എഴുപതില്‍ അറുപത്തിയേഴ് സീറ്റുകള്‍. ആം ആദ്മി പാര്‍ട്ടിയുടെ കടുത്ത ആരാധകന്റെ ഭ്രാന്തമായ സ്വപ്നങ്ങളില്‍ പോലും ഇത്തരമൊരു വിജയം കടന്നു വന്നിട്ടുണ്ടാകില്ല. ഡല്‍ഹിയിലെ ഒരു കോടി കോടി മുപ്പത് ലക്ഷം ജനങ്ങള്‍ ഉത്തേജിപ്പിച്ചിരിക്കുന്നത് ഈ രാജ്യത്തെ നൂറ്റി ഇരുപത്തിയാറ് കോടി ജനങ്ങളുടെ പ്രതീക്ഷകളെയാണ്. ഉപരി വര്‍ഗത്തിനും മധ്യവര്‍ഗത്തിനും താഴെ നിസ്സഹായനായി നോക്കി നില്ക്കേണ്ടവനല്ല ആം ആദ്മിയെന്നും അവനും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാണെന്നും ഡല്‍ഹി വിളിച്ചു പറയുന്നു. ഉപരി വര്‍ഗം, മധ്യ വര്‍ഗം, അടിസ്ഥാന വര്‍ഗം എന്നീ മൂന്ന് തട്ടുകളില്‍ ഒരു ഭരണാധികാരിക്ക് ആരോടാണ് കൂടുതല്‍ പ്രതിബദ്ധത വേണ്ടതെന്ന് തിരിച്ചറിയുന്ന രാഷ്ട്രീയമാണ് കേജരി വാള് മുന്നോട്ട് വെച്ചത്. അതിശക്തമായ മോഡി തരംഗത്തിനിടയിലും ഡല്‍ഹിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് ആ രാഷ്ട്രീയമാണ്
ഭരിക്കുന്ന ആളുടെ നെഞ്ചളവോ ഇട്ടിരിക്കുന്ന കോട്ടിന്റെ വിലയോ അടിസ്ഥാന വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. ടി വി യിലൂടെ കേള്‍ക്കുന്ന പ്രധാനമന്ത്രിയുടെ എമണ്ടന്‍ പ്രസംഗങ്ങളും അവരെ സംബന്ധിച്ചിടത്തോളം സൂപ്പര്‍ താര സിനിമകളിലെ ഡയലോഗുകള്‍ക്ക് സമാനമാണ്. അവരുടെ പ്രശ്നം അവരുടെ ജീവിതമാണ്. പകച്ചു നില്ക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. അരവിന്ദ് കേജരിവാള്‍ ഡല്‍ഹി ഭരിച്ച നാല്പത്തിയൊമ്പത് ദിവസങ്ങളില്‍ അവരുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്കാണ് അദ്ദേഹം ആദ്യമായി ശ്രദ്ധ തിരിച്ചത്. വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷന് തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ അജണ്ടയെ മുന്നോട്ടു നയിച്ചത്. കേന്ദ്രം ഭരിക്കുന്ന മോഡിയുടെ അജണ്ടകള്‍ കഴിഞ്ഞ ഒമ്പത് മാസമായി ഡല്ഹിക്കാര് കാണുന്നുണ്ട്. അംബാനിയും അഡാണിയും അത്യധികം സംപ്തൃതരായി ചിരിച്ചു നടക്കുന്നത് അവര്‍ കേള്‍ക്കുന്നുണ്ട്. എണ്ണക്കമ്പനികളുടേയും ബഹുരാഷ്ട്ര കുത്തകകളുടേയും കൂട്ടച്ചിരികള്‍ അധികാരത്തിന്റെ ഇടനാഴികകളില്‍ നിന്ന് ഉയരുന്നത് അവര്‍ അറിയുന്നുണ്ട്. നൂറ് ദിവസത്തിനുള്ളില്‍ ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം മുഴുവന്‍ തിരിച്ചെത്തിക്കും എന്ന് വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയവര്‍ നൂറല്ല, ഇരുന്നൂറ്റി അമ്പത് നാളുകള്‍ പിന്നിട്ടിട്ടും ഈ വിഷയത്തില്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. കള്ളപ്പണക്കാരുടെ പട്ടിക പത്രങ്ങള്‍ പുറത്ത് വിട്ടിട്ടും നീണ്ട മൗനത്തിലാണ് ഭരണകൂടം. ഇതെല്ലാം കണ്ടും അറിഞ്ഞും മനസ്സ് മടുത്ത സാധാരണക്കാര്‍ക്ക് പ്രതികരിക്കാന്‍ കേജരിവാള്‍ ഒരവസവരം നല്കി. അതവര് അതിമനോഹരമായി ഉപയോഗപ്പെടുത്തി.
