ട്രാവല്‍ ബൂലോകം: കോട്ടകളുടെ നഗരത്തിലേക്കൊരു യാത്ര – രാജസ്ഥാന്‍

461

01

രാജരക്തത്തിന്റെ കടുപ്പവും രജപുത്രവീര്യവും ഒരുപോലെ തെളിഞ്ഞു ഭൂപ്രകൃതിയാണ് രാജസ്ഥാനുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നഗരമാണ് രാജസ്ഥാന്‍. നിര്‍മ്മാണവൈദഗ്ദ്യവും, ശില്‍പ്പചാരുതയും ഒരുപോലെ ഒത്തിണങ്ങിയ രാജസ്ഥാന്‍ കോട്ടകള്‍ സഞ്ചാരികളുടെ മനസ്സില്‍ രജപുത്രകാലത്തെ അവശേഷിപ്പുകളുടെ സ്മരണകലുയര്‍ത്തുന്നു. മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താര്‍ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പര്‍വ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ആംബര്‍ കോട്ട

02

രാജസ്ഥാനിലെ ജയ്പൂരിനടുത്ത് ആംബറില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ കോട്ടയാണ് ആംബര്‍ കോട്ട. ആമെര്‍ കോട്ട എന്നും അറിയപ്പെടുന്നു. ജയ്പൂരില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ജയ്പൂരിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ കഛവ രജപുത്രരുടെ തലസ്ഥാനമായിരുന്നു. രജപുത്ര മുഗള്‍ ശൈലികള്‍ സമ്മേളിക്കുന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബര്‍ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. കോട്ടയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ കോട്ടക്കരികില്‍ മഹോത തടാകവും സ്ഥിതി ചെയ്യുന്നു. ആംബര്‍ കോട്ടയുടെ പടിഞ്ഞാറുവശത്ത്, ഒരേ കോട്ടമതില്‍ക്കെട്ടിനകത്തുതന്നെ ജയ്ഗഢ് കോട്ടയും നിലകൊള്ളുന്നു.

ജലേബ് ചൗക്ക്

03

തെക്കുവടക്കായി തൊട്ടുകിടക്കുന്ന ചതുരാകൃതിയിലുള്ള നാല് മുറ്റങ്ങളും അവക്കു ചുറ്റും മന്ദിരങ്ങളും അടങ്ങിയ ഘടനയാണ് ആംബര്‍ കോട്ടക്കുള്ളത്. കോട്ടയിലേക്ക് പ്രവേശിക്കുന്നവര്‍ വടക്കേ അറ്റത്തുള്ള ജലേബ് ചൗക്ക് എന്ന മുറ്റത്തേക്കാണ് എത്തിച്ചേരുന്നത്. കിഴക്കു നിന്നും പടിഞ്ഞാറു നിന്നുമായി പരസ്പരം അഭിമുഖമായി നില്‍ക്കുന്ന ഒരോപോലെയുള്ള രണ്ട് കവാടങ്ങള്‍ ജലേബ് ചൗക്കിനുണ്ട്. ഇവ യഥാക്രമം സൂരജ് പോള്‍ (സൂര്യകവാടം), ചാന്ദ് പോള്‍ (ചന്ദ്രകവാടം) എന്നീ പേരുകളീല്‍ അറിയപ്പെടുന്നു. രാജഭരണകാലത്ത് സൂരജ് പോളിലൂടെയുള്ള പ്രവേശനം വിശേഷവ്യക്തികള്‍ക്കു മാത്രമായിരുന്നു. പൊതുജനങ്ങള്‍ക്ക് ചാന്ദ് പോള്‍ വഴിയായിരുന്നു പ്രവേശിക്കേണ്ടീയിരുന്നത്. സൂരജ് പോളിനു മുകളില്‍ കാവല്‍ക്കാര്‍ക്കുള്ള അറയായിരുന്നെങ്കില്‍ ചാന്ദ് പോളിനു മുകളില്‍ നോബത്ഖാന എന്ന ഒരു വാദ്യസംഘമാണ്. ഇവര്‍ വലിയ ചെണ്ടകളും മറ്റു വാദ്യോപകരണങ്ങളും ഉപയോഗിച്ച് സംഗീതസദസ്സ് നടത്തു.

