കോട്ടയം ആനന്ദ മന്ദിരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രശസ്ത കാര്ട്ടൂണിസ്റ്റ്ശ്രീ ജോയി കുളനടയ്ക്കു ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് സമ്മാനിച്ചു. ആയുര്വേദാചാര്യന് ഡോക്ടര്‍ പാലപ്പുഴ ബാലകൃഷ്ണ കൈമളുടെ (തമ്പുരാന് വൈദ്യന് ) അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ബൂലോകം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ അരുണ്‍ കൈമള്‍ ഇരുപത്തയ്യായിരം രൂപയുടെ ചെക്കും പ്രശസ്തി പത്രവും ശ്രീ കുളനടക്ക് സമ്മാനിച്ചു. ബൂലോകം എന്റര്റ്റെയിന്മേന്റ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്വരൂപ് സ്വാഗതവും മാര്‍ക്കെറ്റിംഗ് വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് രാജേഷ് നന്ദിയും പറഞ്ഞു. ബി.ജീവന് രാജ്, അഡ്വ. പാര്‍വതി ഉണ്ണികൃഷ്ണന്, പി. വി. പ്രെറ്റി, സാബു, ഡെന്‍സില്‍ ബസന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇരുനൂറ്റി അന്‍പതോളം ഈ -എഴുത്ത്കാരുടെ നാമനിര്‍ദേശങ്ങള്‍ ലഭിച്ച ആദ്യപട്ടികയില്‍ നിന്നും ബൂലോകം എക്സിക്യൂട്ടീവ് എഡിറ്റര്‍മാര്‍ അടങ്ങിയ വിദഗ്ദ്ധ പാനല്‍ ഫൈനലിലേക്ക് കണ്ടെത്തിയ എഴുപത്തിയഞ്ചു കലാകാരന്മാരില് നിന്നുമായി വായനക്കാര്‍ വോട്ടുചെയ്താണ് ശ്രീ ജോയ് കുളനടയെ മലയാളത്തിലെ ഈ- ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ ഇരുപത്തിയഞ്ചു ശതമാനം നല്‍കിയാണ് വായനക്കാര്‍ ശ്രീ ജോയ് കുളനടക്ക് മലയാളത്തിലെ ഈ -എഴുത്തിന്റെയും വരയുടെയും ലോകത്ത് സിംഹാസനം ഒരുക്കിയത്.
ശ്രീ ജോയ് കുളനട
കാര്‍ട്ടൂണ്‍ രംഗത്ത് തനതായ ഒരു ശൈലിയിലൂടെ നന്നേ ചെറുപ്പത്തില്‍ തന്നെ കടന്നുവന്നു മലയാളത്തിലും വിദേശത്തും അച്ചടി മാധ്യമ രംഗത്ത് കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി നിറഞ്ഞു നില്ക്കുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ ജോയി കുളനട, രണ്ടു വര്‍ഷത്തോളം മുന്‍പ് ഇലക്ട്രോണിക് മാധ്യമത്തിലേക്കു ഫേസ്ബുക്കിലൂടെയും, ഇലക്ട്രോണിക് പത്രങ്ങളിലൂടെയും നടത്തിയ അതിവിജയകരമായ ചുവടു വയ്പ്, അദ്ദേഹത്തിന്റെ കാര്ട്ടൂണുകള് സ്വദേശത്തും വിദേശത്തും ഉള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ബൂലോകം.കോമില് അദ്ദേഹം പ്രസിദ്ധീകരിക്കുന്ന കാര്ട്ടൂണുകള് ഒരു വന്‍ ആസ്വാദകവൃന്തത്തെ ആകര്ഷിക്കുന്നതിനുപരിയായി, അദ്ദേഹത്തിന്റെ കാര്ട്ടൂണുകള് നമ്മുടെ ഹിറ്റ് ചാര്‍ട്ടിന്റെ മുകള്‍ നിരയില്‍ എപ്പോഴും ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ബൂലോകം.