വളരെ അപ്രതീക്ഷിതമായി ആയിരുന്നു ഈ ആഴ്ചയുടെ ആദ്യം ടെന്‍സര്‍ ഫ്ലോ ഓപ്പണ്‍സോഴ്സ് ചെയ്തുകൊണ്ടുള്ള ഗൂഗിളിന്റെ പ്രഖ്യാപനം വന്നത്. വളരെ ആവേശത്തോടെ ടെക് ലോകം ഈ പ്രഖ്യാപനത്തെ സ്വീകരിക്കുകയും ചെയ്തു. എന്നും തങ്ങളുടെ എതിരാളികളെക്കാള്‍ ഒന്നല്ല, മൂന്ന് മുഴം മുന്നേ നടക്കുന്നത് ശീലമാക്കിയവരാണ് ഗൂഗിള്‍. മുന്‍പ് പല തവണയും ഇതേപോലെ ഗൂഗിള്‍ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മുന്‍പുള്ള പോലെയല്ല ഇത്തവണ. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റമായ ടെന്‍സര്‍ ഫ്ലോ, നിരവധി ഗൂഗിള്‍ സേവനങ്ങളുടെ പിന്നിലെ തലച്ചോറ്, ഓപ്പണ്‍സോഴ്സ് ചെയ്യുക വഴി കമ്പ്യൂട്ടര്‍ രംഗത്ത് പുതിയ വിപ്ലവത്തിന് നാന്ദി കുറിക്കുകകൂടി ചെയ്തിരിക്കുകയാണ് ഈ സേര്‍ച്ച് എഞ്ചിന് ഭീമന്.
ടെന്‍സര്‍ ഫ്ലോ ചെയ്യുന്നതെന്ത്?
ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഗൂഗിള്‍ സേവനമാണ് ഗൂഗിള്‍ ഫോട്ടോസ്. പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഓരോ ഫോട്ടോയും നിരീക്ഷിക്കുവാനും അത് എവിടെ വച്ച് എടുത്തതാണെന്ന് കണ്ടെത്തുവാനും സാധിക്കുന്ന സേവനം ഗൂഗിള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ലഭ്യമാക്കിയിരുന്നു. ഡിസ്റ്റ്ബിലീഫ് (DistBelief) എന്നാണ് അന്ന് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം അറിയപ്പെട്ടിരുന്നത്. ഈ ഡിസ്റ്റ്ബിലീഫിന്റെ മുഖം മിനുക്കിയ രൂപമാണ് ടെന്‍സര്‍ ഫ്ലോ. എന്നാല്‍, ഗൂഗിള്‍ ഫോട്ടോസില്‍ ഒതുങ്ങി നില്ക്കുന്നില്ല ടെന്‍സര്‍ ഫ്ലോയുടെ ശേഷികള്‍. ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ വോയിസ് റെക്കഗ്നീഷന്‍, ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് എന്നിങ്ങനെ ഒരു പറ്റം മേഖലകളിലെ മിന്നും താരമാണ് ടെന്‍സര്‍ ഫ്ലോ ഇന്ന്.
ഡിസ്റ്റ്ബിലീഫ് ഗൂഗിള്‍ ഇമേജ് റെക്കഗ്നീഷനിലാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത് എന്ന് പറഞ്ഞല്ലോ. ആവര്‍ത്തിക്കപ്പെടുന്ന പ്രത്യേക പാറ്റേണുകള്‍ കണ്ടെത്തി ഫോട്ടോകളെപ്പറ്റി ചില അടിസ്ഥാന നിഗമനങ്ങളില്‍ എത്താന്‍ ഈ സങ്കേതത്തിന് കഴിഞ്ഞിരുന്നു. ഉദാഹരണത്തിന്. ഒരു പട്ടിയുടെയും പൂച്ചയുടെയും ചിത്രം നല്കിയാല്, രോമത്തിന്റെ നീളം അടിസ്ഥാനമാക്കി ഏതാണ് പൂച്ച എന്ന് കണ്ടെത്തുവാന്‍ ഈ സിസ്റ്റത്തെ നമ്മുക്ക് പ്രോഗ്രാം ചെയ്യുവാന്‍ സാധിക്കും. എന്നാല്‍, ഇതൊരു പരിപൂര്‍ണ വിജയം ആയിരുന്നില്ല. എങ്കിലും, ഡിസ്റ്റ്ബിലീഫ് നേടിയ അത്രയെങ്കിലും പൂര്‍ണത നേടിയെടുക്കാന്‍ അന്ന് വേറൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സ്സിസ്റ്റത്തിനും കഴിഞ്ഞിട്ടില്ല എന്ന വസ്തുത കൂടി പരിശോധിച്ചാല്‍ ഡിസ്റ്റ്ബിലീഫ് കൈവരിച്ചത് ചില്ലറ കാര്യമല്ലെന്ന് മനസിലാക്കാം.
