Environment
ചെര്‍ണോബിലിലെ പക്ഷികള്‍: ഒരു പോരാട്ടവീര്യത്തിന്റെ കഥ
നമ്മുടെ ഊഹാപോഹങ്ങള്‍ക്കും അപ്പുറമാണ് അവിടുത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. മരങ്ങള്‍ ദ്രവിച്ചുപോകാത്ത, ആണവവികിരണം ഏറ്റു തിളങ്ങുന്ന ചെടികള്‍ വളരുന്ന ചത്ത മണ്ണ്. മനുഷ്യവാസം അവിടെ അസാധ്യമാണ്.
155 total views

അല്പമെങ്കിലും മനുഷ്യത്വം ഉള്ളിലുള്ളവര്‍ക്ക് ചെര്‍ണോബില്‍ ഇന്നും ഒരു നൊമ്പരമാണ്. കാലത്തിനുപോലും മായ്ക്കാന്‍ ആവാത്ത നൊമ്പരം. പുതിയ ആണവനിലയങ്ങള്‍ പണിതുയര്‍ത്താന്‍ പദ്ധതികള്‍ രൂപംകൊള്ളുമ്പോള്‍ നാം ആദ്യം എടുത്തുകാണിക്കുക ചെര്‍ണോബിലില്‍ 1986ല്‍ നടന്ന ആണവദുരന്തമാണ്. ലോകത്തിലെ ഏറ്റവും ഭീകരമായ ആണവദുരന്തത്തിനാണ് ചെര്‍ണോബില്‍ സാക്ഷ്യം വഹിച്ചത്. 31 ആളുകളാണ് സംഭവസ്ഥലത്ത് മരിച്ചത്. എന്നാല്‍ അതിഭീകരമായ ആണവവികിരണം മൂലം ഇന്നും ചെര്‍ണോബില്‍ നരകതുല്യം ആണ് എന്ന വസ്തുത ആ വന്‍ദുരന്തത്തിന്റെ ഭീകരത മുഴുവന്‍ വരച്ചുകാട്ടുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ മൂലം നരകയാതന അനുഭവിക്കുന്ന അനേകം ആളുകള്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ ഉള്ളപ്പോള്‍ ചെര്‍ണോബിലിലെ ആളുകളുടെ അവസ്ഥ നമ്മുക്ക് കുറച്ചൊക്കെ ഊഹിക്കാന്‍ പറ്റുമായിരിക്കും. എന്നാല്‍ നമ്മുടെ ഊഹാപോഹങ്ങള്‍ക്കും അപ്പുറമാണ് അവിടുത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. മരങ്ങള്‍ ദ്രവിച്ചുപോകാത്ത, ആണവവികിരണം ഏറ്റു തിളങ്ങുന്ന ചെടികള്‍ വളരുന്ന ചത്ത മണ്ണ്. മനുഷ്യവാസം അവിടെ അസാധ്യമാണ്. ഹിരോഷിമയില്‍ ഉണ്ടായ അണുബോംബ് വിസ്ഫോടനത്തെക്കാള് നാനൂറു മടങ്ങ് അണുവികിരണം ആണ് ചെര്‍ണോബിലില്‍ പുറംതള്ളപ്പെട്ടത്. ഈ അണുവികിരണങ്ങള്‍ ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിക്കുകയുണ്ടായി. അങ്ങനെ ചെര്‍ണോബില്‍ നരകതുല്യമായി മാറി.
ചില വേറിട്ട ചെര്‍ണോബില്‍ ചിന്തകള്‍
മനുഷ്യന്റെ ആവശ്യങ്ങള്‍ ശമിപ്പിക്കാന്‍ ആവശ്യമായ സ്രോതസുകള്‍ പ്രകൃതിയില്‍ ലഭ്യമാണ്. എന്നാല്‍ അവന്റെ അത്യാര്‍ത്തി ശമിപ്പിക്കാന്‍ ഒട്ടില്ലതാനും. ഇവിടെ ആണവ ദുരന്തം ഉണ്ടായതില്‍ ഇതിനു എന്താണ് പ്രത്യക്ഷപങ്ക് എന്ന് ചോദിയ്ക്കാന്‍ വരട്ടെ. പ്രകൃതിയെ കണക്കില്ലാതെ ചൂഷണം ചെയ്തതില്‍ ഏറിയ പങ്കും വന്‍കിട കുത്തക മുതലാളികളും അവരുടെ കൈക്കൂലി വാങ്ങിയ രാഷ്ട്രീയക്കാരും എതിര് രാജ്യത്തെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ട രാഷ്ട്രത്തലവന്മാരും മൂലം ഉണ്ടായതാണെന്ന് ആര്‍ക്കും അറിയാം. എന്നാല്‍ എപ്പോളൊക്കെ നാം പ്രകൃതിയെ ചൂഷണം ചെയ്തുവോ അപ്പോഴൊക്കെ അവസാന ആയുധം എന്നനിലയില്‍ പ്രകൃതിക്ക് ഒരു മറുപടി ഉണ്ടായിരുന്നു. അത് ഒരു വൃത്തിയാക്കല്‍ നടത്തും. അങ്ങനെയുള്ള പ്രകൃതിയുടെ അറ്റകൈപ്രയോഗങ്ങള്‍ ആണ് സുനാമിയായും മറ്റു പ്രകൃതിദുരന്തങ്ങള്‍ ആയും നാം കണ്ടിട്ടുള്ളത്.
