01

ബിജെപി വീവേഴ്സ് സെല്‍ നാഷണല്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍ സന്ദീപ്‌ വാര്യര്‍ തന്റെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്ത നോട്ട് ആണിത്.

പാലക്കാട്ടെ പെമ്പിള്ളേര് ചൊവ്വയില്‍ സ്ഥിരതാമസത്തിനു പോകുന്നു എന്നൊരു വാര്‍ത്ത കുറേ ദിവസമായി ഫേസ്ബുക്കില്‍ കിടന്നു കറങ്ങുന്നു. സിറാജ് പോലുള്ള പത്രങ്ങളുടെ ലിങ്ക് ആയതിനാല്‍ കാര്യമായ ശ്രദ്ധ നല്‍കിയില്ല. പക്ഷേ ഇന്നു കാലത്ത് മാതൃഭൂമിയിലും കണ്ടു അതേ വാര്‍ത്ത. എനിക്കു വലിയ ശാസ്ത്ര അവഗാഹമൊന്നുമില്ല. പക്ഷേ ചെത്തല്ലൂര്‍ സ്‌കൂളിലെ ഗീത ടീച്ചര്‍ (സയന്‍സ്) ഉണ്ടാക്കി തന്ന ഇന്‍സാറ്റ് ഉപഗ്രഹ മോഡലുമായി ഞാനും അമ്മാവന്റെ മകന്‍ സൂരജും ശാസ്ത്രമേളയില്‍ പങ്കെടുത്തതിന്റെ ഒരു മിനിമം കോമണ്‍സെന്‍സ് ഉണ്ട്. വാര്‍ത്തയില്‍ പറയും പ്രകാരം മാര്‍സ് വണ്‍ എന്ന ഡച്ച് എന്‍.ജി.ഒ ആണത്രെ 2024ല്‍ ചൊവ്വയില്‍ സ്ഥിരതാമസം സംഘടിപ്പിക്കുക. ഇതൊക്കെ വിശ്വസിച്ച പെണ്ണുങ്ങള്‍ പാലക്കാടിന്റെ പേരു കളഞ്ഞു എന്നല്ലാതെ എന്താ പറയുക. നാസയുടെ വെബ്‌സൈറ്റില്‍ ഒന്നു നോക്കിയിരുന്നെങ്കില്‍ ചൊവ്വാ താമസ തട്ടിപ്പ് മനസ്സിലാക്കാമായിരുന്നു.

നാസ ഒരു മാന്‍ മിഷനു ചൊവ്വയിലേക്ക് തയ്യാറെടുക്കുന്നത് 2035ലേക്കാണ്. അതിനു പ്രതീക്ഷിക്കുന്ന ചുരുങ്ങിയ ചിലവ് 60 ബില്യണ്‍ ഡോളറും (മുപ്പത്താറായിരം കോടി ഉറുപ്പിക വരുമത്രെ). ലോകത്തെ ഏറ്റവും അത്യാധുനികവും സാമ്പത്തിക ശേഷിയുമുള്ളതുമായ സ്‌പെയ്‌സ് ഏജന്‍സി നാസ 2035ല്‍ മാത്രമാണ് മനുഷ്യനെ ചൊവ്വയിലയക്കാന്‍ ചിന്തിക്കുക പോലും ചെയ്യുന്നത്. അതിനു ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഉള്ളതായും നാസ പറയുന്നു. പ്രത്യേകിച്ച് ഭൌമാന്തരീക്ഷത്തിനു പുറത്തേക്ക് മനുഷ്യനെ അയക്കുമ്പോള്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചൊക്കെ ഗവേഷണങ്ങള്‍ നടക്കുന്നതേ ഉള്ളൂ. അപ്പോഴാണ് ചൊവ്വയില്‍ വീടൊക്കെ വച്ച് കൃഷിയൊക്കെ ചെയ്തു ജീവിക്കാന്‍ പാലക്കാട് നിന്നും രണ്ടു മന്ദബുദ്ധികള്‍ പുറപ്പെടുന്നതും അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി വാര്‍ത്തയാക്കാന്‍ ദേശീയ ദിനപത്രങ്ങള്‍ എന്നു സ്വയം പ്രഖ്യാപിച്ചവര്‍ നടക്കുന്നതും.

02
സന്ദീപ്‌ വാര്യര്‍ – ലേഖകന്‍

അമേരിക്കന്‍ സ്‌പെയ്‌സ് ഏജന്‍സിക്ക് പോലും കഴിവില്ലാത്ത കാര്യമാണ് ഗവേഷണമോ ചുക്കോ ചുണ്ണാമ്പൊ ചെയ്യാത്ത ഡച്ച് സ്വകാര്യ സംഘടന ചെയ്യും എന്നും പറയുന്നത്. അല്ല ഇതൊക്കെ വിശ്വസിക്കാന്‍ അന്നം തിന്നുന്നവര്‍ക്ക് പറ്റുമോ? ഇതിനു ഡച്ച് സംഘടന കരുതുന്ന ചിലവ് 6 ബില്യണ്‍ ഡോളറാണ്. 6 ബില്യണ്‍ ഡോളറിനു ചൊവ്വ പോയിട്ട് ചന്ദ്രന്‍ വരെ പോലും ഇവരെ എത്തിക്കാനാവില്ല. എന്നിട്ടാണോ അവിടെ സ്ഥിരതാമസം നടത്താനുള്ള പരിപാടി ?

ഇത്തരം പരിപാടികള്‍ ഇന്റര്‍നെറ്റിലെ തട്ടിപ്പ് (ഹോക്‌സ്) മാത്രമാണ്. ചന്ദ്രനില്‍ സ്ഥലം വില്‍ക്കുന്ന ഇന്റര്‍നെറ്റ് തട്ടിപ്പ് പരിപാടി ഉണ്ട്. അതു പോലെ മറ്റൊരെണ്ണം. അതല്ലെങ്കില്‍ നൈജീരിയന്‍ ലോട്ടറി പോലെ ഒന്ന്. പാലക്കാട്ടെ പെണ്ണുങ്ങള്‍ ‘ഗ്രാവിറ്റി’ എന്ന ഹോളിവുഡ് സിനിമ ഒന്നു കണ്ടിരുന്നെങ്കില്‍ ചൊവ്വയില്‍ പോവേണ്ട പൂതി അന്നു തീര്‍ന്നേനെ. മേലാല്‍ ഇത്തരം ഉഡായിപ്പുകളുമായി കണ്ടു പോകരുത്….രാവിലെ മാതൃഭൂമിയില്‍ വിഡ്ഡിത്തരം വായിച്ചതിന്റെ കലിപ്പില്‍ ….

വിനയപൂര്‍വ്വം
സന്ദീപ്.ജി.വാര്യര്‍, പാലക്കാട്

Advertisements