ഡിസ്റ്റ്ബിലീഫില് നിന്നും ടെന്‍സര്‍ ഫ്ലോയില്‍ എത്തുമ്പോള്‍ ഡീപ്പ് ലേണിംഗ് എന്ന നൂതന സാങ്കേതികവിദ്യയുടെ കരുത്തുകൂടിയുണ്ട് ഗൂഗിളിന്റെ കുതിപ്പിന് ശക്തിപകരുവാന്‍. കേവലം ഒരു തലത്തില്‍ മാത്രം ഒതുങ്ങിനില്ക്കാതെ കൂടുതല്‍ ആഴത്തിലുള്ള വിശകലനം ഡീപ്പ് ലേണിംഗ് സാധ്യമാക്കുന്നുണ്ട്. മുന്‍പ് കണ്ട പൂച്ചയുടെ ഉദാഹരണം ടെന്‍സര്‍ ഫ്ലോ എങ്ങനെയാവും കൈകാര്യം ചെയ്യുക എന്നതിനെക്കുറിച്ചുള്ള ഈ പ്രതീകാത്മക ചിത്രീകരണം കാര്യങ്ങള്‍ കുറച്ചുകൂടി ലളിതമായി നിങ്ങള്‍ക്ക് കാണിച്ചുതരും.

പല അടുക്കുകളായി ലഭ്യമായിട്ടുള്ള ഡേറ്റയിലൂടെ പടിപടിയായി വിശകലനം ചെയ്താണ് ടെന്‍സര്‍ ഫ്ലോ ഒരു ചിത്രം എന്താണെന്ന് അനുമാനിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച അടുക്കുകളെ നോഡുകള്‍ എന്നാണ് വിളിക്കുക. ഒരു നോഡില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പടിപടിയായി നീങ്ങുന്നതിനെ സൂചിപ്പിക്കാന്‍ ടെന്‍സര്‍ എന്ന പേരാണ് ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഗൂഗിളിന്റെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിന് ടെന്‍സര്‍ ഫ്ലോ എന്ന പേര് വീണത്.
ഗൂഗിള്‍ എന്ന സകലകലാവല്ലഭന്
സാങ്കേതികവിദ്യയില്‍ പരിജ്ഞാനം നേടിയവര്‍ മാത്രമല്ല, സാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തുകാരനും ഒരേപോലെ അത്ഭുതപ്പെടുന്ന കാര്യമാവും ഗൂഗിള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത്. കേവലം ഒരു സേര്‍ച്ച് എഞ്ചിന് എന്ന ലേബലില്‍ ഒതുങ്ങിനില്ക്കാതെ, ഉപഭോക്താക്കള്‍ക്ക് ഏറ്റവും നൂതനവും സൗകര്യപ്രദവുമായ സാങ്കേതികവിദ്യാസങ്കേതങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ആര്‍ക്കും ആരാധന ഉളവാകുന്ന ഒരു ബ്രാന്‍ഡ് ആയി അവര്‍ വളരുകയും ചെയ്യുന്നു. ഒരുപക്ഷേ, പണം നല്കി സ്വന്തമാക്കാവുന്ന ഒരു സാങ്കേതികവിദ്യയായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ പോലും ഏറെ വിജയം നേടുമായിരുന്ന ഒന്നിനെ ഓപ്പണ്‍സോഴ്സ് ചെയ്യുക വഴി ഗൂഗിള്‍ ലക്ഷ്യമിടുന്നതും കേവല സാമ്പത്തിക നേട്ടത്തിനപ്പുറം നില്ക്കുന്ന ഈ വളര്‍ച്ചയാണ്.
