മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ ഭേദിച്ചുകൊണ്ട് സൂര്യകിരണങ്ങള്‍ തേയില തലപ്പുകളില്‍ സുവര്‍ണ്ണ ശോഭ പരത്തിയിരിക്കുന്നു. സിരകളില്‍ സാന്ദ്രശൈത്യം നിറച്ച് കാഴ്ചകളില്‍ സമൃദ്ധഹരിതം നിറച്ച് മലനിരകളുടെ മടക്കുകളിലൂടെ ഈറന്‍ കിനാവുകളിലേക്ക് ഒരു മൂന്നാര്‍ യാത്ര…. ഇവിടെ പച്ചപ്പിന്റെ സങ്കലനങ്ങള്‍ ദൃശ്യചാരുതയേകുമ്പോള് കാറ്റിന്റെ കുളിര്മ്മതയും ഊഷ്മളതയും യാത്രയെ സ്വാസ്ത്യ സമ്മോഹനമാക്കുന്നു…
തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാര്‍ . മുന്നാര്‍ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്..
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാര്‍ . ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മാനേജര്‍മാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവര്‍ക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറില്‍ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകര്‍ഷിച്ച ഒരു പ്രദേശമാണ് മൂന്നാര്‍ . 2000 ത്തില്‍ കേരളസര്‍ക്കാര്‍ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.
പ്രധാന ആകര്ഷണകേന്ദ്രങ്ങള്
ഇരവികുളം ഉദ്യാനം
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്.
മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍, എന്നിവ വശ്യമനോഹരമാക്കുന്ന ഈ പ്രദേശം ട്രക്കിംഗില്‍ താല്പര്യമുള്ളവര്ക്ക് പൂര്‍ണ്ണ സംതൃപ്തി പകരും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്.
മാട്ടുപ്പെട്ടി അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയില്‍ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസല്‍ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്നു. വൈദ്യുതോല്പാദനത്തിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാല്‍വ് സ്ഥാപിച്ചിട്ടുണ്ട്.
മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദര്‍ശിക്കാന്‍ വളരെയധികം സഞ്ചാരികള്‍ വരാറുണ്ട്. ഡാമിന്റെ ആകര്‍ഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടില്‍ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്.
ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.
കുണ്ടള അണക്കെട്ട്
പള്ളിവാസല്‍ പദ്ധതിയുടെ ഒരു സ്റ്റോറേജ് അണക്കെട്ടുമാണിത്. പെരിയാര്‍ നദിക്കു കുറുകെയാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാറില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[1]. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്കുന്ന വഴിയിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്.
ചിന്നക്കനാല്‍
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.
ആനയിറങ്ങല്‍
ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.
ടോപ്സ്റ്റേഷന്
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്. മൂന്നാര്‍ കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.
മൂന്നാറില്‍ നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നുവോ..? മൂന്നാറിലേക്കുള്ള യാത്രാവിവരങ്ങളും, റൂട്ട് മാപ്പും, താമസസൌകര്യങ്ങളെയും കുറിച്ച് കൂടുതല്‍ അറിയുവാനും, താമസസ്ഥലം ബുക്ക് ചെയ്യുവാനും ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..