ചെയ്ഞ്ച് !

IN84

പതിവു ജോലികള്‍ ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്നു ശമ്പള ദിവസമാണല്ലോ. പലതും കണക്കുകൂട്ടിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. പൊതിഞ്ഞുകൊണ്ടുവരുന്ന ഉച്ചയൂണ് സഹപ്രവര്‍ത്തകരോടൊത്തു കഴിക്കുന്നതാണ് ഓഫീസില്‍ വിരസമല്ലാത്ത ഒരേയൊരു കാര്യം.വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിഭവങ്ങള്‍ പങ്കിട്ടു കഴിക്കുന്നതിന്റെ ഒരു സുഖം ഇന്നും നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലാത്തതിനാലാണ് ഉച്ചവരെ കാത്തത്.

ശമ്പളബില്ലൊപ്പിട്ട് കൈപ്പറ്റി നേരെ പോയത് കസവുതീരത്തേക്കാണ്, ഈ ചെറുനഗരത്തിലെ അറിയപ്പെടുന്ന തുണിക്കടയാണത്. നാളെ അമ്മയുടെ പിറന്നാളാണ്. ഓര്‍മ്മയിലെങ്ങും ആ ദിവസം ആഘോഷിച്ചു കണ്ടിട്ടില്ലെങ്കിലും, ജോലികിട്ടിയതിനു ശേഷം ഒരുവര്‍ഷവും മുടങ്ങാതെ ചെയ്യുന്ന ഒരേയൊരു കാര്യം കസവുതീരത്തു നിന്നും ഒരു സെറ്റുമുണ്ടു വാങ്ങി സമ്മാനിക്കുന്നതാണ്.

ഓരോ തവണ ചെല്ലുമ്പോഴും നിരത്തിയിടുന്ന മുണ്ടുകളിലെ കസവിന്റെ വീതി കൂടിക്കൂടി വരുന്നു ഒപ്പം വിലയും. മുന്‍പെപ്പഴോ വാങ്ങിക്കൊണ്ടു പോയപ്പോള്‍തന്നെ ഈ കസവിന്റെ ആധിക്യത്തില്‍ അമ്മ നീരസം പ്രകടിപ്പിച്ചതാ, അതുകൊണ്ട് കസവും കരയും ഇടകലര്‍ന്ന് അധികം വീതിയിലല്ലാതെയുള്ള ഒന്ന് തെരഞ്ഞെടുത്തു. വിലയില്‍ അല്പം ആശ്വാസമുണ്ട് തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച്, ഹാവൂ ! ഒരു മുഴുവന്‍ നോട്ട് കൊടുത്താല്‍ അഞ്ച് തിരികെകിട്ടുമല്ലോ. അതിനെക്കൊണ്ട് ബസ്റ്റാന്റിലേക്കുള്ള ദൂരം നടക്കാതെ കഴിയാം.

ബില്ലും മുഴുനോട്ടുമായി കൌണ്ടറില്‍ ചെന്നപ്പോള്‍ ‘സാറേ, ചേയ്ഞ്ചില്ല’ എന്നായി. ശമ്പളം കിട്ടി നേരെ ചെന്നതാ, എന്റെ കയ്യിലുമില്ല. കാഷ്യര്‍ ചിരിച്ചുകൊണ്ട് ഒരു തുണിക്കഷ്ണം മടക്കി കവറിലേക്കിട്ടു. മനസ്സിലായി, ചേയ്ഞ്ചില്ലാത്തവര്‍ക്കായി പ്രത്യേകം എടുത്തുവയ്ക്കുന്നതാ ഇത്. തൂവാല എന്നു പറയാനൊക്കില്ല . ഒന്നിനും തികയാത്ത ഒരു കഷ്ണം തുണി അത്രതന്നെ. വാങ്ങുന്നവര്‍ക്ക് തന്റെ കാശ് വെറുതെ കൊടുത്തു എന്നൊരു മന:പ്രയാസമുണ്ടാവുമല്ലോ എന്നു കരുതിയുള്ള ആശ്വാസമാണത്.

