ചില വ്യാകരണചിന്തകള്‍ ഭാഗം 2 – പരസ്പരബന്ധം (ലേഖനം) – സുനില്‍ എം എസ്

0
395

01tvfsar_friday_GPD_261016f

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ നിന്നും വായിക്കാം

രചന: സുനില്‍ എം എസ്, മൂത്തകുന്നം

രണ്ടു പേര്‍ക്കിരിയ്ക്കാവുന്ന സീറ്റ്; അവയിലൊന്ന് ഒഴിഞ്ഞുകിടക്കുന്നു. അതിലിരിയ്ക്കാനായി ചെല്ലുന്ന നമ്മെക്കണ്ട്, മറ്റേ സീറ്റിലിരിയ്ക്കുന്ന യാത്രക്കാരന്‍ ശിരസ്സിന്റെ ഒരു ചലനത്തിലൂടെ നമ്മെ ക്ഷണിയ്ക്കുകയും, അല്പം കൂടി ഒതുങ്ങിയിരുന്ന്, നമുക്കു കഴിയുന്നത്ര സൗകര്യം തരാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നു. ചിലര്‍ സൗഹൃദത്തോടെ ‘വരൂ’ എന്നു ക്ഷണിയ്ക്കുക കൂടിച്ചെയ്‌തെന്നും വരാം. യാത്രികര്‍ തമ്മിലുള്ള സൗഹൃദത്തിന് അവിടെ തുടക്കമിടുന്നു.

എന്നാല്‍, ചുരുക്കം ചിലര്‍ ങേ ഹേ, നമ്മെ കണ്ടതായിപ്പോലും ഭാവിയ്ക്കില്ല! രണ്ടു പേരിരിയ്‌ക്കേണ്ട സീറ്റാണെന്ന കാര്യം വിസ്മരിച്ച്, അവര്‍ തങ്ങളുടെ പരന്നൊഴുകിയുള്ള ഇരിപ്പു തുടര്‍ന്നെന്നും വരാം. വീണുപോകാതിരിയ്ക്കാന്‍ പാടുപെട്ടുകൊണ്ട് സീറ്റിന്റെ ഒരറ്റത്തു നമുക്കിരിയ്‌ക്കേണ്ടി വന്നെന്നും വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടുത്തടുത്തിരിയ്ക്കുന്നവരായിട്ടും ഇരുയാത്രികരുടേയുമിടയില്‍ സൗഹൃദമുണ്ടാകുന്നില്ല; അവര്‍ പരസ്പരം വേറിട്ടു നില്‍ക്കുന്നു.

മലയാളവ്യാകരണത്തെപ്പറ്റിയുള്ള ചിന്തകള്‍ക്കിടയില്‍ ബസ്സുയാത്രയിലെ വിശേഷങ്ങള്‍ക്കെന്തു പ്രസക്തിയെന്ന ചോദ്യമുയരാം. ഒരു യാത്രികന്‍ തന്റെ അടുത്തുവന്നിരിയ്ക്കാന്‍ പോകുന്ന മറ്റൊരു യാത്രികന്റെ സൗകര്യത്തിനു വേണ്ടി സ്വന്തം ഇരിപ്പിനു ചില ചെറുമാറ്റങ്ങള്‍ വരുത്തുന്നതു പോലെ, മലയാളമെഴുതുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ പരസ്പരബന്ധമുണ്ടാകാന്‍ വേണ്ടി, വാക്കുകളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വാക്കുകള്‍ തമ്മില്‍ ബന്ധമുണ്ടാകുമ്പോള്‍, അതു വായനാസുഖം നല്‍കുന്നു. ചില രചനകള്‍ വായിച്ചുകഴിയുമ്പോള്‍ നാം പറയാറുണ്ട്, ‘നല്ല ഒഴുക്കുള്ള ഭാഷ!’ വാക്കുകളെ പരസ്പരം ബന്ധപ്പെടുത്തിയിരിയ്ക്കുന്നതു കൊണ്ടാണ് ഒഴുക്ക് അഥവാ വായനാസുഖം അനുഭവപ്പെടുന്നത്. ബ്ലോഗുകളില്‍ ഒഴുക്കു വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികള്‍ താഴെക്കുറിയ്ക്കുന്നു.

