ചെവി മോഷ്ടാവ് – ആറിലൊരാള്‍ പരേതന് (ക്രൈം ത്രില്ലര്‍)
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലത്തെ എന്റെ അഭിഭാഷകവൃത്തിയില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു കേസ് നേരിടുന്നത് ആദ്യമായിട്ടായിരുന്നു.എത്ര കുഴഞ്ഞുമറിഞ്ഞ കേസിലും എന്റെ കക്ഷികളെ രക്ഷിക്കുവാനുള്ള അദൃശ്യമായ ഏണിപ്പടികള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.പക്ഷെ ഇന്നിപ്പോള്‍ വളരെ വിചിത്രമായ ഒന്നാണ് എന്റെ മുന്നില്‍ വന്നിരിക്കുന്നത്.മൃഗീയമായ മൂന്ന് കൊലപാതകക്കുറ്റങ്ങളാണ് എന്റെ കക്ഷികള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയല്ല ഞാന്‍ വക്കാലത്ത് ഏറ്റെടുത്തത്.മുന്കാലകേസുകള് പലതും പരിശോധിച്ചു.
132 total views

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലത്തെ എന്റെ അഭിഭാഷകവൃത്തിയില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു കേസ് നേരിടുന്നത് ആദ്യമായിട്ടായിരുന്നു. എത്ര കുഴഞ്ഞുമറിഞ്ഞ കേസിലും എന്റെ കക്ഷികളെ രക്ഷിക്കുവാനുള്ള അദൃശ്യമായ ഏണിപ്പടികള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.പക്ഷെ ഇന്നിപ്പോള്‍ വളരെ വിചിത്രമായ ഒന്നാണ് എന്റെ മുന്നില്‍ വന്നിരിക്കുന്നത്. മൃഗീയമായ മൂന്ന് കൊലപാതകക്കുറ്റങ്ങളാണ് എന്റെ കക്ഷികള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയല്ല ഞാന്‍ വക്കാലത്ത് ഏറ്റെടുത്തത്.മുന്കാലകേസുകള് പലതും പരിശോധിച്ചു.
പക്ഷെ ഇതുമായി സാമ്യമുള്ള ഒരു കേസ് പോലും കണ്ടെത്താനായില്ല.മണിക്കൂറുകള്‍ തലപുകഞ്ഞാലോചിച്ചു .നിലവിലെ സാഹചര്യത്തില്‍ നിയമക്കുരുക്കില്‍ നിന്നും അവരെ രക്ഷിക്കുവാന്‍ സാധിക്കില്ല എന്നുറപ്പായപ്പോള്‍ ഡാന്റെയുടെ സഹായം തേടുക എന്നതുമാത്രമായിരുന്നു ഏക പോംവഴി .ഡാന്റെ ജോണ്സന് ഒരു നിയമ വിദഗ്ദ്ധനോ കുറ്റാന്വേഷകനോ ഒന്നുമല്ല.ചെന്നൈയില്‍ ഐ.ടി.എഞ്ചിനീയറാണ് .ഡിസ്ക്കോ ബാറുകളിലും പബ്ബുകളിലും ഒഴിവുസമയം ആസ്വദിക്കുന്ന ഒരു തികഞ്ഞ ഫ്രീക്.പക്ഷെ അയാള്‍ക്ക് ഇത്തരം കേസുകളില്‍ വളരെ താത്പര്യമാണ്.എന്റെ സീനിയര്‍ അഡ്വക്കെറ്റുമാര് പലരും പ്രതിസന്ധി ഘട്ടങ്ങളില്‍ അയാളുടെ സഹായം തേടിയിട്ടുമുണ്ട്.പ്രതിഫലം വളരെ കൂടുതലാണ്.ഈ കേസില്‍ കക്ഷികള്‍ എനിക്ക് വാഗ്ദാനം ചെയ്തിട്ടുള്ള തുകയുടെ പകുതിയാണ് അയാള്‍ക്ക് ഞാന്‍ നല്‍കുന്നത് …25 L.
കേസിന്റെ സങ്കീര്‍ണ്ണതയും വിചിത്ര സ്വഭാവവും ഫോണില്‍ അറിയിച്ചപ്പോള്‍ത്തന്നെ ഏറെ താത്പര്യത്തോടെയാണവന് പ്രതികരിച്ചത്.
