ചന്ദനം പെയ്യുമ്പോള്‍ (ചെറുകഥ)

0
487

Leonid-Afremov-Art_1

തന്റെ വയറ്റത്ത് മുഖം വെച്ച് കിടക്കുന്ന സൂര്യയുടെ കണ്ണുകളില്‍ നിന്നും ഇളം ചൂടുള്ള ചെറിയൊരു നനവ് പടരുന്നത് ദേവി അറിഞ്ഞു..
” അവളെന്തിനാ എന്നെ ഇങ്ങനെ ചതിച്ചത്..
ഞാന്‍ ഇത്ര മാത്രം അവളെ സ്‌നേഹിച്ചിട്ടും..! ”

ദേവി ഒന്നും പറഞ്ഞില്ല.. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവില്ലെന്ന് അവള്‍ പണ്ടേ പഠിച്ചതാണ്..

” നിങ്ങള്‍ക്കറിയോ , അവളുമായി സ്‌നേഹത്തിലായതില്‍ പിന്നെ ഞാന്‍ വേറൊരു പെണ്ണിന്റെ മുഖത്തു പോലും നോക്കിയിട്ടില്ല.. ഊണിലും, ഉറക്കത്തിലും അവള്‍ മാത്രമായിരുന്നു… എങ്ങനെ മനസ്സില്‍ കൊണ്ട് നടന്നതാ.. എന്നെ എന്തൊക്കെ പറഞ്ഞു പറ്റിച്ചു.. ”

ആ പറച്ചിലുകള്‍ ദേവിക്കും അറിയാമായിരുന്നു..

”ചന്ദനത്തിന്റെ സുഗന്ധമാണ് എന്റെ ദേവിക്ക്.. ദേവീ , നീയല്ലാതെ എനിക്കാരുമില്ല.. നീ എന്റെ കൂടെ ഇറങ്ങി വരുമോ..?”

‘ദീപേട്ടാ, അമ്മയേം അച്ഛനേം വിട്ട് ഞാന്‍ ..”

‘നിനക്കെന്നെ വിശ്വാസമില്ലേ.. നിന്റെ ദീപേട്ടനാ വിളിക്കുന്നെ… നമുക്ക് സന്തോഷമായിട്ട് ജീവിക്കാം, ആരും വരാത്തിടത്ത് പോയി നമ്മുടേത് മാത്രമായൊരു ജീവിതം..”

ആരും വരാത്ത ഇടം..! ആ ഇടത്താണ് ഇപ്പൊ പുതിയ കസ്റ്റമര്‍ വന്നിരിക്കുന്നത്..! സൂര്യ എന്ന നിരാശ കാമുകന്‍.. തന്നെക്കാള്‍ അഞ്ചു വയസ്സ് കുറവ് കാണും..

‘ നാലു കൊല്ലം ചങ്കു പൊട്ടി സ്‌നേഹിച്ച ശേഷമാ അറിഞ്ഞത് അവള്‍ക്കു പത്തിലധികം കാമുകന്മാരുണ്ടെന്ന്.. അവളെ ഒന്ന് തോടുക പോലും ചെയ്യാതിരുന്ന എന്നോടവള്‍ക്ക് പുച്ഛമാണെന്ന്…. അറിഞ്ഞപ്പോ തകര്‍ന്നു പോയി ഞാന്‍.. ആകെ ഭ്രാന്ത് പിടിച്ചത് പോലെയായി..പിന്നെ..”

”കുറെ നാള്‍ ഒരു തരം മരവിപ്പ് അല്ലെ..?”

‘അതെ.. ”

”പിന്നെ എന്തിനു വേണ്ടി ജീവിക്കുന്നു എന്ന ചോദ്യം.. കഴിഞ്ഞു പോയ ഓരോ നിമിഷവും ഓര്‍ത്ത് അതില്‍ എത്ര മാത്രം ചതിക്കപ്പെട്ടു എന്നതിലുള്ള വിഷമം..”

അവന്‍ മുഖമുയര്‍ത്തി..

” അതെ.. അത് തന്നെ.. നിങ്ങള്‍ക്കെങ്ങനെ ഇത്ര കൃത്യമായി പറയാന്‍ കഴിയുന്നു..?”

