പത്തനംതിട്ട ജില്ലയെന്നുകേള്ക്കുമ്പോള് ആദ്യമായി മനസ്സില്‍ ഓടിവരുന്ന പേരാണ് ശബരിമല. പുണ്ണ്യഗേഹമായ ശബരിമലയും, പത്തനംതിട്ട ചന്ദനക്കുടവും, പരുമലപ്പള്ളിയുമെല്ലാം നമുക്കിടയില്‍ പത്തനംതിട്ടയുടെ ആത്മീയ വര്‍ദ്ധിപ്പിക്കുന്നു.
പത്തനം തിട്ടയിലെ പ്രധാനസ്ഥലങ്ങള്‍
ശബരിമല ധര്‍മ്മശാസ്താക്ഷേത്രം
ഇന്ത്യയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല ധര്‍മ്മശാസ്താക്ഷേത്രം. ശാസ്താവാണ് പ്രധാന മൂര്‍ത്തി. കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ വച്ച് തീര്‍ത്ഥാടക സന്ദര്‍ശനത്തില്‍ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദര്‍ശനമനുവദിക്കുന്നു.
പന്തളം
പന്തളം രാജാക്കന്മാരുടെ ആസ്ഥാന്മായിരുന്നു ഈ സ്ഥലം. ശബരിമലയോട് അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമാണ് പന്തളം.വലിയകോയിക്കല്‍ കൊട്ടാരവും കോയിക്കല്‍ ക്ഷേത്രവുമാണ് ഇവിടുത്തെ ആകര്ഷണങ്ങള്. ഈ ക്ഷേത്രം അച്ചന്‍കോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. പമ്പയുടെ ഒരു പോഷകനദിയാണു അച്ചന്‍കോവിലാര്‍. പശുക്കിടാമേട്, രാമക്കല്‍തേരി, ഋഷിമല എന്നിവിടങ്ങളില്‍നിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകള്‍ യോജിച്ചാണ് അച്ചന്‍കോവിലാറിന് രൂപം നല്‍കുന്നത്. ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചന്കോവിലാറ് പമ്പാനദിയില്‍ ലയിക്കുന്നു
ആറന്മുള
പത്തനംതിട്ട ജില്ല യിലെ ഒരു പ്രധാന സ്ഥലമാണ് ആറന്മുള. ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയില്‍ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പള്ളിയോടങ്ങള്‍ക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറന്മുള. ഉത്രട്ടാതി ജലോത്സവം പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി.അര്‍ജ്ജുനനും കൃഷ്ണനും സമര്‍പ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്.
ആറന്മുള കണ്ണാടി
ആറന്മുള മറ്റൊരു പ്രത്യേകതയാണ് ആറന്മുള കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദര്‍പ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുന്‍പ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളില്‍ പിന്‍പ്രതലമാണ് പ്രതിഫലിക്കുക.
മാരാമണ്‍ കണ്വന്ഷന്
മാര്‍ത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്മയാണ് മാരാമണ്‍ കണ്വന്ഷന്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായി ഇത് കണക്കാക്കപ്പെടുന്നു.എല്ലാ വര്‍ഷവും ഫെബ്രുവരി മാസം പത്തനംതിട്ട ജില്ലയിലെ മാരാമണ്ണില്‍പമ്പാനദിയുടെ തീരത്താണ് കണ്വന്ഷന് നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നില്ക്കുന്ന കണ്വന്ഷന് 1896ലാണ് ആരംഭിച്ചത്. 114മത് കണ്വന്ഷന് 2009 ല്‍ ആയിരുന്നു. മാരാമണ്‍ പരിസരത്തുള്ള എല്ലാ മാര്‍ത്തോമ്മാ ഇടവകകളിലേയും ജനങ്ങള്‍ ഒരാഴ്ച്ച മുന്‍പു തന്നെ പന്തല്‍കെട്ടുവാനുള്ള ഓല, മുള തുടങ്ങിയ സാമഗ്രികളുമായി പമ്പാതീരത്തെത്തി പന്തല്‍ നിര്‍മ്മാണത്തിനു സഹായിക്കുന്നു. ഏകദേശം ഒരുലക്ഷത്തി അന്‍പതിനായിരം (150,000) ആളുകള്‍ക്ക് ഒരേ സമയം ഇരിക്കുവാന് സൗകര്യമുള്ള പന്തലാണ് നിര്‍മ്മിക്കുന്നത്. വലിയ പന്തലിനടുത്തായി കൊച്ചുകുട്ടികളുമായി വരുന്ന സ്ത്രീകള്‍ക്കായി കുട്ടിപന്തലുമുണ്ട്.
