ജന്മദിന കേക്കുകളില്‍ മെഴുകുതിരി വയ്ക്കുന്നത് എന്തിനാണ്?

  468

  BDCandles2

  പലപ്പോഴും നമ്മള്‍ ചെയ്യുന്ന, അല്ലെങ്കില്‍ മുതിര്‍ന്നവര്‍ നമ്മളെ ചെയ്യുവാന്‍ പഠിപ്പിച്ചുതന്നെ, കാര്യങ്ങള്‍ക്ക് പിന്നിലെ ശരിയായ ഉദ്ദേശം എന്താണെന്ന് ചിന്തിക്കുവാന്‍ മെനക്കെടാത്തവര്‍ ആണ് ഭൂരിഭാഗം പേരും. ചിലരാവട്ടെ ഒരാള്‍ എന്തെങ്കിലും ഒന്ന് പറഞ്ഞു തന്നാല്‍ പിന്നെ, വേറെ ആരുടെയെങ്കിലും അടുത്ത് കൂടി ചോദിച്ച് ഉറപ്പുവരുത്താന്‍ നില്‍ക്കാതെ അതില്‍ കടിച്ചു തൂങ്ങിക്കിടക്കും. അത്തരത്തില്‍ നമ്മള്‍ എപ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് ജന്മദിന ആഘോഷങ്ങളുടെ അവസരത്തില്‍ കേക്കില്‍ മെഴുകുതിരി കത്തിച്ചുവയ്ക്കുക എന്നത്. എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ആരാണ് ഈ പതിവ് ആരംഭിച്ചത് എന്നറിയാമോ? ഉത്തരങ്ങള്‍ തുടര്‍ന്ന് വരുന്നുണ്ട്. അതുകൊണ്ട് അധികം ആലോചിച്ച് മെനക്കെടേണ്ട.

  കൃത്യമായ ഉത്തരങ്ങള്‍ ലഭ്യമല്ലയെങ്കിലും ജന്മദിനത്തില്‍ മെഴുകുതിരികള്‍ കത്തിക്കുക എന്നാ പതിവ് ഗ്രീക്കുകാരാണ് തുടങ്ങിവച്ചത് എന്നാണ് കരുതപ്പെടുന്നത്. ഗ്രീക്കുകാരുടെ ചന്ദ്രദേവതയെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ജര്‍മനിയിലും ഇതേ പതിവ് നിലനിന്നിരുന്നു. എന്നാല്‍, അനേകം ചെറുമെഴുകുതിരികള്‍ക്ക് പകരം ഒരു വലിയ തിരി ഉപയോഗിക്കുന്നതായിരുന്നു അവിടുത്തെ പഴക്കം.

  മെഴുകുതിരികളില്‍ നിന്നുയരുന്ന പുക തങ്ങളുടെ ആഗ്രഹങ്ങളെയും പ്രാര്‍ത്ഥനകളെയും ദൈവസന്നിധിയില്‍ എത്തിക്കും എന്നൊരു വിശ്വാസവുമുണ്ട്. ഇപ്പോഴും നമ്മുടെ ആരാധനാലയങ്ങളില്‍ വെളിച്ചം തെളിയിക്കുന്നത് ഒരു വലിയ നേര്‍ച്ചയാണല്ലോ. ഒപ്പം ഈ പുക നമ്മെ അലട്ടുന്ന ദുഷ്ടശക്തികളെ അകറ്റിക്കളയും എന്നും വിശ്വസിക്കുന്നവരുണ്ട്.

  ഇപ്പോള്‍ നാം ജന്മദിനങ്ങളില്‍ പ്രായം സൂചിപ്പിക്കുവാന്‍ തുല്യമായ എണ്ണം മെഴുകുതിരികള്‍ കത്തിക്കാറുണ്ട്. സാങ്കേതികവിദ്യയും ശാസ്ത്രവും ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരും കുറവല്ല. കേക്കില്‍ കത്തിച്ചുവെച്ചിരിക്കുന്ന മെഴുകുതിരികള്‍ ഒറ്റത്തവണ ഊതി കെടുത്തണം എന്നതാണ് ഇതിലെ ഏറ്റവും വലിയ വിശ്വാസം. ഇങ്ങനെ ചെയ്താല്‍ ഊതിക്കെടുത്തുന്നതിന് മുന്‍പ് മനസ്സില്‍ ആഗ്രഹിച്ച കാര്യം നടക്കുമത്രേ. ഇത് ശരിയായില്ലെങ്കില്‍ ആഗ്രഹിച്ച കാര്യം നടക്കുകയുമില്ല, ആ വര്‍ഷം മുഴുവന്‍ മുഴുവന്‍ ദൗര്‍ഭാഗ്യം ആയിരിക്കുകയും ചെയ്യും!! (എന്തൊക്കെയാ അല്ലേ? ആസ്മ ഉള്ളവര്‍ ഒന്നും പിന്നെ കേക്ക് മുറിക്കാന്‍ നില്‍ക്കേണ്ട. തിരി കത്താതെ ദൗര്‍ഭാഗ്യം വരുന്നത് കൊണ്ടല്ല, ശക്തിയില്‍ ഊതി കുഴപ്പം ഒന്നും ഉണ്ടാകണ്ട എന്ന് കരുതിയിട്ടാണ്. )

  ജന്മദിന ആഘോഷങ്ങളിലെ പുതിയ താരം മാജിക് കാന്‍ഡില്‍ ആണ്. ഊതിക്കെടുത്തിയാലും ഇവ വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കും. സാധാരണ തിരിയില്‍ മാംഗനീസ് കൂടി ചേര്‍ക്കുന്നത് കൊണ്ടാണ്, തീ കെട്ടാലും തിരിയില്‍ ബാക്കിയുള്ള ചൂട് കൊണ്ട് വീണ്ടും തീ കത്തിപ്പിടിക്കുന്നത്.

  എന്തായാലും ഒരു മെഴുകുതിരി ഊതുന്നതിന് പിന്നില്‍ ഇത്രയും വലിയ കഥയൊക്കെ ഉണ്ടാവുമെന്ന് ആര് കണ്ടു!!!

  Advertisements