ഡെകെയര്‍ – സുഹാസ് പറക്കണ്ടി.

211

 

sad-baby

അപ്പുമോനെന്താ ഇന്നും വല്ലാതിരിക്കുന്നെ , അമ്മയുടെ ചോദ്യം അപ്പുമൊന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. അവന്‍ വാടിയ ചെമ്പിലപൊലെ അമ്മയുടെ മാറില്‍ ചേര്‍ന്ന് കിടന്നു കണ്ണുകള്‍ പതിയെ അടച്ചു. ചെറുതായി പനിക്കുന്നുണ്ട്, ചിലപ്പോള്‍ അവന്‍ ഞെട്ടി എണീറ്റ് ചുറ്റും നോക്കുന്നുണ്ടായിരുന്നു.

കേവലം രണ്ടു വയസ്സ് മാത്രം പ്രായമുള്ള അപ്പു എല്ലാവരുടെയും കണ്ണിലുണ്ണിയാണ്, വീട്ടില്‍ വരുന്നവരെ കയ്യിലെടുക്കാന്‍ അവന്റെ മിടുക്കൊന്ന് വേറെ തന്നെ. എല്ലാവരും പറയുമായിരുന്നു അപ്പു ആള് സ്മാര്‍ട്ട് ആണ് എന്ന്. അത് തെല്ലോരഭിമാനതോടെ സുരഭി കേട്ടിരിക്കുമായിരുന്നു.

സമയം ഒത്തിരിയായി അപ്പുമൊന്റെ അച്ഛന്‍ ഇനിയും വന്നില്ല. വൈകും എന്ന് മനുഏട്ടന്‍ വിളിച്ചു പറഞ്ഞിരുന്നു, ഓഫിസില്‍ നിന്നും വരുമ്പോള്‍ മകനെ ഡെകെയറില്‍ നിന്നും വിളിക്കാന്‍ മറക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ ഇത്രേം വൈകും എന്ന് കരുതിയില്ല , സുരഭിയുടെ ആത്മഗതം ഒരു ദീര്‍ഘ നിശ്വാസമായി. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയെ മോഷണക്കേസില്‍ പോലീസ് കൊണ്ടുപോയത് ഇന്നലെയാണ് …സ്വന്തം ചേച്ചിയെ പോലെ സ്‌നേഹിച്ച അവര്‍ ഒടുവില്‍ …. സുരഭിക്ക് അത് ഓര്‍ക്കാനേ കഴിഞില്ല.

നഗരത്തിലെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉദ്യൊഗസ്ഥയാണ് സുരഭി ഭര്‍ത്താവ് മനു ഒരു ഐ ടി പ്രൊഫഷനലും. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ മകനെ നോക്കാന്‍ കഴിയാതെ വന്നപ്പോള്‍ മകനെ ഡെകെയറില്‍ കൊണ്ടുചെന്നാക്കാം എന്ന് പറഞ്ഞത് സുരഭിയാണ് , അവിടെ ആവുമ്പോ സമയത്തിന് ഭക്ഷണം, നോക്കാനും ഉറക്കാനും ആയമാര്‍ , പിന്നെ മറ്റു കുട്ടികളുടെ കൂടെയാവുമ്പൊ അപ്പുന് കളിക്കേം ചെയ്യാം …. പണം മാത്രം നോക്കിയാമതി … സുരഭി പറഞ്ഞു നിര്‍ത്തി .. മനു ഒരു നിമിഷം ചിന്തിച്ചു പിന്നെ സമ്മതിച്ചു , നഗരത്തിലെ അറിയപെടുന്ന ഡെകെയറില്‍ അവര്‍ അപ്പുവിനെ കൊണ്ടുചെന്നാക്കി.

