ജൂനിയര്‍ ജീവിതം; എക്‌സ്ട്രാ നടിമാര്‍ ഉണ്ടാവുന്നത്

365

hot-item-dance-in-cousins-malayalam-movie-20

ലേഖനം എഴുതിയത്: ജുബിന്‍ ജേക്കബ് കൊച്ചുപുരയ്ക്കന്‍

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു സിനിമയുടെ ലൊക്കേഷനില്‍ ഒരു അഭിനേത്രിയെക്കാണാന്‍ പോയതായിരുന്നു ഞാന്‍. അവര്‍ മേക്കപ് ചെയ്യുന്ന തിരക്കിലായിരുന്നതിനാല്‍ താഴെ ഷൂട്ടിംഗ് നടക്കുന്നിടത്ത് സംവിധായകനൊപ്പം മോണിറ്ററില്‍ പ്രിവ്യൂ കണ്ട് അങ്ങനെയിരുന്നു. അല്‍പം കഴിഞ്ഞ് നായകനായ ജയറാമേട്ടന്‍ ടേക്ക് കഴിഞ്ഞു വന്നു. ഞങ്ങള്‍ കുശലം പറഞ്ഞ് അപ്പുറത്തെ ഹാളിലേക്കു പോയി. ഇതിനിടെ എനിക്ക് യാതൊരു അറിവുമില്ലാത്ത ചില സ്ത്രീകള്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. ഈ സമയത്ത് എനിക്കൊരു കോള്‍ വരുന്നു. മുകളിലെ നിലയില്‍ നിന്നും നായികനടിയുടെ അമ്മയാണ്. ഇപ്പോള്‍ ചെന്നാല്‍ കാണാമത്രേ. ജോസിന്‍ നേരത്തേ തന്നെ നാനയുടെ ഫോട്ടോഗ്രാഫര്‍ക്കൊപ്പം അങ്ങോട്ടു പോയിരുന്നു. ഷൂട്ടിങ്ങിനായി എടുത്ത ഹോട്ടലായതുകൊണ്ട് മിക്ക മുറികളും കാലിയാണ്. ഒരു ഇടനാഴി കഴിഞ്ഞുവേണം സ്റ്റെയര്‍കേസിലേക്കെത്താന്‍. അവിടെത്തിയതും നേരത്തേ ചിരിച്ചുകാണിച്ച സ്ത്രീകള്‍ എന്റെ മുന്നിലെത്തി. അതിലൊരാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

‘സാറ് പുതിയ പടം ചെയ്യുന്നുണ്ടല്ലേ…? എന്തെങ്കിലും റോളുണ്ടേല്‍ പറയണേ സര്‍… ഇതാ എന്റെ നമ്പര്‍..!’

തുടര്‍ന്ന് ഓരോരുത്തരായി അവരുടെ നമ്പറെഴുതിയ കടലാസ് കഷണങ്ങള്‍ എനിക്കു നേരേ നീട്ടി. ആകെ പകച്ചുപോയ ഞാന്‍ സമനില വീണ്ടെടുത്ത് പറഞ്ഞു.

‘ഞാനിപ്പൊ ഉടനെ പടം ചെയ്യുന്നില്ല.. എന്തായാലും അടുത്ത വര്‍ഷമാകും… അപ്പോ കാണാം..’

ഇതും പറഞ്ഞ് മുകളിലേക്ക് ധൃതിയില്‍ നടക്കുമ്പോള്‍ അവരില്‍ പലരുടെയും മുഖത്തു കണ്ട ദൈന്യതയായിരുന്നു എന്റെ മനസ്സിലാകെ. സിനിമയില്‍ നല്ലൊരു സ്ഥാനം മോഹിച്ചു വന്നിട്ട് പല ചൂഷണങ്ങളും നേരിട്ട് ഒടുവില്‍ എക്‌സ്ട്രാ എന്ന് വിളിപ്പേരുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി ഓരോ സിനിമയുടെയും ഏതെങ്കിലുമൊരു കോണില്‍ തല കാണിക്കാനായി ലൊക്കേഷനിലും ചുറ്റുവട്ടങ്ങളിലും അലയാന്‍ വിധിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യര്‍. അവര്‍ക്ക് ആരോടും പരാതിയില്ല. അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനും ആരുമില്ല. മറ്റൊരു ജോലിക്കും പോകാനാവാതെ സിനിമയുടെ മായികവെളിച്ചം കണ്ട് പറന്നടുക്കുന്ന പൂവീച്ചകളെപ്പോലെ അവര്‍ ജീവിക്കുന്നു; നൈമിഷികമാണ് ജീവിതമെന്നറിഞ്ഞിട്ടും.

പലരും ദ്വയാര്‍ത്ഥപ്രയോഗങ്ങളോടെ മാത്രം വിശേഷിപ്പിക്കാറുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് വല്ലാത്തൊരു അനുകമ്പ തോന്നി. സാമാന്യം കഴിവുണ്ടായിട്ടും തലതൊട്ടപ്പന്മാരില്ലാത്തതു കൊണ്ട് സിനിമയുടെ പര്യമ്പുറത്ത് കഴിയേണ്ടിവരുന്ന രണ്ടാംകിടക്കാരായി അവരെ മാറ്റിയത് ഇവിടുത്തെ സിനിമയുടെ പിതാക്കന്മാരെന്ന് അഹങ്കരിക്കുന്ന ചിലരും അവരുടെ പിണിയാളുകളുമാണ്. ഒരുപാടു മോഹങ്ങളുമായി സര്‍വ്വം നഷ്ടപ്പെടുത്തിയ സഹോദരങ്ങളേ നിങ്ങള്‍ക്കെന്റെ പ്രണാമം. എന്നെങ്കിലുമൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ നമുക്കു കാണാം.