“അവിശ്വസനീയം മിസ്റ്റര്‍ അലെക്സി!!!.ചെവികള്‍ മോഷ്ടിക്കുവാന്‍ വേണ്ടി മുന്നുപേരെ കൊലപ്പെടുത്തുക!!!.കൊള്ളാം…. അടുത്ത ബുധനാഴ്ച പത്തുമണിക്ക് താങ്കളുടെ ഓഫീസില്‍ വച്ച് നമുക്ക് നേരില്‍ സംസാരിക്കാം.പറ്റുമെങ്കില്‍ താങ്കളുടെ കക്ഷികളോടും അവിടെയെത്താന്‍ പറയുക.
എന്റെ അഡ്രസ്സും നല്കി ആ സംഭാഷണം അവസാനിപ്പിച്ചു.അടുത്ത ബുധനാഴ്ച കൃത്യസമയത്തു തന്നെ അയാളെത്തി.അല്‍പ്പനേരത്തെ കുശലാന്വേഷണത്തിനു ശേഷം വിഷയത്തിലേക്ക് കടന്നു.എന്റെ കക്ഷികള്‍ രണ്ടു പേരും നേരത്തേതന്നെ എത്തിയിരുന്നു.കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ അവരോട് ഞാന്‍ ആവശ്യപ്പെട്ടു.
ആദ്യം ആസിഫാണ് സംസാരിച്ചു തുടങ്ങിയത്.
“സര് ..ഈ കേസില്‍ പ്രതിസ്ഥാനത്തിപ്പോള് ഞാനും നിതിനുമാണ്.ഞങ്ങളിരുവരുടെയും ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട മൂവരും.ബ്രിജേഷ്,മനു പിന്നെ സാമുവല്‍. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പോസ്റ്റ് ഗ്രാജുവേഷന് മുതല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. പഠനത്തിനു ശേഷം പലവഴിക്ക് പിരിഞ്ഞു. ഞങ്ങളിരുവരും കൂടാതെ കൊല്ലപ്പെട്ട മനുവും ഐ.ടി മേഖലയില്‍ തന്നെ തുടര്‍ന്നു.ബ്രിജേഷ് സ്വന്തമായി ബിസിനസ്സിലേക്കും സാമുവല്‍ എം .ബി .എ കൂടി പൂര്‍ത്തിയാക്കി പല കമ്പനികളിലും ഫിനാന്‍സ് കണ്‍സള്‍ട്ടന്റായും ജോലി ചെയ്തു.ഉയര്‍ന്ന കരിയറിനു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ പിന്നീടുള്ള പത്തുപന്ത്രണ്ടു വര്‍ഷക്കാലം ഞങ്ങള്‍ക്ക് പരസ്പരം കണ്ടുമുട്ടുവാന്‍ കഴിഞ്ഞിരുന്നില്ല.ആദ്യമൊക്കെ മെയില്‍ അയക്കുമായിരുന്നു.പിന്നീടെപ്പോഴോ അതും ഇല്ലാതായി. ബ്രിജേഷും മനുവും സാമുവലും എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു.
ഏകദേശം മൂന്നു മാസം മുന്‍പ് ഫേസ് ബുക്കില്‍ സാമുവലിന്റെ ഒരു മെസേജുണ്ടായിരുന്നു.ആരണ്യ ഫോറെസ്റ്റ് കൊട്ടേജില്‍ ഒരു ഗെറ്റ്ടുഗദര്‍ ജൂണ്‍ ആറാം തീയതി സംഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റ് നാലുപേരും തീര്‍ച്ചയായും എത്തുമെന്നും ഒരുകാരണവശാലും വരാതിരിക്കരുതെന്നും സൂചിപ്പിച്ചായിരുന്നു സന്ദേശം.കൂട്ടത്തില്‍ സാമുവല്‍ മൊബൈല്‍ നമ്പരും തന്നു.ഇങ്ങനെ ഒരു പരിപാടി നടത്തുവാന്‍ മുന്‍കയ്യെടുത്ത അവനെ ഫോണില്‍ നേരിട്ടുവിളിച്ച് ഞാന്‍ അനുമോദിച്ചു. എത്തുമെന്ന് ഉറപ്പും കൊടുത്തു.വളരെ ഉത്സാഹത്തോടെയായിരുന്നു അന്നവന് പ്രതികരിച്ചത്. ആ സുഹൃത്സംഗമം ഏറെ വിലപ്പെട്ടതായിരുന്നതിനാല് എല്ലാ അസൌകര്യങ്ങളും മാറ്റിവച്ച് പങ്കെടുക്കുവാന്‍ തീരുമാനിച്ചു. നിതിനും ഞാനും ഒരുമിച്ചാണ് പോയത്.