ഡെകെയര്‍, പല പ്രായത്തിലുള്ള പത്തോളം കുട്ടികള്‍ , അവര്‍ക്ക് കളിയ്ക്കാന്‍ വിവിധതരം കളിപ്പാട്ടങ്ങള്‍ , രണ്ടു ആയമാര്‍ … മക്കളെ അവിടെ ഏല്പിച്ചു വേഗത്തില്‍ തിരികെ പോകുന്ന രക്ഷിതാക്കള്‍, തിരക്ക് പിടിച്ച നഗര ജീവിതത്തിന്റെ മറ്റൊരു മുഖം. അമ്മമാര്‍ തിരികെ പോകുമ്പോള്‍ ഉറക്കെ കരയുന്ന കുട്ടികള്‍ … പക്ഷെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും സമയമില്ലാത്ത അമ്മമാര്‍ നഗരതിരക്കിലൂടെ എവിടെയോ മറഞ്ഞു , കുഞ്ഞുങ്ങളുടെ നിലവിളിയോച്ചകള്‍ അനാഥമായി , ഒരു പ്രതിധ്വനി പോലും ശ്രിഷ്ടിക്കാതെ നഗരശബ്ദത്തില്‍ അലിഞ്ഞമര്‍ന്നു.

അപ്പു ചുറ്റിലും നോക്കി, വിവിധ വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ അപരിചിതമായ മുഖങ്ങള്‍, പല പ്രായത്തിലുള്ളവര്‍, കൂടുതല്‍ പേരും അപ്പുവിനെക്കള്‍ പ്രയം കൂടിയവര്‍ ആയിരുന്നു ..ചിലര്‍ കരയുന്നു, ചിലര്‍ ഭയന്ന കണ്ണുകളോടെ എന്തോ പ്രതീക്ഷിച്ചിരിക്കും പോലെ, അങ്ങിങ്ങായി ചിതറി കിടക്കുന്ന കളിപ്പാട്ടങ്ങളെ അവര്‍ ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല

പെട്ടന്ന് ആയമാരില്‍ ഒരാള്‍ അവരുടെ അടുത്തേക്ക് വന്നു ചുറ്റിലും നോക്കി. ക്രൂരതയുടെ തീനാളം ആ കണ്ണുകളില്‍ ജ്വലിച്ചു നിന്നു. കരഞ്ഞു കൊണ്ടിരുന്ന കുട്ടികളില്‍ പലരും പെട്ടന്ന് കരച്ചില്‍ നിരത്തി ഭയചകിതരായി അവരെ നോക്കി. വേട്ടപട്ടിയെ കണ്ട മുയല്‍കുഞ്ഞിപോലെ അവര്‍ പതുങ്ങി ഇരുന്നു……..

അവിടെ ഉണ്ടായിരുന്ന ആയമാരില്‍ ഏറ്റവും ക്രൂരയായിരുന്നു ക്ലാര, ഭര്‍ത്താവ് എന്നേ ഉപേക്ഷിച്ചു പോയ, അമ്മയുടെ പേറ്റുനൊവ് എന്തെന്നറിയാത്ത സ്ത്രീ. കുട്ടികളെ നോക്കാനും ഭക്ഷണം കൊടുക്കാനുമുളള ഉത്തരവാദിത്തം ക്ലരക്കാണ്.

സ്റ്റോപ്പ് പ്ലയിംഗ് ബേബീസ്, ദിസ് ഈസ് ദി ടൈം ഫോര്‍ ബ്രക്ഫാസ്റ്റ്, അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു . കുട്ടികള്‍ അവരെ തന്നെ നോക്കിയിരുന്നു. അവര്‍ ട്രെയില്‍ നിന്നും പാലും ബ്രഡും ഓരോരുത്തരുടെയും മുന്നില്‍ വെച്ചു. അപ്പുവിന്റെ മുന്നിലും വെച്ച് , അവന്‍ മെല്ലെ ബ്രഡില്‍ കൈവച്ചു , ഡോണ്ട് ടച് യുവര്‍ ഫുഡ് അന്റില്‍ ഐ സേ , ക്ലാര അലറി .. ജീവിതത്തില്‍ ആദ്യമായായിരുന്നു ഇത്രയും വലിയ ഒരു ശബ്ദം അവന്‍ കേള്‍ക്കുന്നത്.. ഞെട്ടിത്തരിച്ചു അപ്പു വാവിട്ടു കരഞ്ഞു , ക്ലാര ഒരൊറ്റ കുതിപ്പിന് അപ്പുവിനെ തൂക്കിയെടുത്തു , അവന്റെ കയ്യിലും കാലിലും പൊതിരെ തല്ലി… അപ്പു ഉറക്കെ ഉറക്കെ കരഞ്ഞു , ദേഷ്യം കൊണ്ടു ചുവന്നു തുടുത്ത ക്ലാര ഒരു ഭ്രാന്തിയെപ്പോലെ അവനെ തല്ലി.. പിന്നെ തറയിലേക്ക് ശക്തിയായി തള്ളി, അപ്പു തറയില്‍ നിന്നും വിതുമ്പിക്കൊണ്ട് എഴുന്നെറ്റു ആ മുറിയുടെ ഒരു മൂലയില്‍ ചെന്ന് ഇരുന്നു, അവന്‍ ഭക്ഷം ഒന്നും കഴിച്ചില്ല .

