Connect with us

Business

ചൈനീസ് ഓഹരിവിപണിയിലെ സുനാമി: സുനില്‍ എം എസ്

2016 ജനുവരിയുടെ ആദ്യത്തെ ഏഴു ദിവസത്തിനിടയിലും ഒരു സുനാമിയുണ്ടായി. 2004ലെ സുനാമി കടലിലാണുണ്ടായതെങ്കില്‍, 2016 ജനുവരിയിലെ സുനാമി ചൈനയുടെ ഓഹരിക്കമ്പോളത്തിലാണുണ്ടായത്.

 20 total views,  1 views today

Published

on

0
രചന: സുനില്‍ എം എസ്, മൂത്തകുന്നം

2004 ഡിസംബര്‍ ഇരുപത്താറാം തീയതി ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്തൊനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, സോമാലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി രണ്ടേമുക്കാല്‍ ലക്ഷത്തോളം ജീവനുകള്‍ അപഹരിച്ചു. 2016 ജനുവരിയുടെ ആദ്യത്തെ ഏഴു ദിവസത്തിനിടയിലും ഒരു സുനാമിയുണ്ടായി. 2004ലെ സുനാമി കടലിലാണുണ്ടായതെങ്കില്‍, 2016 ജനുവരിയിലെ സുനാമി ചൈനയുടെ ഓഹരിക്കമ്പോളത്തിലാണുണ്ടായത്. അതിന്റെ തിരകള്‍ ഇന്ത്യയുടേതും അമേരിക്കയുടേതുമുള്‍പ്പെടെ, ലോകമൊട്ടാകെയുള്ള ഓഹരിക്കമ്പോളങ്ങളില്‍ ഇരച്ചുകയറി, നാശനഷ്ടങ്ങളുണ്ടാക്കി. അതില്‍പ്പെട്ട് ആരും മരണമടഞ്ഞതായറിവില്ല. പക്ഷേ, ലോകമെമ്പാടുമുള്ള ഓഹരിനിക്ഷേപകര്‍ക്ക് രണ്ടു കോടി അറുപത്തിനാലു ലക്ഷം കോടി (2,64,00,000 കോടി) രൂപയുടെ നഷ്ടം സംഭവിച്ചു. ഇത് ഇന്ത്യയുടെ നോമിനല്‍ ജീഡീപ്പിയുടെ ഏകദേശം ഇരട്ടിയോളം വരുന്നു.

ഈ ആഗോള ഓഹരിവിപണിത്തകര്‍ച്ച ലോകത്തെ സാമ്പത്തികമായി ഒരു ദശാബ്ദത്തോളം പിന്നാക്കം തള്ളിയെന്നു തീര്‍ച്ച. ലോകത്തിപ്പോള്‍ നൂറ്റിമുപ്പതു കോടി ജനം കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നു എന്നാണു കണക്കുകള്‍ കാണിയ്ക്കുന്നത്. ധനികരുടേതെന്ന് ആരോപിയ്ക്കപ്പെടുന്ന ഓഹരിവിപണിയ്ക്കു ദാരിദ്ര്യനിര്‍മാര്‍ജനവുമായി നേരിട്ടു ബന്ധമില്ലെങ്കിലും, രാഷ്ട്രങ്ങളുടെ സാമ്പത്തികസ്ഥിതിയുമായി നേരിട്ടു ബന്ധമുണ്ട്. ഓഹരിവിപണി തകരുമ്പോളതു രാഷ്ട്രങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കുന്നു. സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ട രാഷ്ട്രങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നീക്കിവയ്ക്കുന്ന തുകയില്‍ കുറവു വരുന്നു, ദാരിദ്ര്യമുയരുന്നു.

ദാരിദ്ര്യനിര്‍മാര്‍ജനം പല തവണ ലോകത്തിന്റെ കൈയെത്തുംദൂരത്ത് എത്തിയിരുന്നെങ്കിലും, ഓരോ തവണയും അതകന്നകന്നു പോയി. കാരണങ്ങളിലൊന്ന്, അഫ്ഘാനിസ്ഥാന്‍, ഇറാക്ക് എന്നിവിടങ്ങളില്‍ 200103 വര്‍ഷങ്ങളിലാരംഭിയ്ക്കുകയും നീണ്ടുപോകുകയും ചെയ്ത യുദ്ധങ്ങളായിരുന്നു. 200708ല്‍ അമേരിക്കയിലെ സബ്‌പ്രൈം ലോണുകള്‍ മൂലം ലോകവിപണികളിലുണ്ടായ സാമ്പത്തികത്തകര്‍ച്ചയായിരുന്നു, മറ്റൊന്ന്. ഇപ്പോളിതാ, ഈ സുനാമിയും.

02

2004ലെ സുനാമി പ്രകൃതിസൃഷ്ടിയായിരുന്നു. 2016 ജനുവരിയിലെ ഓഹരിവിപണിത്തകര്‍ച്ച മനുഷ്യസൃഷ്ടിയും. ഓഹരികളും ഓഹരിവിപണിയും മനുഷ്യസൃഷ്ടികള്‍ തന്നെ. അതുകൊണ്ട് ഓഹരിവിപണിയിലുണ്ടാകുന്ന തകര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമെല്ലാം ഹേതു മനുഷ്യപ്രവൃത്തികള്‍ തന്നെ. രാഷ്ട്രങ്ങള്‍ക്ക് ഓഹരിവിപണി വാസ്തവത്തിലാവശ്യമുണ്ടോ? തൊഴിലില്ലായ്മയും ദാരിദ്ര്യവും തുടച്ചുനീക്കാന്‍ അത്യന്താപേക്ഷിതമായ മൂലധനനിക്ഷേപത്തിനുള്ള പണം മുഴുവന്‍ സര്‍ക്കാരിന്റെ പക്കലുണ്ടെങ്കില്‍ ഓഹരിവിപണിയുടെ ആവശ്യമില്ല. ഇതല്ല, രാഷ്ട്രങ്ങളുടെ സ്ഥിതി. ഭൂരിപക്ഷം രാഷ്ട്രങ്ങള്‍ക്കും സ്വകാര്യമൂലധനനിക്ഷേപം ആവശ്യമുണ്ട്. ഇതിനു കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നൊരു ഓഹരിവിപണി അനുപേക്ഷണീയം.

