അന്തരിച്ച ഇ എഴുത്തുകാരന്‍ ബോബന്‍ ജോസഫിനെ അനുസ്മരിച്ചു കൊണ്ട് ഈ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു: എഡിറ്റര്‍
ചിരി വില കൊടുക്കാതെ കിട്ടുന്ന ഏറ്റവും നല്ല ഔഷധമാണ്. ചിരിയുടെ മഹത്വങ്ങള്‍ നാം അറിഞ്ഞാല്‍ നാം എന്നും ചിരിക്കാന്‍ പരിശ്രമിക്കും. ശുഭചിന്തകളും, ലളിതവ്യയാമങ്ങളും, മനസ്സ് തുറന്ന ചിരിയും നമ്മുടെ ആരോഗ്യത്തെയും സൌന്ദര്യത്തെയും കൂട്ടുന്നു. മനുഷ്യര്‍ പണം കൊണ്ട് മാത്രമല്ല ദാരിദ്ര്യം അനുഭവിക്കുന്നത്. ഇത്തിരി സ്‌നേഹം കിട്ടാന്‍ കൊതിക്കുന്ന എത്രയോ മനുഷ്യരുണ്ട് ലോകത്തില്‍. അങ്ങിനെ ഒരു ചെറു പുഞ്ചിരി മതി പല ഹൃദയങ്ങളുടെയും ദാരിദ്ര്യദുഃഖം മാറാന്‍. പക്ഷെ ചില മനുഷ്യരുണ്ട് ഒരിക്കലും ചിരിക്കാറില്ല, അല്ലെങ്കില്‍ ചിരി വരില്ല, ചിലര്‍ക്ക് ചിരി വന്നാലും പുറത്തു കാട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ചിലരുണ്ട് എപ്പോഴും ചിരിക്കും. ജന്മനാലുള്ള അനുഗ്രഹമാകാം. അതെ ചിരിക്കാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹമാണ്. ചില മനുഷ്യരുണ്ട് ദുഃഖം മനസ്സില്‍ ഉണ്ടെങ്കിലും മറ്റുള്ളവരെ ചിരിപ്പിച്ചുകൊണ്ടിരിക്കും. ലോകം കണ്ട ഏറ്റവും വലിയ കൊമേഡിയന്‍, ബ്രിട്ടീഷ് കൊമേഡിയന്‍ ആയിരുന്ന ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു. എന്തിനു ദൂരത്തു പോകണം, നമുടെ ബഹദൂര്‍, അടൂര്‍ഭാസി, ജഗതി, ഇപ്പോള്‍ സുരാജ് ഇങ്ങിനെയുള്ള എത്രപേര്‍ മറ്റുള്ളവര്‍ക്ക് ചിരിയും സന്തോഷവും നല്‍കുന്നു. ദുഃഖം പങ്കു വെച്ചാല്‍ കുറയുന്നു. സന്തോഷം പങ്കുവെച്ചാല്‍ കൂടുന്നു. സ്വയം ചിരിക്കുന്നതിലും നല്ലത് തമാശപരസ്പരം പറഞ്ഞു അതോര്‍ത്തു ചിരിക്കുന്നതാണ്. ചിരിയിലൂടെ നമ്മുടെ ജൈവ രാസവൈദ്യുതി ഞരമ്പുകളില്‍ കൂടുന്നു. ചിരിയിലൂടെ നമ്മുടെ മസിലുകള്‍ അയയുന്നു, രക്തസമ്മര്‍ദം നോര്‍മല്‍ ആകുന്നു. അങ്ങിനെ എന്തെല്ലാം ഗുണങ്ങള്‍ കിട്ടുന്നു. ജനുവരി 11 ലോകചിരി ദിനമായി ആഘോഷിക്കുന്നു.
ഫ്രോയിഡ് തന്റെ The Joke and Its Relation to The Unconscious എന്ന പുസ്തകത്തില്‍ പറയുന്നത് നന്മയുടെ വിളനിലമായ ‘സുപ്പര്‍ ഈഗോ’ എന്ന മനസ്സിന്റെ തലം, ഈഗോ എന്ന മനസ്സിന്റെ തലത്തിനു ഒരു തമാശ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങിനെ നല്ല ഒരു തമാശ ജനിച്ചാല്‍ അല്ലെങ്കില്‍ കേട്ടാല്‍ മനസ്സ് വളരെ സന്തോഷിക്കുന്നു. മനസ്സില്‍ അറിയാതെ ചിരി വിടരുന്നു എന്നാണു. മനശാസ്ത്രത്തില്‍ ചിരിയുടെ പഠനത്തിനു ജീലോടോളജി (jelotolgy) എന്ന് പറയുന്നു.