ക്ലാര മറ്റു കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തു തുടങ്ങി.. ചിലര്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല , അവരുടെ തലയില്‍ അവള്‍ ശക്തിയായി കൈമുട്ടു കൊണ്ടു ഇടിച്ചു ഭയന്ന്‌പോയ കുട്ടികള്‍ ഭക്ഷണം കഴിച്ചു എന്ന് വരുത്തി തീര്‍ത്തു . പാത്രങ്ങള്‍ എല്ലാം പെറുക്കി കൂട്ടി ക്ലാര അടുക്കലയിലേക്ക് പോയി. തിരിച്ചു വന്ന ക്ലാര എല്ലാവരോടുമായി പറഞ്ഞു ഇനി പാല് കഴിച്ചു എല്ലാവരും ഉറങ്ങിക്കോണം കുട്ടികള്‍ പാലു കുടിച്ചു പതിയെ മയക്കത്തിലേക്കു വീണു . അഞ്ചു മിനിറ്റിനകം എല്ലാവരും ഉറങ്ങി അപ്പു മാത്രം പാല് കുടിച്ചില്ല അവന്‍ ഉറങ്ങിയതുമില്ല .

അപ്പു ഐ ടോള്‍ഡ് യു റ്റു ഗോ ആന്‍ഡ് സ്ലീപ് , വൈ യു ആര്‍ സ്റ്റില്‍ നൊട്ട് ? രണ്ടു വയസ്സ്‌കാരാന്‍ അപ്പുവിനു അവര്‍ പറഞ്ഞത് എന്തെന് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയാനുള്ള ബുദ്ധിപോലുമില്ലാത്ത ക്ലാര അപ്പുവിന്റെ തലയില്‍ ശക്തിയായി ഇടിച്ചു … അവന്‍ വീണ്ടും ഉറക്കെ കരഞ്ഞു … പക്ഷെ ഒരു കുട്ടിപോലും അവന്റെ കരച്ചില്‍ കേട്ട് ഉണര്‍ന്നില്ല , അവര്‍ ഗാഡനിദ്രയില്‍ ആയിരുന്നു.. ക്ലാര പാലില്‍ കലര്‍ത്തിയ ഉറക്ക ഗുളികയുടെ ശക്തി തീരും വരെ അവര്‍ ആരും ഇനി ഉണരില്ല …ക്ലാര അപ്പുവിനെ നിര്‍ബന്ധിച്ചു പാല് കുടിപ്പിച്ചു, പതിയെ അവനും മയക്കത്തിലേക്കു വീണു.

ഹാവൂ സമാധാനമായി, ഈ പത്തെണ്ണത്തിനെ നോക്കനുല്ലൊരു പാട് ..ഒരെണ്ണത്തിനെ നോക്കാനുള്ള കഴിവില്ലാത്ത അമ്മമാരുടെ ഈ നാട്ടില്‍ പത്തെണ്ണത്തിനെ നോക്കുന്ന എനിക്ക് വല്ല അവാര്‍ഡും തരണം.. ക്ലാര ആത്മഗതം ചെയ്തു. മേശപുറത്തുള്ള ആഴ്ച്ചപതിപ്പില്‍ ആര്‍ത്തിയോടെ അവര്‍ നോക്കി .. എന്താവും സുധാമണിയുടെ അവസ്ഥ , ആവള്‍ മരുമകളെ കൊല്ലുമോ .. ആ കൊല്ലണം! അങ്ങനെയുള്ള എല്ലാ എണ്ണത്തിനെയും കൊല്ലണം! ….. അവര്‍ ആകംഷയൊടെ ആഴ്ചപതിപ്പ് തുറന്നു വായിച്ചു തുടങ്ങി .. ചിലപ്പോള്‍ അവള്‍ പല്ലുകടിച്ചു .. ചിലപ്പോള്‍ നിരാശയോടെ , ഛെ !.. എന്നല്ലമുള്ള ശബ്ദം പുറപ്പെടുവിച്ചു …. വായനയുടെ ഒടുവില്‍ അവര്‍ കസേരയില്‍ ചാഞ്ഞു ഇരുന്നു ഉറക്കം തുടങ്ങി.

രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞു കാണും കുട്ടികള്‍ മെല്ലെ ഉണരാന്‍ തുടങ്ങി. ചെറിയ ചെറിയ തേങ്ങലുകള്‍ ക്ലാരയുടെ ഉറക്കം കെടുത്തി അവര്‍ എഴുന്നെറ്റു … നാശം ഉണര്‍ന്നോ ഇവറ്റകള്‍ .. മനുഷ്യനെ ഒന്ന് സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ല … ഇനി ഞാന്‍ ഗുളികയുടെ ഡോസ് കൂട്ടും , നിങ്ങളെ ഒരു പാഠം ഞാന്‍ പഠിപ്പിക്കും… കാണാം … അവര്‍ ആരോടെന്നില്ലാതെ പിറുപിറുത്തു ..

കുട്ടികളില്‍ ചിലര്‍ ഉണര്‍ന്നെങ്കിലും അവിടെ തന്നെ തളര്‍ന്നുകിടന്നു , ചിലര്‍ സ്‌നഗ്ഗിയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു . മുഴുവന്‍ സമയവും ഇറുകിയ സ്‌നഗ്ഗിക്കുള്ളില്‍ വായുസഞ്ചാരം ഇല്ലാതെ കഴിയേണ്ടിവരുന്ന കുരുന്നു ബാല്യങ്ങള്‍ പരിതാപകരം തന്നെ !!

ക്ലാര കുട്ടികളുടെ വൃത്തികേടായ വസ്ത്രങ്ങള്‍ മാറ്റികൊടുത്തു… അവര്‍ അടുക്കളയിലേക്ക് പോയി.. ക്ലാരയുടെ അസാനിധ്യം കുട്ടികള്‍ക്ക് ഉണര്‍വ് പകര്‍ന്നു അവര്‍ ആശ്വാസതോടെ പരസ്പരം നോക്കി. ഇനി അവള്‍ വരുന്നവരെ ഒരിത്തിരി സമാധാനത്തോടെ കളിക്കാം .. അവര്‍ കളിപ്പാട്ടങ്ങളുമായി കളി തുടങ്ങി.

നിമിഷങ്ങള്‍ക്കകം ഉച്ച ഭക്ഷണത്തിന്റെ അറിയിപ്പുമായി ക്ലാര വീണ്ടും എത്തി .. അതുവരെ കളിയുടെ ആവേശത്തിലായിരുന്ന കുരുന്നുകള്‍ എല്ലാം അവസാനിപിച്ചു ഒതുങ്ങിയിരുന്നു. ക്ലാരയുടെ ഇടിയുടെ വേദന അറിയാവുന്ന കുട്ടികള്‍ അനുസരണയൊടെ എന്തല്ലമോ കഴിച്ചെന്നു വരുത്തി. അപ്പുവിനു ഭയമായിരുന്നു രാവിലെ കിട്ടിയ തല്ലിന്റെ വേദന അവനെയും,ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചു ..പക്ഷെ ക്ലാര നല്‍കിയ ജ്യുസ് അവന്‍ കഴിച്ചില്ല …. അവള്‍ നിര്‍ബന്ധിച്ചു കുടിപ്പിക്കാന്‍ ശ്രമിചെങ്കിലും അപ്പു അത് തട്ടിമാറ്റി .. തറ മുഴുവന്‍ ജ്യുസ് ഒഴുകി പറന്നു .. ക്ലാര ഒരിക്കല്‍ കൂടെ തടാക രൂപം പ്രാപിച്ചു .. അവള്‍ അപ്പുവിനെ പൊതിരെ തല്ലി. കലിയടങ്ങാത്ത അവള്‍ മറ്റൊരു പാത്രത്തില ജ്യുസുമായി വീണ്ടും വന്നു പക്ഷെ അവര്‍ നേരത്തെ ചെര്‍ത്തതിലും കൂടുതല്‍ ഉറക്ക ഗുളിക ചേര്‍ത്തിരുന്നു . അവള്‍ അപ്പുവിന്റെ കൈകള്‍ രണ്ടും പുറകില്‍ കെട്ടി ചുമരിനോടു ചേര്‍ത്ത് നിരത്തി ബലമായി അത് കുടിപ്പിച്ചു ….അപ്പു വീണ്ടും മയക്കത്തിലേക്കു വഴുതി വീണു …

