Featured
ചില്ലറണ്ടെങ്കില് കേറിയാ മതി.. ചില്ലറയില്ലാണ്ട് കേറണ്ടാ..
അത്യാവശ്യം വേഗതയില്‍ ഓടുന്ന ബസ്സ്. ധാരാളം യാത്രക്കാര്‍. പരസ്പരം അറിയില്ലെങ്കിലും ഇറങ്ങാനുള്ള ഭൂമി എത്തുന്നിടംവരെ തട്ടിയും മുട്ടിയും ഉറക്കം തൂങ്ങിയും തോളില്‍ വീണും, പരസ്പരം നോക്കിയും നോക്കാതെയും, ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു ചിന്തിച്ചും, ഒരു മുഖവും കാണാതെയും ഒന്നും ഓര്‍ക്കാതെയും, എതിരെ വരുന്ന വാഹനങ്ങളുടെ വമ്പത്തരം കണ്ട് ഭയന്നും, മുന്‍പ് രക്ഷപ്പെട്ട അപകടങ്ങള്‍ ഓര്‍ത്തും, കടന്നു മാറുന്ന വഴികളില്‍ പണ്ടെങ്ങോ കളഞ്ഞുപോയ ജീവിതം തിരിച്ചു കിട്ടുമോ എന്നു വെറുതെ ചിന്തിച്ചും, ഇടക്കൊന്ന് ബ്രേക്കിട്ടും, വളവുകളില്‍ ചരിഞ്ഞാടിയുലഞ്ഞും, മൂത്രിക്കാന്‍ മുട്ടിയിട്ടും അത് പുറത്തു പറഞ്ഞു ഇറങ്ങി നിന്നൊന്ന് പാത്താന്‍ മനസ്സു വരാതെയും, ഒരുപാടാളുകള്‍ അങ്ങിനെ ഇല്ലാത്ത ആക്സിലേറ്ററില്‍ കാല് വെച്ച് പറക്കുകയാണ്.
82 total views

എഴുതിയത്: രഘുനാഥ് പാലേരി

സ്വകാര്യ ബസ്സ്.
നല്ല ഡ്രൈവര്‍
നല്ല കണ്ടക്ടര്‍
പണിയൊന്നും ഇല്ലാതെ കിളി.
അപ്പോഴാണ് ഇടക്ക് കയറി കമ്പി പിടിച്ചു നില്ക്കുന്ന യാത്രക്കാരില്‍ ഒരാള്‍ കണ്ടക്ടറോട് ചൂടായത്. കണ്ടക്ടറുടെ കയ്യില്‍ ബാക്കി നല്കാന് ചില്ലറയില്ല. ചില്ലറ വേണമെന്ന് കണ്ടക്ടര്‍. ചില്ലറ ഇല്ലെന്ന് യാത്രക്കാരന്. ഞാനെവിടുന്ന് എടുത്തു തരാനാണെന്ന് കണ്ടക്ടര്‍. ചില്ലറേം പിടിച്ചാണോ ഞാന്‍ നടക്കുന്നതെന്ന് യാത്രക്കാരന്. ചില്ലറ ഞാന്‍ അച്ചിലിട്ട് അടിക്കുന്നതാണോ എന്ന് കണ്ടക്ടര്‍. പിന്നെ സഞ്ചീം തൂക്കി കിലുക്കി നടക്കുന്നതെന്തിനാണെന്ന് യാത്രക്കാരന്. കണ്ടക്ടര്‍ കോപത്തോടെ സഞ്ചി തുറന്നു കാട്ടി. അതില്‍ മരുന്നിനെടുക്കാന്പോലും ചില്ലറയില്ല. തനിക്ക് നേരെ സഞ്ചി തുറന്നത് ശരിയായില്ലെന്ന് യാത്രക്കാരന്. ചിലപ്പോ അതൊക്കെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടി വരുമെന്ന് കണ്ടക്ടര്‍. അവര്‍ പര്സപരം മുക്രയിട്ടു. ഓരിയിട്ടു. ശുദ്ധമലയാളം മറന്നു. നാട്ടുഭാഷയും ആത്മഭാഷയും മറന്നു. ഒന്നു പറഞ്ഞ് രണ്ടു പറഞ്ഞ്, നൂറും നൂറ്റൊന്നും പറഞ്ഞ് ചില്ലറ മറന്ന് ആയിരത്തിന്റെ കെട്ടുകള്‍ അക്ഷരങ്ങളായി ഇറക്കി. ചുരുക്കി പറഞ്ഞാല്‍ അതുവരെ സമാധാനത്തോടെ ഗിയര്‍ മാറ്റി ഓടിയ ബസ്സില്‍ അതൊരു തര്‍ക്കമായി. മനുഷ്യന് ആദ്യമായി അഗ്നി കണ്ടുപിടിച്ച ഘട്ടത്തില്‍ ഉരച്ചുരച്ചു തീപാറിച്ച കല്ലുകളായി മാറി കണ്ടക്ടറുടെയും യാത്രക്കാരന്റെയും മനസ്സ്. തീ പാറി. ശരിക്കും പാറി…
ആ നേരത്തിനുള്ളില്‍ ബസ്സ് ഓടിയോടി മറ്റൊരു സ്റ്റോപ്പില്‍ എത്തി. നിറയെ യാത്രക്കാര്‍ കാത്തു നില്ക്കുന്നു. അനുഭവത്തിന്റെ നെരിപ്പോടില്‍ നിന്ന് പുറത്തേക്ക് തലയിട്ട് കണ്ടക്ടര്‍ വിളിച്ചു കൂവി.
