03

ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ ഒരു പ്രമുഖ ഗ്രൂപ്പില്‍ ഷഹീന്‍ എന്ന വ്യക്തി ഷെയര്‍ ചെയ്ത ഒരു നോട്ട് ആണിത്. പ്രാധാന്യമര്‍ഹിക്കുന്നു എന്നത് കൊണ്ട് അതിവിടെ പുന:പ്രസിദ്ധീകരിക്കുന്നു: എഡിറ്റര്‍

എന്റെ വാട്‌സപ്പിലും ധാരാളം സുഹൃത്തുക്കളും ഗ്രൂപ്പുകളും ഉണ്ട്. പലതരത്തിലുള്ള ചര്‍ച്ചകളും അതില്‍ നടക്കുന്നുണ്ട്. ഒട്ടുമിക്ക മലയാളികളുടെയും വാട്‌സപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട സരിതാ വീഡിയോ ക്ലിപ്പുകളില്‍ ഒന്ന് പോലും ഒരാളും എനിക്ക് അയച്ച് തന്നിട്ടില്ല. ഞാനുള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലും ആ വീഡിയോ വന്നിട്ടില്ല. അത് കണ്ടിട്ടുമില്ല.

സരിത വീഡിയോ കണ്ടവര്‍ മാത്രമല്ല, എന്നെപ്പോലെ വീഡിയോ കിട്ടാത്ത ലക്ഷകണക്കിന് മലയാളികളും ഈ വാട്‌സപ്പിലും ഫെസ്ബുക്കിലും ഉണ്ട് എന്നത് ആരും മറക്കണ്ട. അത്തരക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്. ഇതില്‍ നിന്നും ചില കാര്യങ്ങള്‍ സ്വയം അനുമാനിച്ചെടുക്കം, അതിലൂടെ സ്വയം അഭിമാനിക്കാം.

ഒന്ന് – നമ്മുടെ വാട്‌സപ്പ് സുഹൃത്തുക്കള്‍ വീഡിയോ അയക്കുന്ന സമയത്ത്, നമ്മളെ ഒഴിവാക്കിയെങ്കില്‍, നമ്മളെ കുറിച്ച് നല്ലതും മാന്യവുമായ ഒരു ധാരണ ആ സുഹൃത്ത് വെച്ച്പുലര്‍ത്തുന്നുണ്ട് എന്ന് മനസ്സിലാക്കാം.

രണ്ട് – നമ്മള്‍ ഇടപെടുന്ന വാട്‌സപ്പ് ഗ്രൂപ്പ്, ഒരു പെണ്ണ് തുണിയഴിച്ചത് ഷെയര്‍ ചെയ്ത് നാറ്റിക്കാനുള്ളതല്ലെന്നും അതിലൂടെ ഗ്രൂപ്പിന്റെ നന്മ നശിപ്പിക്കരുത് എന്ന് ബോധ്യമുള്ള അംഗങ്ങള്‍ അടങ്ങിയതാണ് എന്നതിലും അഭിമാനിക്കാം.

04
ഷഹീന്‍

വീഡിയോ കിട്ടിയിട്ടും കാണാതെ ഡിലീറ്റ് ചെയ്ത ആളുകളെയും എനിക്കറിയാം. അവര്‍ വീഡിയോ അയച്ചു തന്ന സുഹൃത്തിനെ ബ്ലോക് ചെയ്തു, ഷെയര്‍ ചെയ്യപ്പെട്ട ഗ്രൂപ്പ് വിട്ടു.

ഇനി ധൈര്യമായി, അഭിമാനത്തോടെ, അന്തസ്സോടെ നമുക്കും പറയാം ഞങ്ങളും ഇവിടെ വാട്‌സപ്പില്‍ തന്നെയുള്ളവരാണ്, ഞങ്ങള്‍ ഇനിയും വാട്‌സപ്പ് ഉപയോഗിക്കും. എല്ലാ വാട്‌സപ്പ് സുഹൃത്തുക്കളെയും ആദരവോടെ കാണുകയും ചെയ്യും. സരിതയല്ല, ഏത് ഭൂലോക സുന്ദരി തുണിയഴിച്ചാലും അത് നമ്മുടെ പവിത്രമായ സൌഹൃദങ്ങള്‍ക്കിടയിലേക്ക് ഒരിക്കലും കടന്നുവരില്ല.

കാരണം ഞങ്ങള്‍ ലജ്ജയുള്ളവരാണ്.

Advertisements