Featured
ചില കണ്ണു കടികള്‍
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണല്ലോ കണ്ണ്. എന്നാല്‍ കണ്ണിന് നാം കൊടുക്കുന്ന പ്രാധാന്യം കാണുമ്പോള്‍ മറ്റ് ഇന്ദ്രിയങ്ങളൊക്കെ പടച്ചോന് വെറുതെ ശരീരത്തില്‍ ഫിറ്റ് ചെയ്തതാണെന്ന് തോന്നിപോകും. അത്രത്തോളം കണ്ണിന്റെ കാര്യത്തില്‍ നാം കണ്ണിമ ചിമ്മാതെ ശ്രദ്ധാലുക്കളാണ്. കണ്ണിനെ ചുറ്റിപറ്റി എത്ര കഥകള്‍, എത്ര കവിതകള്‍, എത്രയെത്ര വര്‍ണ്ണനകള്‍..
177 total views

മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണല്ലോ കണ്ണ്. എന്നാല്‍ കണ്ണിന് നാം കൊടുക്കുന്ന പ്രാധാന്യം കാണുമ്പോള്‍ മറ്റ് ഇന്ദ്രിയങ്ങളൊക്കെ പടച്ചോന് വെറുതെ ശരീരത്തില്‍ ഫിറ്റ് ചെയ്തതാണെന്ന് തോന്നിപോകും. അത്രത്തോളം കണ്ണിന്റെ കാര്യത്തില്‍ നാം കണ്ണിമ ചിമ്മാതെ ശ്രദ്ധാലുക്കളാണ്. കണ്ണിനെ ചുറ്റിപറ്റി എത്ര കഥകള്‍, എത്ര കവിതകള്‍, എത്രയെത്ര വര്‍ണ്ണനകള്‍..
സ്ത്രീകളുടെ കണ്ണിനാണ് വലിയ മാര്‍ക്കറ്റ്. കവിതകളിലൂടെ പെയ്യുന്ന അവളുടെ കണ്ണുകളുടെ സൌന്ദര്യം ആസ്വദിക്കാത്ത ആരാണുള്ളത് ? സമകാലിക പീഡന തോന്ന്യവാസ മേഖലകളില്‍ പുരുഷന്മാരുടെ സംഭാവന നിസ്തുലമായത് കൊണ്ടാവാം പുരുഷ കണ്ണുകള്‍ക്ക് കാമം നിഴലിച്ചിരിക്കുന്നു. അത് കൊണ്ട് സമൂഹത്തില്‍ വലിയ മാര്‍ക്കറ്റില്ല.
കണ്ണിനോളം വരില്ല ഒന്നും. എത്രയെത്ര ഉപമകളാണ് കണ്ണിനെ കുറിച്ച്. ‘കണ്ണില്ലാത്തവനേ കാഴ്ചയുടെ വിലയറിയൂ’, ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’, ‘കണ്ണേ മടങ്ങുക’ അങ്ങിനെ എത്ര പദപ്രയോഗങ്ങള്‍. ‘കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും’ എന്ന വാചകം കാലങ്ങളോളം തന്റെ പ്രിയതമനെ കാത്തിരിക്കാനുള്ള അവളുടെ മനസ്സിന്റെ വലിപ്പത്തെ വരച്ചിടുന്നു. ദൂരേക്ക് കണ്ണും നട്ട് തന്നെ കാത്തിരിക്കുന്ന ഒരു ഭാര്യ നാട്ടിലുണ്ട് എന്ന ബോധം ഓരോ പ്രവാസികളുടെയും കണ്ണുകളില്‍ വിരഹത്തിന്റെ കണ്ണീര് തുള്ളികളായി ചാലിട്ടൊഴുകാറില്ലേ. കണ്ണിലൂടെ വിരിയുന്നത് പ്രതീക്ഷകളാണ്, സ്വപ്നങ്ങളാണ്.
ഇനി കണ്ണിനെ കുറിച്ച് അല്ലറ ചില്ലറ ദോഷങ്ങളും ഇല്ലാതില്ല. കണ്ണേറ് എന്ന സംഭവം കണ്ണിനാലാണത്രെ ഉണ്ടാകുന്നത് . നമ്മള് ഏതെങ്കിലും വസ്തുവിനേയോ വ്യക്തിയെയോ ശരിക്കുമൊന്ന് നോക്കി മനസ്സില്‍ വല്ലതും തെറ്റായി വിചാരിച്ചാല്‍ അതിന്റെ കഥ കട്ടപൊക ! അയല്‍വക്കത്തെ നബീസാന്റെ നല്ലവണ്ണം കാഴ്ച്ച് നില്ക്കുന്ന കുമ്പളങ്ങയെ നോക്കി ‘നബീസാ, അന്റെ കുമ്പളങ്ങന്റെ ഒരു വലിപ്പേ’ എന്ന് പറഞ്ഞാല്‍ കുമ്പളങ്ങ ദാ കിടക്കണ് നിലത്ത്. അതാണത്രേ കണ്ണേറ്. ഇങ്ങിനെ കണ്ണിനാല്‍ കുമ്പളങ്ങ വീഴ്ത്താം എന്ന് വിശ്വസിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്.
കണ്ണിനാല്‍ ഉണ്ടാകുന്ന വേറൊരു ദോഷം കൂടിയുണ്ട്. അത് നമ്മള് ചോദിച്ച് വാങ്ങുന്നതാണ്. വഴിയിലൂടെ പോകുന്ന വല്ല പെണ്‍കുട്ടികളെയും നോക്കി ഒന്ന് കണ്ണടിച്ചാല്‍ മതി. ദോഷം അഞ്ചു പൈസ മുടക്കില്ലാതെ ഇങ്ങോട്ട് വരും പാര്‍സലായി.
കാഴ്ച മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഭൂമിയുടെ, പച്ചപ്പിന്റെ നിറമെന്താണെന്ന് പോലും അറിയാത്ത എത്രയോ കുരുന്നുകളെ നമുക്ക് കാണാനാകും. നമുക്ക് തന്ന ഈ അനുഗ്രഹത്തിന് ദൈവം തമ്പുരാനോട് നന്ദി പറയാം..
178 total views, 1 views today