” എല്ലാം ആവര്‍ത്തനങ്ങളല്ലേ.. ഇപ്പൊ സൂര്യ കളയുന്ന ഈ കണ്ണീരും ഒരു പക്ഷെ നാളെ ഓര്‍ത്തു ചിരിക്കാനുള്ളതാവാം ..ആരെ ഓര്‍ത്തു കരഞ്ഞുവോ, അയാളെ കണ്ടാല്‍ ഒന്നും തോന്നിയില്ലെന്നും വരാം ”

അവന്‍ ചെറുതായി ശ്രദ്ധിക്കാന്‍ തുടങ്ങി.. ദേവി തുടര്‍ന്നു..

”പലരും സ്‌നേഹിക്കുന്നു.. അധിക പേരും ചതിക്കുന്നു.. ചതിച്ചവര്‍ക്ക് പ്രണയം എന്ന ദിവ്യ വികാരം അനുഭവിക്കാന്‍ കഴിഞ്ഞില്ല എന്ന് കരുതിയാല്‍ മതി.. ചതിക്കപ്പെടുന്നവരാണ് ശരിക്കും പ്രണയം അറിഞ്ഞവര്‍.. ഒരുപക്ഷെ പ്രണയത്തിന്റെ ഇരകള്‍.. ബലി മൃഗങ്ങള്‍.. ”

ഒന്നു നെടുവീര്‍പ്പിട്ടു അവള്‍ തുടര്‍ന്നു..

”പ്രണയം എന്നെ എത്തിച്ചതു ഈ അന്യ നാട്ടിലെ തെരുവില്‍.. എന്നെ തേടിവരുന്നവര്‍ പല ആള്‍ക്കാരാണ്.. ചിലര്‍ മൃഗങ്ങള്‍.. ചിലര്‍ ശവങ്ങള്‍..അതിലൊരു മനസ്സുള്ള ആളെ ഞാന്‍ കണ്ടു, അത് നീയാണ്..ഒരു പക്ഷെ പഴയ എന്നെ തന്നെ ഞാന്‍ നിന്നില്‍ കാണുന്നു.. ”

” മനസ്സിന്റെ മരവിപ്പ് മാറ്റാന്‍ കൂട്ടുകാരാണ് ഈ വഴി പറഞ്ഞു തന്നത്, ഒന്ന് രണ്ടു സ്ത്രീകളുമായി ശരീരം പങ്കിടാന്‍..”

”മനസ്സും ശരീരവും രണ്ടും രണ്ടാണ് സൂര്യ, അത് മനസ്സിലാകാന്‍ അല്‍പം സമയമെടുക്കും.. എന്റെ ശരീരം എത്രയോ പേര്‍ക്ക് കിട്ടിയിട്ടുണ്ട്.. പക്ഷെ മനസ്സ്..”

സൂര്യ മെല്ലെ എഴുന്നേറ്റു.. ആ ചെറിയ മുറിയിലെ പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നു..

” എനിക്കാവില്ല .. മനസ്സിലിപ്പൊഴും അവളാണ് , എന്റെ മീര ”

ദേവി ഒന്നും പറഞ്ഞില്ല.. അവന്‍ അവിടുണ്ടായിരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു.. അല്‍പം ആശ്വാസം വന്നത് പോലെ..

” നിങ്ങള്‍ക്കറിയോ , നല്ല കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.., സിനിമാ നടനാകണമെന്നായിരുന്നു ആഗ്രഹം.. പക്ഷെ ഭാഗ്യമില്ല .. ”

വിഷയം മാറി വന്നത് ദേവിക്ക് ഏറെ ഇഷ്ടമായി..

” നടനാകാന്‍ സൗന്ദര്യം മാത്രം പോര സൂര്യ, കഴിവുണ്ടോന്നതാണ് പ്രധാനം..”

”സത്യമായിട്ടും കഴിവുണ്ട് ഞാന്‍ നന്നായി അഭിനയിക്കും”

”എന്നാ നോക്കട്ടെ.. ഞാന്‍ ഒന്നു രണ്ടു ഭാവങ്ങള്‍ , സാഹചര്യങ്ങള്‍ പറയാം..അത് അഭിനയിച്ചു കാണിക്കണം..”

അവനും മെല്ലെ മാറി വന്നു.. അവള്‍ പറഞ്ഞതനുസരിച്ച് അവന്‍ അഭിനയിച്ചു.. അവന്റെ അഭിനയം കണ്ടു സത്യത്തില്‍ ദേവി അത്ഭുതപ്പെട്ടു..മുഖത്ത് മാറി മാറി വിരിയുന്ന ഭാവങ്ങള്‍..കണ്ണില്‍ വിരിയുന്ന നക്ഷത്രങ്ങള്‍.. അവള്‍ ശരിക്കും അവന്റെ അഭിനയം ആസ്വദിച്ചു..

