കഴിഞ്ഞ ദിവസം എനിക്ക് നിരവധി പേരുടെ ഉപദേശം കേള്‍ക്കേണ്ടി വന്നു. പ്രധാനപെട്ട ഉപദേശം ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പന്നികള്‍ എന്ന് വിളിക്കരുത് എന്നതാണ്. വെറുതേ ചാടിക്കേറി വന്ന ഉപദേശമല്ല, അതിനൊരു കാരണമുണ്ടായിരുന്നു. ഐസിസ് ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ഒരു ഇരുമ്പ് കൂടിലാക്കി പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കാണാനിടയായി. പൊതുവേ ഇത്തരം ചിത്രങ്ങളും വീഡിയോകളും കണ്ടാല്‍ വഴിമാറി പോവുകയാണ് ഞാന്‍ ചെയ്യാറുള്ളത്. ഒരു ദൗര്‍ഭാഗ്യ നിമിഷത്തില്‍ അതിലൊന്ന് ക്ലിക്ക് ചെയ്യാന്‍ തോന്നിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.. കുറെ നേരത്തേക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ശ്വാസം മുട്ടുന്ന പോലെ.. ഒരു മനുഷ്യനെ പെട്രോള്‍ ഒഴിച്ച് ഒരു കൂട്ടിലാക്കി നിര്‍ത്തുന്നു. സായുധരായ കുറെ പേര് ചുറ്റും വളഞ്ഞു നില്ക്കുന്നു. പൂരത്തില്‍ അമിട്ടിന് ദൂരെ നിന്ന് തിരി കൊളുത്തുന്ന പോലെ പന്തം കന്തിച്ച് പെട്രോള്‍ ഒഴിച്ച വൈക്കോലില്‍ തീ കൊളുത്തുന്നു. തീ ആ മനുഷ്യ ദേഹത്തിലേക്ക് പാഞ്ഞു കയറുന്നു. ആ ഇരുമ്പ് കൂടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടുമോടി ആ മനുഷ്യ ജീവന് അലമുറയിട്ട് കത്തിത്തീരുന്നു. ഹൃദയം നുറുക്കുന്ന ഈ വീഡിയോ കണ്ട ഷോക്കില്‍ ഫേസ്ബുക്കില്‍ ഞാന്‍ ഇങ്ങനെ കുറിച്ചു.
‘ജോര്‍ദാന്‍ പൈലറ്റിനെ ഐസിസ് ഭീകരര്‍ ജീവനോടെ കത്തിക്കുന്ന വീഡിയോ കണ്ടു.. സാമ്രാജ്യത്വ ശക്തികളോ, മുതലാളിത്ത ശക്തികളോ ആരായിരുന്നാലും വേണ്ടില്ല, ഈ പന്നികളുടെ തലയില്‍ ഒരാറ്റംബോംബ് പൊട്ടിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു’.
ആറ്റംബോംബ് ഇടാന്‍ വേണ്ടിയല്ല, ആ ദൃശ്യം കണ്ടപ്പോള്‍ മനസ്സിനുള്ളില്‍ ആളിക്കത്തിയ വികാരം പ്രകടിപ്പിച്ചതാണ്. രക്തം മരവിക്കുന്ന ഇത്തരം ഭീകരതകള്‍ക്കെതിരെയുള്ള ഒരു സ്വാഭാവിക പ്രതിഷേധ സ്വരം. അപ്പോഴേക്ക് ചിലര്‍ ഓടിയെത്തി. അവരെ പന്നികളെന്ന് വിളിച്ചത് ശരിയാണോ?. അമേരിക്കയെ എതിര്‍ക്കാത്തത് എന്താണ്?. സദ്ദാമിനെ കൊന്നത് ആരാണ്?. സിറിയയില്‍ എന്ത് സംഭവിച്ചു?. ഉഗാണ്ടയില്‍ വരള്‍ച്ചയില്ലേ?. സോമാലിയയില്‍ കൊടുങ്കാറ്റ് അടിച്ചില്ലേ?.. ചോദ്യങ്ങളുടെ പൂരം തന്നെ.. അതിനൊക്കെ നമ്മളവര്‍ക്ക് മറുപടി കൊടുക്കണം. അങ്ങനെ ഒരു നൂറു കൂട്ടം ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്ത് അവരെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ഒരു മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചു കൊന്ന ഈ മൃഗങ്ങളെക്കുറിച്ച് രണ്ടക്ഷരം എഴുതാനുള്ള അവകാശം അംഗീകരിച്ചു തരൂ. തീവ്രവാദത്തെ എതിര്‍ക്കുമ്പോഴൊക്കെ ഇങ്ങനെ ചില ചോദ്യങ്ങളുമായി ചില അവതാരങ്ങള്‍ വരുന്നത് പതിവാണ്. ആ അവതാരങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നിലെ മനശ്ശാസ്ത്രമെന്തെന്ന് പറയുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. ചോദ്യങ്ങള്‍ ചോദിക്കാനുള്ള പൂതി കൊണ്ടോ സോമാലിയയിലെ കൊടുങ്കാറ്റ് ഊതിക്കെടുത്താനുള്ള ആവേശം കൊണ്ടോ ഒന്നും വരുന്നവരല്ല ഇവന്മാര്. തീവ്രവാദത്തിനെതിരെ പ്രതികരിച്ചവനെ എങ്ങിനെയെങ്കിലും ഒന്നൊതുക്കണം. എന്നാല്‍ ഉള്ളിലുള്ള തന്റെ തീവ്രവാദ പ്രേമം പുറത്ത് ചാടുകയും ചെയ്യരുത്. സിമ്പിളായി പറഞ്ഞാല്‍ അതാണ് ആ ചോദ്യങ്ങള്‍ക്ക് പിന്നിലെ മനശ്ശാസ്ത്രം. അതിനാണ് ഒരു പ്രശ്നം പറയുമ്പോള്‍ ലോകത്തുള്ള മറ്റ് പ്രശ്നങ്ങളൊക്കെ കൂട്ടിക്കെട്ടി ഒരു കീച്ചങ്ങ് കീച്ചുന്നത്.പന്നിയെന്ന വിളി അനിസ്ലാമികമല്ലേ എന്ന ചോദ്യവുമുണ്ട് കൂടെ. കൂട്ടിലിട്ട് ചുട്ടുകൊല്ലുന്നതില്‍ ഇസ്ലാമിക വിരുദ്ധമായി ഒന്നും കാണാത്തവന് പന്നിയെന്ന പദപ്രയോഗത്തിന്റെ സാംഗത്യത്തെ ഓര്‍ത്തുള്ള ബേജാറ് നോക്കണേ..
ലോകത്ത് എന്ത് ആക്രമം ആര് നടത്തിയാലും അതിലൊരു അമേരിക്കന്‍ അജണ്ടയുടെ അവലോസുണ്ട പുഴുങ്ങിയില്ലെങ്കില്‍ ഇവന്മാര്ക്ക് വയറിളക്കം പിടിക്കും. അമേരിക്കക്ക് അവരുടേതായ അജണ്ടയുണ്ട് എന്നത് നേരാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്. ലോകത്ത് പല കളികളും അവര്‍ കളിച്ചിട്ടുമുണ്ട്. അമേരിക്കക്ക് മാത്രമല്ല, ഇന്ത്യയടക്കമുള്ള എല്ലാ വന്‍ ശക്തികള്‍ക്കും അജണ്ടകളും താത്പര്യങ്ങളുമുണ്ട്. അജണ്ടയും താത്പര്യങ്ങളും ഇല്ലാത്ത ഏതെങ്കിലും രാജ്യം ഭൂമുഖത്തുണ്ടോ?. പക്ഷേ അത്തരം അജണ്ടകള്‍ക്കനുസരിച്ച് ചാടിക്കളിക്കുന്ന പൊട്ടന്മാരാണോ മതത്തിന്റെ ലേബലും കൊടിയും മുദ്രാവാക്യവുമായി നടക്കുന്ന ഈ തീവ്രവാദികള്‍?. പാക്കിസ്ഥാനില്‍ നൂറുകണക്കിന് പിഞ്ചു കുട്ടികളെ സ്കൂളില്‍ കയറി വെടിവെച്ചു കൊന്നിട്ട് തോക്കുമായി വന്നവനും കൊന്നവനും നിരപരാധിയാവുകയും സാമ്രാജ്യത്വം മാത്രം കുറ്റക്കാരനാവുകയും ചെയ്യുന്ന ലോജിക്ക് എന്താണ്?.. തോക്കുമായി നടക്കുന്ന ഈ കഴുതകളുടെ തലയില്‍ കുതിരച്ചാണകമാണോ ഉള്ളത്?.. അത്തരം കഴുതകളെ വിമര്‍ശിക്കുമ്പോള്‍ ആര്‍ക്കാണ് നോവുന്നത്?.. എന്തിനാണ് നോവുന്നത്?..
