ചക്രവ്യൂഹം

645

new

രമാകാന്തന്‍ കണ്ണുകള്‍ തുറന്ന് ഒരുവട്ടംകൂടി ചുറ്റും നോക്കി. ആരുമില്ല…എല്ലായിടവും ശൂന്യം. ഇതുതന്നെയാണ് രക്ഷപ്പെടുവാനുള്ള ഏറ്റവും നല്ല അവസരം.ഈ ഒരുനിമിഷമാണ് ഏറ്റവും അമൂല്യം. തീരുമാനമെടുക്കാനും അതു നടപ്പിലാക്കുവാനുംഏറ്റവും അനിയോജ്യം.

രമാകാന്തന്‍ പതിയെ ആ ശരീരത്തില്‍ നിന്ന്ഊര്‍ന്നിറങ്ങുവാന്‍ തുടങ്ങി. ..ട്യൂബുകള്‍ കൊണ്ട് ബന്ധിച്ചിരിക്കുന്നതുകൊണ്ട് ഉദരത്തിന് മേല്‌പ്പോട്ടുള്ള ഭാഗത്തിനെ വലിച്ചെടുക്കുവാന്‍ കഴിയുന്നില്ല. പക്ഷേ എങ്ങനെയും വലിച്ചെടുത്തേ പറ്റു…
ഇതു പോലൊരു അവസരം ഇനി ഒരിക്കലും തനിക്ക് കിട്ടില്ല. സര്‍വ്വശക്തിയുംസംഭരിച്ച് രമാകാന്തന്‍ അതിനായി ഒരു ശ്രമം കൂടി നടത്തി.

ഇ.സി.ജിയില്‍ നേരിയ ചലനം…. റോസമ്മ സിസ്റ്ററിന്റെ മുഖം തെളിഞ്ഞു.സിസ്റ്റര്‍ ഫോണില്‍ ഡോക്ടറിന്റെ നമ്പര്‍ കുത്തി.എവിടെനിന്നാണെന്നറിയില്ല. വെള്ളക്കോട്ടും നീണ്ട സ്റ്റെ്ത്തും ജോസ്പ്രകാശിന്റെ മുഖവുമുള്ള ഡോക്ടര്‍ ICU വിന്റെ വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറി.

‘ഡോക്ടര്‍, രമാകാന്തന്റെ ഇ.സി.ജിയില്‍ നേരിയമാറ്റം കാണുന്നു.’
റോസമ്മ സിസ്റ്ററിന്റെ കിളിമൊഴികേട്ടതും രമാകാന്തന്റെസര്‍വ്വപ്രതീക്ഷയും തകര്‍ന്നു.

രക്ഷപ്പെടുവാനുള്ള അവസാന വഴിയുംഅടഞ്ഞിരിക്കുന്നു. താന്‍ ചക്രവൂഹത്തിനുള്ളില്‍ അകപ്പെട്ടിരിക്കുന്നു.

‘ശരിയാണല്ലോ, സിസ്റ്ററേ… സിസ്റ്റര്‍ പോയി രമാകാന്തന്റെ ബന്ധുക്കളോട്‌സന്തോഷത്തിന് വകയുണ്ടെന്ന് അറിയിച്ചോളു.’ഡോക്ടറുടെ വാക്കുകള്‍ തീമഴ പോലെ രമാകാന്തന്റെ കാതുകളെ തുളച്ച്മസ്തിഷ്‌കത്തിലെ കോശങ്ങള്‍ കടന്ന് ആന്തരികാവയവത്തിന്റെ ആന്തോളനങ്ങളെ വരെ പ്രകമ്പനം കൊള്ളിച്ചു.

ഇനി ആലോചിച്ചുനിന്നിട്ട് കാര്യമില്ലെന്ന് രമാകാന്തന്മനസ്സിലായി. അര്‍ജുനനാകണോ അതോ അഭിമന്യു ആകണോ എന്നുമാത്രം തീരുമാനിച്ചാല്‍ മതി.

ഡോക്ടറെന്തായാലും തന്നെ അര്‍ജുനനാക്കുവാനുള്ള ശ്രമത്തിലാണ്. പക്ഷേ,രമാകാന്തന് അഭിമന്യു ആയാല്‍ മതി.

റോസമ്മ സിസ്റ്റര്‍ മടങ്ങി എത്തിയിരിക്കുന്നു. സിസ്റ്ററിന്റെമറുപടിക്കായി രമാകാന്തന്‍ കാതോര്‍ത്തു..