ഓഹരിവിപണി ഉയരുന്നതെപ്പോള്‍, തളരുന്നതെപ്പോള്‍? വളരാന്‍ സാദ്ധ്യതയുണ്ടെന്നു വിശ്വസിച്ചുകൊണ്ടു ഭൂരിപക്ഷം നിക്ഷേപകര്‍ ഉയര്‍ന്ന വിലയ്ക്കും ഓഹരികള്‍ വാങ്ങാന്‍ തയ്യാറാകുമ്പോള്‍ വിപണിയുയരുന്നു. വളര്‍ച്ചയ്ക്കു പകരം തളര്‍ച്ചയ്ക്കാണു സാദ്ധ്യതയെന്നു ഭൂരിപക്ഷം നിക്ഷേപകര്‍ വിശ്വസിയ്ക്കുകയും, അവര്‍ താഴ്ന്ന വിലയ്ക്കു പോലും തങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയുകയും ചെയ്യുമ്പോള്‍ വിപണി ഇടിയുന്നു. ബാങ്കുനിക്ഷേപത്തിലെ നഷ്ടസാദ്ധ്യത പൂജ്യം ശതമാനമാണെന്നു തന്നെ പറയാം. ഓഹരിനിക്ഷേപത്തിലെ നഷ്ടസാദ്ധ്യതയാകട്ടെ നൂറുശതമാനവും. ഓഹരിനിക്ഷേപത്തിലെ ഉയര്‍ന്ന നഷ്ടസാദ്ധ്യത കണക്കിലെടുത്ത്, ഓഹരി എപ്പോള്‍ വാങ്ങണമെന്നും എപ്പോള്‍ വില്‍ക്കണമെന്നും തീരുമാനിയ്ക്കാനും, ആ തീരുമാനങ്ങള്‍ നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യം സര്‍ക്കാരുകള്‍ നിക്ഷേപകര്‍ക്കു നല്‍കിയേ തീരൂ. ഇത് ഓഹരിനിക്ഷേപകരുടെ മൗലികാവകാശമായിത്തന്നെ കണക്കാക്കണം.

03

2003 മുതല്‍ 2007 വരെ ചൈനയിലെ മൊത്ത ആഭ്യന്തര ഉല്പാദനം പത്തു ശതമാനത്തിലേറെയായിരുന്നു. 2007ല്‍ അസൂയാവഹമായ 14.2 ശതമാനത്തിലെത്തിയിരുന്ന മൊത്ത ആഭ്യന്തര ഉല്പാദനം 2015 ആയപ്പോഴേയ്ക്കു നേര്‍പകുതിയായി: 7.1 ശതമാനം. 2016ലും 2017ലും അതു വീണ്ടും കുറയുമെന്നാണു ലോകബാങ്കു പറയുന്നത്. ചൈനീസ് സമ്പദ്‌വ്യവസ്ഥ 2016ല്‍ ഏഴു ശതമാനം വളരുമെന്നു ചൈനീസ് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ വളര്‍ച്ച മൂന്നു ശതമാനത്തേക്കാള്‍ കൂടുതലുണ്ടാവില്ലെന്നു ചില വിദേശനിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു. അമേരിക്കയിലെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ജീ ഡീ പി വളര്‍ച്ചാനിരക്കുകളും ഇവിടെ പ്രസക്തമായിരിയ്ക്കും: 2011: 3.64%, 2012: 3.24%, 2013: 4.05%, 2014: 3.88%.

ഓഹരിനിക്ഷേപകര്‍ വളര്‍ച്ചക്കുറവിനെപ്പറ്റി അറിയുന്നത് ഇടയ്കിടെ വെളിപ്പെടുന്ന കണക്കുകളിലൂടെയാണ്. കണക്കുകളില്‍ പ്രതിഫലിയ്ക്കുന്ന തളര്‍ച്ചയ്ക്കനുസരിച്ച് ഓഹരിവിപണിയും തളരുന്നു. അതു സ്വാഭാവികം മാത്രം. ചൈനയിലും അതു സംഭവിച്ചു. 2015 ജൂണ്‍ മുതലുള്ള ഏഴു മാസത്തിനിടയില്‍ ചൈനീസ് ഓഹരിവിപണി നാല്പതു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. പക്ഷേ, 2016 ജനുവരിയിലെ ഓഹരിവിപണിത്തകര്‍ച്ചയ്ക്കിടയാക്കിയത് മുഖ്യമായും വളര്‍ച്ചയിലെ തളര്‍ച്ചയല്ല, പ്രത്യുത, ഓഹരിവിപണിത്തകര്‍ച്ചയ്ക്കു കടിഞ്ഞാണിടാന്‍ വേണ്ടി ചൈനീസ് സര്‍ക്കാരെടുത്ത നടപടികളായിരുന്നു. തകര്‍ച്ച തടയാനെടുത്ത നടപടികള്‍ കൂടുതല്‍ തകര്‍ച്ചയ്ക്കിടയാക്കി എന്നു ചുരുക്കം. തകര്‍ച്ച തടയാന്‍ ചൈന സ്വീകരിച്ച സമീപനത്തിന്റെ വൈചിത്ര്യം ഒരുപമയിലൂടെ വ്യക്തമാക്കാം: താപമാപിനി തെര്‍മോമീറ്റര്‍ ഉപയോഗിച്ചു നാം പനിയളന്നപ്പോള്‍ 104 ഡിഗ്രി പനി! നാമുടന്‍ തെര്‍മോമീറ്ററിനോടു ക്രുദ്ധരായി, അതിന്റെ 98.6 ഡിഗ്രിയ്ക്കപ്പുറമുള്ള ഭാഗം മുറിച്ചുകളയുന്നു: മേലില്‍ നോര്‍മ്മലിനു മുകളില്‍ പനിയുണ്ടാവരുത്!