കാന്‍സാസ് സര്‍വകലാശാലയിലെ മനശാസ്ത്രഞ്ഞരായ ഡോ താരാ ക്രാഫ്ടിന്റെയും താരാ പ്രെസ്മാന്റെയും നിരീക്ഷണത്തില്‍, ചിരി മനുഷ്യനെ ബാധിക്കുന്ന പല ദുഖങ്ങളെയും പ്രയാസങ്ങളെയും കെടുത്തുന്നു. സാധാരണ ചിരി വായിലെ മസിലിനെ വികസിപ്പിക്കുമ്പോള്‍ നിഷ്‌കളങ്കമായ ചിരി വായിലെയും കണ്ണിലെയും മസിലുകളെ വികസിപ്പിക്കുന്നു എന്നും അവര്‍ കണ്ടെത്തി.
ചിരിയും മസ്തിസ്‌കവും
ഒരു തമാശ കേള്‍ക്കുമ്പോള്‍ തലച്ചോറിലെ പ്രീഫ്രോന്ടല്‍ കോര്‍ടെകസി (prefrontal cortex) ന്റെ ഭാഗമായ ഫ്രോന്ടല്‍ ലോബ് എന്ന ഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നു. മോട്ടോര്‍ കേന്ദ്രങ്ങള്‍ പേശികള്‍ ചലിക്കാനുള്ള നിര്‍ദേശം കൊടുക്കുന്നു. NA (Nucleus Accumbens) എന്ന ഭാഗം കഥയുടെ നര്‍മം സ്വീകരിക്കുകയും ചിരി പൊട്ടി വിടരാന്‍ സഹായിക്കുകയും ചെയ്യുന്നു. ചിരി പോലുള്ള ശരീരപേശീ ചലനങ്ങള്‍ അങ്ങിനെ ഉണ്ടാകുന്നു. ലിംബിക് സിസ്റ്റത്തിന്റെ ഭാഗങ്ങളായ ടെമ്പരല്‍ ലോബ്, ഹൈപോതലാമസ്, അമിഗ്ദാല, ഹിപ്പോകാംബസ് എന്നിവയും ചിരി ഉണ്ടാകാന്‍ സഹായിക്കുന്നു. എന്നാല്‍ തലച്ചോറിലെ ചില ന്യൂറോണുകള്‍ക്ക് കേടു സംഭവിച്ചാല്‍ നിയന്ത്രിക്കാനാകാത ചിരി ചിലരില്‍ ഉണ്ടാകും. കൂടുതല്‍ ചിരിച്ചാല്‍, സന്തോഷിച്ചാല്‍ കരയുമ്പോള്‍ ഉണ്ടാകുന്നതുപോലെ കണ്ണുനീര്‍ ഗ്രന്ധിയില്‍ നിന്ന് കണ്ണുനീര്‍ പൊഴിക്കാന്‍ ലാക്രിമല്‍ ഗ്രന്ധിക്ക് (lacrimal gland) തലച്ചോര്‍ നിര്‍ദേശം കൊടുക്കുന്നു.
ഇക്കിളിയും ചിരിയും
ഒരു കുട്ടിയെ ഇക്കിളി ഇട്ടാല്‍ ആ കുട്ടി ചിരിക്കുന്നു. പ്രായമായവര്‍ക്കും ഇത് സംഭവിക്കുന്നു. സ്‌പൈനല്‍ കോര്ടിനു കിട്ടുന്ന പ്രചോദനം ചിരിയുടെ കേന്ദ്രത്തില്‍ എത്തുന്നു. ചിരിക്കുന്നു. എന്നാല്‍ നാം സ്വയം ഒന്ന് ഇക്കിളി ഇട്ടു നോക്കിയേ. നാം ചിരിക്കില്ല. ഒരേ പ്രചോദനം തലച്ചോറില്‍ എത്തുന്നു എങ്കിലും ചിരിക്കുന്നില്ല. ഇന്നും ഇതിന്റെ രഹസ്യം വൈദ്യ ലോകത്തിനു പിടികിട്ടുന്നില്ല. ഇങ്ങിനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വൈദ്യ ലോകത്തിലുണ്ട്. അങ്ങിനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം കിട്ടാന്‍ വൈദ്യ ലോകം നിരന്ദരം ഗവേഷണത്തിലാണ്.