അധികാരം മണത്തപ്പോള്‍ മറുകണ്ടം ചാടിയ കിരണ്‍ ബേദിയെന്ന അവസരവാദിക്ക് കിട്ടിയ അടി എല്ലാ ഓപ്പര്ച്യൂണിസ്റ്റുകള്ക്കും ഒരു പാഠവുമാണ്. ‘ജാങ്കോ… നീ അറിഞ്ഞാ .. ഞാന്‍ പെട്ടു’ എന്ന കോമഡി ഡയലോഗാണ് കിരണ്‍ബേദി ഇപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാകുക. ബി ജെ പിയുടെ പതനം ഇത്ര ദയനീയമാക്കിയത് കിരണ്‍ബേദിയുടെ വരവോട് കൂടിയാണെന്ന് കാണാന്‍ കഴിയും. അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെയും അടിസ്ഥാന വര്‍ഗ്ഗ മുന്നേറ്റത്തിന്റെയും അതിശക്തമായ പ്ലാറ്റ്ഫോമില്‍ നിന്നാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അധികാരക്കസേര തേടി കിരണ്‍ബേദി പോയത്. സാധ്യതകളുടെ രാഷ്ട്രീയം കളിക്കാന്‍ നമ്മുടെ നാട്ടിലും സൂപ്പര്‍ താരങ്ങള്‍ വരെ ഇറങ്ങിയിരിക്കുന്ന ഇക്കാലത്ത് ഡല്‍ഹി നല്കുന്ന സന്ദേശം ചെറുതല്ല. ആ സന്ദേശം തിരിച്ചറിയാന്‍ നമ്മുടെ സുരേഷ് ഗോപിമാര്‍ക്ക് സാധിച്ചാല്‍ ഇലക്ഷന് റിസള്‍ട്ട് വന്ന ശേഷം ഗോപിയാകാതെ കഴിയാന്‍ പറ്റും.
കേജരിവാളിന്റെ മുന്നിലുള്ളത് കടുത്ത വെല്ലുവിളികളാണ്. ഒരു വിമോചന നായകന്റെ പരിവേഷമാണ് ജനമനസ്സില്‍ അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴുള്ളത്. ഭരണ രംഗത്ത് ചില മാന്ത്രിക നീക്കങ്ങളാണ് പൊതുജനം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകളായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളും. അമര്‍ഷം ഉള്ളിലൊതുക്കി നില്ക്കുന്ന ഒരു കേന്ദ്ര ഭരണ കൂടത്തില്‍ നിന്നും എത്ര മാത്രം പിന്തുണ അദ്ദേഹത്തിന്റെ പദ്ധതികള്‍ക്ക് ലഭിക്കുമെന്ന് കണ്ടറിയണം. പ്രത്യേകിച്ചും കേന്ദ്ര ഭരണത്തിന്റെ സിരാകേന്ദ്രം താവളമാക്കിയാണ് അദ്ദേഹത്തിന് ഭരണം നടത്തേണ്ടത്. തങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കപ്പെടുമെന്ന് നൂറ് ശതമാനം ഉറപ്പുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും അവരുടെ അജണ്ടകളെ സമര്‍ത്ഥമായി സംരക്ഷിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളും കേജരിവാളിന്റെ രക്തം കുടിക്കുവാനുള്ള അവസരത്തിനായി കാത്തിരിക്കും.
‘ഞാന്‍ അരവിന്ദ് കേജരിവാളാണ് എന്നത് കൊണ്ടല്ല അവര്‍ എന്നെ ഭയപ്പെടുന്നത്. ഞാന്‍ നിങ്ങളിലൊരാളാണ് എന്നത് കൊണ്ടാണ്. അവര്‍ ഭയപ്പെടുന്നത് എന്നെയല്ല, നിങ്ങളെയാണ്’ എന്ന കേജരിവാളിന്റെ വാക്കുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള സൂചിക കൂടിയാണ്. നിങ്ങളിലൊരാളാണ് ഞാനെന്ന് പറയുമ്പോള്‍ മാത്രമല്ല, അത് ബോധ്യപ്പെടുത്തും വിധം രാഷ്ട്രീയ അജണ്ടകള്‍ സെറ്റ് ചെയ്യുന്നിടത്ത് വിജയിക്കുമ്പോഴാണ് ഒരു ജനകീയ നേതാവ് ജനിക്കുന്നത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ ആത്മാവ് ആ അജണ്ടകളിലാണ് നിലകൊള്ളുന്നത്. കേജരിവാള്‍ ഇന്ത്യന്‍ അടിസ്ഥാന വര്‍ഗത്തിന് നല്കുന്ന പ്രതീക്ഷയും അവിടെയാണ്. അതുകൊണ്ട് തന്നെ മുമ്പത്തേക്കാള്‍ അഭിമാനത്തോടെ നമുക്കിപ്പോള്‍ പറയാന്‍ സാധിക്കും. ഡല്‍ഹിയാണ് ഞങ്ങളുടെ തലസ്ഥാനം.