ബ്രിജേഷും മനുവും സാമുവലും ഞങ്ങളെക്കാള്‍ മുന്‍പേ അവിടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു കൂടിച്ചേരലായിരുന്നത്. പഴയ കാര്യങ്ങളും തമാശകളും പറഞ്ഞ് വൈകുന്നേരം കൊട്ടേജില്‍ തന്നെ ചെലവിട്ടു.വൈകിട്ട് ഏതാണ്ട് ഏഴു മണിയോടെ ഞങ്ങള്‍ മദ്യപിക്കുവാന്‍ തുടങ്ങി.ഒരു നൊസ്റ്റാള്‍ജിക്ക് മൂഡിലായിരുന്നതിനാല്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു.ഞാനും നിതിനും വര്‍ഷങ്ങള്‍ കൂടിയിരുന്നാണ് മദ്യപിച്ചത്. അങ്ങിനെ ഒരു ശീലം പണ്ടും ഞങ്ങള്‍ക്കില്ലായിരുന്നു.ആ ഒരു കമ്പനി ആയിരുന്നതുകൊണ്ട് മാത്രമാണ് അന്ന് മദ്യപിച്ചത്. ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചെങ്കിലും അവരാരും സമ്മതിച്ചുമില്ല.എപ്പോഴോ അവര്‍ ഞങ്ങളെ മുറിയില്‍ കൊണ്ടുപോയി കിടത്തിയതായി ഓര്‍മ്മയുണ്ട് . .പക്ഷെ പിറ്റേന്ന് രാവിലെ ……”
കൂടുതല്‍ സംസാരിക്കുവാന്‍ കഴിയാത്ത വിധം അയാള്‍ തളര്‍ന്നിരുന്നു.മേശപ്പുറത്തിരുന്ന ജാറിലെ വെള്ളം നിര്‍ത്താതെ വായിലേക്ക് കമഴ്ത്തി.ബാക്കി കാര്യങ്ങള്‍ നിതിനാണ് സംസാരിച്ചത് .
“പിറ്റേന്ന് രാവിലെ ആദ്യം ഉണര്‍ന്നത് ഞാനാണ്. നല്ല ഹാങ്ങ് ഓവര്‍ ഉണ്ടായിരുന്നു.വീണ്ടും കിടന്നു.എട്ടു മണിയോടെ എഴുന്നേറ്റ് ഹാളില്‍ ചെന്നു.അവിടം ശൂന്യമായിരുന്നു.പക്ഷെ അതിലെനിക്ക് ഒട്ടും അസ്വാഭാവികത തോന്നിയില്ല.തലേന്നത്തെ ക്ഷീണം കാരണം ആരും എഴുന്നേറ്റു കാണില്ല എന്ന് കരുതി.കോഫി ഉണ്ടാക്കുവാന്‍ കിച്ചനിലെത്തി.പുറത്തേക്കുള്ള വാതില്‍ തുറന്നു കിടന്നിരുന്നു.വാതില്‍ പടിയിലും നിലത്തും ചോരപ്പാടുകള്‍ കണ്ടു. അല്‍പ്പം ഭയത്തോടെ തിരികെ ഹാളിലേക്ക് ഞാനോടി. അപ്പോഴേക്കും ആസിഫും ഹാളിലെത്തി.ഞങ്ങളിരുവരും മറ്റുള്ളവരുടെ മുറിയിലേക്കോടി.അവിടെ കണ്ട കാഴ്ച….നിതിന്‍ വിതുമ്പുകയായിരുന്നു.