ചിരി കള്ബുകള്‍
ഇന്ത്യന്‍ ഡോക്ടറായ ഡോ മദന്‍ കടാരിയ (Dr. Madan Kataria) ആണ് 1995 യില്‍ ആദ്യമായി ചിരി ക്ലബ് തുടങ്ങിയത്. ഇന്ന് ലോകത്തില്‍ പല രാജ്യങ്ങളില്‍ ആയി 6000 ചിരി ക്ലബ്ബുകള്‍ ഉണ്ട്. യോഗയും ചിരിയും ചേര്‍ന്ന പരിശീലനം ആണ് ചിരി ക്ലബ്ബില്‍ നടക്കുന്നത്. ഒരു തമാശ മൂവി കണ്ടു അതിലെ നര്‍മം ഓര്‍ത്തു ചിരിക്കുന്ന അത്രയും ഹൃദയത്തില്‍ നിന്നും വരുന്നില്ലെങ്കിലും. വേറൊരാളുടെ ചിരി കാണുമ്പോള്‍ അടുത്ത ആള്‍ക് ചിരി വന്നെന്നു വരും, അങ്ങിനെ കൂട്ടതോട് ചിരിക്കുന്നു. എങ്ങിനെയായാലും ചിരിയുടെ ഫലങ്ങള്‍ ശരീരത്തിന് കിട്ടി തുടങ്ങുന്നു. കാരണം ചിരി തുടരുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഞരമ്പുകള്‍ക്കു അറിയില്ല അത് നാം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന്. പലതരം ചിരികള്‍ ചിരി ക്ലബുകളില്‍ ഉണ്ട്. പക്ഷെ ചിലര്‍ അതായതു ശരീരത്തിന് വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ളവര്‍, ഹെര്‍ണിയ ഉള്ളവര്‍, ആജ കൂടിയവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗം ഉള്ളവര്‍, പൈല്‍സ് ഉള്ളവര്‍, ശസ്ത്രക്രിയ കഴിഞ്ഞ ഉടനെയുള്ളവര്‍, ജലദോഷം, പനി ഇങ്ങിനെയുള്ളവര്‍ ഇത് ചെയ്യരുതേ.
ചിരിയുടെ ഗുണങ്ങള്‍
ചിരിയുടെ ഗുണങ്ങള്‍ മനസിലൂടെ ശരീരത്തിലെത്തുന്നതാണ്. ചിരിയുടെ കാരണങ്ങള്‍ മനസ്സില്‍ ആണ് ആദ്യം ജനിക്കുന്നത്. ചിരി ഒരു നല്ല ഔഷദമാണ്. ചിരി നമ്മുടെ പ്രതിരോധവ്യൂഹത്തെയും സ്വതന്ത്ര നാഡീവ്യവസ്ഥയെയും ബന്ധിപ്പിക്കുന്നു. ചില ശാരീരികവും, മാനസികവും, സാമൂഹ്യവുമായ ഗുണങ്ങള്‍ താഴെ കാണുക;
- മുറുകിയിരിക്കുന്ന പേശികള്‍ക്ക് അയവ് വരുത്തുന്നു.
- ദുഃഖം ഉണ്ടാക്കുന്ന കോര്ടിസോള്‍ ഹോര്‍മോണ്‍ കുറയ്ക്കുന്നു
- രോഗപ്രതിരോധ ശക്തി വര്‍ധിപ്പിച്ചു ആയുസ്സ് കൂട്ടുന്നു
- ആരോഗ്യവും സൌദ്ധര്യവും കൂട്ടുന്നു.
- വേദനകള്‍ കുറയ്ക്കുന്നു
- ഹൃദ്രോഗം വരുന്നത് തടയുന്നു
- വിരസത ഒഴിവാക്കുന്നു
- ഭയം, ഉത്കണ്ട, പിരിമുറുക്കം ഇവ കുറയ്ക്കുന്നു
- മുറുകിയിരിക്കുന്ന മനസ്സിന് അയവ് വരുന്നു
- രോഗങ്ങളില്‍ നിന്ന് വേഗം വിടുതല്‍ കിട്ടുന്നു
- ശരീരത്തിന് സ്വാസ്ഥ്യം ഉണ്ടാക്കുന്ന എന്‍ഡോര്ഫിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു
- മറ്റുള്ളവരുടെ ആകര്‍ഷണം കൂടുന്നു
- സൌഹൃദങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നു
- വഴക്കും പിണക്കവും കുറയ്ക്കുന്നു
മുകളില്‍ പറഞ്ഞത് കൂടാതെ പല ഗുണങ്ങള്‍ പലര്‍ക്കും അനുഭവം ഉണ്ടായിരിക്കും.
