ട്രാവല്‍ ബൂലോകം – കൊണാര്‍ക്ക് സൂര്യക്ഷേത്രം..

409

 

Konark_Surya_Temple

പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാര്‍ക്ക്. സൂര്യദേവന്‍ ആരാധനാ മൂര്‍ത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയില്‍ ജീവിച്ചിരുന്ന നരസിംഹദേവന്‍ ഒന്നാമന്‍ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എന്‍.ഡി.ടി.വിയുടെ ഒരു സര്‍വേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. കൊണാര്‍ക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് ഇപ്രകാരമാണ് : ‘ ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു’

കൊണാര്‍ക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അര്‍ഥം കല്‍പ്പിക്കാം. കോണ്‍ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അര്‍ത്ഥം. അര്‍ക്കന്‍ എന്നാല്‍ സൂര്യന്‍. അതിനാല്‍ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അര്‍ഥത്തില്‍ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നല്‍കപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയര്‍ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.

ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകള്‍ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയില്‍ കലാരൂപങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങള്‍ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിര്‍മിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാന്‍ കഴിയും. ക്ഷേത്രത്തിലെ ചുമര്‍ ശില്പങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, ഗന്ധര്‍വന്മാര്‍, യക്ഷികള്‍, പുരാണ കഥാ സന്ദര്‍ഭങ്ങള്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവ കാണാന്‍ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങള്‍ ഉണ്ട് .

വാത്സ്യായന മഹര്‍ഷിയുടെ കാമ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകള്‍ ഇവിടെ ശില്പങ്ങളായി കാണാന്‍ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിര്‍മിച്ചിരിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തില്‍ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതില്‍ ചിലതാണ്

കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവില്‍ ഇപ്പോള്‍ നിലവിലില്ല. ഇത് 1837 ല്‍ തകര്‍ന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍, എന്നിവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉള്‍ഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോള്‍ ഇരുമ്പ് പൈപ്പുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്നു.പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹന്‍ മണ്ഡപം എന്നിവ ഇപ്പോഴും നില നില്‍ക്കുന്നു. ഇപ്പോള്‍ കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹന്‍ മണ്ഡപം. ചില ചരിത്രകാരന്മാര്‍ ക്ഷേത്രത്തിന്റെ പതനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് : ഇത് പണി കഴിപ്പിച്ച നരസിംഹദേവന്‍ ഒന്നാമന്‍ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. ഏറെ നാള്‍ ഇങ്ങനെ പണികളൊന്നും നടക്കതെയായപ്പോള്‍ ക്ഷേത്രം തകര്‍ന്നു വീണു. പക്ഷേ ഈ വാദത്തിനു ചരിത്രപരമായി തെളിവുകളൊന്നുമില്ല. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത ഒരു ഫലകത്തില്‍ നരസിംഹദേവന്‍ ഒന്നാമന്‍ എ.ഡി 1282 വരെ ഭരണം നടത്തി എന്ന് കാണുന്നു. പല ചരിത്രകാരന്മാരും പറയുന്നത് ക്ഷേത്ര നിര്‍മാണം എ. ഡി 1253 ഇല്‍ തുടങ്ങി എ ഡി 1260 ഇല്‍ അവസാനിച്ചു എന്നാണ്.

ക്ഷേത്രത്തിന്റെ പതനവുമായി ബന്ധപെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാള്‍ സുല്‍ത്താന്‍ ആയിരുന്ന സുലൈമാന്‍ ഖാന്‍ ഖരാനിയുടെ മന്ത്രി കാലാപഹദ്ദുമായി ബന്ധപെട്ട് കിടക്കുന്നു ഒരു ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആകുകയായിരുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച ചില രേഖകള്‍ പ്രകാരം എ ഡി 1568 ഇല്‍ ഇദ്ദേഹം കൊണാര്‍ക്ക് ഉള്‍പ്പെടെ ഒറീസ്സയിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഈ സംഭവത്തിന് ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാല ഘട്ടങ്ങളില്‍ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജര്‍ സൂര്യ വിഗ്രഹം കൊണാര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും മാറ്റി മണ്ണില്‍ കുഴിച്ചിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തില്‍ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തില്‍ കാണാനാവും. എന്നാല്‍ ചില ചരിത്രകാരന്മാര്‍ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് . അവരുടെ അഭിപ്രായത്തില്‍ സുന്ദരവും ആകര്‍ഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാര്‍ക്കിന്റെ പരിസരത്തെവിടെയോ മണ്ണില്‍ പൂണ്ടു കിടക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തില്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ കാണുന്ന സൂര്യ വിഗ്രഹം കൊണാര്‍ക്കിലെ സൂര്യ വിഗ്രഹമാണ്. ഇതു കൂടാതെ ഭൂകമ്പം, പണ്ടെങ്ങൊ ഉണ്ടായ ഒരു ചുഴലിക്കാറ്റ്, ക്ഷേത്ര നിര്‍മാണത്തിലെ പാകപ്പിഴകള്‍ എന്നിവയും ക്ഷേത്രത്തിന്റെ തകര്‍ച്ചക്കുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു

കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലേക്ക് എത്തുവാനുള്ള വിമാനമാർഗ്ഗങ്ങളും നിരക്കുകളുമറിയാൻ ബൂലോകം ട്രാവൽ പോർട്ടൽ സന്ദർശിക്കൂ..