‘ഡോക്ടറേ…. രമാകാന്തന്റെ ഭാര്യയുടെ ഒരു സന്തോഷം അവര് ചിരിച്ചുഡോക്ടറേ…’ റോസമ്മ സിസ്റ്ററിന്റെ മുഖത്തും സന്തോഷം.

റോസമ്മ സിസ്റ്റര്‍ ഏതോ മരുന്ന് സിറിഞ്ചിനുള്ളില്‍ കയറ്റി ഡോക്ടറിന് കൈമാറി. ഡോക്ടറുടെ ഒറ്റ കുത്ത്……കഴിഞ്ഞു……….. ഊര്‍ന്നിറങ്ങിയ രമാകാന്തന്‍ ശരീരത്തിലേയ്ക്ക് തന്നെ തിരികെ കയറി…കണ്ണുകള്‍പതിയെ അടഞ്ഞു……
രമാകാന്തന്റെ തലച്ചോറില്‍ വണ്ടുകള്‍ മൂളുവാന്‍ തുടങ്ങി. ……

ഇത്തവണ വളരെ കഷ്ടപ്പെട്ടാണ് കണ്ണുകള്‍തുറന്നത്. അതാ, പ്രതീക്ഷിച്ചിരുന്ന ആള്‍ മുന്നില്‍ തന്നെ നില്‍ക്കുന്നു. രമാകാന്തനു സന്തോഷമായി. പക്ഷേ പോത്തെവിടെ കയറെവിടെ….?
കാലനും ന്യൂജനറേഷന്‍ ഭ്രാന്തുപിടിച്ചോ?
വെള്ള സഫാരിസ്യൂട്ടുമണിഞ്ഞാണോ ഇപ്പോള്‍ നടക്കുന്നത്…

അബോധത്തിനും ബോധത്തിനുമിടയില്‍ വെള്ളസ്യൂട്ടണിഞ്ഞ ആ കാലന്റെ ശബ്ദം രമാകാന്തന്‍ അവ്യക്തമായി കേട്ടു.

‘ഡോക്ടര്‍ പ്ലീസ്… രമാകാന്തന് ഒരാപത്തും സംഭവിക്കരുത്. എങ്ങനെയുംരക്ഷപ്പെടുത്തിയേ പറ്റൂ… ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടം ലക്ഷങ്ങളാ…ബോധം വീണുകിട്ടിയാലുടന്‍ ഈ പേപ്പറില്‍ രമാകാന്തന്‍ ഒപ്പുകൂടി ഡോക്ടര്‍ വാങ്ങിത്തരണം.വെറുതെയൊന്നും വേണ്ട ഡോക്ടറിനുള്ളത് വീട്ടിലെത്തിക്കാം….’

ഡോക്ടര്‍ ഒന്നും പറയാതെ പുഞ്ചിരിച്ചു.

അതിനര്‍ത്ഥം തന്റെ കാര്യത്തില്‍ തീരുമാനമായി എന്നതുതന്നെ…
ഉള്ളിലെ രമാകാന്തന്‍ ഒന്നും സംസാരിക്കാത്തതെന്താണ്…….?
പുറത്തെ രമാകാന്തന് ഭയമായിത്തുടങ്ങി.

ഇത്തവണയും പരാജയപ്പെട്ടാല്‍….?ഇത് മൂന്നാം തവണയാണ്. ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നല്ലേ പ്രമാണം……!

എലിവിഷം എക്‌സ്പയറി ഡേറ്റിന്റെ പേരില്‍ ചതിച്ചു. …..ഫാന്‍ തുരുമ്പിച്ച കമ്പിയുടെ പേരും പറഞ്ഞ് ചതിച്ചു…… അവസാനം ബൈക്കാകട്ടെ ദേ ഇന്‍ഷുറന്‍സിന്റെ പേരില്‍ ചതിക്കാന്‍ തുടങ്ങുന്നു. ….ഇനി….????

ഉള്ളിലെ രമാകാന്തന്‍ രക്ഷപ്പെട്ടേ പറ്റൂ…

അങ്ങനെയെങ്കില്‍ നിര്‍മലയ്ക്കും മക്കള്‍ക്കും ജീവിക്കാം. 4ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് ഉറപ്പാണ്. വണ്ടി കേറ്റിയത് കെ.എസ്.ആര്‍.ടി.സിയുടെ നെഞ്ചത്തായതുകൊണ്ട് ആ വകയിലും നഷ്ടപരിഹാരം ഉറപ്പ്. പിന്നെ മാധ്യമങ്ങളെന്തായാലും സഹകരിക്കും, പാര്‍ട്ടിക്കാരും. …
ഇപ്പോഴത്തെ മന്ത്രിസഭ ഒരുവോട്ടിന്റെ ബലത്തിലാണിരിക്കുന്നത് അതുതാഴെപ്പോകാതിരിക്കാന്‍ അവരും അവരെ താഴെ വീഴ്ത്താന്‍ എതിര്‍കക്ഷിക്കാരുംവിലപേശും…… അതുകൊണ്ട് എല്ലാം ചേര്‍ത്ത് ഒരു പത്തുലക്ഷത്തിനകം കിട്ടും.