Advertisement

04

ജനുവരി മാസത്തില്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഏതാണ്ടിതുപോലുള്ളതായിരുന്നു. ഓഹരിവിപണി അധികമിടിയാതിരിയ്ക്കാന്‍ വേണ്ടി, അല്പമിടിയുമ്പോഴേയ്ക്കു കച്ചവടം നിറുത്തി, വിപണി അടച്ചുപൂട്ടും! ഇതായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ നടപടി. ജനുവരി നാലിനാണു പുതിയ നിയമം നിലവില്‍ വന്നത്. ചൈനീസ് ഓഹരിവിപണിയുടെ മുഖ്യസൂചികയായ ‘സി എസ് ഐ 300’ (ചൈന സെക്യൂരിറ്റീസ് ഇന്‍ഡക്‌സ്) അഞ്ചു ശതമാനമിടിഞ്ഞാല്‍, ചൈനയിലെ ഓഹരിവിപണികളൊന്നടങ്കം പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു കച്ചവടം നിറുത്തുന്നു. കച്ചവടം പുനരാരംഭിയ്ക്കുമ്പോള്‍ സൂചിക വീണ്ടും രണ്ടു ശതമാനം കൂടിയിടിഞ്ഞ്, ആകെ ഇടിവ് ഏഴു ശതമാനം തികഞ്ഞാല്‍, അന്നത്തെ കച്ചവടം അവിടെവച്ച് അവസാനിപ്പിയ്ക്കുന്നു.

ഈ നിയമം നടപ്പിലായ ജനുവരി നാലിനു തന്നെ വിപണി ഏഴു ശതമാനം ഇടിയുകയും കച്ചവടം നിറുത്തുകയും ചെയ്യേണ്ടി വന്നു. നാലാം തീയതിയുണ്ടായ ഈ ഇടിവ് സാവധാനമാണുണ്ടായത്. ചൈനയിലെ ഓഹരിക്കച്ചവടസമയം ഒമ്പതര മുതല്‍ മൂന്നു വരെയാണ്. ജനുവരി നാലാം തീയതി, കച്ചവടസമയം ഏകദേശം കഴിയാറായപ്പോഴാണ് ഇടിവ് ഏഴു ശതമാനം തികഞ്ഞതും കച്ചവടം നിറുത്തേണ്ടി വന്നതും.

ജനുവരി നാലാം തീയതിയിലേതില്‍ നിന്നു വ്യത്യസ്തമായിരുന്നു, ഏഴാം തീയതിയിലെ സ്ഥിതി. ഇടപാടുകള്‍ തുടങ്ങി പതിമൂന്നു മിനിറ്റു കഴിഞ്ഞപ്പോഴേയ്ക്ക് വിപണി അഞ്ചു ശതമാനമിടിഞ്ഞു, കച്ചവടം നിലച്ചു. പതിനഞ്ചു മിനിറ്റിനു ശേഷം കച്ചവടം പുനരാരംഭിച്ചപ്പോള്‍, തങ്ങളുടെ ഓഹരികള്‍ കിട്ടുന്ന വിലയ്ക്കു വിറ്റഴിയ്ക്കാന്‍ വേണ്ടി ഉത്കണ്ഠയോടെ കാത്തുനില്‍ക്കുകയായിരുന്ന നിക്ഷേപകര്‍, അവ വിറ്റഴിയ്ക്കാന്‍ തിരക്കു കൂട്ടി. ഒരു മിനിറ്റിനുള്ളില്‍ വിപണി രണ്ടു ശതമാനം കൂടിയിടിഞ്ഞ്, ആകെയിടിവ് ഏഴു ശതമാനം തികയുകയും, വിപണി അന്നത്തേയ്ക്ക് അടച്ചുപൂട്ടുകയും ചെയ്തു. അങ്ങനെ, ജനുവരി ഏഴാം തീയതി ചൈനീസ് ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ കച്ചവടദിനമായിത്തീര്‍ന്നു: ആകെ പതിനാലു മിനിറ്റ്! ചൈനീസ് സുനാമി മൂലം ഹോങ്കോങ്ങിലെ സൂചികയായ ഹാങ്‌സെങ്ങ് 647 പോയിന്റും നമ്മുടെ സെന്‍സെക്‌സ് 554 പോയിന്റും ജര്‍മ്മനിയുടെ ഡാക്‌സ് 234 പോയിന്റും അമേരിക്കയുടെ ഡൗജോണ്‍സ് 392 പോയിന്റും ഇടിഞ്ഞു.

05

ഏഴു ശതമാനമിടിയുമ്പോഴേയ്ക്കു വിപണി അടച്ചുപൂട്ടുന്ന ചൈനയുടെ നയത്തെ ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ നിശിതമായി വിമര്‍ശിച്ചു. അഞ്ചു ശതമാനമിടിഞ്ഞയുടന്‍, ഏഴു ശതമാനമിടിവിലേയ്ക്കു നിക്ഷേപകരെ വലിച്ചടുപ്പിയ്ക്കുന്ന, ഓഹരികള്‍ ഭ്രാന്തമായി വിറ്റഴിയ്ക്കാന്‍ അവരെ പ്രേരിപ്പിയ്ക്കുന്ന, അദൃശ്യമായൊരു കാന്തസമാനശക്തി രംഗത്തുവരുന്നെന്നും, അതുകൊണ്ടു രണ്ടു ശതമാനമിടിവു കൂടി സംഭവിച്ച്, ഏഴു ശതമാനമിടിവു തികയാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്നും അവര്‍ നിരീക്ഷിച്ചു. ഇടിവ് അഞ്ചു ശതമാനത്തില്‍ നിന്ന് ഏഴിലേയ്‌ക്കെത്താന്‍ ജനുവരി ഏഴിനു കേവലം ഒരു മിനിറ്റു മാത്രമേ വേണ്ടിവന്നുള്ളൂ എന്ന കാര്യവും അവര്‍ ചൂണ്ടിക്കാണിച്ചു. ഈ നയം തുടര്‍ന്നാല്‍, ഇനിയുമിതു സംഭവിയ്ക്കാനാണിടയെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.

സൂചിക ഒരു നിശ്ചിതശതമാനം ഇടിയുകയോ ഉയരുകയോ ചെയ്താല്‍ കച്ചവടം നിറുത്തുന്ന സംവിധാനത്തിനു ‘സര്‍ക്യൂട്ട് ബ്രേക്കര്‍’ എന്നാണു പറയുന്നത്. സര്‍ക്യൂട്ട് ബ്രേക്കറിനു തുല്യമായ മലയാളപദം കാണാനിടയായിട്ടില്ല. നമുക്ക് ഒന്നുരണ്ടെണ്ണമുണ്ടാക്കാം: ‘വിപണിവിരാമം’, ‘വിപണനവിരാമം’. ഓഹരിവിപണിയുമായി അല്പമെങ്കിലും പരിചയമുള്ളവര്‍ക്കു ‘സര്‍ക്യൂട്ട് ബ്രേക്കര്‍’ ആയിരിയ്ക്കും പരിചിതം; ‘വിപണിവിരാമ’വും ‘വിപണനവിരാമ’വും അപരിചിതവും. അതുകൊണ്ട് ഈ ലേഖനത്തില്‍ ‘സര്‍ക്യൂട്ട് ബ്രേക്കര്‍’ തുടര്‍ന്നുമുപയോഗിയ്ക്കുന്നു.