കോന്നി ആനക്കൂട്
പത്തനംതിട്ടയില്‍ നിന്നും ഏകദേശം 12 കി.മീ (പത്തനംതിട്ടപുനലൂര്‍ വഴിയില്‍) അകലെയുള്ള കോന്നിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ് കോന്നി ആനക്കൂട്. ആനക്കൂടും സ്ഥലവും ഏകദേശം ഒന്‍പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. കമ്പകം എന്ന തടിയാണ് ആനക്കൂട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 12.65 മീറ്റര്‍ നീളവും, 8.60 മീറ്റര്‍ വീതിയും,7 മീറ്റര്‍ ഉയരവുമുണ്ട് കോന്നിയിലെ ആനകൂടിന്. ഇപ്പോഴുള്ള ആനകള്‍ സോമന് 65, പ്രിയദര്‍ശിനി 30, മീന 15, സുരേന്ദ്രന് 9 എന്നിവയാണ്. ആനക്കൂടിനോടനുബന്ധിച്ച് മനോഹരമായ ഒരു ആന മ്യൂസിയവും, ഓഡിയോ വിഷ്വല്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനം ടിക്കറ്റെടുത്തവര്‍ക്ക് മാത്രം.
പെരുന്തേനരുവി വെള്ളച്ചാട്ടം
പത്തനംതിട്ടയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം.പമ്പാനദിയില്‍ത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകള്‍ ഭാഗത്തായി പനംകുടുന്ത അരുവിയും ഒഴുകുന്നു.
പരുമല പള്ളി
പത്തനംതിട്ട ജില്ലയിലെ പരുമല എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയവും പ്രമുഖ തീര്‍ഥാടന കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി അഥവാ പരുമല പള്ളി. ഭാരതത്തിലെ ക്രൈസ്തവ സഭകളില്‍ നിന്ന് ആദ്യം പരിശുദ്ധസ്ഥാനം നേടിയ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഈ ദേവാലയം തിരുവല്ലയില്‍ നിന്ന് 7 കിലോമീറ്ററും ചെങ്ങന്നൂരില്‍ നിന്ന് 10 കിലോമീറ്ററും അകലെയാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഈ പള്ളി പല തവണ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വേദിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ കാതോലിക്കാ സ്ഥാനാരോഹണം നടന്നിട്ടുള്ളതും പരുമല പള്ളിയില്‍ വെച്ചാണ്.
ഗവി
ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമ ഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോര്പ്പറേഷന് ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങള്‍ നിലവിലുണ്ട്.’ഗ്രോ മോര് ഫുഡ്’ പദ്ധതി പ്രകാരം ഇവിടെ കൃഷിചെയ്ത ഏലക്കാടുകള്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ഏറ്റെടുത്തു. എണ്‍പതുകളുടെ ആദ്യം ശ്രീലങ്കയില്‍ നിന്ന് കുടിയിറക്കിയ തമിഴരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികളിലധികവും. ഗവി ഇവരുടെ നാടാണെന്നു പറയാം. പതിറ്റാണ്ടുകളായി ഗവി മേഖലയിലുള്ള ശ്രീലങ്കന്‍ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോര്പറേഷന് നിയന്ത്രിത വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന ഏലക്കൃഷി വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി മൂന്നും നാലും മാസം ശമ്പളം മുടങ്ങിയിരുന്നു. തുടര്‍ന്ന് വിനോദസഞ്ചാര രംഗത്തേക്ക് കോര്പറേഷന് ഇറങ്ങിയതോടെയാണ് വരുമാനം വര്‍ധിച്ചത്. ഇതോടെ തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കാനാകുന്നുണ്ട്.
കിലോമീറ്ററുകളോളം നീളത്തില്‍ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളില്‍ പലര്‍ക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങള്‍ക്ക് പുറമേ നീലഗിരി താര് എന്ന വരയാട്, സിംഹവാലന്‍ കുരങ്ങ് എന്നിവ കാട്ടില്‍ വിഹരിക്കുന്നു. മലമുഴക്കി വേഴാമ്പലും ചിത്രശലഭക്കൂട്ടങ്ങളും വേറെ.കാടിന്റെ നിശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയില്‍ കാടിനുള്ളിലെ ടെന്റില്‍ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിള്‍ സഫാരിയും സാധ്യമാണ്
മനുഷ്യ ഇടപെടലിന്റെ ആധിക്യം മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിക്കുന്നതിനാല്‍ സന്ദര്‍ശന അനുമതി നിശ്ചിത എണ്ണം വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.മുന്‍കൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
പത്തനംതിട്ടയിലെ പ്രധാനഹോട്ടലുകളിലെ താമസസൌകര്യങ്ങളും, മറ്റു വിവരങ്ങളും താഴെകാണുന്ന ബൂലോകം ഹോട്ടല്‍ സേര്‍ച്ച് ലിങ്കില്‍ ലഭ്യമാണ്.
മറ്റുസംസ്ഥാനങ്ങളില്‍ വരുന്നവര്‍ക്കായി വിമാനടിക്കറ്റ് നിരക്കുകളും മറ്റു വിവരങ്ങളും താഴെ കാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ലഭ്യമാണ്