ജീവിതത്തോട് ഒരു യുദ്ധം – ബൈജു ജോര്‍ജ്ജ്

311

new

ദിവസവും .., നേരവുമൊന്നും കൃത്യമായി ഓര്‍മ്മയില്ലെങ്കിലും …., ഒരു നട്ടുച്ച നേരം .., ചെന്നൈയിലെ തിരക്കേറിയ ടി .നഗര്‍ …!

ഞാന്‍ എന്തോ ഒരു ആവശ്യത്തിനായി റോഡ് ഓരത്തിലൂടെ നടക്കുന്നു .., എന്റെ തൊട്ടു മുന്നിലായി ഒരു വൃദ്ധന്‍ ..!, വളരെ കൂനിപ്പിടിച്ചാണ് അയാള്‍ നടക്കുന്നത്..!

അല്പം വേഗതയേറിയ എന്റെ നടത്തത്തില്‍ ..; ഞാന്‍ അയാളെ പിന്നിലാക്കാന്‍ തുനിഞ്ഞ അതേ നിമിഷത്തില്‍ …, വെട്ടിയിട്ട പോലെ ദാ അയാള്‍ താഴെ കിടക്കുന്നു …!

ഞാന്‍ ഞെട്ടിപ്പോയി .., ഇത് എന്തൊരു മറിമായം …?, നടന്നു പോകുന്ന ഒരു മനുഷ്യന്‍ അയ്യോ .., പത്തോ .. എന്ന് പറഞ്ഞപോലെ ദാ .., താഴെക്കിടക്കുന്നു ..!

ഇനി ഇപ്പോ .., ഞാന്‍ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ .., എന്റെ ശരീരമെങ്ങാനും അയാളുടെ മേല്‍ മുട്ടിയോ …?, എനിക്കാകെ സംശയമായി …!

എന്നാല്‍ അങ്ങിനെയൊന്നും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു ..,, ഇനി ഇപ്പോള്‍ എന്തെങ്കിലും ശാരീരിക അവശതകള്‍ കൊണ്ടെങ്ങാനും അയാള്‍ താഴെ വീണതാണോ ..?, അറിയില്ല …!

സ്വാര്‍ത്ഥമായ മനസ്സ് അയാളെ കടന്നു പോകുവാന്‍ ആക്കം കൂട്ടി .., പക്ഷേ.., മനസ്സിന്റെ നല്ല പകുതി പിന്നോട്ട് വലിച്ചു …!

പിന്നെ ഒരു യുദ്ധം …!, സ്വാര്‍ഥതയും , നല്ല പകുതിയും ചേര്‍ന്ന് ….!

”എന്തിനാ ആവശ്യമില്ലാത്ത വയ്യാവേലി എടുത്ത് തലയില്‍ വെക്കുന്നത്..?, അയാള്‍ വീഴുന്നത് ധാരാളം ആള്‍ക്കാര്‍ കണ്ടിട്ടുണ്ട് ..? അവര്‍ ആരെങ്കിലും വന്ന് സഹായിച്ചു കൊള്ളും …!, എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ അതിന്റെ പിന്നാലെ നടക്കണം .., സ്വന്തം കാര്യം നോക്കിക്കൊണ്ട് പോകുകയാണ് നല്ലത് …!”

സ്വാര്‍ഥത .., അതിന്റെ കാരണങ്ങള്‍ നിരത്തി വെച്ച് വാദിച്ചു കൊണ്ടിരിക്കുന്നു ..!

എങ്കിലും അതേ നാണയത്തില്‍ തന്നെ നല്ല പകുതി തിരിച്ചടിക്കുന്നു …!

”ഏതോ ഒരു പാവം വൃദ്ധന്‍ …പെട്ടെന്ന് കീഴെ വീഴുന്നു …!, എന്തു കൊണ്ടാണെന്ന് ആര്‍ക്കറിയാം …?, നമ്മുടെ ഒരു കൈത്താങ്ങ് ചിലപ്പോള്‍ അയാള്‍ക്ക് സഹായകരമായെങ്കിലോ …? നമ്മുടെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ നമ്മള്‍ തിരിഞ്ഞു നോക്കാതെ കടന്നു പോകുമോ …?, നിനക്ക് പുണ്യം കിട്ടും ..!”

വഴിയില്‍ വീണു കിടക്കുന്ന ഒരു വൃദ്ധനെ കണ്ടിട്ട് .., കാണാത്ത മട്ടില്‍ പോകാന്‍ മാത്രം .., അത്ര ഹൃദയശൂന്യത എനിക്കുണ്ടോ …? ഇല്ല …!

അവസാനം എന്റെ നല്ല പാതി വിജയിച്ചു …!

ഞാന്‍ അയാളെ തട്ടി വിളിച്ചു .., പെട്ടന്നാണ് അയാള്‍ കണ്ണു തുറന്നത്..!, എന്തോ എന്റെ തട്ടിവിളിക്കല്‍ അയാള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി എനിക്കത് കണ്ടപ്പോള്‍ …!