സര്‍ക്യൂട്ട് ബ്രേക്കറിന്റെ ചരിത്രമൊരല്പം: 1987 ഒക്ടോബര്‍ പതിനഞ്ചാം തീയതി വ്യാഴാഴ്ച കുവൈറ്റില്‍ നിന്നുള്ള എണ്ണ നിറയ്ക്കുകയായിരുന്ന ‘സണ്‍ഗറി’യെന്ന അമേരിക്കന്‍ എണ്ണക്കപ്പലിനു നേരേ ഇറാന്‍ സില്‍ക്ക്‌വേം എന്ന മിസ്സൈല്‍ പ്രയോഗിച്ചു. പിറ്റേന്ന്, വെള്ളിയാഴ്ച, കുവൈറ്റിന്റെ സമുദ്രാതിര്‍ത്തിയ്ക്കുള്ളില്‍ അമേരിക്കന്‍ പതാക വഹിച്ചിരുന്ന ‘സീ ഐല്‍ സിറ്റി’യെന്ന വാണിജ്യക്കപ്പലിനു നേരേയും ഇറാന്‍ മിസ്സൈല്‍ പ്രയോഗിച്ചു; പതിനെട്ടു ജീവനക്കാര്‍ക്കു പരിക്കു പറ്റി. തിങ്കളാഴ്ച, ഒക്ടോബര്‍ പത്തൊമ്പതാം തീയതി, അമേരിക്കയിലെ മുഖ്യ ഓഹരിവിലസൂചികയായ ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവരേജ് 22.61 ശതമാനമിടിഞ്ഞു. ‘കറുത്ത തിങ്കളാഴ്ച’ ‘ബ്ലാക്ക് മണ്‍ഡേ’ – എന്ന് ആ തിങ്കളാഴ്ച കുപ്രസിദ്ധി നേടി. ഒക്ടോബര്‍ അവസാനമായപ്പോഴേയ്ക്ക് അമേരിക്ക, ബ്രിട്ടന്‍, ക്യാനഡ, ആസ്‌ട്രേലിയ, ഹോങ്കോങ്ങ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ഓഹരിവിപണികള്‍ 22 ശതമാനം മുതല്‍ 45 ശതമാനം വരെ ഇടിയുകയും ചെയ്തു.

06

ഇത്തരം ഭീമമായ ഇടിവുകള്‍ എങ്ങനെയൊഴിവാക്കാനാകുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ചിന്തിച്ചു. ഇതേപ്പറ്റി പഠിച്ച്, ശുപാര്‍ശകള്‍ നല്‍കാന്‍ അന്നത്തെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി (ധനകാര്യമന്ത്രി) ആയിരുന്ന നിക്കൊളാസ് ബ്രാഡിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി നിയോഗിയ്ക്കപ്പെട്ടു. ആ കമ്മിറ്റിയുടെ ശുപാര്‍ശയായിരുന്നു, സര്‍ക്യൂട്ട് ബ്രേക്കറുകളെന്നു പില്‍ക്കാലത്തറിയപ്പെട്ട വിപണനവിരാമങ്ങള്‍. അമേരിക്കന്‍ ഓഹരിവിപണിയില്‍ മൂന്നു തലങ്ങളുള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍ നിലവിലുണ്ട്: ഏഴു ശതമാനം, പതിമൂന്നു ശതമാനം, ഇരുപതു ശതമാനം. ഏഴു ശതമാനമിടിഞ്ഞാല്‍, വിപണി പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു നിശ്ചലമാകുന്നു. ഇടിവു പതിമൂന്നു ശതമാനമാകുമ്പോഴും അങ്ങനെ തന്നെ. 3:25നു ശേഷമാണിതു സംഭവിയ്ക്കുന്നതെങ്കില്‍ കച്ചവടം നിലയ്ക്കുകയില്ല. (അമേരിക്കന്‍ ഓഹരിവിപണി ഒമ്പതര മുതല്‍ നാലു മണി വരെയാണു പ്രവര്‍ത്തിയ്ക്കുന്നത്.) ഇരുപതു ശതമാനം ഇടിവുണ്ടായാല്‍ അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കുന്നു. എസ് ആന്റ് പി 500 (‘സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ 500’) എന്ന സൂചികയെയാണ് ഇതിനാധാരമാക്കിയിരിയ്ക്കുന്നത്. ഒരു മാസത്രയത്തിനു മുമ്പുള്ള മാസത്തിലെ പ്രതിദിനശരാശരിയെ അതിന്റെ ഏറ്റവുമടുത്ത അമ്പതിന്റെ ഗുണിതമാക്കിക്കിട്ടുന്ന തുകയായിരിയ്ക്കും ആ മാസത്രയത്തിനുള്ള അടിസ്ഥാനം.

Advertisement

ചൈന 2016 ജനുവരി മാസത്തിലേര്‍പ്പെടുത്തിയ, ‘കച്ചവടമവസാനിപ്പിയ്ക്കാന്‍ 5%+2% വിലചലനം മതി’യെന്ന നിയമത്തെ വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ സര്‍ക്യൂട്ട് ബ്രേക്കറുകളുടെ ഉപജ്ഞാതാവായ നിക്കൊളാസ് ബ്രാഡിയുമുണ്ടായിരുന്നു. സര്‍ക്യൂട്ട് ബ്രേക്കറുകള്‍ വിപണിയെ ഉചിതമായി പ്രതിഫലിപ്പിയ്ക്കുന്നവയായിരിയ്ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വലിയ കയറ്റിറക്കങ്ങളുണ്ടാകാറുള്ള വിപണികളില്‍, അവിടങ്ങളിലെ കയറ്റിറക്കങ്ങള്‍ക്കനുസൃതമായ, ദീര്‍ഘമായ വിലചലനങ്ങളാണു വിപണനവിരാമത്തിലേയ്ക്കായി നിഷ്‌കര്‍ഷിയ്‌ക്കേണ്ടത് എന്നര്‍ത്ഥം.

