01

അര്‍ബുദം തന്നെ കാര്‍ന്നു തിന്നുമ്പോഴും ചെമ്പൈ സംഗീതോത്സവത്തില്‍ അവസാനമായി പാടണമെന്ന മോഹം യാഥാര്‍ത്ഥ്യമാക്കി ദയാവതി മടങ്ങി, വേദനയില്ലാത്ത ലോകത്തേക്ക്. എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെ സംഗീതാധ്യാപിക ദയാവതി (51) വ്യാഴാഴ്ചയാണ് ചെമ്പൈ വേദിയില്‍ സംഗീതാര്‍ച്ചന നടത്തിയത്. 19 വര്‍ഷമായി മുടങ്ങാതെ ചെമ്പൈ സംഗീതോത്സവത്തില്‍ പാടിയിരുന്ന ദയാവതിക്ക് ഇക്കുറി തന്നെ പിടികൂടിയ അര്‍ബുദമൊന്നും ഒരു വിഷയമായിരുന്നില്ല. അര്‍ബുദം പിടിപെട്ട് ഏറെ അവശതയോടെ വിശ്രമിക്കുമ്പോഴും ഉള്ളിലെ സംഗീതമാണ് അവര്‍ക്ക് കരുത്ത് പകര്‍ന്നത്.

ചെമ്പൈ വെടിയില്ക് തനിക്ക് അവസാനമായൊന്ന് പാടണമെന്ന് വീട്ടുകാരോടും അധ്യാപകരോടും പറയുകയായിരുന്നു. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ താങ്ങിയെടുത്താണ് ദയാവതിയെ വേദിയില്‍ എത്തിച്ചതും അവര്‍ പാടിയതും. മോഹനരാഗത്തില്‍ ‘പരിപാലയമാം…’ പാടിക്കഴിഞ്ഞപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അവിടെ തളര്‍ന്നു വീഴുകയുമായിരുന്നു.

എത്ര വയ്യെങ്കിലും പാടാന്‍ കഴിഞ്ഞല്ലോ എന്നുപറഞ്ഞ് ദയാവതി അവിടെ വിതുമ്പിക്കരയുകയായിരുന്നു. അത് എല്ലാവരുടെയും കണ്ണുകള്‍ നനയിപ്പിച്ചു. രോഗം മാറി ഇനിയും പാടാന്‍ ഭാഗ്യമുണ്ടാകട്ടെയെന്ന് അന്നവിടെ കൂടിയിരുന്നവരെല്ലാം ആയുസ്സ് നേര്‍ന്നെങ്കിലും മരണം ദയാവതിയെ ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടി

മൂലയില്‍ നാരായണനാ (മണി)ണ് ഭര്‍ത്താവ്. മക്കള്‍: അഞ്ജന, ആര്യന്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.

Advertisements