” നീ നന്നായി അഭിനയിക്കുന്നു” ദേവി പറഞ്ഞു

” പക്ഷെ എന്ത് കാര്യം .! ഇവിടടുത്തു തന്നെ ഒരു സിനിമാ ഷൂട്ടിങ്ങ് നടക്കുന്നുണ്ട്.. ഞാന്‍ പോയി കണ്ടതാ പക്ഷെ ഗുണമുണ്ടായില്ല.. പിന്നെ ഈ പ്രേമം മനസ്സില്‍ കിടക്കുന്നത് കാരണം ഒന്നിനും ഒരു മൂഡില്ല..”

”എവിടെയാ ആ സംവിധായകന്‍ താമസിക്കുന്നത്?”

”ഹോട്ടല്‍ മഹാരാജയില്‍..”

വാതിലില്‍ മുട്ട് കേട്ട മധ്യവയസ്‌കനായ സംവിധായകന്‍ വാതില്‍ തുറന്നു..മുന്നില്‍ ഒരു സുന്ദരി..” ഞാന്‍ ദേവി.. എനിക്കൊരു സുഹൃത്തുണ്ട് , അവനു ഒരു നല്ല വേഷം കൊടുക്കണം.. ”ഞാന്‍ എന്ത് വേണമെങ്കിലും” ചെയ്യാം.. ”എന്ത് വേണമെങ്കിലും” സംവിധായകനെ കീഴടക്കി..അങ്ങനെ കുറെ സംവിധായകര്‍.. അവരില്‍ ചിലര്‍ക്ക് ”എന്ത് വേണമെങ്കിലും” അത്ര പ്രിയങ്കരമായിരുന്നു..

ചെറിയ വേഷങ്ങള്‍ ചെയ്തു ചെയ്തു പതിയെ സൂര്യ പ്രശസ്തനാവാന്‍ തുടങ്ങി.. അവന്‍ നായകനായി അഭിനയിച്ച ഒരു ചെറിയ പടം വ ന്‍ഹിറ്റായി… അതിന്റെ സന്തോഷം പറയാന്‍ അവന്‍ ദേവിയെ തേടി, വന്നെങ്കിലും അവള്‍ അവിടം വിട്ട് പോയെന്നാണറിഞ്ഞത്.. അവനു അവളുടെ ഒരു മെസ്സേജും വന്നു..”ഇനി എന്നെ തേടി വരരുത്.. ”

ആദ്യം അവനു വല്ലാത്ത വിഷമം തോന്നി.. പിന്നെ സിനിമാ തിരക്കുകള്‍ക്കിടയില്‍ അവനു ആ വിഷമം ഒരു ഓര്‍മ്മ മാത്രമായി.. വര്‍ഷങ്ങള്‍ കടന്നു പോയി.. സൂപ്പര്‍ സ്റ്റാര്‍ സൂര്യ യുവതികളുടെ ഹരമായി മാറി.. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു കുട്ടിയുമായി വന്ന മീരയെക്കണ്ടപ്പോള്‍ തനിക്കു ഒരു വികാരവും തോന്നാത്തതില്‍ അവന്‍അമ്പരന്നു.. ഇവളെ ഓര്‍ത്തല്ലേ ഒരിക്കല്‍ ഞാന്‍ കരഞ്ഞു കൂട്ടിയത്..!

” ഓര്‍മ്മയുണ്ടോ?” അവള്‍ പ്രണയ ഭാവം വിരിയിച്ചു ചോദിച്ചു..

” നമുക്ക് ഹോട്ടലില്‍ ചെന്ന് സംസാരിച്ചൂടെ..?” അവള്‍ ഒന്ന് പരുങ്ങി..

”ആരും അറിയില്ല.. ഞാനല്ലേ..”