ലോകാഭിമതം മാനിച്ചു തിരുത്തല്‍ നടപടിയെടുക്കാന്‍ ചൈനയൊട്ടും അമാന്തിച്ചില്ല; അവര്‍ ജനുവരി ഏഴാം തീയതി രാത്രി തന്നെ, സര്‍ക്യൂട്ട് ബ്രേക്കറുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ഓഹരിവിപണികള്‍ അല്പം ശാന്തമായിട്ടുണ്ടെങ്കിലും, ചൈനീസ് സുനാമിയുടെ അലയടികള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിയ്ക്കാനാണിട.

സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഇന്ത്യയിലെ ഓഹരിവിപണിയിലും നിലവിലുണ്ട്. അവയ്ക്കും മൂന്നു തലങ്ങളുണ്ട്. അമേരിക്കയിലെ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ 7%, 13%, 20% എന്നിവയാണെങ്കില്‍, ഇന്ത്യയിലേത് അല്പം കൂടി വിസ്തൃതമാണ്: 10%, 15%, 20% എന്നിവയാണവ. അമേരിക്കയില്‍ എസ് ആന്റ് പി 500 എന്ന ഒരു സൂചിക മാത്രമാണ് ഇതിനായി കണക്കിലെടുക്കുന്നതെങ്കില്‍, ഇന്ത്യയില്‍ ഒരേ സമയം രണ്ടു സൂചികകള്‍ കണക്കിലെടുക്കുന്നു: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ‘നിഫ്റ്റി 50’ എന്ന സൂചികയും, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സെന്‍സെക്‌സ് എന്ന സൂചികയും. ഇവയിലേതെങ്കിലുമൊന്ന്, മുന്‍ ദിവസത്തേക്കാള്‍ പത്തു ശതമാനമിടിഞ്ഞാല്‍, കച്ചവടം നാല്പത്തഞ്ചു മിനിറ്റു നേരത്തേയ്ക്കു നിലയ്ക്കുന്നു. ഒരു മണിയ്ക്കും രണ്ടരയ്ക്കുമിടയിലാണിതു സംഭവിയ്ക്കുന്നതെങ്കില്‍ പതിനഞ്ചു മിനിറ്റു സമയം മാത്രമേ കച്ചവടം നിലയ്ക്കുകയുള്ളൂ. രണ്ടരയ്ക്കു ശേഷമാണെങ്കില്‍ കച്ചവടം നിലയ്ക്കുകയേയില്ല. ഒമ്പതേകാല്‍ മുതല്‍ മൂന്നര വരെയാണു ഇന്ത്യന്‍ വിപണിയിലെ കച്ചവടസമയം.

07

സൂചികയില്‍ പതിനഞ്ചു ശതമാനമിടിവുണ്ടായാല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ നേരം കച്ചവടം നിലയ്ക്കും. ഒരു മണിയ്ക്കും രണ്ടു മണിയ്ക്കുമിടയിലാണിതു സംഭവിയ്ക്കുന്നതെങ്കില്‍, 45 മിനിറ്റു മാത്രമേ കച്ചവടം നിലയ്ക്കൂ. എന്നാല്‍, രണ്ടു മണിയ്ക്കു ശേഷമാണു പതിനഞ്ചു ശതമാനം തികയുന്നതെങ്കില്‍ അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കും. സമയത്തെ ആധാരമാക്കുന്ന ഇത്തരം വ്യതിരേകങ്ങളൊന്നും ഇരുപതു ശതമാനമിടിവിന്റെ കാര്യത്തിലില്ല; സൂചിക ഇരുപതു ശതമാനമിടിഞ്ഞാല്‍ അന്നത്തെ കച്ചവടം ആ നിമിഷമവസാനിയ്ക്കും.

സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഇന്ത്യയിലാദ്യമായി 2001ല്‍ നിലവില്‍ വന്നപ്പോള്‍, മുന്‍ മാസത്രയത്തിന്റെ ഒടുവിലത്തെ നിലയായിരുന്നു അടിസ്ഥാനമായെടുത്തിരുന്നത്. 2013ല്‍ നിലവില്‍ വന്ന ഭേദഗതിയോടെ, മുന്‍ മാസത്രയത്തിന്റേതിനു പകരം മുന്‍ ദിനത്തിന്റെ ഒടുവിലത്തെ നില അടിസ്ഥാനമായിത്തീര്‍ന്നു.

ഇന്ത്യന്‍ വിപണി പത്തു ശതമാനവും പതിനഞ്ചു ശതമാനവും ഒന്നിലേറെത്തവണ ഇടിഞ്ഞിട്ടുണ്ട്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷമില്ലായിരുന്നു. ഇടതുപക്ഷകക്ഷികള്‍ കോണ്‍ഗ്രസ്മുന്നണിയെ പിന്തുണയ്ക്കുമെന്നു വെളിപ്പെട്ടത് ഒരു വെള്ളിയാഴ്ചയായിരുന്നു; മെയ് പതിന്നാലാം തീയതി. അന്നു വിപണിയുടെ 8.8 ശതമാനം ഇടിഞ്ഞു. അടുത്ത ദിവസം, അന്നത്തെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജീത് ഒരു പ്രസ്താവന നടത്തി; കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ വേണ്ടി രൂപീകരിയ്ക്കപ്പെട്ടിരുന്ന വകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡിസിന്‍വെസ്റ്റ്‌മെന്റ്) അടച്ചുപൂട്ടുമെന്നായിരുന്നു, പ്രസ്താവന. പത്തു ശതമാനം ഇടിവോടെയാണു തുടര്‍ന്നുള്ള തിങ്കളാഴ്ച, മെയ് പതിനേഴാം തീയതി, വിപണി തുറന്നത്! കച്ചവടമുടന്‍ താത്കാലികമായി നിലച്ചു. അന്ന് അര മണിക്കൂര്‍ മാത്രമായിരുന്നു, ആദ്യതലവുമായി ബന്ധപ്പെട്ടു നിലവിലുണ്ടായിരുന്ന വിപണനവിരാമം. അരമണിക്കൂറിനു ശേഷം കച്ചവടം പുനരാരംഭിച്ചയുടന്‍ അഞ്ചു ശതമാനം കൂടിയിടിഞ്ഞു. തുടര്‍ന്നു രണ്ടു മണിക്കൂര്‍ വിരാമം.

