ഗോവിന്ദന്മാരുണ്ടാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും പെണ്ണുങ്ങളേ വഴിമാറി നടക്കുക

728

മാനസി പി കെ എഴുതുന്നു 

നിങ്ങൾക്കറിയാമോ “എനിക്കൊന്ന് ശ്വാസം വിടണം” എന്ന് പറഞ്ഞ് പ്രണയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന പല്ലവിയുടെ ജീവിതം പോലേയോ, അവൾക്ക് നേരിടേണ്ടി വരുന്ന വയലൻസോ, അതിജീവനമോ പോലേയല്ല പല യാഥാർത്ഥ്യങ്ങളും. പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നത് പോലെ എളുപ്പമല്ല വിവാഹ ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടോടുക എന്നത്. പ്രണയത്തിൽ ശ്വാസം മുട്ടിക്കുകയും,

മാനസി പി കെ

വയലൻസ് കാണിക്കുകയും ചെയ്യുന്ന ഗോവിന്ദൻ ഒരാളാണെങ്കിൽ വിവാഹത്തിൽ ഒരുപാട് ഗോവിന്ദന്മാരാണ്. ശ്വാസം മുട്ടി പിടയുന്നിടത്ത് നിന്ന് ഇറങ്ങിപ്പോകണമെന്ന് ഒരു തവണ ആഗ്രഹിക്കുമ്പോഴേക്കും ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിന്റെ പുകക്കുഴലുകളിലേക്ക് അമർത്തി പിടിച്ച് ശ്വാസം മുട്ടിക്കുന്ന ചിലർ. സ്നേഹം കൊണ്ടല്ലേ മോളേ എന്ന് പറഞ്ഞ് നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ് എന്ന് ആദ്യം പറഞ്ഞ് തുടങ്ങുന്ന അമ്മമാർ തൊട്ട് എനിക്കൊരു വിലയും നിലയുമൊക്കേയുണ്ട് തോന്ന്യാസം കളിച്ച് അത് നീയായിട്ട് എന്ന് പറഞ്ഞ് മുഖം ചുളിക്കുന്ന പ്രിയപ്പെട്ട കൂടപ്പിറപ്പുകൾ വരെ ഈ കൂട്ടത്തിൽ പെടും. ഒരു കുഞ്ഞ് കൂടിയുണ്ടെങ്കിൽ പിന്നെ ആ കുഞ്ഞിന്റെ ഭാവിയുടെ കോണിപ്പടികളെ വെച്ചായിരിക്കും പിന്നീടങ്ങോട്ടുള്ള അഡ്ജസ്റ്റ്മെന്റുകളുടെ നീണ്ട കഥകൾ മുഴുവനും കേൾക്കേണ്ടി വരുക.
“ഞാനൊക്കെ വാങ്ങിക്കൂട്ടിയ അടിയും കുത്തുമൊന്നും നിനക്ക് വാങ്ങേണ്ടി വന്നില്ലല്ലോ ” എന്ന് പറയുന്ന അമ്മമാർ തൊട്ട് “കൊല്ലത്തിൽ പോലും ഒരു സിനിമക്ക് കൊണ്ട് പോയിട്ടില്ല മോളേ ഈട്ത്തെ അച്ഛൻ. ഓൻ ഇന്നെ കാണിക്കാത്ത സിനിമ ഏതെങ്കിലുമുണ്ടോ, പിന്നെ ചങ്ങായിമാരൊപ്പരം പോകാൻ വിടാത്തത് നിന്നോടൊള്ള ഇഷ്ട്ടം കൊണ്ടല്ലേ മോളേ ” എന്ന് പറയുന്നവർ തൊട്ട് “അല്ലേലും മങ്ങലം കഴിഞ്ഞാൽ പിന്നെ എല്ലാം ഓന്റെ ഇഷ്ട്ടം പോലേയല്ലേ” എന്ന് പറയുന്നവർ തൊട്ട് “ഓനിന്റെ കെട്ടിയോനല്ലേ ടെൻഷനിലിരിക്കുമ്പോ ഒന്ന് തല്ലിപ്പോയതിനാണോ നീ കിടന്ന് കയറു പൊട്ടിക്കുന്നത്” എന്ന് ചോദിക്കുന്നവർ വരെ ഈ കൂട്ടത്തിൽ പെടും.
ഭാര്യയെ പട്ടിണി കിടത്തി കൊന്നവരുടെ വാർത്ത കേൾക്കുമ്പോഴും, സ്വന്തം കുഞ്ഞിനെ കഴുത്തറത്ത് കൊന്നവളുടെ വാർത്ത കേൾക്കുമ്പോഴും ഇക്കൂട്ടർ നെഞ്ചത്തടിച്ച് നിലവിളിക്കും. എന്റെ മകൾ ഭാഗ്യവതിയാണെന്ന് ഉറക്കെ പാടി നടക്കും.
ഇതൊക്കെ കണ്ടും കേട്ടും നാൾക്കു നാൾക്കു നാൾ കുരുങ്ങിക്കൊണ്ടിരിക്കുന്ന കുരുക്ക് മുറുകി അവൾ പിടഞ്ഞു കൊണ്ടിരിക്കും പലരുടേയും അവസാനം പല വിധത്തിലായിരിക്കും എന്ന് മാത്രം.