അവിടുന്ന് അധികം ദൂരെയല്ല പച്ചക്കറി ചന്ത. ഇതെന്നുമുള്ളതൊന്നുമല്ല. നഗരത്തിലെ ശമ്പളക്കാരെ മാത്രം ഉദ്ദേശിച്ച് ഈ ദിവസം മാത്രമുള്ളതാ. വൈകുന്നേരമായാല്‍ അടുക്കാന്‍ പറ്റാത്തത്ര ജനമായിരിക്കും ഇവിടം. ദിനേന വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനിടയില്‍ ചെറിയൊരാശ്വാസമെന്നു വേണമെങ്കില്‍ പറയാം . മറ്റു കടകളിലേതിനേക്കാ!ളും ഒന്നോ രണ്ടോ രൂപയുടെ വ്യത്യാസം അത്രേയുള്ളു. അതു തന്നെ സാധനങ്ങള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ വല്ല ചീഞ്ഞതോ അഴുകിയതോ ഒക്കെ ആയിരിക്കും കിട്ടുന്നത്. നല്ലതു നോക്കി വാങ്ങിയാല്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളത് വീട്ടിലെ ഫ്രിഡ്ജില്‍ തിരുകി കയറ്റി വെക്കാം . അതു കഴിയുമ്പോഴല്ലേ പൊതു വിപണിയുടെ വായിലേക്ക് തലവയ്‌ക്കേണ്ടതുള്ളൂ.
ഇവിടെയും ആശ്വസിക്കാനെന്നോണം ആയിരത്തിന് അഞ്ചു രൂപയുടെ കുറവുണ്ട് ബില്ലില്‍. കുറച്ചു കാലം മുന്‍പു ഒന്നോ രണ്ടോ രൂപയുടെ കുറവാണെങ്കില്‍ അതു ചോദിക്കുന്നതു എന്തോ അപരാധമാണെന്ന നാട്യത്തില്‍ ഒന്നു നോക്കും കടക്കാരന്‍ . ചിലപ്പോല്‍ ഒന്നോ രണ്ടോ പച്ചമുളകോ ഇഞ്ചിയോ സഞ്ചിയിലേക്കിട്ടുതരും . ഇതിപ്പോ അഞ്ചാണ്, മുളകോ ഇഞ്ചിയോ ആണെങ്കില്‍ ഒരു കഷ്ണമേ കിട്ടാനിടയുള്ളൂ, അങ്ങനെയല്ലേ വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. ആ അഞ്ച് കിട്ടിയാല്‍ പോകാമായിരുന്നെന്നു പറഞ്ഞപ്പോള്‍ കടക്കാരന്‍ ഒന്നു നോക്കിയിട്ട് കുറച്ചു കറിവേപ്പില വാരി സഞ്ചിയിലേക്കിട്ടു. ഇതും കൊണ്ട് വീട്ടില്‍ ചെന്നാല്‍ അമ്മയുടെ വഴക്കും കേള്‍ക്കേണ്ടി വരും. പറമ്പിലിപ്പോള്‍ സമൃദ്ധമായുള്ള ഒരേയൊരു സാധനം കറിവേപ്പിലയാണ് . അതും കാശുകൊടുത്ത് വാങ്ങിയാല്‍ ആര്‍ക്കായാലും ദേഷ്യം വരുമല്ലോ . അതും പറഞ്ഞ് അഞ്ചുരൂപ അവനു വെറുതെ കൊടുക്കേണ്ടല്ലോന്നോര്‍ത്ത് ഞാന്‍ ബസ്റ്റാന്റിലേക്ക് നടന്നു.