എന്നാല്‍ ഈ ദുരന്തങ്ങള്‍ എല്ലാം ഉണ്ടാകുമ്പോഴും അതില്‍നിന്നും ഒരു തിരിച്ചുവരവും പ്രകൃതി മുന്‍കൂട്ടി നിശ്ചയിചിട്ടുണ്ടാവും. ദുരന്തങ്ങളില്‍ നിന്നും തിരിച്ചു കയറാനുള്ള മനുഷ്യന്റെ കഴിവ് നമ്മള് ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യന് തോല്‍വി സമ്മതിച്ചിടത്ത്, മനുഷ്യന് നരകമായി മാറ്റിയിടത്ത് അടങ്ങാത്ത പോരാട്ടവീര്യവുമായി പൊരുതിജയിക്കുന്ന ചില വീരനായകരുണ്ട്. അങ്ങനെയുള്ള ഒരു കൂട്ടരാണ് ഈ ലേഖനത്തിന്റെ തലക്കെട്ടില്‍ പറയുന്ന ചെര്‍ണോബിലിലെ പക്ഷികള്‍.
ചെര്‍ണോബിലിലെ പക്ഷികള്‍
ചെര്‍ണോബിലിലെ പക്ഷികളുടെ പോരാട്ടം ഒരു അത്ഭുതം ആണ്. ആണവവികിരണം നിറഞ്ഞു നില്കുന്ന അന്തരീക്ഷത്തില്‍ അതിനോട് പൊരുത്തപെടാന്‍ ആവുക എന്നത് തന്നെ വലിയ കാര്യം ആണെന്നിരിക്കെ അണുവികിരണം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന സവിശേഷമായ കഴിവാണ് ഇവിടുത്തെ പക്ഷികളില്‍ ഇപ്പോള്‍ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആന്റി-ഓക്സിഡന്റുകളുടെ അളവ് കുറയുകയും അങ്ങനെ ഓക്സിഡേഷന് മൂലം കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ആയിരുന്നു ദുരന്തം ഉണ്ടായതിനു ശേഷം ആ പ്രദേശത്തെ ജീവജാലങ്ങളില്‍ കണ്ടെത്തിയ പ്രശ്നം. എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ പക്ഷികളില്‍ നടത്തിയ പഠനങ്ങളില്‍ അവിടെ നിലനില്‍ക്കുന്ന വികിരണപശ്ചാത്തലത്താല് അവ കൂടുതല്‍ ആന്റി-ഓക്സിഡന്റുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇത് ഒരു ചെറിയ കാര്യമല്ല.
വളരെ കാലം കൊണ്ട് വന്ന മാറ്റം ആണെങ്കിലും അണുവികിരണത്തോട് പൊരുത്തപെടാന്‍ ഏതെങ്കിലും ജീവിവര്‍ഗത്തിനു ഉള്ള കഴിവ് ലോകത്ത് ആദ്യമായാണ് കണ്ടെത്തിയിരിക്കുന്നത്. ദുരന്തം നടന്ന കാലയളവില്‍ ശേഖരിച്ച രക്തസാമ്പിളുകള്‍ പഠിച്ചപ്പോള്‍ അതില്‍നിന്നും ഒട്ടേറെ പ്രതിരോധശേഷി ഇപ്പോഴത്തെ പക്ഷികള്‍ക്ക് ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എല്ലാ പക്ഷികളുടെയും കാര്യമല്ല. കേവലം 16 പക്ഷിവര്ഗങ്ങളില് മാത്രമാണ് ഈ സവിശേഷത കണ്ടെത്തിയത്. ഈ പക്ഷികള്‍ കൂടുതല്‍ ഉയര്‍ന്ന അണുവികിരണങ്ങളെ നേരിടാനുള്ള കഴിവും ഈ കാലയളവില്‍ കൈവരിച്ചിട്ടുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ഇനി അണുവികിരണം ഇത്തിരി ഏറ്റാല്‍ സിനിമകളില്‍ കാണുന്നത്പോലെ അമാനുഷികന്‍ ആയി മാറാം എന്നൊന്നും ആരും കരുതിയേക്കരുത്. ആണവ വികിരണം അപകടകരം തന്നെയാണ്.
ആണവദുരന്തങ്ങള്‍ എങ്ങനെ പ്രകൃതിയെ സ്വാധീനിക്കും എന്നതിന് ഉത്തമഉദാഹരണങ്ങള് ആണ് ചെര്‍ണോബിലും ഫുക്കുഷിമയുമൊക്കെ. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ചില നന്മകളും നല്‍കുന്നുണ്ട് എന്നാണ് ഈ കണ്ടുപിടുത്തം നല്കുന്ന സൂചന. അതേസമയം ഈ കണ്ടുപിടുത്തം ഒരു വിജയമൊന്നുമല്ല. കാരണം അത് ഒരിക്കലും മായിച്ചുകളയാന്‍ ആവാത്തവിധം പ്രകൃതിയില്‍ മനുഷ്യന് ഏല്പിച്ച ഒരു മുറിവിന്റെ ബാക്കിപത്രമാണ് എന്നതുതന്നെ. എന്നാല്‍, ചിലര്‍ക്ക് ഈ കണ്ടുപിടുത്തം ഒരു ആശ്വാസം ആണ്. കൈവന്ന പിഴവിനെ ഓര്‍ത്തു ദുഖിക്കുന്നവര്‍ക്ക് ഒരു ചെറിയ ആശ്വാസം. അതേസമയം ഇനിയും ആണവനിലയങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു ഓര്‍മ്മപെടുത്തലും മുന്നറിയിപ്പും.
156 total views, 1 views today