ഞാനല്ലെങ്കിലും അവള്‍ വരുമെന്നുറപ്പായിരുന്നു .. അവള്‍ വന്നതും നന്നായി പൗരുഷം തെളിയിച്ചു കൊടുത്തു.. അതിലൊരു സുന്ദരമായ പ്രതികാരം അവനാസ്വദിച്ചു..പിന്നെ ആയിരത്തിന്റെ കുറച്ചു നോട്ടുകള്‍ അവളുടെ മേല്‍

ഇട്ടു..” നിന്റെ വിലയല്ല, എന്റെ ശരീരത്തിന് ഇത്ര മണിക്കൂര്‍ ഞാന്‍ ഇട്ട

വിലയാണ്..വേഗം സ്ഥലം കാലിയാക്ക്..” മീര തലയും താഴ്ത്തി നടന്നു..

കാറില്‍ വെച്ച് മാനേജര്‍ ആരാധകര്‍ അയക്കുന്ന കത്തുകള്‍ വായിക്കവെയാണ് ആ പേര് ശ്രദ്ധിച്ചത്… ദേവി..!

”ആ കത്തിങ്ങു തരൂ..” ഒരു മാസം മുന്‍പ് വന്ന കത്താണ് ,അതിലെ പുറകു വശത്ത് കണ്ട വിലാസം അന്വേഷിച്ചെത്തുമ്പോള്‍ ഏറെ വൈകിയിരുന്നു..” അവര്‍ മരിച്ചു.. പൊതു ശ്മശാനത്തിലാണ് അടക്കിയത്..”’ അയല്‍വാസി പറഞ്ഞു. പൊതു ശ്മശാനം അടക്കാനൊരുങ്ങുകയായിരുന്നു.. ആയിരം നീട്ടിയതും കാവല്‍ക്കാരന്‍ പറഞ്ഞു” സാറ് പോകുമ്പോള്‍ ഗേറ്റ് അടച്ചിട്ടു പോകണേ .. ദേ അതാ കുഴിമാടം.. എയിഡ്‌സ് പിടിച്ചാ അവര് മരിച്ചത്.. സാറിന്റെ ആരാ അവര്?” ”നിനക്കതു മനസ്സിലാവില്ല ” അവനൊന്നും മിണ്ടാതെ പോയി..

സൂര്യ ആ കുഴിമാടത്തിനു സമീപം വെച്ച് ആ എഴുത്ത് വായിച്ചു..

”സൂര്യയ്ക്ക്, ഒന്ന് കാണാന്‍ വല്ലാതെ ആഗ്രഹിച്ചത് കൊണ്ടാണ് ഈ എഴുത്ത് എഴുതുന്നത്.., നിന്നെ വിട്ടു പോന്നത് മന:പ്പൂര്‍വ്വമാണ്.. പ്രശസ്തിയിലെയ്ക്കുള്ള നിന്റെ യാത്ര ഒരു വേശ്യയുമായുള്ള ബന്ധം തടസ്സപ്പെടുത്തുമെന്നു ഞാന്‍ ഭയന്നു..എങ്കിലും നിന്റെ എല്ലാ സിനിമയും ഞാന്‍ കാണാറുണ്ട്…. ”നിലാപ്പക്ഷി” എന്ന സിനിമ ഒഴിച്ച്.. അതില്‍ നിന്നെ തൂക്കിക്കൊല്ലുന്ന രംഗമുണ്ടെന്നു അറിഞ്ഞതിനാല്‍ അത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല.. നീ എന്നും ചിരിച്ചു നില്‍ക്കുന്നതും, ജയിച്ചു നില്‍ക്കുന്നതും കാണാനാണ് എനിക്കിഷ്ടം, അത്തരം പടങ്ങള്‍ ചെയ്താല്‍ മതീട്ടോ.. ഒരാളുടെയെങ്കിലും ജീവിതത്തില്‍ നന്മ നല്‍കാന്‍ കഴിയുന്ന ആളാണ് ജീവിതത്തില്‍ വിജയിച്ച ആള്‍ എന്ന് പണ്ട് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്..എല്ലായിടത്തും തോറ്റ എനിക്ക് നിന്റെ സന്തോഷമാണ് ഈ ജീവിതത്തില്‍ കിട്ടിയ ആകെയുള്ളസന്തോഷം.. എന്നും, എവിടെ വെച്ചായാലും നിന്നെ ഞാന്‍ ഓര്‍ക്കും.. എല്ലാ നന്മകളും നേരുന്നു.. ”

ആ കത്തും കയ്യില്‍ പിടിച്ചു മരവിപ്പോടെ അവന്‍ നിന്നു… ഒരിക്കല്‍ തന്നെ വിട്ടു പോയ, ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയ ആ പഴയ മരവിപ്പ് ….