സിറ്റി പാലസ്, ജയ്പൂര്‍

04

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരസമുച്ചയമാണ് സിറ്റി പാലസ്. ജയ്പൂര്‍ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം, ജയ്പൂരിന്റെ മുന്‍ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു. ചന്ദ്രമഹല്‍, മുബാരക് മഹല്‍ എന്നീ മാളികകളും മറ്റു വിശേഷനിര്‍മ്മിതികളും ഈ കൊട്ടാരസമുച്ചയത്തിനകത്തുണ്ട്. കൊട്ടാരസമുച്ചയം ഇന്ന് മഹാരാജ സവായ് മാന്‍ സിങ് രണ്ടാമന്‍ മ്യൂസിയം എന്ന പേരില്‍ ഒരു കാഴ്ചബംഗ്ലാവാക്കിയിട്ടുണ്ടെങ്കിലും ചന്ദ്രമഹല്‍ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായി ഉപയോഗിക്കപ്പെടുന്നു. ജയ്പൂരിലെ മറ്റു രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളായ ഹവാ മഹല്‍, ജന്തര്‍ മന്തര്‍ എന്നിവ ഈ കൊട്ടാരത്തിന്റെ തൊട്ടടുത്താണെന്നു മാത്രമല്ല, ഇവയെല്ലാം മുന്‍പ് കൊട്ടാരസമുച്ചയത്തിന്റെ ഭാഗവുമായിരുന്നു.

മയൂരകവാടം (പീക്കോക്ക് ഗേറ്റ്)
പീതം ചൗക്കിന്റെ കിഴക്കുവശത്തായി വടക്കേ അറ്റത്തുള്ള വാതിലാണ് പീക്കോക്ക് ഗേറ്റ്. മയിലുകളുടേയും പീലികളുടേയും ശില്‍പ്പങ്ങളാല്‍ അലങ്കരിച്ച ഈ കവാടം മഴക്കാലത്തെ പ്രതിനിധീകരിക്കുന്നു. ഹിന്ദുവിശ്വാസപ്രകാരം ശിവന്റെ പുത്രനും മയില്‍വാഹനനുമായ കാര്‍ത്തികേയന്റെ ശില്‍പ്പമാണ് ഈ വാതിലിനു മുകളിലുള്ളത്. ഈ വാതിലിലൂടെയാണ് സഞ്ചാരികള്‍ പീതം നിവാസ് ചൗക്കിലേക്ക് പ്രവേശിക്കുന്നത്.
പത്മകവാടം (ലോട്ടസ് ഗേറ്റ്)
നടുമുറ്റത്തിന്റെ കിഴക്കുവശത്ത് തെക്കോട്ട് നീങ്ങിയുള്ള രണ്ടാമത്തെ വാതിലാണ് പത്മകവാടം എന്ന ലോട്ടസ് ഗേറ്റ്. താമരയിതളുകളാണ് ഈ കവാടത്തിലെ ചിത്രശില്‍പ്പകലയിലെ പ്രമേയം. ഈ കവാടം വേനല്‍ക്കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ശിവന്റെ പത്‌നിയായ പാര്‍വതിയുടെ ശില്‍പ്പമാണ് ഈ കവാടത്തിനു മുകളിലുള്ളത്.
റോസ് ഗേറ്റ്
പടിഞ്ഞാറു വശത്തുള്ള രണ്ടു കവാടങ്ങളില്‍ തെക്കേ അറ്റത്തുള്ള പത്മകവാടത്തിന് അഭിമുഖമായി നില്‍ക്കുന്ന കവാടമാണ് റോസ് ഗേറ്റ്. പനീര്‍പ്പൂവിതളുകള്‍ പ്രമേയമാക്കിയുള്ള ശില്‍പകലയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ കവാടം തണുപ്പകാലത്തെ പ്രതിനിധീകരിക്കുന്നു. ശിവനും പാര്‍വതിയുമാണ് ഈ കവാടത്തിന്റെ മുകളിലെ ചെറൂശില്‍പ്പത്തിലുള്ളത്.
ഹരിതകവാടം (ഗ്രീന്‍ ഗേറ്റ്)
പടിഞ്ഞാറുവശത്തുള്ള രണ്ടാമത്തെ കവാടമായ ഹരിതകവാടം, പ്രവേശനകവാടമായ മയൂരകവാടത്തിന് എതിര്‍വശത്താണ്. പച്ചപ്പ് പ്രമേയമാക്കിയിരിക്കുന്ന ഈ കവാടം വസന്തഋതുവിനെ പ്രതിനിധീകരിക്കുന്നു. കവാടത്തിനു മുകളിലുള്ളത് ഗണപതിയുടെ ശില്‍പ്പമാണ്.

