Share The Article

premam_poster_boolokam1
ഫെയ്‌സ്ബുക്ക് തുറന്നാല്‍ സിനിമാ ട്രെയിലറുകളുടെ ഒരു നീണ്ട നിര തന്നെ കാണാം മിക്കവാറും ദിവസങ്ങളില്‍. ട്രെയിലര്‍ പോരാഞ്ഞിട്ട് ഇപ്പോള്‍ രണ്ടും മൂന്നും ടീസറുകള്‍, ഡയലോഗ് പ്രോമോ, പാട്ട് പ്രോമോ അങ്ങനെ അങ്ങനെ നീളുകയാണ് സംഭവങ്ങള്‍. കിടിലന്‍ ട്രെയിലര്‍ കണ്ടിട്ട് പടം കാന ചെല്ലുമ്പോള്‍ നിരാശരാവേണ്ടി വരുന്ന അവസ്ഥ കൂടി വരികയും ചെയ്യുന്നുണ്ട്. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഇവിടെ ഒരു സിനിമ ട്രെയിലര്‍ ഇല്ലാതെ വന്ന് ഫുള്‍ ഹൗസ് ഷോകള്‍ അടുപ്പിച്ചു കളിക്കുന്നത്. ആഹാ! അങ്ങനെയും ഒരു പടമോ എന്നാവും പലരും ഇപ്പോള്‍ ചിന്തിക്കുക.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം പ്രേമം ആണ് കക്ഷി. പടത്തെപ്പറ്റി ആളുകള്‍ ആദ്യം അറിഞ്ഞു തുടങ്ങുന്നത് ഇതിന്റെ കിടിലന്‍ ചിത്രശലഭ പോസ്റ്ററുകള്‍ കണ്ടിട്ടാണ്. പിന്നെ, നിവിനും അല്‍ഫോന്‍സും നേരം എന്ന ഹിറ്റിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന കൗതുകവും. പിന്നീടു വന്നത് പാട്ടുകള്‍ ആണ്. ആദ്യം ആലുവാപ്പുഴയുടെ തീരത്ത് എന്ന കിടിലന്‍ പാട്ട്. പിന്നെ, പതിവായി ഞാന്‍ എന്ന മറ്റൊരു കിടിലന്‍ പാട്ട്. മുടിയഴകുമായി വന്ന മേരിയും സിനിമയെ നാട്ടിലെങ്ങും പാട്ടാക്കി. മേരിയെ കാണാന്‍ വേണ്ടി എല്ലാരും പാട്ടുകള്‍ വീണ്ടും വീണ്ടും കണ്ടു. മേറിയ വീണ്ടും കാണാന്‍ ആളുകള്‍ സിനിമയുടെ റിലീസിനായി കാത്തിരുന്നു. ഇതിനിടയില്‍ ട്രെയിലര്‍ ഇറങ്ങിയോ ഇല്ലയോ എന്നതൊന്നും അവര്‍ക്ക് വിഷയമേ അല്ലായിരുന്നു എന്ന് തോന്നിപ്പോകുന്നു.

സിനിമ കണ്ടവര്‍ക്ക് അറിയാം എന്താണ് ട്രെയിലര്‍ ഇല്ലാതിരുന്നത് എന്നതിന് പിന്നിലെ ശരിക്കും കാര്യം. മേരിയുടെയും ജോര്‍ജിന്റെയും പ്രണയജീവിതം സ്‌ക്രീനില്‍ കണ്ടാസ്വദിക്കാന്‍ എത്തുന്നവരുടെ മുന്നില്‍ നിന്നും ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ പോലും നില്‍ക്കാതെ മേരി പോകുമ്പോള്‍ ഇനിയെന്ത് എന്ന ആകാംഷയിലേയ്ക്ക് പ്രേക്ഷകനെ അല്‍ഫോന്‍സ് തള്ളി വിടുന്നു. പിന്നെയാണ് മക്കളേ സിനിമ. നിവിന്റെ കിടിലന്‍ ഇന്‌ട്രോ, മലര്‍, അങ്ങനെ അങ്ങനെ. കൂടുതല്‍ ഒന്നും ഞാന്‍ പറയും എന്ന് വിചാരിക്കേണ്ട. ഇനി എല്ലാം കണ്ടുഅറിയുവാന്‍ ഉള്ളതാണ്.

ചുരുക്കത്തില്‍ ട്രെയിലര്‍ ഇല്ല എന്നതൊരു പ്രശ്‌നമായി മാറാതെ പ്രൊമോഷന്‍ നടത്താന്‍ പ്രേമം ടീമിന് കഴിഞ്ഞു. അതിനോടൊപ്പം, സിനിമയെപ്പറ്റി പ്രതീക്ഷിച്ചതെല്ലാം ആദ്യം തന്നെ മനസ്സില്‍ നിന്നും കളഞ്ഞ് പുതുമയോടെ ഒരു സിനിമ കണ്ടുതീര്‍ക്കുവാന്‍ ഏറെക്കാലത്തിന് ശേഷം മലയാളിക്ക് അല്‍ഫോന്‍സും കൂട്ടരും ഒരു അവസരവും ഒരുക്കിത്തന്നു.