സമയം ഗതികിട്ടാതെ അനന്തമായി ഒടികൊണ്ടിരുന്നു .. രക്ഷിതാക്കള്‍ വരാനുള്ള സമയം ആവാറായി ക്ലാര കുട്ടികളെ എഴുന്നേല്പിച്ചു കുളിപിച്ചു , നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു റെഡിയാക്കി നിര്‍ത്തി .. ഓരോരുത്തരായി വന്നു കുട്ടികളെ വീട്ടിലേക്കു കൂട്ടികൊണ്ടു പോവാന്‍ തുടങ്ങി ക്ലാര രക്ഷിതാക്കളെ ചിരിച്ച മുഖത്തോടെ കുശലന്വേഷണങ്ങലോടെ സ്വീകരിച്ചു , മധുരമായി സംസാരിച്ചു മക്കളുടെ കുസൃതികള്‍ (ഇല്ലാത്ത) ക്ലാര വിശദീകരിച്ചു . സന്തോഷത്തോടെ രക്ഷിതാക്കള്‍ കുട്ടികളുമായി വീട്ടിലേക്കു പോയി.

സുരഭി ഓഫീസില്‍ നിന്നും ദൃതിയില്‍ വീട്ടിലെതാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോഴാണ് മനു വിളിച്ചുപറയുന്നത് ഇന്ന് അല്പം തിരക്കാണ് അപ്പുനെ ഡെകെയറില്‍ നിന്നും കൂട്ടികൊണ്ടുപോകണം, മറക്കല്ലേ എന്ന്. സുരഭി വാച്ചില്‍ നോക്കി സമയം ആറുമണി ഇനി ഈ ട്രാഫികില്‍ എപ്പഴ എന്റെ ഈശ്വരാ … അവര്‍ ഇത്തിരി വൈകും എന്ന് ഡെകെയറില്‍ വിളിച്ചു പറഞ്ഞു . ക്ലാരയായിരുന്നു ഫോണ്‍ എടുത്തത് അവര്‍ പറഞ്ഞു ‘നോ പ്രോബ്ലം മാം, ഹി ഈസ് സേഫ് ഹിയര്‍ .. ഡോണ്ട് വറി’ .. സുരഭിക്ക് സമാധാനമായി അപ്പുനെ സുരക്ഷിതമായ കൈകളില്‍ ഏല്പിച്ച സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞു. ഈ ഡെകെയര്‍ ഉള്ളത് തന്നെ ഒരു വലിയ ആശ്വാസം, നമ്മെ പോലുള്ള പ്രൊഫഷനല്‍സിനു പ്രത്യേകിച്ചും… അവര്‍ ഓഫീസില്‍ നിന്ന്, ഇറങ്ങാന്‍ നേരേം സഹപ്രവര്‍ത്തയോട് പറഞ്ഞു.

