ജനാധിപത്യത്തില്‍ ‘പുലി’ ജനപ്രതിനിധി തന്നയല്ലേ ..?

287

singh-hm

ഋഷിരാജ് സിംഗ് പ്രോട്ടോക്കോള്‍ ലംഘിച്ചോ എന്നതല്ല പ്രശ്നം, ചെന്നിത്തല അത് അര്‍ഹിച്ചോ എന്നും ചര്‍ച്ച ചെയ്യട്ടെ. .എന്നാല്‍ വിവാദം ആഘോഷിക്കപ്പെടുന്ന രീതി ശ്രദ്ധിച്ചില്ലെ? ഒരു ജനപ്രതിനിധിയെ ഒരു ഉദ്യോഗസ്ഥന്‍ അപമാനിച്ചു എന്ന ധാരണയില്‍ നിന്നുള്ള ആഹ്ലാദമാണ് ഈ ആഘോഷത്തിന് കാരണം. പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന ധാരണയിലാണ് ഈ ആഘോഷം. അത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമാണ്.

ഈ വിഷയത്തില്‍ പ്രോട്ടോക്കോള്‍ എന്താണെന്നതിനപ്പുറം നമ്മള്‍ കാണേണ്ടത് ഈ സംഭവം ആഘോഷിക്കപ്പെടുന്ന വിധവും അതിലെ ജനാധിപത്യ വിരുദ്ധ മനോഭാവവും ആണ്. ജനപ്രതിനിധി ‘നട്ടെലുള്ള’ ഒരു ഉദ്യോഗസ്ഥനാല്‍ അപമാനിക്കപ്പെട്ടതിന്റെ ആഘോഷമാണത്. അവനവനില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം നട്ടെല്ലുള്ളവന്റെ മുന്നില്‍ അടിയറ വെച്ച് നട്ടെല്ല് വളച്ച് അവന്റെ മുന്നില്‍ നില്‍ക്കാന്‍ നൂറ്റാണ്ടുകളിലൂടെ ശീലിച്ചെടുത്ത അടിമത്തം ഇന്ത്യാക്കാരനെ വല്ലാതെ പ്രേരിപ്പിക്കുന്നുണ്ട്. ‘പത്താം ക്ലാസും ഗസ്തിയുമായി’ നടക്കുന്ന രാഷ്ട്രീയക്കാരന്‍ ‘പഠിപ്പുള്ള’ ഉദ്യോഗസ്ഥന്റെ മുകളില്‍ നില്‍ക്കുന്നത് എന്തിനാണെന്ന് അല്‍പബുദ്ധികളായ ഇന്ത്യാക്കാര്‍ക്ക് ഇത് വരെ പിടിക്കിട്ടിയിട്ടില്ല. ‘പഠിപ്പുള്ള’ ഏകാതിപധികള്‍ സ്വര്‍ണ്ണ തളികയില്‍ തങ്ങള്‍ക്കുള്ള അപ്പം വെച്ച് നീട്ടുന്നതും സ്വപ്നം കണ്ട് കഴിയുകയാണവര്‍.

പലരും ഈ വിവാദം ഒരു ആഘോഷം ആക്കിയിരിക്കുകയാണ്. പത്ത് പൈസയുടെ രാഷ്ട്രീയ ബോധമില്ല. ജനാധിപത്യ സംവിധാനത്തില്‍ ഉദ്യോഗസ്ഥനു മുകളില്‍ ജനപ്രതിനിതി വരുന്നത് ജനങ്ങള്‍ പരമാധികാരികളും രാജ്യത്തിന്റെ ഉടമസ്ഥരും ആയത് കൊണ്ടാണ്. ജനപ്രതിനിതിയോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍, ഒരു ഉദ്യോഗസ്ഥന്‍ കാണിച്ചു എന്ന് കരുതുന്ന തെറ്റിനെ ആഘോഷമാക്കുന്‌പോള്‍ നിങ്ങളില്‍ അധികാരം നിക്ഷിപ്തമാക്കിയ ഒരു ജനാധിപത്യ സംവിധാനത്തിന്റെ നേരെയുള്ള കൈയേറ്റത്തെ ആണ് നിങ്ങള്‍ ആഘോഷിക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ ആണ് പ്രകടിപ്പിക്കേണ്ടത്. അടി കൊണ്ടത് രമേശ് ചെന്നിത്തലയുടെ മുഖത്തല്ല. സ്വന്തം മുഖത്താണ് എന്ന് മനസ്സിലാക്കാന്‍ ഉള്ള വിവരം പോലും ഇല്ല. ഋഷിരാജ് സിംഗ് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. ജനപ്രതിനിധി അല്ല.

നിങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനത്തിലെ ഒരു തൊഴിലാളി, നിങ്ങളുടെ പ്രതിനിധിയായി അതിന്റെ മാനേജ്‌മെന്റ് തലത്തില്‍ ഇരിക്കുന്ന ഒരാളെ അപമാനിക്കുന്നത് നിങ്ങളെ അപമാനിക്കുന്നതിന് തുല്യം ആണ്. നിങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ആണ് നിങ്ങളുടെ പ്രതിനിധി അവിടെ ഇരിക്കുന്നത്. അത് അയാള്‍ ചെയുന്നില്ലെങ്കില്‍ നടപടി എടുക്കേണ്ടത് അവിടുത്തെ ഏതെങ്കിലും തൊഴിലാളി അല്ല. നിങ്ങള്‍ ആണ്. നിങ്ങളുടെ അധികാര പരിധിയില്‍ കൈകടത്തുകയും നിങ്ങളെ അപമാനിക്കുകയും ചെയ്ത തൊഴിലാളിയെ നോക്കി പല്ലിളിച്ച് കാണിക്കുക ആണ് നിങ്ങള്‍ ചെയുന്നത്.

PS: താരതമ്യം ജനാധിപത്യവും മാനേജിമെന്റ് സ്ഥാപനവും തമ്മില്‍ അല്ല. രണ്ടിലും ഉള്ള ഹൈറാര്‍ക്കികള്‍ തമ്മില്‍ ആണ്. അല്ലാതെ മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജനാധിപത്യം ഉണ്ടെന്നല്ല.