ജയലളിത ‘ഇന്റലെക്ച്വല്‍’ ആയി മാറുകയാണോ ???

  Jayalalitha_Rare_9

  ചക്കരേ !!!

  “ചളമാക്കരുത് ! ഇന്റലെക്ച്വലാകാനുള്ള ശ്രമമാണ്”. സര്‍വകലാശാല എന്ന ചിത്രത്തിലെ മണിയന്‍പിള്ള രാജു അവതരിപ്പിച്ച ഈ ഡയലോഗാണ് ജയലളിതയുടെ കാര്യത്തില്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. കാരണം മറ്റൊന്നുമല്ല ജയിലില്‍ തലൈവിക്ക് ഇപ്പോള്‍ വായനയും ഏകാന്തതയുമോക്കെയാണ് കൂട്ട് എന്നാണ് പുതിയ വാര്‍ത്തകള്‍.

  ഒരു കാലത്ത് ഹൃദയ സഖിയും സ്വത്തു സമ്പാദനക്കേസില്‍ കൂട്ടുപ്രതിയും പരപ്പന അഗ്രഹാര ജയിലില്‍ അയല്‍വാസിയുമായ ശശികലയോട് ജയലളിത മിണ്ടാട്ടമില്ലെന്നു ജയിലില്‍ നിന്നുള്ള വാര്‍ത്ത. ജയലളിതയുടെ ജയില്‍ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും ഉഹാപോഹങ്ങളും പ്രചരിക്കവേ ആവരുടെ സുരക്ഷാ അധികാരി ഗഗന്‍ ദീപാണ് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്.

  ‘അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ആരുമായും ജയ ബന്ധപ്പെടാറില്ല. താന്‍ കാണ്‍കെ ഒരുതവണ പോലും ആശയ വിനിമയം ഉണ്ടായിട്ടില്ല, മറ്റെപ്പോഴെങ്കിലും ഉണ്ടായോ എന്നറിഞ്ഞുകൂടാ.’ ജയലളിതക്കു വേണ്ട എല്ലാ കാര്യങ്ങളുംനിര്‍വഹിക്കുന്ന സുരക്ഷാ അധികാരി പറഞ്ഞു. ദിവസവും മൂന്നുതവണ പരിശോധിച്ചു മരുന്നും ഗുളികകളും നല്‍കുന്നു. ജയലളിതയുടെ ഡോക്ടര്‍ ശാന്ത രാമനും ജയില്‍ ഡോക്ടര്‍ വിജയകുമാറും നല്‍കുന്ന നിര്‍ദ്ദേശപ്രകാരം ഭക്ഷണം നല്‍കുന്നു.

  ഏകാന്തതയില്‍ പത്രവായനയില്‍ മുഴുകിയിരിക്കുന്ന ജയലളിത പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുള്ള ജയില്‍ ജീവനക്കാരിയോട് പോലും സഹായം അഭ്യര്‍ത്ഥിക്കാറില്ല. ആദ്യ നാളുകളില്‍ വ്യായാമത്തിന് നടക്കുമായിരുന്നു ഇപ്പോള്‍ ആ പതിവും അവസാനിപ്പിച്ചു.

  മൈസൂറില്‍ വേരുകളുള്ള ജയ നിത്യവും രാവിലെയും വൈകിട്ടും ചാമുണ്ഡിദേവിയെ ആരാധന നടത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജയിലില്‍ തന്റെ കാവല്‍ക്കാരി ദിവ്യശ്രീയോട് ദസ്സറയെക്കുറിച്ച് സംസാരിച്ച ജയ മൈസൂര്‍ ചാമുണ്ഡിയുടെ ചിത്രം ആവശ്യപ്പെട്ടു. ചിത്രം ലഭിച്ചപ്പോള്‍ പൂജ നടത്തുകയും ചെയ്തു എന്നാണ് പുതിയ വാര്‍ത്തകള്‍.

  ചെറുപ്പത്തിലെ ലഭിച്ച കന്നഡ ഭാഷാ പാടവം ഈ മുന്‍ തമിഴ്‌നാട് മുഖ്യ മന്ത്രിക്ക് സഹായകമാകുന്നു. കാണാനെത്തുന്ന സഹ തടവുകാരോടും സംസാരിക്കാറുള്ള ജയലളിത പരിശോധിക്കാന്‍ വരുന്ന ആശുപത്രി ജീവനക്കാരോടും കന്നഡയില്‍ തന്നെയാണ് സംസാരിക്കുന്നത്.