‘അന്ന് ഞങ്ങള്‍’ – ഈ വാക്കുകളിലുള്ള ചെറിയൊരു കുഴപ്പം ഒറ്റ നോട്ടത്തില്‍ കണ്ടെന്നു വരില്ല. ഒഴുക്കു കുറവാണെന്നതാണു ഞാന്‍ കാണുന്ന കുഴപ്പം. സാരമുള്ളതൊന്നുമല്ലിത്. എങ്കിലും, എഴുത്തു കഴിയുന്നത്ര നന്നാക്കണം എന്നാഗ്രഹിയ്ക്കുന്നവര്‍ ഇത്തരം കുഴപ്പങ്ങളെപ്പോലും ശ്രദ്ധിയ്ക്കുകയും അകറ്റുകയും ചെയ്യുന്നതു നന്ന്. ‘അന്ന് ഞങ്ങള്‍’ എന്നെഴുതുമ്പോള്‍, ‘അന്ന്’ എന്ന പദത്തിന് ‘ഞങ്ങള്‍’ എന്ന പദവുമായി ബന്ധമില്ലാതെ പോകുന്നു. അവ സ്വതന്ത്രമായ പദങ്ങളായിത്തുടരുന്നു. അടുത്തടുത്ത സീറ്റുകളിലിരുന്നിട്ടും ‘അകന്നിരിയ്ക്കുന്ന’ യാത്രക്കാരെപ്പോലെ, ആ പദങ്ങള്‍ രണ്ടും പരസ്പരം ബന്ധപ്പെടാതെ, വേറിട്ടു നില്‍ക്കുന്നു.

കാരണം വിശദീകരിയ്ക്കാം: ചന്ദ്രക്കല ഒരു കോമയ്ക്കു തുല്യമാണ്. കോമയെന്നാല്‍ അല്പവിരാമം. വായിച്ചുപോകുമ്പോള്‍, കോമയുള്ളിടത്ത് ഹ്രസ്വനേരത്തേയ്‌ക്കൊന്നു നിറുത്തണം: ഒരര നിമിഷം. ചന്ദ്രക്കലയിലവസാനിയ്ക്കുന്ന വാക്കുച്ചരിച്ച ശേഷവും അര നിമിഷം നില്‍ക്കണം. ‘അന്ന് ഞങ്ങള്‍’ എന്നെഴുതിയിരിയ്ക്കുമ്പോള്‍, ‘അന്ന്’ എന്നു വായിച്ച്, അര നിമിഷം നിന്നതിനു ശേഷമേ ‘ഞങ്ങള്‍’ എന്നു പറയാന്‍ തുടങ്ങുകയുള്ളൂ, അഥവാ തുടങ്ങാനാകൂ. ഈ നിറുത്തല്‍ അര നിമിഷം മാത്രം നീളുന്നതാണെങ്കിലും, അതു വായനയുടെ ഒഴുക്കിനു ഭംഗം വരുത്തുന്നു, വായനാസുഖം കുറയ്ക്കുന്നു.

റെയില്‍പ്പാളത്തില്‍ ഇടയ്ക്കിടെ ചെറിയ വിടവുകളുണ്ടെന്നു കരുതുക. വണ്ടിച്ചക്രങ്ങള്‍ ആ വിടവുകള്‍ കടക്കുമ്പോള്‍ അരോചകമായ ശബ്ദകോലാഹലമുണ്ടാകുന്നു, യാത്ര അസുഖകരമാകുന്നു, അതിവേഗയാത്ര അസാദ്ധ്യവുമാകുന്നു. വിളക്കിച്ചേര്‍ത്ത, വിടവുകളില്ലാത്ത റെയില്‍പ്പാളങ്ങളാകട്ടെ, കോലാഹലം കുറച്ച്, യാത്ര സുഖകരവും അതിദ്രുതവുമാക്കുന്നു. വാക്കുകളുടെ കാര്യത്തിലും ഈ വിളക്കിച്ചേര്‍ക്കല്‍ പ്രസക്തമാണ്.

ഒതുങ്ങിയിരിപ്പിന്റെ, അല്ലെങ്കില്‍ വിളക്കിച്ചേര്‍ക്കലിന്റെ ഭാഗമായി ‘അന്ന്’ എന്ന പദം ‘അന്നു’ എന്നു പരിഷ്‌കരിച്ചെഴുതി നോക്കാം: ‘അന്ന് ഞങ്ങള്‍’ ‘അന്നു ഞങ്ങള്‍’ എന്നായിത്തീരുന്നു. പദങ്ങള്‍ക്കിടയിലുള്ള നിറുത്തല്‍ ഒഴിവാകുന്നു. ഒഴുക്കു വര്‍ദ്ധിയ്ക്കുന്നു. വായനാസുഖം കൂടുന്നു.