അവരുടെ വക്കീല്‍ എന്ന നിലയില്‍ ബാക്കി കാര്യങ്ങള്‍ ഞാനാണ് വിശദീകരിച്ചത്.കാരണം പ്രേതങ്ങളുടെ കിടപ്പ്, അവിടെ നിന്നും പോലീസിന് ലഭിച്ച തെളിവുകള്‍ ഇവയെല്ലാം വളരെ പ്രാധാന്യമുള്ളതാണ്.എന്റെ കക്ഷികളുടെ ആത്മാര്‍ഥ സുഹൃത്തുക്കളാണ് കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ അവര്‍ പ്രേതവിവരണം നല്കിയാല് അത് കേവലം വൈകാരികം ആയിരിക്കും എന്നെനിക്കുറപ്പായിരുന്നു.എഫ് .ഐ .ആര് , പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇവയുടെ അടിസ്ഥാനത്തിലുള്ള തികച്ചും സാങ്കേതികമായ വിവരണമാണ് ഡാന്റെയ്ക്കും ആവശ്യം.
“കൊല്ലപ്പെട്ട മനു, ബ്രിജേഷ് സാമുവല്‍ …മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കിടന്നത് താഴത്തെ കിടപ്പുമുറികളിലായിരുന്നു. മൂവരും കൊല്ലപ്പെട്ടു എന്ന് മാത്രമല്ല അപമാനിക്കപ്പെടുകയും ചെയ്തിരുന്നു”
“മനസിലായില്ല”
“വ്യക്തമാക്കാം.മനുവിന്റെയും ബ്രിജെഷിന്റെയും മൃതദേഹം കട്ടിലിലും സാമുവലിന്റെ മൃതദേഹം കസേരയില്‍ നിന്നും വീണ നിലയില്‍ നിലത്തുമാണ് കിടന്നിരുന്നത്.സൈനഡ് ഉള്ളില്‍ ചെന്നതായിരുന്നു മൂവരുടെയും മരണകാരണം. ഇവരുടെയെല്ലാം നെറ്റിയില്‍ നിറയൊഴിക്കുകയും ചെയ്തിരുന്നു.മരിച്ചതിനു ശേഷമാണ് നിറയൊഴിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.മരണം ഉറപ്പുവരുത്തുവാനാണ് നെറ്റിയില്‍ വെടി വെച്ചതെന്ന് വ്യക്തം.”
എന്റെ സംസാരം തുടരുന്നതിനിടെ ഡാന്റെ കുറച്ചു നേരം എന്തോ ആലോചിച്ചു.അതിനുശേഷം എന്റെ കക്ഷികളോട് എന്തോ ചോദിക്കുവാന്‍ തുനിഞ്ഞപ്പോള്‍ അയാളെ തടസപ്പെടുത്തിക്കൊണ്ട് വീണ്ടും ഞാന്‍ തുടര്‍ന്നു
“തീര്‍ന്നില്ല ..ഡാന്റെ.കൊല്ലപ്പെട്ട മൂവരുടെയും ഇടത്തെ ചെവി മുറിച്ചു മാറ്റിയിരുന്നു”
“വാട്ട് ”
“അതെ…ചെവി മാത്രമല്ല ഏതാനും വിരലുകളും. സാമുവലിന്റെ വലത്തെ കയ്യില്‍ നിന്നും അണിവിരലും പെരുവിരലും.ബ്രിജേഷിന്റെ ഇടത്തെ കയ്യില്‍ നിന്നും മോതിര വിരലും നടുവിരലും. പിന്നെ മനുവിന്റെ വലതുകയ്യില്‍ നിന്നും ചൂണ്ടുവിരലും പെരുവിരലും ഇടതു കയ്യിലെ അണിവിരലും .കൊല ചെയ്യപ്പെട്ട ശേഷമാണ് അവയവങ്ങള്‍ നീക്കം ചെയ്തതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുറിച്ചെടുത്ത വിരലുകളില്‍ ചിലത് മുറ്റത്തും പൂന്തോട്ടത്തില്‍ നിന്നും പിറ്റേന്ന് കണ്ടെത്തി. സംഭവ സ്ഥലം ഫോറസ്റ്റ് ഏരിയ ആയതിനാല്‍ ബാക്കിയുള്ളവ കണ്ടുകിട്ടാത്തതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ.അവ മൃഗങ്ങള്‍ ഭക്ഷിച്ചിരിക്കാം.പക്ഷെ ചെവികള്‍ മോഷ്ട്ടിക്കപ്പെട്ടു അന്നതാണ് വിചിത്രം.അതിന്റെ അവശിഷ്ട്ടങ്ങള്‍ കണ്ടു കിട്ടിയില്ല.മറ്റൊരു പ്രധാന കാര്യം മുറിയില്‍ കണ്ട രക്തക്കറകളാണ്. കൊല്ലപ്പെട്ട ആളുടെതിനു പുറമേ ഓ നെഗറ്റീവിലും,എ ബി പോസിറ്റീവിലും പെട്ട രക്തപ്പാടുകള്‍ കൂടി കണ്ടെത്തി.മൂന്നു മുറികളിലും ഈ രക്ത സാമ്പിളുകള്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ സാമുവലിന്റെ ബ്ലഡ് ഗ്രൂപ്പ് AB+ ആയിരുന്നു.കൂടാതെ അയാളുടെ കാലില്‍ ഒരു മുറിപ്പാടും ഉണ്ടായിരുന്നു.കുറ്റവാളികള്‍ രണ്ട് പേര് കാണുമെന്നും ഈ രക്ത സാമ്പിളുകള്‍ അവരുടെ ആകാമെന്നും പോലീസ് വിലയിരുത്തി. സാമുവലിന്റെ ബ്ലഡ് AB+ ആയതുകൊണ്ട് അയാള്‍ക്ക് മറ്റു രണ്ടു കൊലപാതകങ്ങളില്‍ പങ്കുണ്ടാകുവാന് സാധ്യതയുണ്ട്.അയാള്‍ തന്നെയാണല്ലോ ഈ സൌഹൃദ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ മുന്‍കൈ എടുത്തതും.സ്വാഭാവികമായും അയാളെ സംശയിക്കാം. അയാളുടെ സഹായം കുറ്റവാളിക്ക് കിട്ടിയിരുന്നു എന്നും അനുമാനിക്കാം. പക്ഷെ സാമുവലും കൊല്ലപ്പെട്ടു. അപ്പോള്‍ പിന്നെ അവശേഷിക്കുന്ന പ്രതി ഒരാള്‍ മാത്രമാണ്. ഓ നെഗറ്റീവുകാരന്. ആ വഴിക്കുള്ള അന്വേഷണം എങ്ങുമെത്തിയില്ല പ്രതിയുടെതെന്ന് സംശയിക്കത്തക്ക വിരലടയാളങ്ങള്‍ പോലും പോലീസിന് കണ്ടെത്താനായില്ല. ഒരു രക്ത ഗ്രൂപ്പ് മാത്രം വച്ച് പ്രതിയെ തിരയുക എന്നത് തികച്ചും അപ്രായോഗികമാണ്.ഒരു പക്ഷെ അന്വേഷണം വഴി തെറ്റിക്കുവാന്‍ വേണ്ടി ഒരു ബ്ലഡ് സാമ്പിള്‍ അവിടെ ബോധപൂര്‍വ്വം ഉപേക്ഷിച്ചതുമാകാം. കൊല്ലപ്പെട്ടവര്‍ക്ക് മദ്യത്തില്‍ കലര്‍ത്തിയാണ് സൈനഡ് നല്‍കിയിട്ടുള്ളത്.എന്റെ കക്ഷികള്‍ അവരോടൊപ്പം തലേന്ന് നല്ല പോലെ മദ്യപിച്ചിരുന്നു.ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അത് തെളിഞ്ഞിട്ടുമുണ്ട്. സ്വാഭാവികമായും അവശേഷിച്ച ഇവരെ രണ്ടുപേരെ പോലീസ് സംശയിച്ചു.സാഹചര്യത്തെളിവുകള്‍ എന്റെ കക്ഷികള്‍ക്ക് എതിരായി വ്യാഖ്യാനിക്കപ്പെടാം. ഇതാണ് കേസിന്റെ ചുരുക്കം. പ്രതികളെ കണ്ടെത്തുക എന്നത് പോലീസിന്റെ ചുമതലയാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കക്ഷികള്‍ നിരപരാധികള്‍ ആണെന്ന് തെളിയിക്കണം.അതിന് താങ്കള്‍ സഹായിക്കണം.”
