ചെന്നൈ പട്ടണത്തിനായി ഡിജിറ്റല്‍ ലോകം കൈകോര്‍ക്കുമ്പോള്‍

  411

  chennaifloods
  ചെന്നൈ സമീപകാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരിതത്തെ നേരിടുമ്പോള്‍ ഇവിടെ പത്രം വായിച്ചും ടി.വി. കണ്ടും സഹതാപം രേഖപ്പെടുത്താം എന്നല്ലാതെ എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി.

  ‘ചെന്നൈയില്‍ വെള്ളപ്പൊക്കം മൂലം കെട്ടിടങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് ആര്‍ക്കെങ്കിലും മൊബൈല്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ഈ പോസ്റ്റിന് താഴെ നമ്പര്‍ കമെന്റ് ചെയ്യുക’ എന്ന് ഏതാനും സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് കണ്ടു. നിങ്ങള്‍ക്ക് നന്മകള്‍ ഉണ്ടാവട്ടെ. അതിനു താഴെയും കണ്ടു ‘ഫെയ്‌സ്ബുക്കില്‍ കയറാമെങ്കില്‍ അവര്‍ക്ക് തന്നേ റീചാര്‍ജ് ചെയ്യുകയും ചെയ്തുകൂടെ?’ എന്ന് ചോദിക്കുന്ന ചൊറിയാന്‍ പുഴുക്കളെ. അവര്‍ തല്‍ക്കാലം മറുപടി അര്‍ഹിക്കുന്നു പോലുമില്ല.

  ചെന്നൈയില്‍ ദിവസങ്ങളായി തുടരുന്ന പ്രളയം മൂലം ജനങ്ങള്‍ ഏറെ ദുരിതങ്ങള്‍ സഹിച്ചുവരികയാണ്. ഇവിടെ അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്ന് ആലോചിക്കുകയെങ്കിലും ചെയ്യുന്ന ഏതാനും മനുഷ്യരെയെങ്കിലും കാണുന്നത് തന്നെ ഏറെ ആശ്വാസദായകമാണ്.

  എന്നാല്‍, ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയവരെ സഹായിക്കുവാന്‍ ഇങ്ങനെ ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രമല്ല നടക്കുന്നത്. ഇന്ന് മുതല്‍ അടുത്ത ഒരു ആഴ്ചയ്ക്ക് എല്ലാ ബി.എസ്.എന്‍.എല്‍. കോളുകളും ഫ്രീ ആക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ടെലികോം മിനിസ്റ്റര്‍ ശ്രീ. രവി ശങ്കര്‍ പ്രസാദ് പുറത്തിറക്കിക്കഴിഞ്ഞു. 10 രൂപ ക്രെഡിറ്റ് ബാലന്‍സോടെ ഫ്രീ ടോക്ക്‌ടൈമും 50 MB ഫ്രീ ഡേറ്റയും നല്‍കാന്‍ തയ്യാറായി ഭാരതി എയര്‍ടെല്ലും രംഗത്തുണ്ട്.

  ഓണ്‍ലൈന്‍ രീചാര്‍ജിംഗ് സൈറ്റ് ആയ paytm തങ്ങളുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 18001030033 വിളിക്കുന്ന എല്ലാവര്‍ക്കും അവരാവശ്യപ്പെടുന്ന ഒരു നമ്പറിലേയ്ക്ക് 30 രൂപയുടെ ടോക്ടൈം അയക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

  ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ചെയിന്‍ ആയ സോമാറ്റോ തങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ഓര്‍ഡറിനും അതേ ഭക്ഷണം തന്നെ ഒരാള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഹെല്‍ത്ത് ആപ്പ് സര്‍വീസ് ആയ പ്രാക്‌റ്റോ ദുരന്തബാധിത പ്രദേശങ്ങളില്‍ ലഭ്യമായിട്ടുള്ള ഡോക്ടര്‍മാര്‍, ക്ലിനിക്കുകള്‍ എന്നിവ എല്ലാ മണിക്കൂറിലും അപ്പ്‌ഡേറ്റ് ചെയ്ത് ലഭ്യമാക്കുന്നുണ്ട്.

  സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ പ്രളയബാധിതപ്രദേശങ്ങളില്‍ ലഭ്യമായ അഭയാര്‍ഥികേന്ദ്രങ്ങളുടെയും ഷെല്‍ട്ടറുകളുടെയും വിവരങ്ങള്‍ അവരുടെ ക്രൈസിസ് റെസ്‌പോന്‍സ് പേജ് വഴി ലഭ്യമാക്കുന്നുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ #ChennaiRainsHelp എന്ന ഹാഷ്ടാഗ് വഴി അവിടെ നടക്കുന്ന പുതിയ പ്രവര്‍ത്തനങ്ങളും സഹായ അഭ്യര്‍ത്ഥനകളും തത്സമയം ലോകം മുഴുവന്‍ എത്തുന്നുണ്ട്.

  ഇവയൊന്നും നിലവിലുള്ള പ്രശ്‌നങ്ങളെ മൊത്തത്തില്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെങ്കിലും ഒറ്റപ്പെട്ടുപോയ സാധുമനുഷ്യര്‍ക്ക് ഇവ ഒരു കൈത്താങ്ങ് ആവുന്നുണ്ടെന്നതില്‍ സംശയമില്ല. എത്രയും പെട്ടെന്ന് തന്നെ ഈ പ്രശ്‌നത്തെ മറികടന്ന് ചെന്നൈ സാധാരണ നിലയിലേയ്ക്ക് തിരികെ വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.