ചില ഉദാഹരണങ്ങള്‍ കൂടിയിതാ:

1) അലിഞ്ഞ് ചേരുന്നു
2) വേണ്ടത് ചെയ്തു
3) അന്ന് രാത്രി
4) കോട്ടയത്ത് പോയി
5) തോക്ക് ചൂണ്ടി
6) എന്നാണ് വിവക്ഷ
7) മുകളിലാണ് കോട്ട
8) കണ്ണടച്ച് കിടന്നു
9) ലീവിന് പോവുന്ന
10) ഒപ്പ് വയ്ക്കുമ്പോള്‍
11) ഗതികേട് കൊണ്ട്
12) ഇനിയെന്ത് ചെയ്യും
13) വഴക്ക് പറയുമ്പോള്‍
14) അത് വഴി
15) തിരിച്ച് പോകുന്നു
16) ഇത് മുഴുവന്‍
17) ജനിച്ച് വളര്‍ന്ന

ചന്ദ്രക്കലയ്ക്കു വ്യാകരണത്തിലൊരു പേരുണ്ട്: സംവൃത ഉകാരം. സംവൃതോകാരം എന്നും പറയും. ഈ ലേഖനത്തില്‍ ചിലയിടങ്ങളില്‍ ‘ചന്ദ്രക്കല’യെന്നെഴുതുന്നതിനു പകരം സംവൃതോകാരം എന്നുപയോഗിച്ചെന്നു വരാം. രണ്ടും ഒന്നു തന്നെ.

മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണങ്ങളിലെല്ലാം രണ്ടു പദങ്ങള്‍ വീതമുണ്ട്. അവയിലെ ആദ്യത്തെ പദങ്ങളെല്ലാം ചന്ദ്രക്കലയില്‍ അവസാനിച്ചിരിയ്ക്കുന്നു. അലിഞ്ഞ്, വേണ്ടത്, അന്ന്, കോട്ടയത്ത്, തോക്ക്, എന്നാണ്, മുകളിലാണ്, കണ്ണടച്ച്, ലീവിന്, ഒപ്പ്, ഗതികേട്, ഇനിയെന്ത്, വഴക്ക്, അത്, തിരിച്ച്, ഇത്, ജനിച്ച് – ഇവയെല്ലാമാണ് ആദ്യപദങ്ങള്‍. വായനയിലെ ഒഴുക്കു വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി ഈ പദങ്ങളുടെയെല്ലാം അവസാനത്തിലുള്ള സംവൃതോകാരത്തെ നമുക്കു നീക്കം ചെയ്യാം. പകരം ഉകാരം കൊണ്ടുവരാം. ‘അലിഞ്ഞ്’ ‘അലിഞ്ഞു’ ആയി. ‘വേണ്ടത്’ ‘വേണ്ടതു’ ആയി. ‘അന്ന്’ ‘അന്നു’ ആയി; അങ്ങനെയങ്ങനെ. വാക്കുകളുടെ അവസാനത്തില്‍ ഉകാരമുണ്ടെങ്കില്‍ അത്തരം ഉകാരങ്ങള്‍ക്ക് വിവൃതോകാരം എന്നും പറയുന്നു.

‘അന്ന് ഞങ്ങള്‍’ എന്ന ഉദാഹരണത്തില്‍ രണ്ടാമത്തെ പദമായ ‘ഞങ്ങള്‍’ തുടങ്ങിയിരിയ്ക്കുന്നത് ‘ഞ’ എന്ന അക്ഷരത്തിലാണ്. മലയാളത്തിലെ അക്ഷരങ്ങളെ രണ്ടായി തരം തിരിയ്ക്കാം: സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും. ‘ഞ’ വ്യഞ്ജനങ്ങളില്‍പ്പെടുന്നു. മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന മറ്റുദാഹരണങ്ങളിലെ സ്ഥിതിയും ഇതു തന്നെ. അവയില്‍ രണ്ടാമതു വരുന്ന പദങ്ങളിവയാണ്: ചേരുന്നു, ചെയ്തു, രാത്രി, പോയി, ചൂണ്ടി, വിവക്ഷ, കോട്ട, കിടന്നു, പോവുന്ന, വയ്ക്കുമ്പോള്‍, കൊണ്ട്, ചെയ്യും, പറയുമ്പോള്‍, വഴി, പോകുന്നു, മുഴുവന്‍, വളര്‍ന്ന. ഈ പദങ്ങളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളായ ചേ, ചെ, രാ, പോ, ചൂ, വി, കോ, കി, പോ, വ, കൊ, ചെ, പ, വ, പോ, മു, വ എന്നിവയെല്ലാം വ്യഞ്ജനങ്ങള്‍ തന്നെ; അവയിലൊന്നുപോലും സ്വരാക്ഷരമല്ല.

ഇടയ്‌ക്കൊരു കാര്യം കൂടിപ്പറഞ്ഞോട്ടേ: ഒരക്ഷരം സ്വരമാണോ വ്യഞ്ജനമാണോ എന്നറിയുക എളുപ്പമാണ്. അ, ആ, ഇ, ഈ മുതല്‍ ഔ, അം, അഃ വരെയുള്ളവയാണു സ്വരങ്ങള്‍. ക, ഖ മുതല്‍ ള, ഴ, റ വരെയുള്ളവ വ്യഞ്ജനങ്ങളും.