എന്റെ സംസാരം പൂര്‍ത്തിയായപ്പോള്‍ ഡാന്റെ കക്ഷികള്‍ ഇരുവരോടുമായി ചോദിച്ചത് ഇത്രമാത്രമായിരുന്നു
“നിങ്ങള്‍ നിരപരാധികള്‍ ആണെന്ന അലക്സിയുടെ ഉറപ്പ് മുഖവിലയ്ക്കെടുത്തുകൊണ്ടാണ് ഞാന്‍ തുടങ്ങുന്നത്.കൂടുതലായി എന്തെങ്കിലും നിങ്ങള്‍ക്ക് പറയുവാനുണ്ടോ?അഥവാ എന്തെങ്കിലും കാര്യങ്ങള്‍ വിട്ടുപോയതായി തോന്നുന്നുണ്ടോ ”
ഇല്ല എന്നമറുപടി ഒരുമിച്ചായിരുന്നു.
“സംഭവം നടന്ന രാത്രിയില്‍ അസ്വാഭാവികമായി എന്തെങ്കിലും ശബ്ദമോ അങ്ങിനെയെന്തെങ്കിലും ശ്രദ്ധയില്‍ പെട്ടിരുന്നുവോ?”
“ഇല്ല.സര് …ഞങ്ങള്‍ സൂചിപ്പിച്ചിരുന്നല്ലോ …അന്ന് ഞങ്ങളിരുവരും നല്ലപോലെ മദ്യപിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മയില്ല എന്നതാണ് സത്യം ”
കക്ഷികള്‍ ഇരുവരും പോയശേഷം ഞങ്ങള്‍ ഈ വിഷയം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്തു.തുടക്കമിട്ടത് ഞാനായിരുന്നു.
“എന്ത് തോന്നുന്നു ഡാന്റെ?”
“ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.തെളിവുകള്‍ നിരത്തിയിട്ട് ഭ്രമിപ്പിക്കുന്നതാണ് ഈ കേസ്.എവിടെനിന്നും തുടങ്ങണം ആരില്‍ നിന്ന് തുടങ്ങണം എന്നതിലാണ് ആശയക്കുഴപ്പം. അക്കാര്യത്തില്‍ കുറ്റവാളി വിജയിച്ചു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു”
“അതെ ഡാന്റെ.ചെവികള്‍ മോഷ്ട്ടിക്കുവാന്‍ വേണ്ടി കൊലപ്പെടുത്തുക എന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.മറ്റൊന്ന് മുറിയില്‍ കണ്ട രക്തക്കറകള്‍ .ഇതിനെല്ലാം ഉപരിയായി മുറിച്ചെടുത്ത വിരലുകള്‍ .അവ പൂന്തോട്ടത്തില്‍ വിതറുക. ഈ കൊലപാതകങ്ങളില്‍ നാല് കാര്യങ്ങളില്‍ സമാനതകള്‍ കാണുന്നുണ്ട്.ഒന്ന്…സൈനഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചത്…രണ്ട്..മരണം ഉറപ്പാക്കുവാന്‍ വേണ്ടി നെറ്റിയില്‍ വെടിവച്ചിരുന്നു . മൂന്ന്..മൃതശരീരങ്ങളില്‍ നിന്നും നിന്നും ഇടത്തെ ചെവികള്‍ മോഷ്ടിച്ചു. നാല് ..മൂന്ന് മുറികളിലും O”-“, AB + ഗ്രൂപ്പില്‍ പെട്ട ബ്ലഡ് സ്റ്റെയിന് ഉണ്ടായിരുന്നു.അതില്‍ AB + കൊല്ലപ്പെട്ട സാമുവലിന്റെ ആയിരുന്നു”
“അലക്സീ..മൂന്ന് പേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി എനിക്ക് വേണം.വൈകി അന്വേഷണം തുടങ്ങുന്നവന്റെ ആധികാരിക രേഖ അതുമാത്രമാണല്ലോ ?”