കച്ചവടം പുനരാരംഭിച്ചയുടന്‍ 18.3 ശതമാനത്തിലെത്തിയ ഇടിവ് ഇരുപതു ശതമാനത്തിലേയ്‌ക്കെത്തിയില്ല. ശതമാനക്കണക്കനുസരിച്ച്, ഇന്ത്യയില്‍ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങിയ ശേഷം നേരിട്ട ഏറ്റവും വലിയ ഇടിവ് ഇതായിരുന്നു. അതിനിടയില്‍ മന്‍മോഹന്‍ സിംഗ് ടീവിയില്‍ പ്രത്യക്ഷപ്പെട്ടു. ഉടന്‍ വിപണി ഉയരാന്‍ തുടങ്ങി. മന്‍മോഹന്‍ സിംഗാണു പ്രധാനമന്ത്രിയാകാന്‍ പോകുന്നതെന്ന കാര്യം അപ്പോഴേയ്ക്കു വ്യക്തമായിക്കഴിഞ്ഞിരുന്നു. ഇന്ത്യ ഭാവിയില്‍ നേടാന്‍ പോകുന്ന സാമ്പത്തികവളര്‍ച്ചയെപ്പറ്റി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കി. അതോടൊപ്പം പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഹരികള്‍ വാങ്ങാനും തുടങ്ങി. അന്നു കച്ചവടം അവസാനിച്ചപ്പോഴേയ്ക്ക് ഇടിവു പതിനെട്ടു ശതമാനത്തില്‍ നിന്നു പന്ത്രണ്ടു ശതമാനമായി കുറഞ്ഞിരുന്നു. തുടര്‍ന്നുള്ള രണ്ടു ദിവസം വിപണി ഉയരുകയും ചെയ്തു.

Advertisement

പോയിന്റടിസ്ഥാനത്തില്‍, ഒരു കച്ചവടദിനത്തിനിടയിലെ ഏറ്റവും വലിയ ഇടിവുണ്ടായത് 2008 ജനുവരി ഇരുപത്തിരണ്ടിനായിരുന്നു. അന്നത്തെ കച്ചവടത്തിനിടയില്‍ സെന്‍സെക്‌സ് 2272.93 പോയിന്റ് ഇടിഞ്ഞിരുന്നു. പോയിന്റടിസ്ഥാനത്തില്‍ ഭീകരമെങ്കിലും, ശതമാനക്കണക്കില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലിതു 12.91 ശതമാനം മാത്രമായിരുന്നു. നിഫ്റ്റിയില്‍ 14.6 ശതമാനവും. അന്നും വിപണിയില്‍ താത്കാലിക വിരാമം സംഭവിച്ചിരുന്നു. ആ ദിവസങ്ങളിലെ ഇടിവ് ആഗോളവ്യാപകമായിരുന്നു. അമേരിക്ക സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമരുന്നെന്ന ഭീതിയായിരുന്നു ഇടിവിനുള്ള കാരണം. ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരം അന്നു നടത്തിയ പത്രസമ്മേളനത്തില്‍ നിന്നു വിപണിയ്ക്കല്പം ധൈര്യം കിട്ടി. കച്ചവടസമയം തീര്‍ന്നപ്പോഴേയ്ക്ക് ഇടിവ് 5.94 ശതമാനമായി കുറയുകയും ചെയ്തു.

ഒരു കച്ചവടദിനത്തിനിടയിലെ ഏറ്റവും വലിയ ഇടിവുണ്ടായതു 2008 ജനുവരി ഇരുപത്തിരണ്ടിനായിരുന്നെങ്കില്‍, സൂചികകളുടെ അവസാനത്തുകകളിലെ ഏറ്റവും വലിയ ഇടിവുണ്ടായത് 2015 ആഗസ്റ്റ് ഇരുപത്തിനാലിനായിരുന്നു: 1624.51 പോയിന്റ്. പക്ഷേ, ശതമാനക്കണക്കിലത് 5.94% മാത്രമായിരുന്നു.

പത്ത്, പതിനഞ്ച്, ഇരുപത് എന്നീ ശതമാനങ്ങളിലുള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍ വിലത്തകര്‍ച്ചയില്‍ മാത്രമാണു സജീവമാകുന്നതെന്ന് ആരെങ്കിലും ധരിച്ചുപോയിട്ടുണ്ടെങ്കില്‍ ആ ധാരണ തിരുത്തുക തന്നെ വേണം. സൂചികയിലുണ്ടാകുന്ന ഉയര്‍ച്ചയ്ക്കും അവ ബാധകം തന്നെ. വിപണി ഉയരുന്നതു നിക്ഷേപകര്‍ക്കും രാഷ്ട്രത്തിനുമെല്ലാം ഗുണകരമാണെങ്കിലും, അതു തടയുന്നതില്‍ യുക്തി കാണാനാവില്ലെങ്കിലും, സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഇരുതലവാളുകളായാണു സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നത്; പരിധിയില്‍ക്കവിഞ്ഞ ഇടിവു മാത്രമല്ല, ഉയര്‍ച്ചയും അവ തടയും. സൂചിക മുന്‍ ദിനത്തേക്കാള്‍ പത്തു ശതമാനമുയര്‍ന്നാല്‍ കച്ചവടം താത്കാലികമായി നിലയ്ക്കും. കച്ചവടം പുനരാരംഭിയ്ക്കുമ്പോള്‍ സൂചിക അഞ്ചു ശതമാനം കൂടിയുയര്‍ന്ന് ആകെ ഉയര്‍ച്ച പതിനഞ്ചു ശതമാനം തികച്ചാല്‍, കച്ചവടം വീണ്ടും നിലയ്ക്കും. കച്ചവടം പുനരാരംഭിയ്ക്കുമ്പോള്‍ സൂചിക വീണ്ടുമുയര്‍ന്ന്, ആകെ ഉയര്‍ച്ച ഇരുപതു ശതമാനത്തിലെത്തിയാലുടന്‍ അന്നത്തെ കച്ചവടമവസാനിയ്ക്കുകയും ചെയ്യും.