വായനാസുഖം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണങ്ങളിലെല്ലാം നാം വരുത്തിയ പരിഷ്‌കരണം ഒന്നു തന്നെ: അവയിലെ രണ്ടാമത്തെ പദങ്ങളെല്ലാം വ്യഞ്ജനങ്ങളില്‍ തുടങ്ങുന്നവയായതുകൊണ്ട്, ഒന്നാമത്തെ പദങ്ങളുടെ അവസാനത്തിലുണ്ടായിരുന്ന സംവൃതോകാരത്തെ നാം വിവൃതോകാരമാക്കി പരിഷ്‌കരിച്ചു. ഇതിനെ അടിസ്ഥാനപ്പെടുത്തി ചെറിയൊരു വ്യാകരണനിയമമുണ്ടാക്കാന്‍ നമുക്കു ശ്രമിച്ചുനോക്കാം:

‘അടുത്തടുത്തു വരുന്ന പദങ്ങളില്‍ ആദ്യത്തേതു ചന്ദ്രക്കലയിലവസാനിയ്ക്കുകയും രണ്ടാമത്തേതു വ്യഞ്ജനത്തില്‍ തുടങ്ങുകയും ചെയ്യുന്നെങ്കില്‍ ആദ്യത്തേതിന്റെ അവസാനമുള്ള ചന്ദ്രക്കലയ്ക്കു പകരം ഉകാരം ഉപയോഗിയ്ക്കണം.’

ഒരു വ്യാകരണനിയമത്തിന്റെ പ്രൗഢി കലര്‍ത്താനായി, ഈ നിയമത്തിന്റെ അവസാനഭാഗം ഇങ്ങനെ പരിഷ്‌കരിയ്ക്കാം: ‘…ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരത്തിനു പകരം വിവൃതോകാരം ഉപയോഗിയ്ക്കണം’.

ഈ നിയമമനുസരിച്ച്, മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന പതിനേഴുദാഹരണങ്ങളുടെ ശരിരൂപങ്ങള്‍ താഴെക്കൊടുക്കുന്നു:

1) അലിഞ്ഞ് ചേരുന്നു – അലിഞ്ഞു ചേരുന്നു
2) വേണ്ടത് ചെയ്തു – വേണ്ടതു ചെയ്തു
3) അന്ന് രാത്രി – അന്നു രാത്രി
4) കോട്ടയത്ത് പോയി – കോട്ടയത്തു പോയി
5) തോക്ക് ചൂണ്ടി – തോക്കു ചൂണ്ടി
6) എന്നാണ് വിവക്ഷ – എന്നാണു വിവക്ഷ
7) മുകളിലാണ് കോട്ട – മുകളിലാണു കോട്ട
8) കണ്ണടച്ച് കിടന്നു – കണ്ണടച്ചു കിടന്നു
9) ലീവിന് പോവുന്ന – ലീവിനു പോവുന്ന
10) ഒപ്പ് വയ്ക്കുമ്പോള്‍ – ഒപ്പു വയ്ക്കുമ്പോള്‍
11) ഗതികേട് കൊണ്ട് – ഗതികേടു കൊണ്ട്
12) ഇനിയെന്ത് ചെയ്യും – ഇനിയെന്തു ചെയ്യും
13) വഴക്ക് പറയുമ്പോള്‍ – വഴക്കു പറയുമ്പോള്‍
14) അത് വഴി – അതു വഴി
15) തിരിച്ച് പോകുന്നു – തിരിച്ചു പോകുന്നു
16) ഇത് മുഴുവന്‍ – ഇതു മുഴുവന്‍
17) ജനിച്ച് വളര്‍ന്ന – ജനിച്ചു വളര്‍ന്ന

അടുത്തിരിയ്ക്കുന്ന സഹയാത്രികന്റെ സുഖസൗകര്യങ്ങളില്‍ തെല്ലും ശ്രദ്ധിയ്ക്കാതെ, ജനലിലൂടെ മാനത്തേയ്‌ക്കോ പുറത്തേയ്‌ക്കോ നോക്കിയിരിയ്ക്കുന്ന യാത്രക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, അനാവശ്യമായി ചന്ദ്രക്കലയിലവസാനിച്ചിരിയ്ക്കുന്ന പദങ്ങളെ നമുക്കു ‘മാനം നോക്കികള്‍’ എന്നു വിളിയ്ക്കാം. മാനം നോക്കിപ്പദങ്ങളെ ഒട്ടുമുപയോഗിയ്ക്കരുത് എന്നു ഞാന്‍ പറയില്ലെങ്കിലും, അവ അമിതമായുപയോഗിയ്ക്കരുത് എന്നു പറഞ്ഞേ തീരൂ; കാരണം, മാനം നോക്കിപ്പദങ്ങള്‍ അമിതമാകുമ്പോള്‍ ഗദ്യത്തിന്റെ വായനാസുഖം കുറയുന്നു. ആശയമഹിമയുള്ള ഗദ്യം പോലും വായനാസുഖത്തിന്റെ കുറവു മൂലം ആസ്വദിയ്ക്കപ്പെടാതെ പോയേയ്ക്കാം.

നാം രൂപം കൊടുക്കാന്‍ തുടങ്ങിയ നിയമം പൂര്‍ണമായിട്ടില്ല. അതു പൂര്‍ണമാകണമെങ്കില്‍ അതിനെ അല്പം കൂടി വികസിപ്പിയ്ക്കാനുണ്ട്. അതിന്നായി മറ്റു ചില ഉദാഹരണങ്ങള്‍ കൂടി പരിശോധിയ്ക്കുകയും കണക്കിലെടുക്കുകയും വേണം.

18) മൂന്നു അവധി
19) മൂന്നു ആശംസകള്‍
20) എന്നാണു ആദ്യം
21) എന്നാണു അര്‍ത്ഥം
22) ഇതിനു അര്‍ത്ഥമായി
23) ഇതിനു അര്‍ത്ഥമുണ്ട്
24) കണക്കു എന്നും
25) കിടന്നു ഉരുകിത്തിളയ്ക്കുന്ന
26) നിന്നു ഇറങ്ങി
27) പുല്‍ത്തൊഴുത്തിനു അലങ്കാരമേകാന്‍
28) മുറിഞ്ഞിടത്തു ഒരു
29) പതിയിരുന്നുവെന്നു അദ്ദേഹം
30) നേടാനെന്നു അയാള്‍
31) ഉണ്ടായതു അയാളുടെ
32) വീടിനുള്ളിലേക്കു ഉത്സാഹത്തോടെ

‘കുട്ട്’ എന്നെഴുതി ‘കട്ട്’ എന്നു വായിയ്ക്കുന്ന ഭാഷയാണിംഗ്ലീഷ്; ‘കുട്ട്’ ‘കട്ടാ’ണെന്നു കണ്ട്, ‘പുട്ടി’നെ ‘പട്ട്’ എന്നു വായിച്ചുപോയാല്‍ കുടുങ്ങിയതു തന്നെ: ‘പുട്ട്’ ‘പുട്ട്’ തന്നെ. ഇംഗ്ലീഷിലുള്ള ഇത്തരം തലതിരിവുകള്‍ മലയാളത്തിലില്ല; എഴുതിയിരിയ്ക്കുന്നതു പോലെ തന്നെ വായിയ്ക്കുന്ന, ലളിതമായ ഭാഷയാണു മലയാളം: വായിയ്ക്കാന്‍ സുഖമുള്ള ‘ഫൊണറ്റിക്’ ഭാഷ. ഒരു തരത്തിലെഴുതുകയും മറ്റൊരു തരത്തില്‍ വായിയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയം മലയാളത്തിലില്ല. മലയാളപദങ്ങള്‍ എഴുതിയിരിയ്ക്കുന്നതുപോലെത്തന്നെ ഉച്ചരിയ്ക്കണം എന്നര്‍ത്ഥം.

18 മുതല്‍ 32 വരെയുള്ള ഉദാഹരണങ്ങളിലെ ആദ്യജോടിയായ ‘മൂന്നു അവധി’യെത്തന്നെ പരിശോധിയ്ക്കാം. ‘മൂന്നു അവധി’ എന്ന ജോടിയുടെ ഉച്ചാരണം അല്പം ദുഷ്‌കരമാണ്. അതിനുള്ള കാരണം വ്യക്തമാണ്: ‘മൂന്നു’ ഉകാരത്തിലവസാനിയ്ക്കുന്നു, ‘അവധി’ അകാരത്തില്‍ തുടങ്ങുന്നു. ഉകാരം കഴിഞ്ഞയുടന്‍ അകാരം. ഉ+അ. ഈ രണ്ടു സ്വരങ്ങള്‍ തമ്മില്‍ച്ചേര്‍ക്കുക എളുപ്പമല്ല. അവ രണ്ടും ചേര്‍ന്നുണ്ടാക്കുന്ന ശബ്ദം ‘ഉവ’ അല്ലെങ്കില്‍ ‘ഉയ’ ആണ്. സ്വരാക്ഷരങ്ങളുടെ ഉച്ചാരണം ആയാസരഹിതമാണ്. എന്നാല്‍, ‘ഉവ’യുടേയും ‘ഉയ’യുടേയും ഉച്ചാരണം ആയാസരഹിതമല്ല. അതുകൊണ്ടായിരിയ്ക്കണം, സ്വരങ്ങളില്‍ ‘ഉവ’, ‘ഉയ’ എന്നിവ ഉള്‍പ്പെട്ടിട്ടില്ലാത്തത്. ‘ഉവ’യും ‘ഉയ’യും ഉപയോഗിച്ചുകാണാറുമില്ല.