കോമിനു പുറമേ മറുനാടന്‍ മലയാളി, സ്കൂപ്പ് ഇന്ത്യ, എന്‍ ആര് ഐ മലയാളി തുടങ്ങിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം കാര്‍ട്ടൂണ്‍ പംക്തികള്‍ കൈകാര്യം ചെയ്യുന്നു. മനോരമ ദിനപത്രത്തിലെ കാര്ട്ടൂണുകള്, മനോരാജ്യം വാരികയിലെ എഴുത്തുകാരുടെ ഡയറി, ഗള്‍ഫ് കോര്‍ണര്‍, മാതൃഭൂമി പത്രത്തിലെ സൈലന്‍സ് പ്ലീസ് തുടങ്ങിയ പംക്തികള്‍ മലയാളത്തിലെ ആസ്വാദകരുടെ ഇടയില്‍ ദശാബ്ദങ്ങളായി ഉണ്ടാക്കിയ സ്വാധീനത്തിന് സമമോ ഉപരിയോ ആയ സ്വാധീനം, യുവതലമുറയുടെ ഇടയില്‍ അദ്ദേഹത്തിന്റെ സമകാലീന കാര്ട്ടൂണുകള് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചെലുത്തുന്നു. അറുപത്തിഒന്പതില് മലയാള നാട് വാരികയില്‍ ആദ്യ കാര്‍ട്ടൂണ്‍, നിരവധി മലയാളം ആനുകാലികങ്ങളില്‍ പിന്നീട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. എമിരേറ്റ്സ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് ഇവക്കായി വരച്ചു. ഏറ്റവും അധികം നിശബ്ദകാര്‍ട്ടൂണ്‍വരച്ച മലയാളി കാര്‍ട്ടൂണിസ്റ്റ് എന്ന റിക്കാര്‍ഡിന് ഉടമ. പ്രഗത്ഭ കാര്‍ട്ടൂണിസ്റ്റ് എന്നതിന് പുറമേ മികച്ച ലേഖനകൃത്തുമായ ഇദ്ദേഹം, കലാകാരന്മാരുടെ ആവിഷ്ക്കാര സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിടുന്ന ഭരണകൂടങ്ങളുടെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടു ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ച ‘കാര്‍ട്ടൂണില്‍ പൊരിയുന്ന മമത ‘ തുടങ്ങിയ ലേഖനങ്ങള്‍ ഏറെ പ്രശംസ നേടുകയുണ്ടായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്മാന്, ഇപ്പോള്‍ കേരള ആനിമേഷന്‍ അക്കാദമി ചെയര്മാന്.
കേരള യൂണിവെഴ്സിറ്റിയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. വീക്ഷണം പത്രം ആരംഭിച്ചപ്പോള്‍ ആദ്യ പത്രാധിപസമിതിയില്‍ അംഗം. കാനറ ബാങ്കില്‍ ജോലി, പിന്നീട് എഴുപതുകളുടെ അവസാനം പ്രവാസ ജീവിതത്തിനു ആരംഭം. അബുദാബി കൊമേര്സിയല് ബാങ്കില്‍ രണ്ടു ദശാബ്ദത്തോളം ജോലിക്കു ശേഷം ഇപ്പോള്‍ നാട്ടില്‍ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ്.ഇപ്പോള്‍ കുളനടയില്‍ താമസം. ഭാര്യ രമണി, മക്കള്‍ നിതീഷ്, നീതു. അഞ്ച് പേരക്കുട്ടികള്‍.
ജനഹൃദയത്തിന്റെ സ്പന്ദനം അറിഞ്ഞു പ്രതികരിക്കുന്ന; ഉത്തമമായ കലയ്ക്കു കാലമോ, അത് പ്രസിദ്ധീകരിക്കുന്ന മാധ്യമമോ പരിമിതി കല്‍പ്പിക്കുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന; ഈ ഉന്നത കലാകാരനു തികച്ചും അര്‍ഹമായ സൂപ്പര്‍ബ്ലോഗ്ഗര്‍ അവാര്‍ഡു നേട്ടത്തില്‍ മലയാളത്തിലെ പതിനായിരക്കണക്കിനു ഇന്റര്‍നെറ്റ് വായനക്കാരുടെ പേരില്‍ ബൂലോകം.കോമിന്റെ അഭിനന്ദനങ്ങള്‍.