ഇതും ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഒരിയ്ക്കല്‍ സംഭവിച്ചിരുന്നു. 2009 മെയ് പതിനെട്ടാം തീയതി. ആയിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വെളിവായ ഉടനായിരുന്നു, അത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നു വ്യക്തമായ ദിവസം. രാവിലെ വിപണി തുറന്നതു തന്നെ പത്തു ശതമാനത്തിലേറെ ഉയര്‍ന്നുകൊണ്ടായിരുന്നു. ഉടന്‍ ആദ്യതലത്തിലെ വിരാമമുണ്ടായി. കച്ചവടം പുനരാരംഭിച്ചയുടന്‍ സൂചികയിലെ ഉയര്‍ച്ച പതിനഞ്ചു ശതമാനത്തിലെത്തി. രണ്ടു മണിക്കൂര്‍ വിരാമത്തിനു ശേഷം കച്ചവടം പുനരാരംഭിച്ചപ്പോള്‍ നിഫ്റ്റി വീണ്ടുമുയര്‍ന്ന് ഇരുപതു ശതമാനത്തിലെത്തുകയും അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കുകയും ചെയ്തു. മറ്റാരിലുമില്ലാതിരുന്ന വിശ്വാസം ഓഹരിവിപണിയ്ക്കു മന്‍മോഹന്‍ സിംഗില്‍ അന്നുണ്ടായിരുന്നെന്നു വ്യക്തം.

ഇതുവരെയുള്ള പരാമര്‍ശം മുഴുവന്‍ ഓഹരിവിലസൂചിക ഒരു നിശ്ചിതശതമാനം ഉയരുകയോ താഴുകയോ ചെയ്യുമ്പോള്‍ കച്ചവടം നിലയ്ക്കാനിടയാക്കുന്ന സര്‍ക്യൂട്ട് ബ്രേക്കറുകളെപ്പറ്റിയായിരുന്നു. ഇവയ്ക്കു പുറമേ, ഓരോ ഓഹരിയിലും ഒരു ദിവസത്തിനിടയിലുണ്ടാകാവുന്ന ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും പരിധിയുണ്ട്. ഏതാനും ഉദാഹരണങ്ങളിലൂടെ ഇതെളുപ്പം മനസ്സിലാക്കിയെടുക്കാം. യൂണിവേഴ്‌സല്‍ കേബിള്‍സ് ലിമിറ്റഡ് എന്ന ഒരോഹരി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ വിലയില്‍ ഒരു ദിവസമുണ്ടാകാവുന്ന ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും അഞ്ചു ശതമാനമെന്ന പരിധി ഇപ്പോഴുണ്ട്. കഴിഞ്ഞ ദിവസത്തെ അതിന്റെ അവസാനവില 90.15 രൂപയായിരുന്നു. അടുത്ത ദിവസത്തെ കച്ചവടത്തില്‍ ഇതിനനുവദനീയമായിട്ടുള്ള പരമാവധി ഉയര്‍ച്ചയും താഴ്ചയും അഞ്ചു ശതമാനം വീതമാണ്. ഇതനുസരിച്ച്, അടുത്ത ദിവസം അതിന് 94.65 രൂപ വരെ ഉയരുകയോ, 85.65 രൂപ വരെ താഴുകയോ ചെയ്യാം. ഉയര്‍ന്ന പരിധിയ്ക്ക് അപ്പര്‍ പ്രൈസ് ബാന്‍ഡ് എന്നും താഴ്ന്ന പരിധിയ്ക്കു ലോവര്‍ പ്രൈസ് ബാന്‍ഡ് എന്നും പറയുന്നു. ഒരു ദിവസത്തെ അവസാനവിലയ്ക്കനുസൃതമായിരിയ്ക്കും, അടുത്ത ദിവസത്തെ, അതിന്റെ പരിധിവിലകള്‍.

മോസര്‍ ബേയര്‍ എന്ന ഒരോഹരി നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിനിപ്പോള്‍ പ്രതിദിനം അനുവദനീയമായിട്ടുള്ളതു പത്തു ശതമാനം ഉയര്‍ച്ചയും താഴ്ചയുമാണ്. മോസര്‍ ബേയറിന്റെ കഴിഞ്ഞ ദിവസത്തെ അവസാനവില 13.35 രൂപയായിരുന്നു. പത്തുശതമാനമനുസരിച്ചുള്ള അതിന്റെ ഉയര്‍ന്ന പരിധി 14.65 രൂപയും താഴ്ന്ന പരിധി 12.05 രൂപയുമാണ്.

ത്രിവേണി എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഡസ്ട്രീസ് എന്ന ഒരോഹരിയും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിനു പ്രതിദിനം 20 ശതമാനം ഉയര്‍ച്ചയും താഴ്ചയും അനുവദിയ്ക്കപ്പെട്ടിട്ടുണ്ട്. അതിന്റെ കഴിഞ്ഞ ദിവസത്തെ അവസാനവില 53.45 രൂപയായിരുന്നു. ഇതനുസരിച്ച്, അതിന് അടുത്ത ദിവസം പരമാവധി 64.10 രൂപ വരെ ഉയരുകയും 42.80 വരെ താഴുകയും ചെയ്യാം.

Advertisement

പരമാവധി പ്രതിദിനവിലചലനം അഞ്ച്, പത്ത്, ഇരുപത് ശതമാനങ്ങളാക്കി നിജപ്പെടുത്തിയിരിയ്ക്കുന്ന ഓഹരികളുടെ ഉദാഹരണങ്ങളാണു മുകളില്‍ കൊടുത്തിരിയ്ക്കുന്നത്. വെറും രണ്ടു ശതമാനം മാത്രം ചലനം അനുവദിയ്ക്കാനും സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അധികാരമുണ്ടെങ്കിലും, അത്തരം ഓഹരികള്‍ നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ പട്ടികയിലിപ്പോള്‍ കാണുന്നില്ല.