ഇനി എങ്ങിനെ ആണ് സന്തോഷിക്കാനും ചിന്തിക്കാനും കൂടി സാധിക്കുക എന്നത് ഇത് വായിക്കുന്ന പലരും ചിന്തിക്കുന്നുണ്ടാകും. എന്റെ ചിന്തയില്‍ ചിലവ താഴെ കൊടുക്കുന്നു;
- സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ചെറു പുഞ്ചിരി ആര്‍ക്കും നല്‍കുക.
- നമ്മുടെ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുക
- മറ്റുള്ളവരുടെ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുക. മനസ്സില്‍ ചിരി വരികയും ചെറിയ പുഞ്ചിരി മാത്രം പുറത്തു കാണുകയും ചെയ്യും.
- നല്ല ഒരു തമാശ പടം കാണുക. കണ്ടിട്ടുണ്ടെങ്കില്‍ സുഹൃത്തുക്കളോട് പറഞ്ഞു ചിരിക്കുക ഒപ്പം അവര്‍ക്കും ചിരിക്കാന്‍ ഒരു അവസരം കിട്ടും.
- എത്ര ഗൌരവമായ വിഷയമാണെങ്കിലും ഈസിയാനെന്നു മനസ്സില്‍ വിചാരിക്കുക
- ആരെക്കണ്ടാലും അവരുടെ കുറവുകളും കുറ്റങ്ങളും സ്‌നേഹത്തോട് പറഞ്ഞു മനസിലാക്കുന്നതിനോപ്പം. അവരുടെ നല്ല ഗുണങ്ങള്‍ പറയുക.
- ക്ഷീണിച്ചിരിക്കുന്നവരെ കാണുമ്പോള്‍ അയ്യോ ക്ഷീണിച്ചുമെലിഞ്ഞല്ലോ എന്ന് പറയുന്നതിന് പകരം ആരോഗ്യം അല്പം നന്നാകാനുണ്ട് കേട്ടോ എന്ന് പറയുക.
- സാധാരണ ആള്‍ക്കാരെ കാണുമ്പോള്‍ ഒന്നിനൊന്നു ചെറുപ്പമായി വരുന്നല്ലോ എന്ന് പറയുക
- സ്ത്രീകളെ കാണുമ്പോള്‍ ഓരോ ദിവസവും സൌന്ദര്യം കൂടുന്നുണ്ട് കേട്ടോ എന്ന് പറയുക
- കഷ്ടതയുടെ കഴിഞ്ഞ കാലങ്ങള്‍, അത് കഴിഞ്ഞു എന്ന് വിചാരിച്ചു ഭാവിയെക്കുറിച്ച് മാത്രം ചിന്തിക്കുക. പഴയത് ചികയാതിരിക്കുക.
- തമാശ ഉള്ള പുസ്തകങ്ങള്‍ വായിക്കുക.
- ആരെങ്കിലും ചിരിക്കുന്നു എങ്കില്‍. ശ്രദ്ധിക്കുക, പറ്റുമെങ്കില്‍ ആരോടെങ്കിലും ചോദിക്കുക എന്താണ് ഇത്ര ചിരിയുടെ കാരണം എന്ന്.
- ബാല്യകാലങ്ങളില്‍ ചെയ്ത വിഡ്ഢിത്തരങ്ങള്‍ ഓര്‍ത്ത് ചിരിക്കുക.
- ഇങ്ങിനെ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന എന്തും മനോമണ്ഡലത്തില്‍ കൊണ്ട് വരിക, അത് ഓര്‍ത്തോര്‍ത്തു ചിരിക്കുക.
- കണ്ണീര്‍ സീരിയലുകള്‍ കാണുന്നതിനു പകരം തമാശ പ്രോഗ്രാം, മിമിക്രി തുടങ്ങിയവ കാണുക.
- പ്രാണായാമം, ശ്വസന വ്യായാമം തുടങ്ങിയത് ചെയ്യുക
- ഇതൊന്നും പറ്റുന്നില്ലെങ്കില്‍, മുകളില്‍ പറഞ്ഞ രോഗങ്ങള്‍ ഇല്ലെങ്കില്‍, ചിരി ക്ലബ്ബില്‍ ചേരുക.