ചന്ദ്രേട്ടന്‍റെ കിനാവുകള്‍ ചിറകടിക്കുമ്പോള്‍

0
237

new

തിരക്കഥ നന്നായാല്‍ സിനിമ പകുതി നന്നായി , അല്ലെങ്കില്‍ തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്ന് ഒരിക്കല്‍കൂടി തെളിയിച്ച രണ്ട് സിനിമകള്‍.

1. ചിറകൊടിഞ്ഞ കിനാവുകള്‍

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. കാരണം ഒന്നു മാത്രം ലിസ്ടിന്‍ സ്ടീഫെന്‍ എന്ന നിര്‍മ്മാതാവ്…

മികച്ച സിനിമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള മാജിക്ക് ഫ്രെയിംസിന്‍റെ അമരക്കാരനില്‍ നിന്നും മികച്ചതല്ലാതെ വേറൊന്നും പ്രതീക്ഷിച്ചിരുന്നില്ല…

മലയാളത്തിലെ ലക്ഷണമൊത്ത സ്പൂഫ് സിനിമ എന്നൊക്കെ വിളിക്കാവുന്ന നല്ലൊരു ചലച്ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍..

ഒരു സ്പൂഫിലേക്ക് തിരക്കഥ ശ്രദ്ധ കേന്ദ്രികരിക്കുമ്പോള്‍ വന്നു വീണേക്കാവുന്ന , മലയാളികള്‍ പൊതുവേ വിളിക്കാറുള്ള , ചളിയുടെ അംശം സിനിമയുടെ ചിലഭാഗങ്ങളില്‍ കാണാമെങ്കിലും , മികച്ചൊരു തിരക്കഥയുടെ അടിത്തറ സിനിമയെ ബോറടിപ്പിക്കുന്നില്ല.

ആദ്യമായി കേട്ട നാളുമുതല്‍ അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകളോട് ഒരു പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു കോളേജില്‍ ആദ്യമായി അവതരിപ്പിച്ച നാടകം ചിറകൊടിഞ്ഞ കിനാവുകളില്‍ നിന്ന് കെട്ടിപ്പെടുത്തത്..

മലയാളത്തിലെ പൈങ്കിളികഥകളെ കണക്കറ്റ് പരിഹസിച്ച സുമതിയുടെയും തയ്യല്‍ക്കാരന്‍റെയും പ്രണയകഥ, ഒരു സ്പൂഫ് സിനിമയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ മൂലകഥയായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ തിരക്കഥാകൃത്തും സംവിധാകനും വിജയിച്ചിരുന്നു. കാരണം ആ പേരില്‍ തന്നെയുണ്ടായിരുന്നു സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന ആശയം…

ഒരു സംവിധായകന്‍റെ ക്രാഫ്റ്റ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക്ക് സ്പൂഫ് സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍.

2.ചന്ദ്രേട്ടന്‍ എവിടെയാ ?

സംഭവം സത്യന്‍ അന്തിക്കാടും മറ്റ് അര ഡസന്‍ സംവിധായാകരും പലപ്പോഴായി പറഞ്ഞ അതെ മൂലക്കഥ തന്നെ. പക്ഷെ മികച്ചൊരു തിരക്കഥയുടെ അടിത്തറ സിനിമയെ നല്ല ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്തുന്നു.

മോശമല്ലാത്ത സിനിമ എന്ന് കേട്ടാല്‍ പോലും ദിലീപ് ചിത്രങ്ങള്‍ക്ക് കിട്ടുന്ന പ്രേഷക പിന്തുണ എത്രയാണെന്ന് ഇന്ന് തിയേറ്ററില്‍ കണ്ടപ്രേഷക പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു…..

അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍ റിലീസ് ദിവസം കാണാവുന്ന റിവ്യൂ എഴുത്ത് തൊഴിലാളികളെക്കാള്‍ ഫാമിലി ഓഡിയന്‍സ് ഭൂരിപക്ഷം സ്ഥാപിച്ച സിനിമ….

കൊമാല വായിച്ച നാളുമുതല്‍ ഈ മനുഷനോട്, സന്തോഷ്‌ ഏച്ചിക്കാനം, വല്ലാത്തൊരു ഇഷ്ടമാണ്…അന്നയും റസൂലിലൂടെ ചന്ദ്രേട്ടനില്‍ എത്തിനില്‍ക്കുമ്പോള്‍ ആ ഇഷ്ടം വര്‍ദ്ധിച്ചിരിക്കുന്നു..

എല്ലാ അഭിനേതാക്കളും തകര്‍ത്തഭിനയിച്ച ദിലീപിന്‍റെ തിരിച്ചുവരവെന്ന് നിസ്സംശയം വിശേഷിപ്പികാവുന്ന മികച്ചൊരു കുടുംബചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ ?….

ശക്തമായ തിരക്കഥയുടെ പ്രസക്തി വിളിച്ചോതുന്ന മികച്ച രണ്ട് സിനിമകള്‍…

ചിറകൊടിഞ്ഞ കിനാവുകള്‍.
ചന്ദ്രേട്ടന്‍ എവിടെയാ ?..