അതില്‍ ഒരു മൂന്ന് ലക്ഷം അനുമോളുടെ പേരിലും 2 ലക്ഷം ദീപുമോന്റെ പേരിലും ഫിക്‌സഡ് ഡിപ്പോസിറ്റിടാം. ബാക്കിയില്‍ കടങ്ങളൊക്കെത്തീര്‍ത്ത് നിര്‍മല സന്തോഷമായി ജീവിച്ചുകൊള്ളും. കൃത്യമായ കണക്കുകൂട്ടലോടെയാണ് ഈ തീരുമാനമെടുത്തത്. …

പക്ഷേ ഉള്ളിലെ രമാകാന്തന്‍ ഇപ്പോള്‍ സഹകരിക്കുന്നില്ല….ഡോക്ടറെങ്ങാനും ആ കാലനുകൊടുത്ത വാക്കുപാലിച്ചാല്‍….????ബൈക്കിന്റെ ലോണ്‍,…., അനുമോളുടെയും ദീപുമോന്റെയും പഠനം…….., ബാങ്കിലിരിക്കുന്ന നിര്‍മ്മലയുടെ ആഭരണങ്ങള്‍ ….പിന്നെ കെ.എസ്.ആര്‍.ടി.സിയുടെ നെഞ്ചത്ത് ചാടിക്കയറിയതിന്റെ കേസ്…..
പുറത്തെ രമാകാന്തന്റെ ഉള്ള് കാളി… നെഞ്ചിടിപ്പിന് വേഗതയേറി…

‘ഡോക്ടര്‍… രമാകാന്തന്‍ കണ്ണുതുറന്നു. ദേ ശരീരമനങ്ങി’ റോസമ്മ സിസ്റ്ററിന്റെ ആനന്ദ നിലവിളി.

ഡോക്ടര്‍ ഓടിയെത്തി. നിമിഷങ്ങള്‍ കഴിഞ്ഞില്ല, രമാകാന്തനുചുറ്റുംകുരുക്ഷേത്രമുണര്‍ന്നു…. നിര്‍വികാരതയോടെ കണ്ണുകള്‍ തുറന്ന്രമാകാന്തന്‍ ചുറ്റിലും നോക്കി…

ഹോസ്പിറ്റല്‍ ബില്ലുമായി ഡോക്ടര്‍…., ലോണ്‍ പേപ്പറുമായി ബാങ്ക് മാനേജര്‍,……………….ഇന്‍ഷുറന്‍സ് ഷീറ്റുമായി വണ്ടിക്കാരന്‍………….. പിന്നെ ആയുഷ്‌കാല കടങ്ങളുമായി നിര്‍മലയും മക്കളും, …….അതിനിടയില്‍ റോസമ്മ സിസ്റ്ററിന്റെ പുഞ്ചിരിയും…….ആയിരം ദിവ്യാസ്ത്രങ്ങള്‍ തനിക്കുനേരെ സജ്ജമാകുന്നത് രമാകാന്തന്‍ തിരിച്ചറിഞ്ഞു.

അര്‍ജുനനാകുവാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് അഭിമന്യുവിലേയ്ക്ക്‌നയിച്ചത്. പക്ഷേ ഇപ്പോള്‍ അര്‍ജുനനുമല്ല അഭിമന്യുവുമല്ല ……ശരശയ്യയില്‍കിടക്കുന്ന ഭീഷ്മരാണ് താനെന്ന് രമാകാന്തന്‍ തിരിച്ചറിഞ്ഞു.

ഒരു ദീര്‍ഘനിശ്വാസത്തോടെ രമാകാന്തന്‍ തലതിരിച്ചുനോക്കിയത് റോസമ്മ സിസ്റ്ററിന്റെ പുഞ്ചിരിയിലേയ്ക്കായിരുന്നു……………..

രമാകാന്തന്റെ മുഖത്തും അറിയാതെ ഒരു പുഞ്ചിരി വിടര്‍ന്നു…