ഡിജിറ്റല്‍ ഇന്ത്യയും പ്രൊഫൈല്‍ പിക്ചര്‍ വിവാദവും : ഫെയ്‌സ്ബുക്കിന്റെ ഗൂഡതന്ത്രമോ?

415

NamoZuck
ഡിജിറ്റല്‍ ഇന്ത്യ എന്നത് മോഡി സര്‍ക്കാര്‍ ഒരു സ്വപ്നപദ്ധതിയായി ആണ് മുന്നോട്ടുവച്ചത്. ഇന്ത്യന്‍ പൗരന്മാരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നേക്കാം എന്ന സംശയം പലയിടത്തുനിന്നും ഉയര്‍ന്നെങ്കിലും ശരിയായ രീതിയില്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ ഒരു വില്പ്ലവം തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ഈ ആശയം എന്ന് എല്ലാവരും ഒന്ന് പോലെ സമ്മതിക്കും. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ഡിജിറ്റല്‍ ഇന്ത്യയെ പിന്താങ്ങിക്കൊണ്ട് മുന്നോട്ട് വന്നപ്പോള്‍ ആദ്യം എല്ലാവരും അതൊരു വലിയ നേട്ടമായി കരുതിയെങ്കില്‍ അധികം വൈകാതെ തന്നെ ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന സംരംഭം ചുളുവില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട് എന്ന ആരോപണങ്ങള്‍ എല്ലായിടത്തുനിന്നും ഉയരുവാന്‍ തുടങ്ങി. നെറ്റ് ന്യൂട്രാലിറ്റിയെ എതിര്‍ക്കുന്നു എന്നതിനാല്‍ തന്നെ ജനഹിതപരിശോധനയിലൂടെ നമ്മള്‍ വേണ്ട എന്ന് തീരുമാനിച്ച സംരംഭമാണ് ഇപ്പോള്‍ ഫ്രീ ബേസിക്ക്‌സ് എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ്.ഓര്‍ഗ്

ഫേസ്ബുക്ക് ആസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുന്നതിന് മുന്‍പ്, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ പിക്ച്ചറില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാകയിലെ മൂവര്‍ണങ്ങള്‍ ചാലിക്കുകയും മറ്റ് ഫേസ്ബുക്ക് അംഗങ്ങള്‍ക്ക് ഇങ്ങനെ ചെയ്യുവാന്‍ ഉള്ള സൗകര്യം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ കോഡില്‍ ഡിജിറ്റല്‍ ഇന്ത്യ എന്നതിന് പകരം ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്നാണ് നല്‍കിയിരിക്കുന്നത് എന്ന് ആരോ കണ്ടെത്തിയതാണ് ഫേസ്ബുക്കിനെയും സുക്കര്‍ അണ്ണനെയും വെട്ടിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ഈ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് തന്നെ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതിനുപിന്നില്‍ ഫേസ്ബുക്കിന് ഗൂഡഉദ്ദേശങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് ഇവര്‍ പറയുന്നത്. പ്രൊഫൈല്‍ പിക്ച്ചറിന്റെ HTML കോഡില്‍ ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന് വന്നത് ഒരു ചെറിയ കൈപ്പിഴ മാത്രമാണ് എന്നാണ് ഫേസ്ബുക്കിന്റെ ഭാഷ്യം. ശരിയാവാം. കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് എന്ന സോഷ്യല്‍മീഡിയയുടെ ആശയം ഇതള്‍വിരിഞ്ഞ ആ തലയില്‍നിന്നും ഇങ്ങനെ ഒരു മണ്ടത്തരം പറ്റാന്‍ സാധ്യതയില്ല. പ്രൊഫൈല്‍ പിക്ച്ചറില്‍ മൂവര്‍ണം പൂശുന്നതില്‍ ഗൂഡലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

എന്നാല്‍, ഫേസ്ബുക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി ചര്‍ച്ചനടത്തി വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചാല്‍ ഒന്ന് മനസിലാകും. ഇവയൊക്കെ നമ്മുക്ക് തന്നെ ചെയ്യാവുന്ന കാര്യങ്ങളെ ഉള്ളൂ. അമേരിക്കയില്‍ നിന്നും ഡോളര്‍ ഇറക്കിയിട്ട് വേണ്ട നമ്മുക്ക് ഇതൊക്കെ ചെയ്യാന്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഫേസ്ബുക്ക് ഇങ്ങനെയൊരു ഓഫര്‍ വയ്ക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. അപ്പോള്‍, എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് സംശയിക്കുന്നതില്‍ തെറ്റൊന്നും ഇല്ല.

സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ചുനോക്കുക പോലും ചെയ്യാതെ I AGREE എന്ന് സിലക്റ്റ് ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഈ പ്രൊഫൈല്‍ പിക്ചര്‍ വിവാദം നമ്മെ പഠിപ്പിക്കുന്നതും വേറെ ഒന്നുമല്ല. എന്തുകാര്യവും എടുത്തുചാടി ചെയ്യാതെ ആലോചിച്ച് മാത്രം ചെയ്യുക.

OSCYathra

വാല്‍ക്കഷ്ണം : എന്തുകാര്യത്തിലും മലയാളികളെ കഴിഞ്ഞേ ആളുളൂ ഈ ലോകത്ത്. ത്രിവര്‍ണം ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആണെങ്കില്‍ സുക്കര്‍ അണ്ണന് മുന്നേ നമ്മുടെ ചെമ്പന്‍ അണ്ണന്‍ ഇതൊക്കെ ഇറക്കിയതാ. നമ്മളോടാ കളി! ഹല്ല പിന്നെ.