തമാശയതല്ല, തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത ഏത് വാര്‍ത്തകള്‍ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാര് ഇതേ മാധ്യമങ്ങള്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോള്‍ സി എന്‍ എന്നോ ബി ബി സി യെന്നോ നോട്ടമില്ല. പഴയ കാല മാധ്യമ സങ്കല്പങ്ങളില് നിന്ന് വാര്‍ത്തകളുടെ ഇടം ഏറെ മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. മുമ്പത്തെപ്പോലെ ഏതാനും സാമ്രാജ്യത്വ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ വാര്‍ത്തകളെ പാടേ തമസ്കരിക്കാനോ കീഴ്മേല്‍ മറിക്കാനോ ഇന്ന് കഴിയില്ല. അത്രയേറെ സമാന്തര മാധ്യമങ്ങളും ബദല്‍ വാര്‍ത്താ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ ഇന്നുണ്ട്. അതാത് മാധ്യമങ്ങളുടെ രാഷ്ട്രീയം മനസ്സിലാക്കി വാര്‍ത്തകളെ അല്പമൊന്ന് വിശകലനം ചെയ്യാന്‍ സാധിക്കുന്ന ആര്‍ക്കും അവയിലെ നെല്ലും പതിരും തിരിച്ചറിയാന്‍ വേണ്ടത്ര വഴികള്‍ ഇന്നുണ്ട്. ഒരു വാര്‍ത്തയും ഞാന്‍ വിശ്വസിക്കില്ല, എന്റെ അബദ്ധ ബോധ്യങ്ങളുടെ വെളിപാടുകള്‍ മാത്രമേ എനിക്ക് സ്വീകാര്യമാകൂ എന്ന് പറയുന്നതില്‍ അപകടകരമായ നിരക്ഷതയുണ്ട്.
ഇത്തരം പ്രതികരണങ്ങള്‍ക്കിടയിലും പ്രതീക്ഷ നല്കുന്ന ഘടകം എന്തെന്ന് ചോദിച്ചാല്‍ ജാതിമത ഭേദമന്യേ തീവ്രവാദത്തിനെതിരെ പൊതുവികാരം രൂപപ്പെട്ടു വരുന്നു എന്നതാണ്. എന്റെ അനുഭവത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് എതിരെയുള്ള എഴുത്തുകള്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ളത് മുസ്ലിം ചെറുപ്പക്കാരില്‍ നിന്നാണ്. ചുട്ടു കൊല്ലുന്നവര്‍ക്ക് ചൂട്ട് പിടിക്കാന്‍ ആഗ്രഹിക്കുന്ന മുകളില്‍ സൂചിപ്പിച്ച പ്രതികരണ രോഗക്കാര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അതൊരു ആശ്വാസമായി നിലനില്‍ക്കുന്നുവെങ്കിലും ആ ന്യൂനപക്ഷത്തെക്കൂടി അവരുടെ ചിന്തകളിലടങ്ങിയ അപകടത്തെ ബോധ്യപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളുണ്ടായേ തീരൂ..
ഒരു തിന്മ കണ്ടാല്‍ അതിനെ കൈ കൊണ്ട് തടയുക. അതിന് കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ട് തടുക്കുക. അതിനും സാധ്യമല്ലെങ്കില്‍ മനസ്സ് കൊണ്ടെങ്കിലും വെറുക്കുക എന്നതാണ് പ്രവാചകന് പഠിപ്പിച്ച പ്രതികരണ രീതിശാസ്ത്രം. കുറ്റമൊന്നും ചെയ്യാത്ത ഒരു മനുഷ്യനെ പച്ചയ്ക്ക് കത്തിച്ചു കൊന്ന് തക്ബീര്‍ വിളിച്ച് ആഘോഷിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ ഹേ മൃഗങ്ങളേ, നിങ്ങള്‍ കത്തിച്ചത് ഒരു മനുഷ്യജീവനെ മാത്രമല്ല, ഒരു മതത്തിന്റെ ആത്മാവിനെക്കൂടിയാണ് എന്ന് പറയാന്‍ കഴിയണം. ആ ചങ്കൂറ്റം ഉണ്ടാകുമ്പോഴാണ് അയാള്‍ വിശ്വാസിയാകുന്നത്. എന്നാല്‍ അത് ചെയ്യുന്നതിന് പകരം അത്തരം ഭീകരതകള്‍ക്ക് മനസാവാചാ കര്‍മണാ പിന്തുണ കൊടുക്കുമ്പോള്‍, അതെന്ത് സാമ്രാജ്യത്വ വിരോധത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ല. നമുക്കീ ലോകത്തെ കുറേക്കൂടി നല്ല ഒരിടമാക്കി മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജാതിക്കും മതത്തിനും പ്രാദേശികതകള്‍ക്കുമപ്പുറം തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും വിവേചിക്കാനുള്ള മനസ്സുണ്ടാകണം. ഇസ്ലാമിക തീവ്രവാദമാകട്ടെ, ഹൈന്ദവ തീവ്രവാദമാകട്ടെ മറ്റേതെങ്കിലും മതത്തിന്റെ പേരിലുള്ള തീവ്രവാദമാകട്ടെ, അതാത് മതവിശ്വാസികള്‍ക്കിടയില്‍ നിന്ന് തന്നെ അതിനെതിരെ പടയണി രൂപപ്പെടണം, പ്രതിഷേധ ശബ്ദങ്ങളുയരണം. ഓര്‍ക്കുക, ഇത്തരം ആന്തരിക സമരങ്ങളുടെ നൈരന്തര്യം മതങ്ങളെ പിറകോട്ടല്ല, മുന്നോട്ടാണ് നയിക്കുക.