‘ചില്ലറണ്ടെങ്കില് കേറിയാ മതി.. ചില്ലറയില്ലാണ്ട് കേറണ്ടാ..’ രഘുനാഥ് പാലേരി
ചിലരെല്ലാം തിക്കിത്തിരക്കി കയറി. ആ തിരക്കിലൂടെ നുണു കയറി ഉള്ളില്‍ എത്തിയ ഒരാള്‍ പുകഞ്ഞു നിന്ന ബസ്സിനകത്ത് ശാന്തനായി നിന്ന് സാവകാശം കണ്ടക്ടറോട് പറഞ്ഞു.
‘എന്റെ കയ്യില്‍ ചില്ലറ ഇല്ല മോനേ. എന്നുവെച്ച് നീയ്യ് ബേജാറാവണ്ട. ബാക്കി നീ വെച്ചോ. ഞാന്‍ പിന്നെ വാങ്ങിച്ചോളാം..’
കത്തി നിന്ന ബസ്സിനകത്ത് കുളിര് കാറ്റ് വീശിയ ആ വാക്കുകള്‍ പെറുക്കിയാല്‍ തീരാത്ത ചില്ലറകളായി എല്ലാവരുടെ മനസ്സിലും ഉരുണ്ടു നീങ്ങി. നേരത്തെ നടന്ന ബഹളം ഏറ്റുപാടിയവരും കേട്ടു നിന്നവരും അറിയാതെ ചിരിച്ചുപോയി. ഒപ്പം കത്തി നിന്ന കണ്ടക്ടറും ഇല്ലാത്ത തീ പിടിച്ചു മനസ്സ് വെന്ത യാത്രക്കാരനും.
…….
ഇതെന്റെ നീളന്‍ മുടിയുള്ള ചങ്ങാതി നൗഷാദ് ഇളം ചിരിയോടെ പറഞ്ഞ അനുഭവ കഥ. ആ ബസ്സിനകത്ത് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ചങ്ങാതി സുരേഷ് പലതവണ കേട്ടു കേട്ട് ചിരിച്ച ഒരു ചില്ലറ കഥ.
ഇത്രയും കേട്ടപ്പോള്‍ പണ്ടൊരിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ യാത്ര ചെയ്യവേ, എനിക്കും, അതേ ബസ്സില്‍ യാത്ര ചെയ്തിരുന്ന കോലഞ്ചേരി ആശുപത്രിയിലെ ഒരു ലേഡി ഡോക്ടര്‍ക്കും ബാക്കി തരാന്‍ ഉണ്ടായിരുന്ന ചില്ലറ ഒന്നായി കണക്ക് കൂട്ടി ടിക്കറ്റിനു പിറകില്‍ എഴുതി പത്ത് രൂപയുടെ നോട്ട് തന്ന്, ചില്ലറയാക്കി അവര്‍ക്കും കൂടി കൊടുത്തേക്കൂ എന്നു പറഞ്ഞ് കണ്ടക്ടര്‍ കൈമാറിയ ടിക്കറ്റിന്റെ നിറം മനസ്സില്‍ ഓര്‍മ്മ വന്നു. ഏതാണ്ട് അതേ നിറമുള്ള സാരിയായിരുന്നു മെലിഞ്ഞ ആ ഡോക്ടറും ധരിച്ചിരുന്നത്. ആ നോട്ടും പിടിച്ച് ചില്ലറയാക്കാന്‍ കുറച്ചു നേരം എറണാകുളം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റില്‍ ഞങ്ങള്‍ അലഞ്ഞു. ഒടുക്കം ചില്ലറയാക്കി തന്നത് മറ്റൊരു കണ്ടക്ടര്‍ ആയിരുന്നു.
83 total views, 1 views today