Share The Article

Downloads1

മനോഹരമായ പ്രകൃതി ഭാഗികൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഭാരതം. മഞ്ഞുമൂടി കിടക്കുന്ന കാശ്മീര്‍ മുതല്‍ ഇങ്ങ് കേരളക്കര വരെ പ്രകൃതി കനിഞ്ഞു നല്‍കിയ വൈവിധ്യം.

ഇന്ത്യയിലെ തന്നെ പ്രമുഖങ്ങളായ ചില ഹണിമൂണ്‍ സ്പോട്ടുകള്‍ നിങ്ങള്‍ക്ക് താഴെ കാണാം..

1. ശ്രിനഗര്‍ – ജമ്മു കാശ്മീര്‍.

ജമ്മുകശ്മീര്‍ ഇന്ത്യയുടെ വടക്കേ അതിര്‍ത്തി സംസ്ഥാനമാണ്. ഹിമാലയന്‍ പര്‍വതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചല്‍ പ്രദേശ്, പടിഞ്ഞാറ് പാകിസ്താന്‍, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മുകാശ്മീരിന്റെ അതിര്‍ത്തികള്‍. ജമ്മു, കശ്മീര്‍, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനല്‍ക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.

2.ഗോവ

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തെ കൊങ്കണ്‍ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍.ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയില്‍ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്.

 

 

3. കൂര്‍ഗ് – കര്‍ണ്ണാടക

തെക്ക്പടിഞ്ഞാറു കര്‍ണാടകത്തില്‍ പശ്ചിമഘട്ടത്തില്‍ 4,100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.കൊടക് പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്, തേക്ക് കാടുകളും മനോഹരമായ താഴ്വരകളുമാണ് പ്രത്യേകതകള്‍. കാവേരി നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ്

4. നൈനിറ്റാള്‍ – ഉത്തരാഖണ്ഡ്.

ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാള്‍. സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാള്‍ സ്ഥിതി ചെയ്യുന്നത്. കുമയോണ്‍ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിതാള്‍. ഹിമാലയ പര്‍വ്വതനിരയിലെ മൂന്ന് മലകള്‍ കൊണ്ട് നൈനിതാള്‍ ചുറ്റപ്പെട്ടിരിക്കുന്നു.
തടാകങ്ങളുടെ നഗരമാണ് നൈനിതാള്‍. പ്രധാന തടാകമാണ് നൈനി തടാകം (നൈനിതാള്‍). കണ്ണിന്റെ ആകൃതിയിലുള്ള ഈ തടാകത്തെ നേത്രദേവതയുടെ ഇരിപ്പിടം എന്നും അറിയുന്നു.

5. ജൈസല്‍മീര്‍ – രാജസ്ഥാന്‍.

വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. രജപുത്താന എന്ന പഴയ പേരില്‍ നിന്നാണ് രാജസ്ഥാന്‍ ഉണ്ടായത്. രജപുത്രരുടെ നാട് എന്നര്‍ത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയല്‍ സംസ്ഥാനങ്ങള്‍. പാകിസ്താനുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. ജയ്പൂറാണു തലസ്ഥാനം.

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താര്‍ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പര്‍വ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.

6. ഷിംല – ഹിമാചല്‍‌പ്രദേശ്.

ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല. ഇതു ഹിമാചല്‍ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിംല ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമായ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു.

7. ലക്ഷദ്വീപ്.

ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് , കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകള്‍ക്ക് വടക്കായി അറബിക്കടലിലാണ്.

8. ഊട്ടി – തമിഴ്നാട്.

തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ഥലമാണ് ഇത്. ക്വീന്‍ ഓഫ് ഹില്‍ സ്റ്റേഷന്‍സ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി മലനിരകള്‍ ഏകദേശം 35 മൈല്‍ നീളവും 20മൈല്‍ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്. ഇത് പശ്ചിമഘട്ടത്തിനും പൂര്‍വ്വഘട്ടത്തിനും ഇടക്കാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. വടക്കുഭാഗം മൊയാര്‍ നദിയാണ്.

9. ഡാര്‍ജിലിംഗ് – വെസ്റ്റ്‌ ബംഗാള്‍.

പശ്ചിമ ബംഗാളിന്റെ വടക്കേ അതിരില്‍ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാര്‍ജിലിംഗ്. ഡാര്‍ജിലിംഗ് ജില്ലയുടെ തലസ്ഥാനമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാര്‍ജിലിംഗ് എന്ന വാക്കിന്റെ ഉല്‍ഭവം രണ്ട് ടിബറ്റന്‍ വാക്കുകളില്‍ നിന്നാണ് ഇടിവെട്ട് എന്ന അര്‍ത്ഥമുള്ള ഡോര്‍ജെ, സ്ഥലം എന്നര്‍ത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേര്‍ന്ന ഇടിവെട്ടിന്റെ നാടാണ് ഡാര്‍ജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാര്‍ജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനല്‍ക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.

10. കുട്ടനാട് – കേരളം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.

 

 

 

 

 

 

"..നിങ്ങള്‍ യാത്രകളെ ഇഷ്ട്ടപ്പെടുന്നുണ്ടോ..? നിങ്ങള്‍ക്കുമില്ലേ യാത്രാനുഭവങ്ങള്‍..? നിങ്ങളുടെ യാത്രകള്‍ വായനക്കാരുമായി പങ്കുവെക്കാന്‍ നിങ്ങള്‍ക്കൊരവസരം... " നിങ്ങളുടെ യാത്രാനുഭവങ്ങളും, യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും ഞങ്ങള്‍ക്കയക്കുക. യാത്രാക്കുറിപ്പുകള്‍ അയക്കേണ്ട വിലാസം : [email protected]