ഗൌതമന്റെ പ്രണയം

266

പീപ്പിള്‍സ്‌ക്വയറില്‍ ജലകന്യകകളുടെ നൃത്തം കഴിഞ്ഞൊഴിഞ്ഞ നനഞ്ഞ സ്ഫടിക പ്രതലത്തില്‍ കാലിലെ പെരുവിരല്‍ കുത്തി ഉയര്‍ന്ന് ഗൌതമന്റെ കഴുത്തില്‍ തൂങ്ങികൊണ്ട് ചീനക്കാരി സുന്ദരി മൊഴിഞ്ഞു:

‘ബോധി വൃക്ഷത്തിന്റെ തണല്‍ തേടിയുള്ള യാത്രയില്‍ നിന്റെ കൈപിടിച്ചു ഞാനും വരും.’
മൃദുലമായ കവിളിണകളെ കോരി എടുത്ത് നിറുകയില്‍ ഉമ്മവെച്ച് പണ്ടെങ്ങോ കണ്ട വടക്കന്‍പാട്ട് സിനിമയുടെ ഓര്‍മ്മയില്‍ അവന്‍ പറഞ്ഞു:

‘വിധിയെ തോല്പിക്കാന്‍ ആകില്ല യശോധരേ !’

രാജ്യവും കിരീടവും പ്രാണനായ പ്രണയവും ഉപേക്ഷിച്ച് ഗൌതമനു പോയേ മതിയാകൂ. ഹിമാലയത്തിനപ്പുറത്ത് ഹരിതശോഭിതമായ മാതൃദേശത്ത് വരമണ്ഡപം ഒരുങ്ങുകയാണ്. മംഗല്യ സൂത്രവുമായി ബുദ്ധന്‍ തനിച്ചു തന്നെ പോകണം.

യശോധര കുതറി. ചില്ല് തറയില്‍ കൊഴിഞ്ഞു വീണു തെറിച്ച ചുവന്ന വെളിച്ചം അവളുടെ പരന്ന മുഖത്ത് വന്യചിത്രങ്ങള്‍ വരച്ചു.

‘സഖ്യമുനിയുടെ നാട്ടില്‍നിന്ന് മഹാമുനിയുടെ പേരും പേറിവന്ന് ബുദ്ധചരിതം കാതില്‍ ഓതിയ നീ എന്നെ ചതിക്കുകയാണ് !’
പൂക്കാത്ത മരച്ചുവട്ടില്‍ തളര്‍ന്നിരുന്ന് അവള്‍ ചിലമ്പിക്കരഞ്ഞു. വിളറിയ കവിളുകളില്‍ ഉരുണ്ടിറങ്ങിയ നീര്‍ മുത്തുകള്‍ ഒപ്പി എടുത്ത് അവന്‍ പറഞ്ഞു കൊണ്ടിരുന്നു.

‘മഹാപ്രയാണം തുടങ്ങിയ അര്‍ദ്ധരാത്രി അവധൂതനായി ഇറങ്ങിയ ഗൌതമന്റെ ഹൃദയത്തില്‍, പിതൃവാത്സല്യം നിക്ഷേധിക്കപ്പെട്ട പിഞ്ചുകഞ്ഞ് തീരാത്ത വേദനയായിരുന്നു. ചെറുകാറ്റ് പോലും വീശാന്‍ മടിച്ച അമാവാസിയില്‍ കുഞ്ഞുരാഹുലന്‍ ഉണര്‍ന്നു കരഞ്ഞിരുന്നു എങ്കില്‍ സിദ്ദാര്‍ഥന്‍; ശ്രീബുദ്ധന്‍ ആകുമായിരുന്നില്ല !’

യശോധര ഗൌതമനെ പുണര്‍ന്നു; കണ്ണുകള്‍ ചുടുചുംബനങ്ങള്‍ കൊണ്ട് നിറച്ചു. മരത്തണലില്‍ വിരിച്ച പുല്‍മെത്തയിലേക്ക് മറിച്ച് നെഞ്ചില്‍ പടര്‍ന്നു കയറുമ്പോള്‍ അവള്‍ പറഞ്ഞു:

‘നീ നടന്നു മറയുമ്പോള്‍ ഉണര്‍ന്നു കരയാന്‍ എനിക്കൊരു കുഞ്ഞു വേണം ഗൌതമാ !’

ലൂജ്യചൊയ്യിലെ ആകാശ ഗൃഹത്തില്‍ യശോധര പട്ടുമെത്ത വിരിച്ചു. നറുനെയ് വിളക്കിന്റെ ഇളം വെളിച്ചത്തില്‍ ഗൌതമന്‍ പ്രണയിനിയെ പ്രാപിച്ചു. നിയന്ത്രണങ്ങള്‍ക്ക് അവധിവെച്ച ആദ്യരതിയുടെ ആലസ്യത്തില്‍ യശോധര സുഖനിദ്രയില്‍ അലിഞ്ഞപ്പോള്‍ ഗൌതമന്‍ ഇരുട്ടിലേക്ക് നടന്നു.

ആകാശത്തിനു തൊട്ടുതാഴെ ചിറകു വിരിച്ചു പറന്ന വിമാനത്തില്‍ ഗൌതമന്‍; സുരതാലസ്യത്തില്‍ സ്വയം മറന്ന് ഉറങ്ങുന്ന ചീനക്കാരിയെ മറന്നു. സഖ്യമുനിയും ബോധിവൃക്ഷ തണലിലെ ജ്ഞാനോദയവും ചിരിക്കാന്‍ വകയുള്ള ഫലിതങ്ങളായി. മുല്ലപ്പൂ ചൂടി മണിയറയില്‍ കാത്തിരിക്കുന്ന നവവധു മാത്രമായിരുന്നു അവന്റെ മനസ്സില്‍.