ടോട്ടോച്ചാന്‍; വായിക്കുക ഒരിക്കലെങ്കിലും – ഇജാസ് ഖാന്‍..

1120

new

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്… എത്രയോ സിനിമകളുടെ അനുഭവക്കുറിപ്പ് എഴുതിയിട്ടുണ്ട്.. എന്തുകൊണ്ട് വായിച്ച ഒരു ബുക്കിനെകുറിച്ച് എഴുതിക്കൂടാ.. ആ ഒരു ചിന്തയാണ് ഇന്നീ ലേഖനത്തിലേക്ക് എന്നെ നയിച്ചത്..

ഏത് പുസ്തകത്തെകുറിച്ച് എഴുതണം എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് ഈ ബുക്കാണ്.. ‘ ടോട്ടോച്ചാന്‍ ‘..

പ്രസ്തുത ബുക്ക് എന്റെ കയ്യില്‍ എത്തപെട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്..സുഖമുള്ള ആ ഓര്‍മ്മ നിങ്ങളുമായി പങ്കുവേക്കട്ടെ…

സംഭവം ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്… കൊല്ലത്തെ പ്രമുഖമായ ഒരു വിദ്യാലയത്തില്‍ എസ് എസ് എല്‍ സി യുടെ
വിജയാഘോഷം നടക്കുകയാണ്.. പല പ്രമുഖരും വേദിയിലുണ്ട്..കാണികളുടെ ഇടയില്‍ കിട്ടാന്‍ പോകുന്ന കാശ് അവാര്‍ഡിനെ കുറിച്ചും ആ കാശ് കൊണ്ട് ഇനിയൊരു മാസത്തേക്ക് തിയേറ്ററില്‍ പോയി കാണാവുന്ന സിനിമകളെ കുറിച്ചും ഓര്‍ത്ത് അവന്‍ സന്തോഷിക്കുകയായിരുന്നു.

‘.ചുരുങ്ങിയത് ഒരു രണ്ടായിരം ഉറുപ്പിക എങ്കിലും കാണും ..’അവന്‍ ഉത്സാഹത്തില്‍ ആയിരുന്നു..

‘ ഹോ രണ്ടായിരം രൂപ…വീട്ടില്‍ സിനിമ കാണാനാണെന്ന് പറഞ്ഞാല്‍ അഞ്ച്‌പൈസ തരില്ല…ഇതാകുമ്പോ ആരോടും തെണ്ടുകയും വേണ്ട എത്ര സിനിമ വേണമെങ്കിലും കാണുകയും ചെയ്യാം….സമ്മാനം കിട്ടിയ കാശ് അല്ലെ ആരും ചോദിക്കുകയുമില്ല..’..

ഇങ്ങനെയൊക്കെ ആലോചിച്ച് മുഖത്തൊരു മന്ദസ്മിതവുമായി അവന്‍ കാത്തിരുന്നു.. ഒടുവില്‍ എസ് എസ് എല്‍ സിയില്‍ ഉയര്‍ന്നവിജയം നേടിയ അവനുള്‍പ്പെടെയുള്ള നാല് പേരെ ആദരിക്കുന്ന ചടങ്ങെത്തി..ഉയര്‍ന്ന് പൊങ്ങിയ കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ അത് ഏറ്റുവാങ്ങി… ഒരു മൊമെന്റോയും കൂടെ ഒരു പൊതിയും…

അവിടെവെച്ച് തുറന്ന് നോക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തില്‍ മാനക്കെടായതിനാല്‍ വീട്ടില്‍ എത്തുന്നവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു…ഒടുവില്‍ കാണാന്‍ പോകുന്ന സിനിമകളുടെ മനോഹര സ്വപ്നങ്ങളുമായി അവന്‍ ആ പൊതി തുറന്നു.

