ചില കളികള്‍ കാണിക്കാനും ചിലത് പഠിക്കാനും ഗംഭീര്‍ ഇന്നിറങ്ങുന്നു !

0
317

new

ഐ പി എല്‍ എട്ടാം സീസണിലെ ആദ്യമത്സരരം ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡസില്‍ നടക്കും. ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് കളി.   രാത്രി എട്ട് മണിക്കാണ് കളി.

നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത ടീം. രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള മുംബൈ ഇന്ത്യന്‍സാകട്ടെ കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു.

ഞായറാഴ്ചയാണ് ബിസിസിഐ കെകെആര്‍ സ്പിന്നറായ നരെയ്‌ന് പന്തെറിയാന്‍ പ്രശ്‌നമില്ല എന്ന് അറിയിച്ചത്. അതുവരെ കൈ മടക്ക് വിവാദത്തില്‍ പെട്ട് കിടക്കുകയായിരുന്നു ഈ ചാമ്പ്യന്‍ സ്പിന്നര്‍. എന്തായാലും വിവാദം മറന്ന് മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുക്കാനാകും നരെയ്‌ന്റെയും കൊല്‍ക്കത്ത ടീമിന്റെയും ശ്രമം.

പലരോടും പല കണക്കുകളും തീര്‍ക്കാന്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് ബാക്കിയുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ബാല്യം തന്നില്‍ ബാക്കിയുണ്ടെന്ന് തെളിയിക്കാന്‍ ഗംഭീറിന് കിട്ടിയ മറ്റൊരവസരമാണ് ഈ ഐപിഎല്‍. റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍ എന്നീ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. മാജിക് സ്പിന്നറായ കരിയപ്പയെ ഐ പി എല്‍ കളികളില്‍ ആദ്യമായി കാണാം എന്നതും മുംബൈ കൊല്‍ക്കത്ത കളിയെ ആവേശകരമാക്കുന്നു. രണ്ടരക്കോടിക്കാണ് കരിയപ്പയെ കൊല്‍ക്കത്ത വാങ്ങിയത്.

ശരാശരി ലോകകപ്പുമായാണ് രോഹിത് ശര്‍മ ഐ പി എല്ലിനെത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ഫോര്‍മാറ്റായ ഐ പി എല്ലില്‍ പേരിനൊത്ത പ്രകടനം രോഹിത് കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ ടീം. ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്‍, കീരണ്‍ പൊളാര്‍ഡ് എന്നീ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലും മുംബൈയ്ക്ക് പ്രതീക്ഷ വെക്കാം. ഓപ്പണര്‍ മൈക്ക് ഹസിക്ക് പകരം എത്തിയ ആരോണ്‍ ഫിഞ്ചിലാണ് മുംബൈയുടെ മറ്റൊരു ബാറ്റിംഗ് പ്രതീക്ഷ.