323702-10-arvind-1

ഇന്നത്തെ താരം മറ്റാരുമല്ല, ശ്രീ അരവിന്ദ് കുമാര്‍ കേജരിവാള്‍ തന്നെയാണ്. അരവിന്ദ് കേജരിവാളിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും ഈ മനുഷ്യനെക്കുറിച്ച് ഒരു എത്തിനോട്ടം പലരും ഈ സമയത്ത് ആഗ്രഹിച്ചു പോകും.

1968, ഓഗസ്റ്റ് മാസം 16 നു ഹരിയാനയിലെ ഭിവാനി ജില്ലയിലെ സിവാനിയില്‍ ജനനം. ഇലട്രിക്കല്‍ എന്ജിനിയറായ ഗോബിന്ദ് റാം കേജരിവാളിന്റെയും ഗീതാ ദേവിയുടെയും മൂന്നു മക്കളില്‍ മൂത്തയാള്‍. സോനേപ്പട്ട്, ഗാസിയാബാദ്, ഹിസാര്‍ എന്നിവിടങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഖരക്പൂര്‍ ഐ. ഐ. ടി യില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം. ബിരുദാനന്തരം ടാറ്റാ സ്റ്റീലില്‍ മൂന്നു വര്‍ഷം ജോലി. 1992 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ പഠനത്തിനായി ടാറ്റാ സ്റ്റീലിലെ ജോലി രാജി വെച്ചു. ഈ കാലഘട്ടത്തിലാണ് സാമൂഹിക സേവനം ജീവിതത്തിന്റെ ഭാഗമായി മാറുന്നത്.

ഈ കാലയളവില്‍ കൊല്‍ക്കത്തയില്‍ രാമകൃഷ്ണാ മിഷനിലും നെഹ്‌റു യുവകേന്ദ്രയിലും സാന്നിദ്ധ്യം. സിവില്‍ സര്‍വീസ് യോഗ്യത നേടിയ ശേഷം 1995 ല്‍ ഐ ആര്‍ എസില്‍ പ്രവേശിച്ചു. 2000 ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി രണ്ടു വര്‍ഷം അവധി. തുടര്‍ന്ന് 2002 ല്‍ വീണ്ടും സര്‍വീസിലേക്ക്. എന്നാല്‍ സര്‍വീസില്‍ നിറയെ അനീതിയും അതിനെതിരെ പോരാട്ടവും.

2006ല്‍ ഇന്‍കംടാക്‌സ് വകുപ്പിലെ ജോയിന്റ് കമ്മീഷണര്‍ സ്ഥാനം രാജി വെച്ച് ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ തുറന്ന പോരാട്ടം ആരംഭിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവര്‍ത്തികമാക്കുന്നതിനും നല്‍കിയ നേതൃത്തെ മാനിച്ച് 2006 ല്‍ മാഗ്‌സെസെ അവാര്‍ഡ്. ഡല്‍ഹി കേന്ദ്രമാക്കി പരിവര്‍ത്തന്‍ എന്ന കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.

ആദായനികുതി വകുപ്പിലെ അഴിമതിക്കെതിരെ ടെലിവിഷന്‍ ജേണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേര്‍ന്നാണ് പരിവര്‍ത്തന്‍  എന്ന എന്‍.ജി.ഒക്ക് രൂപം കൊള്ളുന്നത്‌.  2006 ഡിസംബറില്‍ മനീഷ് സിസോദിയ, അഭിനന്ദന്‍ സെഘ്രി എന്നിവരുമായി ചേര്‍ന്ന് പബ്‌ളിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു. 2006 ല്‍ രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. തദ്ദേശഭരണത്തില്‍ കാര്യക്ഷമത ഉറപ്പുവരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങള്‍. വിവരാവകാശ നിയമത്തിനുവേണ്ടിയും അതിന്റെ വ്യാപകമായ പ്രയോഗവല്‍കരണത്തിനുവേണ്ടിയും അരുണാ റോയിയോടൊപ്പം പ്രവര്‍ത്തിച്ചു.

ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റിനു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് ഹസാരെ സമരത്തിനിറങ്ങിയപ്പോള്‍ വലം കയ്യായി പ്രവര്‍ത്തിച്ചത് അരവിന്ദ് കെജരിവാള്‍ തന്നെയാണ്. ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് 2011 ആഗസ്ത് 16 നു നടന്ന സത്യഗ്രഹത്തെ തുടര്‍ന്ന് കേജരിവാള്‍ അറസ്റ്റിലായി.

2012 ജൂലായ്‌ മാസത്തില്‍ കളങ്കിതരായ പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കെതിരായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മനീഷ് സിസോദിയക്കും ഗോപാല്‍റായിക്കുമൊപ്പം ജന്ദര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി.

2012 സെപ്റ്റംബറില്‍ സാധാരണക്കാരന്റെ ആം ആദ്മി പാര്‍ട്ടിക് രൂപം നല്‍കി. ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ട്  ഡല്‍ഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടു മത്സരിച്ച് 25,864 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാനാവാതെ വന്നപ്പോഴാണ് കേജരിവാള്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചത്. രാഷ്ട്രീയ തന്ത്രങ്ങള്‍ വിമര്‍ശനരൂപേണ ഒരുപാട് നേരിടേണ്ടി വന്നതിനു ശേഷം 49 ദിവസം കഴിഞ്ഞ് അധികാരത്തില്‍ നിന്നും വിടവാങ്ങല്‍.

ആ വിടവാങ്ങല്‍ മുന്നോട്ടുള്ള ചാട്ടത്തിനു വേണ്ടിയായിരുന്നു എന്ന് ഇന്നത്തെ ദിവസം തെളിയിച്ചു. 57213 വോട്ടുകള്‍ക്ക് വീണ്ടും വിജയിച്ചു. മാത്രമല്ല ഡല്‍ഹി അടക്കി വാണിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സീറ്റുപോലും കൊടുതില്ലന്നു മാത്രമല്ല കോടികള്‍ മുടക്കി ആഞ്ഞു പിടിച്ച ബി ജെ പി വെറും 3 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

പ്രതിപക്ഷത്ത് ഇരിക്കാന്‍ പോലും ആളില്ലാതെ 70 ല്‍ 67 ഉം ആം ആദ്മി പാര്‍ട്ടി നേടി. ഡല്‍ഹിയിലെ പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഗുണമുള്ള ഒരു നഗരമായി ഡല്‍ഹിയെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഇന്ന് നടത്തിയ കേജരിവാളിന്‍റെ പ്രസ്താവന അക്ഷരാര്‍ഥത്തില്‍ പുലരട്ടെ എന്ന് നമുക്ക് ആശിക്കാം …

Advertisements