ജപ്പാനീസ് എഴുത്തുകാരിയായ Tetsuko Kuroyanagiയുടെ ലോകപ്രശസ്ത നോവലായ Tottochan, the Little Girl at the Windowയുടെ മലയാളം പരിഭാഷയായിരുന്നു പ്രിന്‍സി തന്ന ആ സമ്മാന പൊതിയില്‍ ഉണ്ടായിരുന്നത്. അകത്തെ പേജുകള്‍ക്കിടയില്‍ ഒരു നൂറു രൂപയെങ്കിലും ഉണ്ടാകുമോ..?… എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം..
നിരാശമൂത്ത് ദൂരേക്ക് വലിച്ചെറിഞ്ഞ ടോട്ടോച്ചാനെ അടുത്തറിയാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു..

തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതിരുന്ന ആ ദിനങ്ങളില്‍ ഒന്നില്‍ ഞാന്‍ ടോട്ടോച്ചാനിലേക്ക് ഇറങ്ങി ചെന്നു..അതോ എന്നെ തേടിയെത്തിയാതായിരുന്നോ?..അറിയില്ല..

എവിടെയോ എപ്പോഴോ മറന്ന് തുടങ്ങിയിരുന്ന ആ വായനക്കാരനെ ടോട്ടോച്ചാന്‍ എനിക്ക് കണ്ടെത്തി തരികയായിരുന്നു..
പിന്നെ ആ വെക്കേഷന് ഒരു സിനിമപോലും ഞാന്‍ തിയേറ്ററില്‍ പോയി കണ്ടില്ല…ലൈബ്രറിയും ബുക്കുകളുമായി പുതിയൊരു അവധിക്കാലം എനിക്ക് സമ്മാനിച്ചത് ടോട്ടോച്ചാന്‍ ആയിരുന്നു,പിന്നീട് ജീവിതത്തില്‍ ഒരിക്കലും ഉപേക്ഷിക്കാത്ത വായനയും…..

സ്‌കൂളില്‍ നിന്ന് പുറത്താക്കപെട്ട ടോട്ടോച്ചാനിലൂടെയാണ് നോവല്‍ തുടങ്ങുന്നത്.. കൂടുതല്‍ സ്വാതന്ത്ര്യവും സ്‌നേഹവും സന്തോഷവും നല്‍കുന്ന അന്തരീക്ഷമാണ് തന്റെ മകള്‍ക്ക് വേണ്ടതെന്ന് മനസ്സിലാക്കുന്ന ടോട്ടോച്ചാന്റെ അമ്മ അവളെ കൊബായാഷി മാസ്റ്റര്‍ നടത്തുന്ന സ്‌കൂളിലേക്ക് കൊണ്ട് പോകുന്നു.. സൌഹ്യദത്തിന്റെ സ്‌നേഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിന്റെ പുതിയൊരു ഗുരുശിഷ്യ ബന്ധം അവിടെ തുടങ്ങുകയായിരുന്നു..

ചുറ്റിനുമുളള കാഴ്ച്ചകളില്‍ നിന്ന് അവള്‍ പഠിച്ച പാഠങ്ങള്‍,അവളുടെ കൂട്ടുകാര്‍,ഊഷ്മളമായ അവളുടെ സ്‌കൂള്‍ ജീവിതം, അങ്ങനെ അങ്ങനെ നോവല്‍ വായനക്കാരിലേക്ക് ഇറങ്ങി ചെല്ലുകയാണ്… ഒരു കൊച്ച് കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ സാധാരണമായ ഈ ലോകം എങ്ങനെ അസാധാരണവും മനോഹരവുമായി മാറുന്നു എന്ന് നോവലിസ്റ്റ് വിവരിക്കുന്നു…

വായനയെ സ്‌നേഹിക്കുന്നവരോ , അല്ലാത്തവരോ ആരെങ്കിലും ആയികോട്ടെ നിങ്ങള്‍..’ ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട അനുഭവമാണ് ടോട്ടോച്ചാന്‍ ‘ ..!…

“Having eyes, but not seeing beauty; having ears, but not hearing music; having minds,
but not perceiving truth; having hearts that are never moved and therefore never set on fire.
These are the things to fear, said the headmaster.”

– Tetsuko Kuroyanagi, Totto-chan: The Little Girl at the Window .

Advertisements