ഒരിത്തിരി വൈകി അവര്‍ അപ്പുവിന്റെ അടുത്തെത്തി , കാത്തിരിപ്പിന്റെ മുഷിപ്പ് ഒട്ടും കാണിക്കാതെ ക്ലാര അവിടെ ഉണ്ടായിരുന്നു. മറ്റെല്ലാ കുട്ടികളും പോയി അപ്പു മാത്രമേ ഇനിയുള്ളൂ. ക്ലാര സുരഭിയുടെ അടുത്തു കുശലന്വേഷണം ചെയ്തു ,ക്ലാര അപ്പുവിനെ പുകഴ്ത്തി ഒരു പാടു സംസാരിച്ചു .. അപ്പു ഉറങ്ങുകയായിരുന്നു, സുരഭി അപ്പുവിനെ തോളില്‍ എടുത്തു അവിടെ നിന്നും ഇറങ്ങുമ്പോള്‍ ചുരുട്ടിയ ഒരു നോട്ടെടുത്തു ക്ലാരയുടെ കയ്യില്‍ കൊടുത്തു, ‘ദിസ് ഈസ് മൈ പ്ലഷര്‍ , ഫോര്‍ യുവര്‍ കെയര്‍ ടു മൈ അപ്പു’ , വിടര്‍ന്ന കണ്ണുകളോടെ ക്ലാര ആ നോട്ടു കയ്യിലേക്ക് വാങ്ങി വെളുക്കെ ചിരിച്ചു. പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞു അവര്‍ പരസ്പരം പിരിഞ്ഞു . അപ്പു നല്ല ഉറക്കമായിരിന്നു .കാറിന്റെ ബേബി സീറ്റില്‍ അവനെ സുരക്ഷിതമായി ഇരുത്തി സുരഭി കാറോടിച്ചു വീടിലേക്ക് പോയി.

കാല്ലിംഗ് ബെല്ലിന്റെ സബ്ദം കേട്ട് സുരഭി ഞെട്ടി എണിറ്റു, അപ്പു അപ്പോഴും നല്ല മയക്കത്തിലായിരുന്നു പനിയുടെ ശക്തി കൂടിയിരുന്നു. അപ്പുവിനെ തോളിലിട്ട് സുരഭി വാതില്‍ തുറന്നു . പുറത്തു മനുഏട്ടന്‍ , ഹോ ഇന്ന് ഭയങ്കര തിരക്കായിരുന്നു ഓഫീസില്‍ , ഒരു വിധം തീര്‍ത്തു എന്ന് പറഞ്ഞമതിയല്ലോ , മനു പറഞ്ഞു തുടങ്ങി… എങ്ങനെ എന്റെ അപ്പൂസ് .. ഇപ്പൊ പനിയുണ്ടോ , നോക്കട്ടെ അച്ഛന്റെ അപ്പുമൊനെ.. മനു അപ്പുവിനെ തോളില്‍ എടുത്തു .. നല്ല പണി കണ്ണുകള്‍ കൂമ്പി അടഞ്ഞിരിക്കുന്നു … പാവം നമ്മുടെ അപ്പുനു എന്ത് പറ്റിയെടാ , മനു സുരഭിയെ നോക്കി .. വാ നമുക്ക് ഡോക്ടറുടെ അടുത്തു പോകാം. നീ വസ്ത്രം മാറാതിരുന്നത് നന്നായി . മനുവും സുരഭിയും അപ്പുവിനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി .

തളര്‍ന്നു കിടക്കുന്ന അപ്പുവിനെ ഡോക്ടര്‍ പരിശോധിച്ചു വിവരങ്ങള്‍ ആരാഞ്ഞു .. സുരഭി പറഞ്ഞു ഇന്ന് അവന്‍ ഡെകെയറില്‍ ആയിരുന്നു, വന്നപ്പം മുതലേ ഇങ്ങനെയാണ് .. ഡോക്ടര്‍ അപ്പുവിനെ വിശദമായി പരിശോധിച്ചു , എന്നിട്ട് രക്തം പരിശോധിച്ചു റിസല്‍റ്റുമായി വേഗം വരന്‍ പറഞ്ഞു . രക്തപരിശോധന ഫലം കണ്ട ഡോക്ടര്‍ ക്രുദ്ധനായി അവരോടു പറഞ്ഞു , ഈ കുട്ടിയുടെ ശരീരത്തില്‍ വലിയതോതില്‍ ഉറക്കഗുളിക ചെന്നിട്ടുണ്ട് , ഇവനെ വല്ലാതെ വേദനിപ്പിചിട്ടുണ്ട് .. ആരാണീ ക്രൂരത ചെയ്തത്? അവര്‍ നിയമത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരും, അപ്പുവിനെ ഇപ്പൊ ഇവിടെ എത്തിച്ചത് നന്നായി ഇല്ലയിരുന്നെങ്കില്‍ … അത് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല … അപ്പുവിനു പെട്ടന്ന് തന്നെ വിദഗ്ദചികിത്സ നല്കാന്‍ ഡോക്ടര്‍ മറ്റു ഡോക്ടര്‍മാരോടു നിര്‍ദെശിച്ചു..