ഹവാ മഹല്‍

05

രാജസ്ഥാനിലെ ജയ്പൂരില്‍ സ്ഥിതിചെയ്യുന്ന സവിശേഷശൈലിയിലുള്ള മാളികയാണ് ഹവാ മഹല്‍. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹല്‍ എന്ന പേരിനര്‍ത്ഥം. 1799 ല്‍ മഹാരാജാ സവായ് പ്രതാപ് സിങ് ആണ് ഈ മാളിക പണി കഴിപ്പിച്ചത്. ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകള്‍ ചേര്‍ത്തു വച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക സ്ത്രീകള്‍ക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീര്‍ത്തതാണ്. കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് പര്‍ദ്ദയുടെ ഉപയോഗം നിര്‍ബന്ധമായിരുന്ന കാലത്തായിരുന്നു ഇതിന്റെ നിര്‍മ്മാണം നടന്നത്.

ജയ്പൂര്‍ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ സിറ്റി പാലസ് എന്നറിയപ്പെടുന്ന ജയ്പൂര്‍ നഗരത്തിനകത്തുള്ള കൊട്ടാരത്തിന്റെ സ്ത്രീകള്‍ക്കുള്ള അന്തഃപുരത്തിന്റെ ഭാഗമായായിരുന്നു ഹവാ മഹലിന്റെ നിര്‍മ്മിതി. ചുവന്ന മണല്‍ക്കല്ലില്‍ വെളുത്ത വരമ്പുകള്‍ ചേര്‍ത്ത് രജപുത്രശൈലിയിലുള്ള ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്, ലാല്‍ ചന്ദ് ഉസ്ത എന്ന ശില്‍പ്പിയാണ്. ജരോഖകള്‍ എന്നറിയപ്പെടുന്ന ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത 953 ജനലുകള്‍ ഈ മാളികക്കുണ്ട്.

ജന്തര്‍ മന്തര്‍

06

ഇന്ത്യയില്‍ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28മത്തെ പൈതൃകസ്മാരകമാണ് ജയ്പൂരിലെ ജന്തര്‍ മന്തര്‍. ജയ്പൂരിന്റെ സ്ഥാപകനായ ജയ്‌സിങ് രണ്ടാമനാണ് ജന്തര്‍ മന്തറിന്റെ സ്ഥാപകന്‍. 17271733 കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിര്‍മ്മിച്ച ജന്തര്‍ മന്തര്‍ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തര്‍ മന്തറിന്റെ ഭാഗമാണ്.

ജയ്ഗഢ് കോട്ട

07

രാജസ്ഥാനിലെ ജയ്പൂരില്‍, നഗരത്തിന് 15 കിലോമീറ്റര്‍ ദൂരെയായി ആംബര്‍ കോട്ടയുടെ തൊട്ട് പടിഞ്ഞാറായി ചീല്‍ കാടീല എന്ന കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ജയ്ഗഢ് കോട്ട. ആംബര്‍ കോട്ടക്ക് തൊട്ടടുത്തായതിനാലും ഒരേ ചുറ്റുമതിലുള്ള വളപ്പില്‍ സ്ഥിതി ചെയ്യുന്നതിനാലും ആംബര്‍ കോട്ടയേയും ജയ്ഗഢ് കോട്ടയേയും ഒറ്റ കോട്ടയായി പരിഗണിക്കുന്നവരുണ്ട്. എന്നിരുന്നാലും ജയ്ഗഢ് ഒരു കുന്നിനു മുകളിലായതിനാല്‍ ആംബര്‍ കോട്ടയില്‍ നിന്നും ഇവിടേക്കുള്ള വാഹനങ്ങള്‍ക്കുള്ള പാതക്ക് ഏതാണ്ട് 7 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. ഇരു കോട്ടകള്‍ക്കുമിടയില്‍ കാല്‍നടയായി സഞ്ചരിക്കാനുള്ള സൗകര്യവുമുണ്ട്.

