ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരൊക്കെ ടി വിയില്‍ സരിതയുടെ കത്തിനെ കുറിച്ചുള്ള ചര്‍ച്ചയും വീക്ഷിക്കുന്നുണ്ടായിരുന്നു. അവതാരകന് സരിതയോട് അഭിപ്രായം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി. ഇതൊക്കെ എന്ത് എന്ന പുച്ഛ ഭാവം. ഇത്തരം ചര്ച്ച്ചകളോട് ഉള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടാണ് അത്. പക്ഷെ എന്നിട്ടും നാട്ടിലെ ചാനലുകള്‍ക്ക് ഇത് മനസ്സിലാകുന്നില്ല. അവര്‍ രാവും പകലും ഇത് തന്നെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നു.
യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ആളുകള്‍ ആരോപണവുമായി വന്നാലും നാവിട്ടടിക്കാന്‍ ചാനലുകള്‍ തയ്യാര്‍. ചില മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമ മര്യാദയെ കുറിച്ചുള്ള ഒന്നും വായിച്ചില്ലെങ്കിലും മുത്തുച്ചിപ്പി വായിച്ച പാരമ്പര്യം നല്ലോണം ഉണ്ട് എന്ന് ഇന്നലെ തെളിയിച്ചു. പുലി വരുന്നേ പുലി എന്ന കഥ പോലെ ആയിട്ടുണ്ട് ദ്രിശ്യ മാധ്യമങ്ങള്‍ പുറത്തു വിടുന്ന പല അഴിമതി കഥകളും. നാഴികക്ക് നാല്പത് വട്ടം വാക്ക് മാറ്റുന്ന ആളുകളുടെ ആരോപണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് കൊടുത്ത് പൊതു ജനത്തിനിപ്പോ വസ്തുതകള്‍ ഉള്ള ആരോപണങ്ങള്‍ പുറത്ത് വന്നാലും വിശ്വസിക്കാന്‍ പ്രയാസമായിരിക്കുന്നു. ഇന്നലെ പുറത്തു വന്ന സരിതയുടേത് എന്ന് പറയുന്ന കത്തിന്റെ കാര്യം തന്നെ എടുക്കാം. കത്തിലെ ചില പേജുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതായത് ജോര്ജു -മാണി തര്‍ക്കം രൂക്ഷമായപ്പോള്‍ ജോര്‍ജിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ പുറത്തു വന്ന ചില പേജുകള്‍. ജോര്‍ജിന്റെ കാര്യം ഒക്കെ ആയാല്‍ ഈ കത്തിന്റെ കഥയും തീരും. അത് വരെ ചര്‍ച്ച ചെയ്ത മാധ്യമങ്ങളും പൊതു ജനവും വിഡ്ഢികള്‍ ആവുകയും ചെയ്യും. എന്നാലോ ഈ കത്ത് തന്റെതല്ല എന്ന് സരിത പറയുന്നു, ഒറിജിനല്‍ കത്ത് പിന്നീട് അവര്‍ തന്നെ പുറത്തു വിടു മേത്രേ, അതായത് സരിതക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ അപ്പോള്‍ പുറത്ത് വിടും.
ഇതിനു മുന്‍പ് മാധ്യമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത ഗെയിസ് അഴിമതി എന്തായി ? ഫെനി ബാലകൃഷ്ണനും ശ്രീധരന് നായരുമൊക്കെ ഇപ്പോള്‍ എവിടെയാണ് ?. ചര്‍ച്ച ചെയ്യാന്‍ അടുത്ത വിഷയം കിട്ടുന്നത് വരെ ഉള്ള ആത്മാര്‍ത്ഥത മാത്രമേ ദ്രിശ്യ മാധ്യമങ്ങള്‍ക്ക് ഓരോ വിഷയത്തിലും ഉള്ളൂ. സരിതന്റെ കത്തിലും അത് മാത്രമേ ഉണ്ടാകൂ. സരിതന്റെയും ബിജു രമേഷിന്റെ യും വാക്കുകള്‍ എടുത്ത് ചര്‍ച്ചിക്കുന്ന നികേഷ് കുമാര്‍ എന്ത് കൊണ്ട് തനിക്കെതിരായി ഉണ്ടായ ആരോപണത്തില്‍ ഒരു ന്യൂസ് ഹവര്‍ ചര്‍ച്ച നടത്താന്‍ തയ്യാറായില്ല ?. നികെഷിനു എതിരായി ഉണ്ടായ ആരോപണങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കോ മറ്റു ഉന്നതര്‍ക്കോ ആയിരുന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ന്യൂസ് ഹവര്‍ തീര്‍ച്ചയായും ഉണ്ടാകുക്മായിരുന്നല്ലോ. എന്നാല്‍ നികേഷ് കുമാര്‍ ചെയ്തതാകട്ടെ അദ്ദേഹത്തിന്റെ വാദങ്ങള്‍ മാത്രം പറഞ്ഞു കൊണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരും റിപ്പോര്‍ട്ടര്‍ ഓണ്‍ ലൈനില്‍ ലേഖനങ്ങള്‍ എഴുതി, എതിര് വാദങ്ങളും മറു വാദങ്ങളും പറയാന്‍ ആര്‍ക്കും അവസരം നല്കിയുമില്ല. അമ്മാവന് അടുപ്പിലും ആകാം എന്ന് വിചാരിക്കുന്ന കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങള്‍ ഈ നാടിന്റെ ആരോഗ്യത്തിനു ഹാനികരം തന്നെയാണ്.