ഇതേ കാരണം കൊണ്ടു തന്നെ, ‘മൂന്നു’, ‘അവധി’ എന്നീ പദങ്ങള്‍ ചേര്‍ത്ത്, ‘മൂന്നുവവധി’, ‘മൂന്നുയവധി’ എന്നിവയുണ്ടാക്കാനാവില്ല. ‘മൂന്നു’, ‘അവധി’ എന്നിങ്ങനെ രണ്ടു പദങ്ങളായി, വേര്‍തിരിച്ച് ഉച്ചരിയ്ക്കാനുള്ള സാദ്ധ്യത കുറവുമാണ്. അതുകൊണ്ട്, ഇവയുടെ സ്വാഭാവികശരിരൂപം ‘മൂന്ന് അവധി’ എന്നാണ്. സംഭാഷണമദ്ധ്യേയാണെങ്കില്‍, നാമവയെ ‘മൂന്നവധി’യെന്നു ചേര്‍ത്തുച്ചരിയ്ക്കാനാണിട. ‘മൂന്നവധി’യെന്നത് ‘മൂന്ന്’, ‘അവധി’ എന്ന പദങ്ങളുടെ സന്ധിയാണ്. ‘മൂന്ന് അവധി’ എന്നെഴുതിയാല്‍ ഉത്തമവും ‘മൂന്നവധി’യെന്നെഴുതിയാല്‍ അത്യുത്തമവുമാണ്. ‘മൂന്നു അവധി’യെ ‘മൂന്ന് അവധി’യെന്നു പരിഷ്‌കരിച്ചപ്പോള്‍ ഉച്ചാരണം സുഗമമായി, അവ എഴുതുന്നതുപോലെ തന്നെ വായിയ്ക്കാനുമൊത്തു.

അടുത്ത ഉദാഹരണങ്ങളിലൊന്നായ ‘എന്നാണു അര്‍ത്ഥം’ എന്ന ജോടിയിലും ആദ്യപദം ഉകാരത്തിലവസാനിയ്ക്കുകയും രണ്ടാമത്തെ പദം അകാരത്തില്‍ തുടങ്ങുകയും ചെയ്യുന്നു. ഉ കഴിഞ്ഞയുടന്‍ അ. ഉ+അ. ഇതു ദുഷ്‌കരമാണെന്നു മുകളില്‍ സൂചിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.

മറ്റൊരുദാഹരണമെടുക്കാം: ‘കണക്കു എന്നും’. ഇവിടെ ആദ്യപദം ഉകാരത്തിലവസാനിയ്ക്കുകയും രണ്ടാമത്തെ പദം എകാരത്തില്‍ തുടങ്ങുകയും ചെയ്യുന്നു. ഉ കഴിഞ്ഞയുടന്‍ എ. ‘ഉഎ’ അല്ലെങ്കില്‍ ‘ഉയേ’ അല്ലെങ്കില്‍ ‘ഉവേ’. ഇവയുടെ ഉച്ചാരണവും എളുപ്പമല്ല. അതുകൊണ്ടുതന്നെയാകണം, അത്തരമൊരു സ്വരം സ്വരാക്ഷരങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തത്. ‘കണക്കു’, ‘എന്നും’ എന്നിവ ചേര്‍ത്ത് ‘കണക്കുവെന്നും’ അല്ലെങ്കില്‍ ‘കണക്കുയെന്നും’ എന്നെഴുതാന്‍ സന്ധിനിയമങ്ങള്‍ അനുവദിയ്ക്കുന്നുമില്ല. സന്ധിനിയമങ്ങളനുവദിയ്ക്കാത്തതിന്റെ കാരണം ഉച്ചാരണത്തിലുള്ള ബുദ്ധിമുട്ടു തന്നെ. പരിഹാരമെന്ത്? ‘കണക്ക് എന്നും’ എന്നാക്കി പരിഷ്‌കരിയ്ക്കുക തന്നെ; ഉച്ചാരണം എളുപ്പമായി. ‘കണക്കെന്നും’ എന്നു സന്ധിപ്പിച്ചുച്ചരിച്ചാല്‍ അത്യുത്തമം. സന്ധിചേര്‍ത്തെഴുതാവുന്ന പദങ്ങള്‍ കഴിവതും അത്തരത്തില്‍ ചേര്‍ത്തെഴുതണം.

