ഛൗക്കീദാർ സൂര്യേന്ദ്ര ‘മൊട’ !

662

ഉഷ്ണം വാരിയെറിയുന്ന സൂര്യനെ തമാശപൂർവ്വം വ്യാഖ്യാനിച്ചുകൊണ്ടു ഡോക്ടർ മനോജ് വെള്ളനാടിന്റെ പോസ്റ്റ്. പോസ്റ്റ് വായിക്കാം

Manoj Vellanad

========

പ്രിയരേ,

മലയാളികളെ ഒരു രീതിയിലും മനസമാധാനമായി ജീവിക്കാൻ ഇയാൾ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇയാളൊരു ഛൗക്കീദാറാണെന്ന ബോധം പോലുമില്ലാതെയാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി നമ്മളെയിങ്ങനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളെയും സോഷ്യൽ മീഡിയ വഴി ഇയാൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച നൂറായിരം പോരാളികളെയും സഹജമായ പുച്ഛത്തോടെ മാത്രമേ ഇയാളിത്ര നാളും കണ്ടിട്ടുള്ളൂ. ഇയാളുടെ ക്രൂരതകൾ ഒരു തുടർക്കഥയായിരിക്കുന്നു. ദിവസേന മുപ്പതിലധികം പേരെയാണിയാൾ പീഡിപ്പിക്കുന്നതെന്ന വാർത്ത പോലും നമ്മളെയൊന്നും ഇപ്പോൾ ഞെട്ടിക്കാതായി.

ഇയാൾക്ക് ആണെന്നോ പെണ്ണെന്നോ ട്രാൻസ്ജെൻഡറെന്നോ വ്യത്യാസമില്ല. കുട്ടികളെന്നോ മുതിർന്നവരെന്നോ നോട്ടമില്ല. തെരഞ്ഞെടുപ്പതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന ഈ സമയത്ത്, രാഷ്ട്രീയക്കാരെ പോലും ഇയാൾ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അപ്പോൾ ആലോചിക്കൂ, എന്തൊരു ക്രൂരനാണിയാൾ! മാത്രമോ, കഴിഞ്ഞ പ്രളയകാലത്ത് ‘ദാ ഇപ്പൊ വരാ’മെന്ന് പറഞ്ഞിട്ട്, ഒറ്റ മുങ്ങൽ മുങ്ങിയ ആളാണ്. ഓണമാഘോഷിക്കാനാണ് പിന്നെ പൊങ്ങിയത്.

ഇയാളിന്ന് നന്നാകും, നാളെ നന്നാകും എന്നൊക്കെയാണ് സർക്കാർ പോലും പറഞ്ഞുകൊണ്ടിരുന്നത്. ഇന്നിപ്പോഴിതാ, അയാൾ മറ്റന്നാൾ കഴിഞ്ഞ് നന്നാവുമായിരിക്കും, അതുവരെ നമുക്ക് പേടിച്ചു വിറച്ച്, പുറത്തിറങ്ങാതിരിക്കാമെന്നാണ് സർക്കാർ പറഞ്ഞത്. ‘നിങ്ങളും ഈ ഛൗക്കീദാറിന്റെ ആളല്ലേ, സർക്കാർജീ’ എന്ന് ഇടയ്ക്കു നമ്മൾ സന്ദേഹിച്ചെങ്കിലും പാവം എല്ലാവരും ആകെ പെട്ടിരിക്കുകയാണെന്നാണ് മനസിലാകുന്നത്.

പ്രിയമുള്ളവരേ, ഇവിടെ ജനിച്ചുപോയ സ്ഥിതിയ്ക്ക് നമുക്കിതൊക്കെ സഹിക്കുകയല്ലാതെന്ത് ചെയ്യാൻ കഴിയും. പക്ഷെ, ഇയാളുടെ ഒരു നോട്ടം പോലും ഇനി നമ്മുടെ ദേഹത്ത് പതിയരുതെന്ന് നമ്മൾ പ്രതിജ്ഞ ചെയ്യണം. നോക്കി പൊള്ളലേൽപ്പിക്കുന്ന തനി ആഭാസനാണിയാൾ. അതിന് നമ്മൾ കയ്യിലെപ്പോഴും ഒരു കുട കരുതണം. പറ്റിയാൽ സൺ സ്ക്രീൻ ലോഷൻ പുരട്ടണം. യാത്ര പോകുമ്പോൾ ഒരു കുപ്പി വെള്ളം എന്തായാലും കരുതണം. പകലിന്റെയീ കാവൽക്കാരന്റെ ക്രൂരതയ്ക്ക് ഇനിയും നമ്മൾ നിന്നുകൊടുക്കരുത് സുഹൃത്തുക്കളെ, നിന്നു കൊടുക്കരുത്.

നമ്മളെ മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവരെയും നമ്മൾ സംരക്ഷിക്കണം. പറക്കുന്ന പക്ഷികൾക്കും പറക്കാത്ത പാവങ്ങൾക്കും ദാഹജലമെങ്കിലും നമ്മളുറപ്പു വരുത്തണം. ഈ പോരാട്ടത്തിന് ജാതിയില്ല, മതമില്ലാ, മനുഷ്യനില്ല, മൃഗങ്ങളില്ല, പക്ഷികളില്ല.. ഏവരും തുല്യർ. പ്രിയരേ, നമ്മൾ ഒരുമിച്ച് നിന്ന് പൊരുതണം. പ്രതിരോധിക്കണം..

അഭിവാദ്യങ്ങളോടെ,
മനോജ് വെള്ളനാട്.