ആംബറിലേയും ജയ്പൂരിലേയും ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ നേതൃത്വത്തില്‍ പതിനഞ്ച് പതിനെട്ട് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഈ കോട്ടയുടെ പണി നടന്നത്. ആംബറിന്റേയും ജയ്പൂരിന്റേയും സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യം മുന്നിര്‍ത്തിയായിരുന്നു ഇതിന്റെ നിര്‍മ്മിതി. അതിനാല്‍ മറ്റു കോട്ടകളിലും കൊട്ടാരങ്ങളിലും കാണുന്ന പോലെ കാര്യമായ കലാകരകൗശലവിദ്യകള്‍ ഇവിടെ ദര്‍ശിക്കാനാകില്ല. നിരവധി മാളികകള്‍, സൈനികര്‍ക്കുള്ള പരേഡ് മൈതാനങ്ങള്‍, പീരങ്കികള്‍, ഒരു പീരങ്കിനിര്‍മ്മാണശാല, സംഭരണികള്‍ എന്നിവയൊക്കെ അടങ്ങിയ ജയ്ഗഢ് കോട്ട, രജപുത്രരുടെ സൈനികപാരമ്പര്യം വിളിച്ചോതുന്നു.രാജവംശത്തിന്റെ ഖജനാവും ഈ കോട്ടയിലായിരുന്നു. ഇവിടെ ഒരു വലിയ നിധി കുഴിച്ചിട്ടുണ്ടെന്ന വിശ്വാസത്തില്‍ ഈ കോട്ടയിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഏഴുവര്‍ഷത്തോളം വിലക്കപ്പെട്ടിരുന്നു.

രണ്‍ഥംഭോര്‍ ദേശീയോദ്യാനം

08

രാജസ്ഥാന്‍ സംസ്ഥാനത്തിലെ സാവോയ് മധോപൂര്‍ ജില്ലയിലാണ് രണ്‍ഥംഭോര്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1980ലാണ് ഇത് രൂപവത്കരിക്കപ്പെട്ടത്. ഒരു കടുവാ സംരക്ഷണ കേന്ദ്രവും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം.ഉദ്യാനത്തിന്റെ വിസ്തൃതി 392 ചതുരശ്ര കിലോമീറ്ററാണ്. ആരവല്ലി വിക്കികണ്ണിപര്‍വതനിരയുടെ ഭാഗമായ ഈ ഉദ്യാനത്തിലൂടെ ബാണാസ് നദി ഒഴുകുന്നു. ധോക്ക്, കുളു, ബെര്‍, ഖിമി, പോളസ് എന്നീ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു.

സരിസ്‌ക ദേശീയോദ്യാനം

09

രാജസ്ഥാന്‍ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സരിസ്‌ക ദേശീയോദ്യാനം. 1992ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1979 മുതല്‍ ഇവിടെ ഒരു കടുവാ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഔറംഗസീബിന്റെ കാങ്ക്‌വാരി കോട്ട, മഹാരാജ ജയ്‌സിംഹന്റെ കരിഷ്‌ക കൊട്ടാരം എന്നിവ ഈ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്നു. 274 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ആരവല്ലി പര്‍വതനിരയുടെ ഭാഗമാണീ പ്രദേശം. വരണ്ട ഇലപൊഴിയും വനമേഖലയാണിവിടം. ധോക്ക്, ഖെയ്ര്‍, ടെന്‍ഡു, ബെര്‍ എന്നീ വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. ആയിരത്തിലധികം പുഷ്പിക്കുന്ന സസ്യയിനങ്ങള്‍ ഇവിടെയുണ്ട്.

രാജസ്ഥാനിലേക്കെത്താനുള്ള യാത്രാമാര്‍ഗ്ഗങ്ങള്‍ക്കും മറ്റുവിവരങ്ങള്‍ക്കും താഴെ കാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

Untitled-142 (1)

ഹോട്ടല്‍ ബുക്കിങ്ങിനും, താമസം സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി താഴെ കാണുന്ന ഹോട്ടല്‍.ബൂലോകം ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

hotel