“അതിപ്പോള്‍ തന്നെ തരാം.അതില്‍ ഞാന്‍ സൂചിപ്പിച്ചതിനപ്പുറം ഒന്നുമില്ല. ഒരു കാര്യം കൂടിയുണ്ട് മൂന്നു മരണങ്ങളും നടന്നിരിക്കുന്നത് രാത്രി പന്ത്രണ്ടിനും രാവിലെ രണ്ടിനും ഇടയിലാണ്. ബ്രിജേഷിന്റെ മാത്രം റിപ്പോര്‍ട്ടില്‍ മരണ കാരണം തലയിലേറ്റ വെടിയാണെന്ന് സൂചിപ്പിചിട്ടുണ്ടെങ്കിലും അയാളുടെ ഉള്ളിലും സൈനഡ് ചെന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ത്തന്നെ ഞാന്‍ കുറെ ചികഞ്ഞു പരിശോധിച്ചതാണ്. പക്ഷെ അതില്‍ സംഗത്യമില്ലെന്ന് പിന്നീട് ബോധ്യമായി. കാരണം സൈനഡ് ഉള്ളില്‍ ചെന്നിട്ടും അയാള്‍ മരണപ്പെട്ടില്ല എന്ന സംശയത്തിലാവാം നിറയൊഴിച്ചു കൊന്നത് .ഇതേ സംശയം മൂലം മരണം ഉറപ്പാക്കുവാന്‍ മറ്റു രണ്ടു പേരെയും കൂടി നിറയൊഴിച്ചു.ഇതാണ് എന്റെ കണക്കുകൂട്ടല്‍ .ഡാന്റെ താങ്കള്‍ എവിടെ നിന്നും തുടങ്ങും എന്നറിയുവാന്‍ എനിക്കാഗ്രഹമുണ്ട് ”
“ഇപ്പോള്‍ എനിക്കൊരുത്തരമില്ല.കിട്ടിയ വിവരങ്ങള്‍ വച്ച് പല നിഗമനങ്ങള്‍ ഉണ്ടാക്കും.യുക്തിക്ക് ഏറ്റവും നിരക്കുന്ന ഒന്നിനുപുറകെ സഞ്ചരിക്കും.എന്തായാലും ഇപ്പോള്‍ ഞാന്‍ ഇറങ്ങുന്നു .ഇടയ്ക്ക് ഞാന്‍ വിളിക്കാം .”
അങ്ങിനെ പറഞ്ഞാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്.പിന്നീട് കുറെ ദിവസത്തേക്ക് അയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു .ഫോണ്‍ സ്വി ച് ഓഫ് ആയിരുന്നു .എനിക്ക് വല്ലാത്ത നിരാശ തോന്നി.സങ്കീര്‍ണ്ണമായ ഈ കേസില്‍ നിന്നും അവന് പിന്മാറിയോ എന്നുവരെ സംശയിച്ചു. പക്ഷെ രണ്ടാഴ്ചക്കു ശേഷം അവനെന്നെ വിളിച്ചു.
“അലെക്സി….ഇടക്ക് വിളിക്കുവാന്‍ കഴിഞ്ഞില്ല.തിരക്കിലായിരുന്നു.താമസിയാതെ നമുക്ക് നേരില്‍ കാണണം ”
“താങ്കള്‍ എവിടെ നിന്നാണ് വിളിക്കുന്നത് ?”
“ഇപ്പോള്‍ ബാംഗളൂരില്‍ ..പിന്നെ ..ഞാന്‍ വിളിച്ചത് ഒരു വിവരം അത്യാവശ്യമായി എനിക്കറിയണം. മെല്‍ജോ എന്നൊരാള്‍ സംഭവം നടന്നതിന്റെ പിറ്റേന്ന് ബാംഗളൂരിന് ഫ്ലൈറ്റില്‍ യാത്ര ചെയ്തിരുന്നുവോ എന്നറിയണം. ഒന്ന് ശ്രമിച്ചാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാര്യമറിയാം .തിരുവനന്തപുരം , നെടുമ്പാശ്ശേരി , കരിപ്പൂര്‍ .മൂന്നിടത്തും അന്വേഷിക്കണം.നാളെ രാവിലെ വീണ്ടും വിളിക്കാം”.
കൂടുതലായി എന്തെങ്കിലും ചോദിക്കും മുന്‍പേ ഫോണ്‍ വച്ചു.കേസ് ഡയറിയില്‍ ഒരിടത്തും പരാമര്‍ശിക്കാത്ത ആ പേരിന്റെ പ്രസക്തി എനിക്ക് മനസിലായില്ല. പക്ഷെ അയാളുടെ ആവശ്യം നിരസിക്കുവാന്‍ കഴിയുമായിരുന്നില്ല .മുന്‍കാല ബന്ധങ്ങള്‍ ഉപയോഗിച്ച് ഡാന്റെ ആവശ്യപ്പെട്ട വിവരം ശേഖരിക്കുവാന്‍ നാല് മണിക്കൂറുകള്‍ തന്നെ എനിക്ക് ധാരാളമായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടി.അയാള്‍ സൂചിപ്പിച്ചതുപോലെ മെല്‍ജോ എന്നൊരാള്‍ അന്ന് യാത്ര ചെയ്തിരുന്നു .കരിപ്പൂരില്‍ നിന്നും ബാംഗളൂരിന് .ജിജ്ഞാസ എന്നെ വല്ലാതെ അസ്വസ്ഥനാക്കി .ആദ്യത്തെ ബെല്ലിനു തന്നെ ഫോണെടുത്തു .അവന് സംസാരിക്കും മുന്‍പേ ഞാന്‍ പറഞ്ഞു തുടങ്ങി ..ആവേശത്തോടെ
“ഡാന്റെ ..താങ്കള്‍ പറഞ്ഞത് ശരിയാണ് .മെല്‍ജോ എന്നൊരാള്‍ കരിപ്പൂരില്‍ നിന്നും ബാംഗളൂര്ക്ക് യാത്ര ചെയ്തിട്ടുണ്ട് .ആരാണയാള്‍ ? ഈ കൊലപാതകങ്ങളില്‍ അയാള്‍ക്കുള്ള ബന്ധം എന്താണ്? ഈ വിചിത്ര കൊലപാതകങ്ങളുടെ കാരണം എന്താണ് ? ”
“ക്ഷമയോടെ കാത്തിരിക്കൂ അലക്സീ.കുറച്ച് കാര്യങ്ങള്‍ കൂടി ഇവിടെ അവശേഷിക്കുന്നു .അവകൂടി പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ അവിടെയെത്തും .കാര്യങ്ങള്‍ നേരില്‍ സംസാരിക്കാം. ഒന്ന് ഞാനുറപ്പു തരാം താങ്കളുടെ കക്ഷികള്‍ നിരുപാധികം സ്വതന്ത്രരാക്കപ്പെടും.അലക്സീ ഒരിക്കല്‍ കൂടി താങ്കള്‍ ആ കേസ് വിശദമായി വായിച്ചു നോക്കൂ.ഉത്തരം അതില്‍ തന്നെയുണ്ട് .പക്ഷെ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്നു എന്നു മാത്രം .ഞാന്‍ മുന്‍പ് സൂചിപ്പിച്ച ആ പേര് മാത്രമേ പുറത്തുനിന്നും കണ്ടെത്തേണ്ടി വന്നുള്ളൂ.”
“ഡാന്റെ ..ഒരേ ഒരു കാര്യം .താങ്കള്‍ മുന്‍പ് ചോദിച്ച മെല്‍ജോ ആണോ ഇതെല്ലാം ചെയ്തത്? എന്തിനായിരുന്നു ചെവികള്‍ മുറിച്ചു മാറ്റിയത് ?”
“കാരണമുണ്ട് ..അലക്സീ .പക്ഷെ ഇപ്പോള്‍ എല്ലാത്തിനും കൂടി ഒറ്റ ഉത്തരമേയുള്ളൂ. ആറിലൊരാള്‍ ”
“പ്ലീസ് ..വ്യക്തമാക്കൂ ”
“ആറിലൊരാള്‍ പരേതന് ”
ഫോണ്‍ നിശ്ചലമായി .അങ്ങേ തലയ്ക്കല്‍ ഇടവിട്ടുള്ള ബീപ് ശബ്ദം. മെല്‍ജോ എന്നയാളെക്കുറിച്ച് കക്ഷികളോട് ഞാന്‍ അന്വേഷിച്ചു.പക്ഷെ അങ്ങനൊരാളെ അവര്‍ക്കറിയില്ല. ആ പേരുപോലും അവര്‍ക്കറിയില്ല.അടക്കാനാവാത്ത ജിജ്ഞാസയോടെ ഡാന്റെയുടെ മറുപടിക്ക് ഞാന്‍ കാത്തിരുന്നു ….ഒരാഴ്ച
തുടരും
133 total views, 1 views today
