പ്രകൃതിഭംഗിയും, കടലിന്റെ അപൂര്വസൗന്ദര്യവും ഒത്തിണങ്ങിയ ഭൂപ്രദേശമാണ് ലക്ഷദ്വീപ്. വിനോദസഞ്ചാരികള്‍ ഏറെഇഷ്ടപ്പെടുന്ന കാലാവസ്ഥയും, ചുറ്റുപാടുകളും ലക്ഷദ്വീപിനെ മറ്റുവിനോദസഞ്ചാരകേന്ദ്രങ്ങളില്നിന്നും വേര്‍തിരിക്കുന്നു. പ്രത്യേകിച്ചും ഹണിമൂണ്‍ ട്രിപ്പുകള്‍ക്ക് ഏറെ അനുയോജ്യമാണ് ലക്ഷദ്വീപ്.
ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നാണ്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതുമാണ്. 1956ല്‍ രൂപംകൊണ്ടു 1973ല്‍ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു.ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് , കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകള്‍ക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു’ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus) പക്ഷി ആണ്. കടപ്ലാവു് (Artocarpus Incise)(bread fruit) ആണു് ഔദ്യോഗിക മരം. ”’പൂമ്പാറ്റ മത്സ്യം”'(Chaetodon auriga) ആണ് ഔദ്യോഗിക മത്സ്യം.
ദ്വീപ് സമൂഹങ്ങളിലെ പ്രധാനആകര്ഷണ, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1.കവരത്തി
കവരത്തി ദ്വീപ് വിവിധ ജലക്രീഡാ വിനോദങ്ങള്‍ക്കും നീന്തുന്നതിനും വെയില് കായുന്നതിനും അനുയോജ്യമാണ്. കവരത്തിയിലെ സമുദ്രജീവി പ്രദര്‍ശനശാലയില്‍ (മറൈന്‍ അക്വേറിയം) പല ജലജീവികളുടെയും ജീവനുള്ളതും അല്ലാത്തതുമായ ഒരു വലിയ ശേഖരം ഉണ്ട്. ഇവിടെ സുതാര്യമായ അടിത്തട്ടുള്ള നൌകകള്‍ കടലിലെ ജലജീവിതം നോക്കിക്കാണുന്നതിനുള്ള ഒരു വലിയ ആകര്‍ഷണമാണ്. കയാക്കുകളും യാട്ടുകളും കവരത്തിയില്‍ വാടകയ്ക്കു ലഭിക്കും.
2.കല്പേനി
ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളില്‍ കൊച്ചിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ് കല്പേനി. കൊച്ചിയില്‍ നിന്നും 287 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റര്‍ നീളവും, 1.2 കിലോമീറ്റര്‍ വീതിയുമാണ് ഈ ദ്വീപിനുള്ളത്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാല്‍ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടല്‍പ്പാലം പണിയുവാന്‍ സാധിക്കാഞ്ഞതിനാലും ദ്വീപില്‍ കപ്പലുകള്‍ക്കും മറ്റും കയറാന്‍ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകള്‍ നങ്കൂരമിടുന്നത്.
ആകര്‍ഷണ കേന്ദ്രങ്ങള്‍
- ടിപ് ബീച്ച
- കൂമയില്‍ ബീച്ച്
- മൊയിദീന്‍ പള്ളി
- ലൈറ്റ് ഹൗസ്
- അഗത്തിയാട്ടി പാറ
- ബനിയന് നിര്‍മ്മാണശാല
- കൊക്കനട്ട് പൗഡര്‍ ഫാക്റ്ററി
3.മിനിക്കോയ്
ലക്ഷദ്വീപ് സമൂഹത്തിലെ ഒരു ദ്വീപാണ് മിനിക്കോയ് അഥവാ മലിക്കു. ഇവിടെ, സമീപ രാജ്യമായ മാലദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹല്‍ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മലികു ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാള്‍ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനല്‍ മലികു ദ്വീപിനെ മറ്റു ദ്വീപുകളില്‍ നിന്നും വേര്‍ത്തിരിക്കുന്നു.
4.അഗത്തി
ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് അഗത്തി. കൊച്ചിയില്‍ നിന്നും 459 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്. കവരത്തിയുടെ വടക്ക്പടിഞ്ഞാറ് വശത്താണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.ജലക്രീഡകള്‍ക്കുള്ള സൗകര്യമാണ് ദ്വീപിലെ ഒരു പ്രധാന ആകര്‍ഷണം. ദ്വീപില്‍ ഒരു സ്വകാര്യ റിസോര്‍ട്ട് ഉണ്ട്.
5.ബങ്കാരം
ദ്വീപ് സമൂഹത്തില്‍ വിദേശികള്‍ക്ക് പ്രവേശനമുള്ളതും, മദ്യപാനം നിരോധിച്ചിട്ടില്ലാത്തതുമായ ഏക ദ്വീപാണ് ഇത്. ദ്വീപ് നിറയെയുള്ള വെള്ളമണല്‍ ഈ ദ്വീപിന്റെ ഒരു പ്രത്യേകതയാണ്. ബങ്കാരം ടൂറിസ്റ്റ് റിസോര്‍ട്ട് വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. 60 ചാരുകിടക്കകളും, വിവിധതരം ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലയും ഇവര്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ജലക്രീഡകളും, മറ്റ് സാഹസിക ക്രീഡകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
യാത്രാമാര്‍ഗ്ഗങ്ങള്‍
കൊച്ചിയില്‍ നിന്നും വിമാനമാര്‍ഗ്ഗമോ, കപ്പല്‍മാര്‍ഗ്ഗമോ ലക്ഷദ്വീപില്‍ എത്തിച്ചേരാം.