അതിനിടയില്‍ വളരെ ചെറിയൊരു ആള്‍ക്കൂട്ടവും അവിടെ കൂടിച്ചേര്‍ന്നിരുന്നു …!, ആരെങ്കിലും ഒരാള്‍ മുന്‍കൈ എടുത്താല്‍ പിന്നെ ആയിരം സഹായഹസ്തങ്ങള്‍ നീളുമല്ലോ …!,

മുന്‍കൈ എടുക്കാനാണ് ബുദ്ധിമുട്ട് …!

ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പതുക്കെ അയാളെ എഴുന്നേല്‍പ്പിച്ചു …!

ദൈന്യതയോടെ ഞങ്ങളെ നോക്കിക്കൊണ്ട് അയാള്‍ പതുക്കെ പറഞ്ഞു..!

”ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി …”!

കേട്ടതേ .., ഒരുവന്‍ ഭക്ഷണത്തിനായി പാഞ്ഞു ..!, എന്നാല്‍ ആ വൃദ്ധന്‍ തടഞ്ഞു ..!

”വേണ്ട .., എനിക്കെന്തെങ്കിലും സഹായം ചെയ്താല്‍ മതി .., ഞാന്‍ പിന്നെ വാങ്ങിക്കഴിച്ചുകൊള്ളാം …, കൂടെ എന്റെ വീട്ടിലേക്കും എന്തെങ്കിലും വാങ്ങണം …”!

കണ്ണു നിറയുന്ന ആ അപേക്ഷക്കു മുന്നില്‍ .. , സുമനസുകളുടെ സഹായം ഒരു നിമിഷനേരത്തില്‍ നോട്ടുകളായി അയാളുടെ കൈകളില്‍ നിറഞ്ഞു ..!, എന്റെ വക ഒരു അമ്പതുരൂപയും …!

ഒരു വൃദ്ധനെ സഹായിക്കാന്‍ കഴിഞ്ഞ ചാരിത്യാര്‍ത്ഥ്യം .., എന്റെ മുഖത്ത് .., , ഉള്ളില്‍ സന്തോഷം നിറഞ്ഞു വിങ്ങി …!

മനസ്സു പറഞ്ഞു ….” നീയൊരു മനുഷ്യസ്‌നേഹിയാണെടാ …!”

നന്ദി …!

ഞാന്‍ പോയ കാര്യമെല്ലാം കഴിഞ്ഞു .., ഏകദേശം രണ്ടു മണിക്കൂറുകള്‍ക്കു ശേഷം .., ഞാന്‍ തിരിച്ച് ടി . നഗറിന്റെ മറ്റൊരു ഭാഗത്തു കൂടി എന്റെ താമസസ്ഥലത്തേക്ക് വരുകയായിരുന്നു …!

പെട്ടന്നാണ് മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടത് ..!,ആരെങ്കിലും ആക്‌സിഡന്റില്‍ പെട്ടതാണോ …?

തിരക്കിനിടയിലൂടെ .., ഞാനാ കാഴ്ചയിലേക്ക് എത്തിനോക്കി ..!

ഞാന്‍ ഞെട്ടിപ്പോയി …, ആ വൃദ്ധന്‍ .., അതാ കണ്ണുകള്‍ അടച്ച് താഴെ വീണുകിടക്കുന്നു …!, ആരോ ഒരാള്‍ അയാളെ തട്ടിവിളിക്കുന്നു .., തട്ടിയയുടനെ കണ്ണുകള്‍ തുറക്കുന്നു …, യാചനാപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു ..!

നിരാശയോടെ ഞാനെന്റെ കണ്ണുകള്‍ പിന്‍വലിച്ചു …!, സന്തോഷമെല്ലാം എങ്ങോ ആവിയായി പോയ് മറഞ്ഞപോലെ ….!

തട്ടിപ്പിന്റെ മറ്റൊരു മുഖം …, അതും ഈ പ്രായത്തില്‍ ..? എങ്കിലും അതിനെ അങ്ങിനെ വിശ്വസിക്കാന്‍ എനിക്ക് മനസ്സു വരുന്നില്ല …!

ആരോരുമില്ലാത്ത ഒരു വൃദ്ധനായിരിക്കാം .., ജോലി ചെയ്തു ജീവിക്കുവാന്‍ അയാള്‍ക്ക് കഴിയില്ല .., ജീവിക്കാന്‍ വേറെ എന്ത് മാര്‍ഗ്ഗമാണ് അയാള്‍ സ്വീകരിക്കുക ..?, ചിലപ്പോള്‍ അയാള്‍ക്ക് മക്കളും .., കുടുംബവുമെല്ലാം ഉണ്ടായിരിക്കാം .., അവര്‍ ചിലപ്പോള്‍ അയാളെ നോക്കാത്തതിനാല്‍ ആയിരിക്കാം .., അയാള്‍ ഇങ്ങനെ തെരുവില്‍ അലയാന്‍ ഇടവന്നത് …!

പാവം ജീവിക്കട്ടെ …!

ഇതൊരു തട്ടിപ്പല്ല …, ഒരു വൃദ്ധന്റെ ജീവിക്കാനുള്ളൊരു …, അതി ദാരുണമായൊരു സാഹസം …!, അങ്ങിനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം …!