”ഞാന്‍” എന്നൊരു നാടകം – മൂവി റിവ്യൂ..

0
466

Untitled-1

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് എഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ഞാന്‍’. ടി.പിരാജീവന്റെ ‘കെ.ടി.എന്‍ കോട്ടൂര്‍:എഴുത്തും ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.സംഗീതം ബിജിബാലും ചായാഗ്രഹണം മനോജ് പിള്ളയും കൈകാര്യം ചെയ്തിരിക്കുന്നു.എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

കെ.ടി.എന്‍ കോട്ടൂര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ഭൂതകാലം തേടി പോകുകയാണ് രവി ചന്ദ്രശേഖര്‍ എന്ന ബ്ലോഗറും ഐ.ടി പ്രൊഫഷനലും നാടക പ്രവര്‍ത്തകനും ആയ ചെറുപ്പക്കാരന്‍.അയാളുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നാടകം അണിയിച്ചു ഒരുക്കുക എന്നതാണ് ലക്ഷ്യം.ചരിത്ര പുസ്തകങ്ങളില്‍ എവിടെയും ഇടം നേടാതെ പോയ കെ.ടി.എന്‍ എന്ന മനുഷ്യസ്‌നേഹിയുടെ ജീവിതത്തിലൂടെ രവി നടത്തുന്ന യാത്രയാണ് ഈ ചിത്രമെന്ന് പറയാം.

അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ  വിരളമായ മലയാളത്തില്‍ ഒരു നോവലിനെ ആസ്പദമാക്കി ചിത്രം എടുക്കുക എന്നത് പ്രശംസനീയം തന്നെ. എന്നാല്‍ അങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെടുമ്പോള്‍ യഥാര്‍ഥ സൃഷ്ടിയോട് നീതി പുലര്‍ത്തേണ്ട ചുമതല ആ അനുരൂപീകരണത്തിനുണ്ട്. ”ഞാന്‍” എന്ന ചലച്ചിത്ര സൃഷ്ടി അവിടെ ഒരു പരാജയം ആകുന്നു. ഒരു ശരാശരി നോവലിന്റെ ശരാശരി ചലച്ചിത്ര രൂപം മാത്രമായി ഒതുങ്ങുന്നു ഈ സിനിമ. നോവലില്‍ ഉള്ളതിലധികം കഥയും കഥാപാത്രങ്ങളും സിനിമയില്‍ ചേര്‍ന്നപ്പോള്‍ എന്ത് കൊണ്ടോ നോവലിന്റെ ആത്മാവിന്റെ ഒരംശം മാത്രമേ സിനിമയില്‍ കൊണ്ട് വരാന്‍ സംവിധായകനു കഴിഞ്ഞുള്ളു.

രവിയുടെ മനസ്സിലെ നാടകത്തിന്റെ രംഗങ്ങള്‍ ആയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ചിത്രം അവസാനിക്കുന്നത് ആ നാടകം സ്റ്റേജില്‍ അരങ്ങേറുന്നതോടെയാണ്. അതിനാല്‍ തന്നെ ഒരു അതിനാടകീയത ചിത്രത്തിന്റെ രംഗങ്ങള്‍ക്ക് ഉണ്ടായിരുന്നു. കെ.ടി.എന്നിന്റെ പിതാവിന്റെ മരണ രംഗം ഒക്കെ സ്‌കൂള്‍ നാടകങ്ങളെ അനുസ്മരിപ്പിച്ചു എന്ന് പറയാതെ വയ്യ. പ്രഫഷണല്‍ നാടകം എന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്നവയൊക്കെ യഥാര്‍ഥ പ്രൊഫഷണല്‍ നാടകങ്ങളെ കളിയാക്കുന്നവ ആയിരുന്നു (വട്ടം കൂടി ഇരുന്നു കൂവല്‍, പോസ്റ്റ്മാന്‍ കൊണ്ട് വരുന്ന പരലോകത്ത് നിന്നുള്ള കത്ത് എന്നിവ ഉദാഹരണം)

സാങ്കേതികമായും ചിത്രം അത്ര വലിയ മെച്ചമൊന്നും കാട്ടിയില്ല.’പാലേരി മാണിക്യ’ത്തില്‍ കണ്ട ഏതാണ്ട് അതെ ട്രാന്‍സിഷന്‍സ് ഇതിലും കാണാം. ഈയിടെ കണ്ടത്തില്‍ വളരെ മോശമായി കളര്‍ ഗ്രേഡ് ചെയ്ത ഒരു ചിത്രം കൂടി ആണിത് എന്ന് പറയാതെ വയ്യ. പഴയ കാലത്തെ സൂചിപ്പിക്കാന്‍ സെപിയ കളര്‍ ടോണ്‍ ഉപയോഗിച്ച ആ ക്രിയാത്മക ബുദ്ധിയെ എത്ര പ്രശംസിച്ചാലും മതി വരില്ല. (പല ഫിലിം തിയറികളും മാറ്റി എഴുതേണ്ടി ഇരിക്കുന്നു!). പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡുമായി ഇണങ്ങുന്നതായിരുന്നു; ഒപ്പം ഗാനങ്ങളും.

ഒന്ന് കൂടി പറയട്ടെ, രഞ്ജിത്ത് മോശമല്ലാത്ത ഒരു തിരക്കഥാകൃത്താണ്; പക്ഷെ ഒരു ബിലോ ആവറേജ് സംവിധായകന്‍ മാത്രം ആണ് അദ്ദേഹം. പുതു തലമുറ സിനിമാ പ്രേക്ഷകര്‍ വാഴ്ത്തി വളര്‍ത്തിയ ഒരു സംവിധായകന്‍. അതിനാല്‍ തന്നെ രഞ്ജിത്ത് സിനിമകളില്‍ എന്തെങ്കിലും തരത്തിലുള്ള ക്രാഫ്റ്റ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക എന്നത് ശുദ്ധ മണ്ടത്തരം ആണ്. ചുരുക്കത്തില്‍ ആത്മാവില്ലാത്ത കലാമൂല്യമില്ലാത്ത ഒരു അതിസാധാരണ സിനിമ മാത്രം ആകുന്നു ”ഞാന്‍”

വാല്‍ : കെ.ടി.എന്നിനെ ലക്ഷ്യബോധമില്ലാത്ത വളരെ കണ്ഫ്യൂസ്ട് ആയ ഒരു കഥാപാത്രം ആയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ആ കധാപത്രത്തിന്റെ അത്ര തന്നെ ലക്ഷ്യബോധമില്ലായ്മയും ആശയക്കുഴപ്പവും ചിത്രത്തിന്റെ സംവിധായകനും ഉണ്ടായിരുന്നു

അടിക്കുറിപ്പ് : ഇത് പോലൊരു ചവറിനെ എങ്ങനെ IFFIയുടെ ‘ഇന്ത്യന്‍ പനോരമ’ വിഭാഗത്തിലേയ്ക്ക് തെരഞ്ഞടുത്തു എന്നതാണ് എന്റെ സംശയം. (ചാത്തന്‍ സേവ! ചാത്തന്‍ സേവ…. )