എന്തായിപ്പോ ഇങ്ങനെ പറയാൻ മാത്രം എന്ന് ചോദിക്കണ്ട വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം പോലീസുകാരനായ ഭർത്താവ് ചെവി അടിച്ചു പൊട്ടിച്ച് ഭാഗികമായി കേൾവി നഷ്ട്ടപ്പെട്ടൊരു പ്രിയപ്പെട്ട കൂട്ടുകാരിയെ ചേർത്തു പിടിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. തകർന്നടിഞ്ഞ് വീട്ടിൽ കയറി പോയ അവൾ നേരിട്ട ഇമോഷണൽ വയലൻസിനെ കുറിച്ച് പറയുമ്പോൾ ഇന്നും അവൾ കരഞ്ഞു പോകാറുണ്ട്, മൂന്ന് വർഷമായിട്ടും അയാൾ സഹകരിക്കാത്തത് കാരണം നീണ്ട് പോകുന്ന വിവാഹമോചനക്കേസ് നൽകുന്ന മാനസിക സംഘർഷങ്ങൾ സഹിക്ക വയ്യാതെ ഇന്നും അവൾ ഡോക്ടറെ കാണാൻ പോയിട്ടുണ്ട്.
കുടുംബങ്ങളിൽ നിന്നും ഇന്നും കേട്ട് കൊണ്ടിരിക്കുന്ന ഒരുമ്പെട്ടോൾ എന്ന വാക്ക് ദഹിക്കാൻ കഴിയാതെ അവൾ വിഷമിക്കുന്നുമുണ്ട്.
ആദ്യത്തെ കുഞ്ഞ് വലുതായി തുടങ്ങുമ്പോഴെങ്കിലും ജോലിയെന്ന സ്വപ്നത്തെ കണ്ട് നടന്നിരുന്ന മറ്റൊരുത്തി അടുത്ത കുഞ്ഞിനെ കുറച്ച് നാൾ കഴിഞ്ഞ് മതിയെന്ന് പറയാൻ പോലും കഴിയാതെ വീണ്ടുമൊരു കുഞ്ഞിനെ ഉദരത്തിൽ വെച്ച് വിഷാദത്തിന്റെ നിലയില്ലാകയത്തിൽ വീണ് കിടപ്പുണ്ട്.
പല്ലവിയുടെ മുഖമാണ് നഷ്ട്ടപ്പെട്ടതെങ്കിൽ ആത്മാവ് നഷ്ട്ടപ്പെട്ടവരാണിവർ.
നാളെയൊരു അശുഭകരമായ വാർത്ത ഇവരെ കുറിച്ച് കേൾക്കേണ്ടി വന്നാൽ മറ്റനേകം ഗോവിന്ദന്മാർ ഇവരെ പ്രാകി കൊല്ലുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
ഉദാഹരണങ്ങൾ ഇനിയും ഒരുപാടുണ്ട്..
നിരത്തുന്നില്ല. ഇവരിൽ
ഒരുവൾ അതിജീവിക്കാൻ ശ്രമിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവളാണെങ്കിൽ മറ്റൊരുവൾ ഒറ്റപ്പെട്ടു പോകുമെന്ന ഭയത്താൽ അതിജീവിക്കാൻ പേടിച്ചു പോയവളാണ്.
ഗോവിന്ദന്മാർ ഉണ്ടാകുന്നിടത്തോളം കാലം പല്ലവിമാർ അതിജീവിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.
പല്ലവിയുടെ കൂട്ടുകാരിയെ പോലൊരു കൂട്ടുകാരിയോ കൂട്ടുകാരനോ ഇവർക്കില്ലാതെ പോകില്ലല്ലോ.
പക്ഷെ ഇവരിൽ പലരും ജീവിതത്തിന്റെ നല്ലൊരുപാതി പിന്നിട്ടു കഴിഞ്ഞിട്ടായിരിക്കും ഒന്ന് ശ്വാസം വിടാൻ തയ്യാറാവാൻ ശ്രമിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സങ്കടം. ഇനി ആഘോഷിക്കാൻ ജീവിതമില്ലല്ലോ എന്ന് പറഞ്ഞ് ബാക്കിയായ ജീവിതത്തിന്റെ മുന്നിൽ അവർ പകച്ച് നിൽക്കും.
വിഷാദം മാത്രമായിരിക്കും പിന്നീടവർക്ക് കൂട്ട്.
അത് കൊണ്ട് എന്റെ എന്റെ പെണ്ണുങ്ങളേ അകലം പാലിക്കുക.
ഗോവിന്ദന്മാരുണ്ടാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും വഴി മാറി നടക്കുക. ചുമ്മാ എഴുതിയതല്ല ഒരുനാൾ അനുഭവിച്ചിരുന്ന ശ്വാസം മുട്ടലുകളിൽ നിന്നും ഏറ്റവും വലിയ സ്വപ്നമായ ജോലി നേടി ശുദ്ധവായു ശ്വസിച്ചു കൊണ്ട് ” ഞാൻ ആഗ്രഹിക്കുന്ന ഞാനായി” ജീവിക്കുന്ന ഒരുവളായിക്കൊണ്ട് എഴുതുന്നതാണ്.