ഒരുദാഹരണം കൂടി: ‘മുറിഞ്ഞിടത്തു ഒരു’. ഇവയിലാദ്യപദം ഉകാരത്തിലവസാനിയ്ക്കുന്നു. രണ്ടാമത്തെപ്പദം ഒകാരത്തില്‍ത്തുടങ്ങുന്നു. ഉകാരം കഴിഞ്ഞയുടന്‍ ഒകാരം. ഉ+ഒ. ഉയോ അല്ലെങ്കില്‍ ഉവോ. ഇതും പതിവല്ല. ഉയോ അല്ലെങ്കില്‍ ഉവോ എന്ന സ്വരം മലയാളത്തിലില്ല. ഈ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ‘മുറിഞ്ഞിടത്തുവൊരു’ എന്ന പദമോ ‘മുറിഞ്ഞിടത്തുയൊരു’ എന്ന പദമോ ഉണ്ടാക്കാന്‍ സന്ധിനിയമങ്ങളനുവദിയ്ക്കുന്നുമില്ല. ‘മുറിഞ്ഞിടത്ത് ഒരു’ എന്നായാല്‍ ഭംഗിയായി. ‘മുറിഞ്ഞിടത്തൊരു’ എന്നായാല്‍ കൂടുതല്‍ മികച്ചതായി.

‘മൂന്നു അവധി’യെ ‘മൂന്ന് അവധി’യെന്നും, ‘എന്നാണു അര്‍ത്ഥ’ത്തെ ‘എന്നാണ് അര്‍ത്ഥ’മെന്നും, ‘കണക്കു എന്നും’ എന്നതിനെ ‘കണക്ക് എന്നും’ എന്നും, ‘മുറിഞ്ഞിടത്തു ഒരു’ എന്നതിനെ ‘മുറിഞ്ഞിടത്ത് ഒരു’ എന്നുമാക്കി പരിഷ്‌കരിച്ചതിന്റെ അടിസ്ഥാനത്തില്‍, നാം മുകളില്‍ രൂപം കൊടുത്തു തുടങ്ങിയിരുന്ന നിയമത്തെ പൂര്‍ത്തീകരിയ്ക്കാന്‍ ശ്രമിയ്ക്കാം. 18 മുതല്‍ 32 വരെയുള്ള ഉദാഹരണങ്ങളിലെല്ലാം, രണ്ടാമത്തെ പദങ്ങള്‍ ആരംഭിച്ചിരിയ്ക്കുന്നത് സ്വരങ്ങളിലാണ്. ഈ ജോടികളിലെ ആദ്യപദങ്ങളുടെ അവസാനമുണ്ടായിരുന്ന ഉകാരത്തെ മാറ്റി, പകരം ചന്ദ്രക്കല വരുത്തിയാണു നാമവയെ പരിഷ്‌കരിച്ചത്. അപ്പോള്‍, ഇങ്ങനെയൊരു നിയമവുമുണ്ടാക്കാം:

‘അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളില്‍ ആദ്യത്തേത് ഉകാരത്തിലവസാനിയ്ക്കുകയും, രണ്ടാമത്തേതു സ്വരത്തില്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, ആദ്യപദത്തിന്റെ അവസാനമുള്ള ഉകാരത്തെ നീക്കി, പകരം ചന്ദ്രക്കല ഉപയോഗിയ്ക്കണം.’

ഈ നിയമമനുസരിച്ച് മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണങ്ങളുടെ ശരിരൂപങ്ങള്‍ താഴെക്കൊടുക്കുന്നു:

18) മൂന്നു അവധി – മൂന്ന് അവധി (മൂന്നവധി എന്നു സന്ധിപ്പിച്ചാല്‍ കൂടുതല്‍ മികച്ചതായി)
19) മൂന്നു ആശംസകള്‍ – മൂന്ന് ആശംസകള്‍ (മൂന്നാശംസകള്‍)
20) എന്നാണു ആദ്യം – എന്നാണ് ആദ്യം (എന്നാണാദ്യം)
21) എന്നാണു അര്‍ത്ഥം – എന്നാണ് അര്‍ത്ഥം (എന്നാണര്‍ത്ഥം)
22) ഇതിനു അര്‍ത്ഥമായി – ഇതിന് അര്‍ത്ഥമായി (ഇതിനര്‍ത്ഥമായി)
23) ഇതിനു അര്‍ത്ഥമുണ്ട് – ഇതിന് അര്‍ത്ഥമുണ്ട് (ഇതിനര്‍ത്ഥമുണ്ട്)
24) കണക്കു എന്നും – കണക്ക് എന്നും (കണക്കെന്നും)
25) കിടന്നു ഉരുകിത്തിളയ്ക്കുന്ന – കിടന്ന് ഉരുകിത്തിളയ്ക്കുന്ന (കിടന്നുരുകിത്തിളയ്ക്കുന്ന)
26) നിന്നു ഇറങ്ങി – നിന്ന് ഇറങ്ങി (നിന്നിറങ്ങി)
27) പുല്‍ത്തൊഴുത്തിനു അലങ്കാരമേകാന്‍ – പുല്‍ത്തൊഴുത്തിന് അലങ്കാരമേകാന്‍ (പുല്‍ത്തൊഴുത്തിനലങ്കാരമേകാന്‍)
28) മുറിഞ്ഞിടത്തു ഒരു – മുറിഞ്ഞിടത്ത് ഒരു (മുറിഞ്ഞിടത്തൊരു)
29) പതിയിരുന്നുവെന്നു അദ്ദേഹം – പതിയിരുന്നുവെന്ന് അദ്ദേഹം (പതിയിരുന്നുവെന്നദ്ദേഹം)
30) നേടാനെന്നു അയാള്‍ – നേടാനെന്ന് അയാള്‍ (നേടാനെന്നയാള്‍)
31) ഉണ്ടായതു അയാളുടെ – ഉണ്ടായത് അയാളുടെ (ഉണ്ടായതയാളുടെ)
32) വീടിനുള്ളിലേക്കു ഉത്സാഹത്തോടെ – വീടിനുള്ളിലേക്ക് ഉത്സാഹത്തോടെ (വീട്ടിനുള്ളിലേക്കുത്സാഹത്തോടെ)