പോസ്‌റ്റോഫീസിനു മുന്നിലെത്തിയപ്പോഴാ ഓര്‍ത്തത് , ചേച്ചിയുടെ മകള്‍ ആറു രൂപയുടെ സ്റ്റാമ്പ് വാങ്ങി വരണമെന്നേല്പിച്ചിരുന്നല്ലോ . അവള്‍ക്കെന്തോ പരീക്ഷയ്‌ക്കോ മറ്റോ അപേക്ഷിക്കാനുള്ളതിലൊട്ടിക്കാനാണത്രേ. അല്ലാതെ ഇപ്പോ ആരും കത്തൊന്നുമെഴുതാന്‍ മെനക്കെടാറില്ലല്ലൊ ! പത്തു രൂപകൊടുത്ത് ആറു രൂപയുടെ സ്റ്റാമ്പ് ചോദിച്ചപ്പോള്‍ ചേയ്ഞ്ചില്ലേയെന്നായി ചോദ്യം .ഇല്ല, കയ്യിലിനി ഒരു അമ്പതിന്റെയും പത്തിന്റെയും നോട്ടും പിന്നെ കുറച്ചു മുഴുവന്‍ നോട്ടുകളും മാത്രമേയുള്ളൂ. കയറിയ ഇടങ്ങളിലൊക്കെ ഇതു തന്നെയായിരുന്നല്ലോ അവസ്ഥ. ഹാവൂ ! അവിടേയുമുണ്ട് ആശ്വാസം . അഞ്ച്, രണ്ടുരൂപാ സ്റ്റാമ്പുകള്‍ തന്ന് കേന്ദ്ര സര്‍വീസുകാരന്‍ കൃത്യ നിര്‍വ്വഹണം പൂര്‍ത്തിയാക്കി. ആര്‍ക്കു വേണമെങ്കിലും കത്തയച്ച് സമാധാനിക്കാം, അല്ലതെന്തു ചെയ്യാന്‍ .

ഉച്ചവെയിലു കൊണ്ടിട്ടാവണം, തലവേദന തുടങ്ങിയിരിക്കുന്നു . ഇനിയിപ്പൊ ഒന്നു രണ്ട് ദിവസത്തേക്ക് ഇത് സഹിക്കേണ്ടി വരും . മരുന്നു കടയില്‍ കയറി നാലു വേദന സംഹാരിക്ക് പറഞ്ഞു . അഞ്ചെണ്ണം വെട്ടിക്കൊണ്ടു തന്നയാളുടെ മുഖത്തേക്ക് ചോദ്യഭാവേന നോക്കിയതേയുള്ളു, ‘ സാറെ, ചേയ്ഞ്ചില്ല. പത്തുരൂപയ്ക്ക് കണക്കാക്കിയതാ’. മറുത്തൊന്നും പറയാനില്ലാതെ ഇറങ്ങി നടന്നു. വല്ലാത്ത ദാഹം, ഒരു സോഡ നാരങ്ങവെള്ളം കുടിക്കാന്‍ പെട്ടിക്കടയിലേക്കു കയറി. എട്ടുരൂപ ! അവിടെ ചെയ്ഞ്ചിനു കിട്ടിയത് രണ്ടു മിഠായികള്‍ .

നേരം സന്ധ്യയോടടുത്ത് തുടങ്ങി. ബസ്റ്റാന്റ് ബസ്സുകളെക്കൊണ്ടും യാത്രക്കാരെ കൊണ്ടും നിറഞ്ഞു.വെളിയിലെ തിരക്കില്‍ തിക്കി തിരക്കി വീട്ടിലേക്കു പോകാനുള്ള ബസ്സിലേക്കു കയറി. കീശയില്‍ കയ്യിട്ടപ്പോള്‍ അമ്പതിന്റെ ഒറ്റനോട്ടേയുള്ളു . രണ്ടു ടിക്കറ്റെടുത്തു ചെയ്ഞ്ചാക്കേണ്ടി വരുമല്ലോന്നോര്‍ത്തു വിഷമിക്കുമ്പോഴാണ് അവളെ കണ്ടത് .ആശ്വാസമായി, കല്യാണം പറഞ്ഞു വെച്ചിരിക്കുന്നവളാണത് . ഒഴിഞ്ഞു കിടന്ന എന്റെയിടതു സീറ്റിലേക്കു ക്ഷണിച്ച് കണ്ടക്ടറോട് രണ്ട് ടിക്കറ്റിനു പറഞ്ഞപ്പോഴേക്കും ബസ്സില്‍ ഡബിള്‍ ബെല്‍ മുഴങ്ങി കഴിഞ്ഞിരുന്നു.