന് കഴിഞ്ഞേക്കാം. ഒരു കാറ്റായി അല്ലെങ്കില്‍ മഴയായിട്ടായിരിക്കാം അത് ജീവിതത്തിലേക്ക് കടന്നു വരുന്നത്.
63 total views, 1 views today