പ്രതിദിനവിലചലനത്തിന് രണ്ട്, അഞ്ച്, പത്ത്, ഇരുപത് എന്നീ ശതമാനങ്ങളില്‍ക്കവിയാത്ത പരിധികള്‍ അനുവദിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഓഹരികളോടൊപ്പം, ഇത്തരം യാതൊരു പരിധിയും നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ഓഹരികളും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലുമുണ്ട്. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് (അവധിവ്യാപാരം) എന്ന വിഭാഗവുമായി ബന്ധമുള്ള ഓഹരികളാണിവ. കച്ചവടം ഏറ്റവുമധികം നടക്കുന്നതും ഇത്തരം ഓഹരികളിലാണ്. ഒരു ദിവസം എത്ര ശതമാനം വേണമെങ്കിലും ഉയരുകയും താഴുകയും ചെയ്യാന്‍ ഇവയ്ക്കാകും. ഒരുദാഹരണം പറയാം. ഇക്കൂട്ടത്തിലുള്‍പ്പെട്ടിരുന്ന ഒരോഹരിയായിരുന്നു സത്യം കമ്പ്യൂട്ടര്‍. 2009 ജനുവരിയിലതു വെറും രണ്ടു ദിവസം കൊണ്ടു 96 ശതമാനമിടിഞ്ഞ്, 180 രൂപയില്‍ നിന്ന് ആറു രൂപയിലേയ്ക്കു കൂപ്പുകുത്തി. ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും യാതൊരു പരിധിയുമില്ലാത്ത ഓഹരികള്‍ വന്‍ തോതിലുള്ള ഇത്തരം വിലചലനങ്ങള്‍ക്കു വിധേയമായേയ്ക്കാമെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. സത്യം കമ്പ്യൂട്ടര്‍ പില്‍ക്കാലത്തു ടെക്ക് മഹീന്ദ്രയില്‍ ലയിച്ചു.

നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ഏറ്റവുമധികം വിപണനം ചെയ്യപ്പെടുന്ന ഓഹരികളില്‍ ഭൂരിഭാഗവും പ്രതിദിനവിലചലനത്തിനു പരിധികള്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലാത്തവയാണെന്നു സൂചിപ്പിച്ചുവല്ലോ. വിലചലനത്തിനു പരിധികളില്ലെങ്കില്‍പ്പോലും, ആത്മവിശ്വാസത്തോടെ ഓഹരിവിപണിയില്‍ ഇടപാടുകള്‍ നടത്താന്‍ ഇവിടത്തെ നിക്ഷേപകര്‍ക്കാകുന്നുണ്ട്. എന്നു വേണമെങ്കിലും തങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയാനാകുമെന്ന വിശ്വാസം – ആശ്വാസവും ഇന്ത്യയിലെ ഓഹരിനിക്ഷേപകര്‍ക്കുണ്ട്.

ഇന്ത്യയിലേതില്‍ നിന്നു വ്യത്യസ്തമായി, ചൈനയിലെ സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ വിപണനം ചെയ്യപ്പെടുന്ന ഓരോ ഓഹരിയിലേയും പരമാവധി പ്രതിദിനവിലചലനം പത്തു ശതമാനമായി നിജപ്പെടുത്തിയിരിയ്ക്കുന്നു. അവിടത്തെ ഒരോഹരിയ്ക്കും ഒരു ദിവസം പത്തു ശതമാനത്തിലേറെ ഉയരാനോ താഴാനോ ആവില്ല. ‘ഓഹരികള്‍ കൂച്ചുവിലങ്ങില്‍’ എന്നു വേണം പറയാന്‍. പലപ്പോഴും തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനാകാതെ കുഴങ്ങുന്ന നിക്ഷേപകര്‍ക്ക് ഓഹരികളെപ്പോലെ തങ്ങളും കൂച്ചുവിലങ്ങിലാണെന്നു തോന്നിപ്പോയാല്‍ അതിശയിയ്ക്കാനില്ല. ക്രയവിക്രയങ്ങള്‍ അസാദ്ധ്യമാക്കുന്ന, കടുത്ത നിയന്ത്രണങ്ങള്‍ ചൈനയിലെ ഭരണവ്യവസ്ഥയുടെ തന്നെ പ്രതിഫലനമാണ്. ജനാധിപത്യമല്ല, ചൈനയില്‍ നിലവിലിരിയ്ക്കുന്നത്. ചൈനയിലെ പൗരന്മാര്‍ക്ക്, അവിടത്തെ ഓഹരികളെപ്പോലെ തന്നെ, താരതമ്യേന, പരിമിതമായ സ്വാതന്ത്ര്യമേയുള്ളു.

ആവശ്യവും (ഡിമാന്റ്) ലഭ്യതയും (സപ്ലൈ) സ്വാഭാവികരീതിയില്‍ തുല്യമാകേണ്ടൊരു വിപണിയാണ് ഓഹരിക്കമ്പോളം. അതു സര്‍ക്കാരിന്റെ സമ്മര്‍ദ്ദമോ ഇടപെടലോ കൂടാതെ തന്നെ സാദ്ധ്യമാകുകയും വേണം. വിപണിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പിടികൂടി ശിക്ഷിയ്ക്കാനും മാത്രമേ സര്‍ക്കാരുകളിടപെടാവൂ. ഓഹരിവിലകളെ സര്‍ക്കാര്‍ നിയന്ത്രിയ്ക്കുന്നതു ഫുട്‌ബോളിലെ ഗോളടിയും ഗോള്‍ തടയലും റഫറിയുടെ ഇച്ഛാനുസരണമാകുന്നതിനു തുല്യമാകും. ചൈനീസ് സര്‍ക്കാരിന്റെ ഇത്തരമിടപെടലുകള്‍ ഓഹരിവിപണിയ്ക്കു വലുതായ ദോഷം ചെയ്തിട്ടുണ്ടെന്നു കഴിഞ്ഞ എട്ടു മാസക്കാലത്തെ സംഭവങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നു. ചൈനയെപ്പറ്റിയുള്ള പഠനങ്ങള്‍ക്കായി ജര്‍മനിയിലെ ബെര്‍ലിനില്‍ സ്ഥാപിയ്ക്കപ്പെട്ടിരിയ്ക്കുന്ന മെര്‍ക്കേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ സെബാസ്റ്റ്യന്‍ ഹെയില്‍മാന്റെ വാക്കുകളിവിടെ പ്രസക്തമാണ്:

‘ചൈനയുടെ ഓഹരിവിപണിയെ ഒരുതരം ചൂതാട്ടക്കളമായാണ് ലോകമെക്കാലവും വീക്ഷിച്ചുപോന്നിട്ടുള്ളത്. ഇപ്പോഴാണെങ്കില്‍ അതിന്റെ നടുവൊടിയുകയും ചെയ്തിരിയ്ക്കുന്നു. അവിടം ഊഹക്കച്ചവടക്കാര്‍ക്കു പോലും അപകടകരമായ ഒരിടമായിത്തീര്‍ന്നിരിയ്ക്കുന്നു.’

____________________________________________________________
ലേഖകന്‍: സുനില്‍ എം എസ്, മൂത്തകുന്നം
ഈമെയില്‍: sunilmssunilms@rediffmail.com

Advertisement

 21 total views,  2 views today

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement