01

ചന്ദ്രനില്‍ ആളില്ലാത്ത ബഹിരാകാശപേടകം ഇറക്കി ചൈന ചരിത്രം സൃഷ്ടിച്ചു. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രെഷന്‍ രൂപം കൊടുത്ത പര്യവേക്ഷണ വാഹനമായ ചാങ് 3 ഇന്നലെ രാത്രി 9.14ന് (ഇന്ത്യന്‍ സമയം 6.44) ചന്ദ്രനിലെ മഴവില്‍ താഴ്‌വര എന്നറിയപ്പെടുന്ന മേഖലയില്‍ മെല്ലെ താഴ്ന്നിറങ്ങുകയായിരുന്നു. നമ്മുടെ മംഗള്‍യാന്‍ പോലെ പ്രധാനമായും ഒരു സാങ്കേതികവിദ്യാ പരീക്ഷണം ആയാണ് ചൈന ഇത് നടത്തുന്നത്.

ചൈനീസ് വിശ്വാസമനുസരിച്ചു ചന്ദ്രന്റെ ദേവതയാണു ചാങ്. ചാങ് ദേവത ഓമനിക്കുന്ന മുയലായ യുടുവിന്റെ പേരാണു ചന്ദ്രോപരിതലത്തില്‍ ഇറങ്ങി പഠനം നടത്തുന്ന റോവര്‍ വാഹനത്തിനു നല്‍കിയിട്ടുള്ളത്. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ചന്ദ്രനില്‍ പേടകം ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണു ചൈന. ചാങ് 3 യുടെ വിജയകരമായ ലാന്‍ഡിംഗിന് ശേഷം യൂറ്റു എന്ന റോവര്‍ ചോന്ദ്രോപരിതലത്തില്‍ ഓടിക്കും എന്നാണ് ചൈനയുടെ അവകാശ വാദം. ഇതിന് മുന്‍പ് അയച്ച ചാങ്ങേ 1, 2 എന്നീ ദൌത്യങ്ങള്‍ ചന്ദ്രനെ ഓര്‍ബിറ്റ് ചെയ്യാന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു.

ചൈന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ മൂന്നു ബഹിരാകാശ സഞ്ചാരികള്‍ കയറിയ പേടകം 15 ദിവസം ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങി പഠനം നടത്തി മടങ്ങിയെത്തിയിരുന്നു. 2020ല്‍ ബഹിരാകാശനിലയം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Advertisements