ഇപ്പോള്‍ നാം രണ്ടു നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. അവ താഴെ ആവര്‍ത്തിയ്ക്കുന്നു:

(1) ‘അടുത്തടുത്തു വരുന്ന പദങ്ങളില്‍ ആദ്യത്തേതു ചന്ദ്രക്കലയിലവസാനിയ്ക്കുകയും, രണ്ടാമത്തേതു വ്യഞ്ജനത്തില്‍ തുടങ്ങുകയും ചെയ്യുന്നെങ്കില്‍ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരത്തിനു പകരം വിവൃതോകാരം ഉപയോഗിയ്ക്കണം’.

(2) ‘അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളില്‍ ആദ്യത്തേത് ഉകാരത്തിലവസാനിയ്ക്കുകയും, രണ്ടാമത്തേതു സ്വരത്തില്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, ആദ്യപദത്തിന്റെ അവസാനമുള്ള ഉകാരത്തെ നീക്കി, പകരം ചന്ദ്രക്കലയുപയോഗിയ്ക്കണം.’

ഈ രണ്ടു നിയമങ്ങളും കൂട്ടിച്ചേര്‍ത്ത്, ഒറ്റ നിയമമാക്കാന്‍ ശ്രമിയ്ക്കാം:

‘അടുത്തടുത്തു വരുന്ന പദങ്ങളില്‍ ആദ്യത്തേതു ചന്ദ്രക്കലയിലവസാനിയ്ക്കുകയും രണ്ടാമത്തേതു വ്യഞ്ജനത്തില്‍ തുടങ്ങുകയും ചെയ്യുന്നെങ്കില്‍ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സംവൃതോകാരത്തിനു പകരം വിവൃതോകാരം ഉപയോഗിയ്ക്കണം; അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളില്‍ ആദ്യത്തേത് ഉകാരത്തിലവസാനിയ്ക്കുകയും രണ്ടാമത്തേതു സ്വരത്തില്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ആദ്യപദത്തിന്റെ അവസാനത്തിലുള്ള ഉകാരത്തെ നീക്കി, പകരം ചന്ദ്രക്കലയുപയോഗിയ്ക്കണം.’

ഈ നിയമത്തിനു നീളക്കൂടുതലുണ്ട്. അതിനെ ഹ്രസ്വമാക്കിയ രൂപം താഴെക്കൊടുക്കുന്നു:

‘വാക്യമദ്ധ്യത്തില്‍ വരുന്ന പദാന്തത്തിലെ ഉകാരത്തിനു തൊട്ടു പിന്നാലെ സ്വരാക്ഷരമാണു വരുന്നതെങ്കില്‍ സംവൃതോകാരവും, വ്യഞ്ജനമാണു വരുന്നതെങ്കില്‍ വിവൃതോകാരവും ഉപയോഗിയ്ക്കുക.’

ഈ നിയമം നാം സ്വാഭീഷ്ടപ്രകാരമുണ്ടാക്കിയതാണെന്നു തെറ്റിദ്ധരിയ്ക്കരുതേ! സ്വതന്ത്രഭാരതത്തിലെ കേരളസര്‍ക്കാരുണ്ടാക്കിയതാണീ നിയമം. കേരളത്തിലെ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ എന്തെല്ലാം പഠിയ്ക്കണമെന്നു തീരുമാനിച്ചിരുന്നതു കേരളസംസ്ഥാന വിദ്യാഭ്യാസഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കേരളസര്‍ക്കാര്‍സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റേതാണു മുകളിലുദ്ധരിച്ച വ്യാകരണനിയമം. ഈ സ്ഥാപനം ഇപ്പോഴറിയപ്പെടുന്നത് ദ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജൂക്കേഷണല്‍ റിസെര്‍ച്ച് ആന്റ് ട്രെയിനിംഗ് (എസ് സി ഈ ആര്‍ ടി) എന്ന പേരിലാണ്.

[email protected]