കൂടുതല്‍ കൂടുതല്‍ സമ്പാദിക്കാനുള്ള വെപ്രാളത്തിനിടയില്‍ ഒരു തലമുറയെയാണ് നിങ്ങള്‍ ബലികഴിക്കുന്നത്, അമ്മയുടെ സ്‌നേഹം രുചിച്ചു കഴിയേണ്ട ഇവന്‍ ആരുടെയോ കയ്യിലെ വിഷം തിന്നു ഇഞ്ചിഞ്ചായി ഇല്ലാതാവാന്‍ വിട്ടുകൊടുത്തിട്ട് ഇരുന്നു കരയുന്നോ? ഡോക്ടര്‍ സുരഭിയുടെ നേരെ നോക്കി . ഇനിയെങ്കിലും തിരിച്ചറിയൂ ഇവന്‍ നിങ്ങളുടെ സമ്പാദ്യമാണ്, ഇവനേക്കാള്‍ വലിയ ഒരു സൌഭാഗ്യവും നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയില്ല , അവരെ നശിപ്പിക്കരുത്. ഒരു കുഞ്ഞിനെ നോക്കാന്‍ നിങ്ങള്‍ പെടുന്ന പാടു എത്രയാണെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പത്തു കുട്ടികളെ നോക്കാന്‍ ഒരു ആയക്ക് എത്രമാത്രം സാധിക്കുമെന്ന സാമാന്യ ബുദ്ധിയെങ്കിലും കാണിക്കമായിരുന്നില്ലെ … എല്ലാ ഡെകെയറുകളും ഇങ്ങനെയാണ് എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ ഇത്തരത്തിലുള്ള ഡെകെയറുകളും ഉണ്ട് എന്ന വസ്തുത മറക്കാതിരിക്കുക .

നമ്മുടെ മക്കളെ ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കണോ എന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം . രണ്ടു നാളുകൊണ്ടു അപ്പുവിന്റെ ആരോഗ്യം തിരികെ കിട്ടും … പിന്നെ തീരുമാനം നിങ്ങലുടെതാണ്. ഏതായാലും ഈ കേസ് ഞാന്‍ പോലീസിന് കൈമാറും , ഒരു തലമുറയുടെ നിലനില്പിനു ഭീഷണിയായ ആ രാക്ഷസിയെ നിയമം നല്‍കുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ ഒരു പൌരന്‍ എന്നതിലുപരി സാമൂഹിക പ്രതിബദ്ദതയുള്ള ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. അവരുടെ കയില്‍ വിലങ്ങു വീഴണം തീര്‍ച്ച അതിനു നിങ്ങളുടെ എല്ലാ സഹകരണവും വേണം. ഡോക്ടര്‍ പറഞ്ഞു നിരത്തി .

ഡോക്ടറുടെ മുറിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സുരഭിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു, പക്ഷെ, ആ കണ്ണുകളില്‍ ഒരു ദൃഡനിശ്ചയത്തിന്റെ തിളക്കം മനു കണ്ടു …

മനുഏട്ടാ ഞാന്‍ ജോലി രാജിവേക്കുവാ , നമ്മുടെ അപ്പുമൊനെക്കാല്‍ വലുതായി ഒരു ജോലിയും എനിക്ക് വേണ്ട …. സുരഭിയുടെ ശബ്ദംദൃവും ശക്തവുമായിരുന്നു. മനു സുരഭിയുടെ തോളിലൂടെ കയ്യിട്ടു ചേര്‍ത്തു നിര്‍ത്തി . ഒരു റെയില്‍ പാളം പോലെ നീണ്ടു കിടക്കുന്ന ആശുപത്രി വരാന്തയിലൂടെ അവര്‍ അപ്പുവിന്റെ അരികിലേക്ക് നടന്നു ….