ജാക്കിചാന്റെ മകന്‍ മയക്കു മരുന്നുമായി പിടിയില്‍..

    182

    jaycee-chan

    ആക്ഷന്‍ കോമഡിയുടെ കുലപതിയും ചൈനയുടെ മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്റെ അംബാസഡറുമായ സൂപ്പര്‍സ്റ്റാര്‍ ജാക്കിചാന്റെ മകന്‍ ലഹരി മരുന്നുമായി പിടിയിലായി. അഭിനേതാവും ഗായകനുമായ ജോയ്‌സീചാനെ കൂട്ടുകാരനോടൊപ്പം ബീജിങ്ങിലെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ജാക്കിചാന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നും മാരിജാന എന്ന നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ജോയസീചാന്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുള്ളതായി തെളിഞ്ഞു. പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

    വാര്‍ത്ത അറിഞ്ഞു നടുങ്ങിയതായി ജാക്കിചാന്‍ തന്റെ ബ്ലോഗില്‍ എഴുതി. സംഭവത്തില്‍ അത്യധികമായ രോഷവും സങ്കടവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ അപമാന ഭാരത്താല്‍ തല താഴുകയാണെന്നും പിതാവ് എന്ന നിലയില്‍ മാനസ്സീകമായി തകര്‍ന്നിരിക്കുന്നു എന്നും ജാക്കിചാന്‍ എഴുതുന്നു. മകനെ നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരുവാന്‍ കഴിയാതിരുന്നത് തന്റെ പിഴവായി അദ്ദേഹം ഏറ്റു പറഞ്ഞു. ജോയസീചാന്റെ അനുഭവം മയക്ക് മരുന്നിന് പിന്നാലെ പോകുന്ന യുവ ജനങ്ങള്‍ക്ക് ഒരു പാഠം ആയിരിക്കും എന്നും ചാന്‍ എഴുതി.

    അനാഥരായ കുട്ടികള്‍ക്കും നിര്‍ധനരായ രോഗികള്‍ക്കും സഹായം എത്തിക്കുന്ന ജാക്കിചാന്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ അമരക്കാരനായ ജാക്കിചാന്റെ ഏക മകനാണ് ജോയസീചാന്‍. ഓരോ വര്‍ഷവും ദശലക്ഷകണക്കിന് രൂപയാണ് ജാക്കിചാന്‍ ആതുര സേവന രംഗത്ത് ചിലവഴിക്കുന്നത്. ഏറെ ദരിദ്രമായ ചുറ്റുപാടില്‍ വളന്നുവന്ന ജാക്കിചാന്റെ പിതാവ് ചാള്‍സ്ചാന്‍ ഒരു പാചകക്കാരന്‍ ആയിരുന്നു. ഏഴാമത്തെ വയസ്സില്‍ ഹോങ്ങ് കോങ്ങിലുള്ള ചൈന ഡ്രാമ അക്കാദമിയില്‍ എത്തിയ ജാക്കിചാന്‍ പത്ത് വര്‍ഷത്തിനു ശേഷം പുറത്ത് വരുമ്പോള്‍ എഴുത്തും വായനയും പഠിച്ചിരുന്നില്ല വെയ്റ്റര്‍ ആയും നിര്‍മ്മാണ തൊഴിലാളിയായും സിനിമാരംഗത്ത് സ്റ്റണ്ട്മാനായുമൊക്കെ ജോലി ചെയ്ത് കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കയറിവന്ന ജാകിചാന്‍ ഇന്ന് ഇംഗ്ലീഷും ചൈനീസും ഫ്രെഞ്ചും ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ സംസാരിക്കും. വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ച ജോയസീചാന്‍ മയക്കുമരുന്നിന് എതിരായി പ്രവര്‍ത്തിക്കുന്ന പിതാവിന് തീരാത്ത കളങ്കമായി മാറിയിക്കുകയാണ്.