അവിടെയാണ് ബ്രാന്‍ഡിംഗില്‍ ഗൂഗിള്‍ പുതിയ പാഠങ്ങള്‍ തീര്‍ക്കുന്നതും. എളുപ്പത്തില്‍ മനസ്സില്‍ എത്തുന്ന ഒരു ഉദാഹരണം വോള്‍വോ ആണ്. വോള്‍വോ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്ന വാക്ക് സെക്യൂരിറ്റി (സുരക്ഷ) എന്നതാണ്. വോള്‍വോയുടെ മോട്ടോ എന്നതിനപ്പുറം വളര്‍ന്ന ഒരു മാനമുണ്ട് അതിന്. സുരക്ഷ ഒരു മാനദണ്ഡമേ അല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍, ത്രീപോയിന്റ് സീറ്റ് ബെല്‍റ്റ് സംവിധാനം ആദ്യമായി നടപ്പിലാക്കിയത് വോള്‍വോ ആയിരുന്നു. എന്നാല്‍, ഈ സാങ്കേതികവിദ്യ പേറ്റന്റ് നേടി സ്വന്തമാക്കുന്നതിന് പകരം എല്ലാവര്ക്കും ഉപയോഗിക്കുവാനായി വോള്‍വോ വിട്ടുകൊടുത്തു. അവിടെ സാമ്പത്തിക ലാഭത്തെക്കാള്‍ ബ്രാന്‍ഡ് മൂല്യത്തിന് അവര്‍ വിലകൊടുത്തു. ബ്രാന്‍ഡ് വളരുമ്പോള്‍ സാമ്പത്തികലാഭം തനിയേ വന്നുകൊള്ളുമല്ലോ.
എന്തുകൊണ്ട് ഓപ്പണ്സോഴ്സിംഗ്?
ഇവിടെ ഗൂഗിള്‍ ലക്ഷ്യമിടുന്നതും ഇത്തരത്തില്‍ ഒരു വളര്‍ച്ച തന്നെയാവണം. താരതമ്യേന ചെറിയൊരു വിഭാഗം ആളുകള്‍ക്ക് മാത്രമേ ടെന്‍സര്‍ ഫ്ലോ പ്രത്യക്ഷത്തില്‍ ഉപകാരപ്പെടുകയുള്ളൂ എന്നിരിക്കിലും ഇതുപയോഗിച്ച് നിര്‍മിക്കപ്പെടുന്ന സേവനങ്ങള്‍ ഭൂരിപക്ഷം ഉപയോഗിച്ച് തുടങ്ങാന്‍ അധികം കാത്തിരിക്കേണ്ടിവരികയില്ല. പ്രസക്തമായ മറ്റൊരു കാര്യം, ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തെ അതേപടി ഓപ്പണ്‍സോഴ്സ് ചെയ്തിരിക്കുകയല്ല. ഗൂഗിള്‍ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിന്റെ ഉപരിതലത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം അല്‍ഗോരിതങ്ങള്‍ മാത്രം എടുത്ത് രൂപം കൊടുത്തതാണ് ഓപ്പണ്‍സോഴ്സ് ചെയ്യപ്പെട്ടിരിക്കുന്ന ടെന്‍സര്‍ ഫ്ലോ. അതായത്, ഗൂഗിളിന്റെ നട്ടെല്ലായ ഹാര്‍ഡ് വെയര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രഹസ്യം ഇപ്പോഴും സുരക്ഷിതം ആണെന്നര്‍ത്ഥം. എന്നാല്‍, ഓപ്പണ്‍സോഴ്സ് ചെയ്യുന്നത് വഴി കൂടുതല്‍ ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്യന്തികമായി നേട്ടമുണ്ടാവുന്നതും ഗൂഗിളിന് തന്നെ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വിപ്ലവകരമായ പല പരീക്ഷണങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. എന്നാല്‍, കൃത്യമായ ഘടനയുള്ള ഒരു അടിസ്ഥാന സംവിധാനത്തിന്റെ അഭാവമാണ് ഇവയില്‍ ബഹുഭൂരിപക്ഷവും നേരിടുന്ന പ്രധാന വെല്ലുവിളി. ഗൂഗിളിനെപ്പോലെ സാങ്കേതികവിദ്യയില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ഒരു കമ്പനിയുടെ പ്രവേശനം ഇവിടെയാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ടെന്‍സര്‍ ഫ്ലോയുടെ വരവോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് പുതിയ ഭാവുകത്വം കൈവരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
ആര്‍ക്കൊക്കെ ടെന്‍സര്‍ ഫ്ലോ ഉപയോഗിക്കാം?
അപാഷെ 2.0 ഓപ്പണ്‍സോഴ്സ് ലൈസന്‍സോടെയാണ് ഗൂഗിള്‍ ടെന്‍സര്‍ ഫ്ലോ അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ആര്‍ക്ക് വേണമെങ്കിലും ടെന്‍സര്‍ ഫ്ലോ സൗജന്യമായി ഉപയോഗിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനും സാധിക്കും. ടെന്‍സര്‍ ഫ്ലോ ഇപ്പോഴും ഒരു പൂര്‍ണ രൂപത്തില്‍ എത്തിയിട്ടില്ല. ഓപ്പണ്‍സോഴ്സ് ചെയ്യുമ്പോള്‍ ഗൂഗിള്‍ ലക്ഷ്യമിടുന്നതും കൂടുതല്‍ ആളുകളുടെ സഹകരണത്തോടെ ഈ പൂര്‍ണത കൈവരിക്കുക എന്നത് തന്നെയാണ്.
വാഗ്ദാനങ്ങളും പ്രതീക്ഷകളും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ ശക്തമായ ഒരു അടിസ്ഥാന സംവിധാനത്തെപ്പറ്റി മുകളില്‍ പറഞ്ഞിരുന്നു. ടെന്‍സര്‍ ഫ്ലോയുടെ വരവ് അതിനൊരു പരിഹാരം സൃഷ്ടിക്കുക തന്നെ ചെയ്യും. ക്രിയാത്മകമായ പരസ്പര സഹകരണത്തിലൂടെ ടെന്‍സര്‍ ഫ്ലോ വളരുമ്പോള്‍ മനുഷ്യനെപ്പോലെ ചിന്തിക്കുവാന്‍ പര്യാപ്തമായ യന്ത്രങ്ങളെ സൃഷ്ടിക്കുക എന്ന വലിയൊരു സ്വപ്നനേട്ടമാവും മാനവരാശിയെ കാത്തിരിക്കുന്നത്. അതിന് എത്ര നാള് കാത്തിരിക്കേണ്ടിവരുമെന്നത് ആര്‍ക്കും പ്രവചിക്കാവുന്ന കാര്യമല്ല. എന്നിരിക്കിലും, കൂടുതല്‍ മുന്നേറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഉണ്ടാകുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ മികച്ച ഒരു നാളെ നമ്മുക്കുണ്ടാവും എന്ന പ്രതീക്ഷ മങ്ങലേല്ക്കാതെ നില്ക്കുന്നു.
ടെന്‍സര്‍ ഫ്ലോ ഒരു വലിയ മാറ്റത്തിന്റെ, ഒരു വലിയ മുന്നേറ്റത്തിന്റെ, ആദ്യ സൂചനയാണ്. ഇനി വരുവാനിരിക്കുന്ന വിസ്മയങ്ങളുടെ സൂചന. ആ നല്ല നാളെകള്‍ക്കായി നമ്മുക്കും പ്രതീക്ഷകളോടെ കാത്തിരിക്കാം.