തനിയെ….

0
159

 

tumblr_lfsjmoxb1C1qfykydo1_400_large

എന്താണെന്നറിയില്ല ഇന്ന് പതിവിലും നേരത്തെ ഉണര്‍ന്നു..അലാറം അടിക്കാന്‍ ഇനിയും അര മണിക്കൂര്‍ കൂടി ഉണ്ട്, എന്നാലും കിടക്കാന്‍ തോന്നുന്നില്ല..അവള്‍ പതിയെ ബെഡില്‍ നിന്നും എഴുന്നേറ്റു. എന്ത് ചെയ്യണമെന്ന് അറിയില്ല.പതിവ് സമയമാണെങ്കില്‍ ഓഫീസില്‍ എത്തുന്നതുവരെ കീ കൊടുത്ത പാവയെ പോലെ യാന്ത്രികമായി കാര്യങ്ങള്‍ എല്ലാം ചെയ്തുതീര്‍ത്തേനെ . ഇന്നെന്താണാവോ ഇങ്ങനെ..?

അറിയില്ല… ഇതിനു മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ലേ?…ഉണ്ടല്ലോ…എത്രയോ പ്രാവശ്യം… എന്നാലും ഇന്ന്…പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ കാണാന്‍ പോവുന്നു…മനസ്സില്‍ ആകെ ഒരു അങ്കലാപ്പ്…അവസാനമായി കണ്ടത് അന്ന് ആ പാര്‍ക്കിലെ വാകമരത്തിന്റെ തണലില്‍….അന്നൊരു യാത്രപറച്ചില്‍ ആയിരുന്നു അതെന്ന് ഇപ്പോഴും മനസ്സ് അംഗീകരിക്കുന്നില്ല..ആ പാര്‍ക്കും വാകമരവും പുതിയ ഹൈവേയ്ക്ക് വഴിമാറിയപോലെ താനും മാറി…അയാളുടെ ജീവിതത്തില്‍ നിന്നും.

മനസ്സില്‍ നിന്നും ഒന്നും മാറിയില്ല എന്നറിഞ്ഞത് ഈ ഇടക്കാണല്ലോ, ഫേസ്ബുക്കില്‍…എന്നും ഓരോരുത്തരുടെ പോസ്റ്റുകള്‍ വായിക്കാനും പുതിയ കാര്യങ്ങള്‍ അറിയാനും മാത്രം ആ സൈറ്റ് ഉപയോഗിച്ചിരുന്ന തനിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു…ആരാണെന്ന് നോക്കിയപ്പോള്‍ ആ പഴയ ഓര്‍മ്മകളൊക്കെ എവിടെ നിന്നോ ചിറകുവിടര്‍ത്തി ഉയിര്‍ത്തെഴുനേറ്റപോലെ…എന്തായാലും റിക്വറ്റ് അക്‌സപ്റ്റ്‌ചെയ്തു. അദ്ദേഹം സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണെന്നറിഞ്ഞപോള്‍ സന്തോഷിക്കാന്‍ തന്നെയാണ് തോന്നിയത്.എന്തെന്നാല്‍ തന്റെ ഈ ഒറ്റക്കുള്ള ജീവിതത്തിന് അയാള്‍ മാത്രമല്ല കാരണം.ബാല്യത്തിലെ തന്നെ മരണത്തിന്റെ ഇടനാഴിയില്‍ മറഞ്ഞ അച്ഛന്‍, യൌവനാരംഭത്തില്‍ അവളും അമ്മയും മാത്രം, എന്നും ഏകാന്തത അവളെ വേട്ടയാടിയിരുന്നു.

എങ്ങനെയോ അനുഗ്രഹമായി ലഭിച്ച ജോലി. ഇടക്ക് അമ്മാവന്റെ വീടുണ്ടായിരുന്നു, ഹോസ്റ്റല്‍ മടുക്കുമ്പോള്‍ കയറിചെല്ലാനായി. എന്നാല്‍ പതിയെ അതങ്ങ് നിന്നു. പെണ്‍കുട്ടിയല്ലേ, ബാധ്യതയായാലോ എന്ന് അമ്മായിക്ക് ഭയo. പിന്നെയങ്ങോട്ട് കുറെ ട്രാന്‍സ്ഫറുകളും, ഹോസ്റ്റല്‍ ജീവിതവും.ഉണ്ടായിരുന്ന സമ്പാദ്യവും ലോണും കൂടി കൂട്ടി ഒരു കൊച്ചുവീട് വാങ്ങി. ഒരിക്കലും ഒറ്റക്കായെന്നു തോന്നിയിട്ടില്ല. അന്നയാള്‍ തനിച്ചാക്കിയപ്പോള്‍ പോലും ….!!!

വീട്ടുജോലികളെല്ലാം തീര്‍ത്ത് ഓഫീസില്‍ പതിവിലും നേരത്തെ എത്തി..ഒന്നിലും മനസുറക്കുന്നില്ല..ഭൂതകാലത്തിലേക്ക് പറന്നു പറന്നു പോവുന്നപോലെ….ആദ്യമായി അയാളെ കണ്ടുമുട്ടിയ ആ കോളേജ് മുറ്റവും പിന്നെ പ്രണയം വളര്‍ന്നുപന്തലിച്ച ലൈബ്രറിയും അങ്ങനെ എവിടെയൊക്കെയോ മനസ്സ് പാറിനടന്നു. വൈകിട്ട് 5.30 നു ബീച്ചിനടുത്തുള്ള പാര്‍ക്കില്‍ കാണാം എന്നാണ് അയാള്‍ പറഞ്ഞത്.
ഓഫീസിലെ കസേരയില്‍ ഇരുന്നു മനസിനെ അതിന്റെ ഇഷ്ടത്തിനു മേയാന്‍വിട്ടുകൊണ്ട് നേരം തള്ളിനീക്കി.സമയം കഴിയുന്തോറും മനസ്സില്‍ ആകെ ഒരു സംഭ്രമം ….എന്ത് പറയണം എന്ത് ചോദിക്കണം എന്നൊക്കെ ഒരു ടെന്‍ഷന്‍…

സമയം 5 മണി ആയി.ഓരോരുത്തരായി ഓഫീസില്‍ നിന്നും ഇറങ്ങിതുടങ്ങി. പതിയെ അവളും ഇറങ്ങി. പാര്‍ക്കിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ , എന്നിട്ടും കഴിവതും വേഗത കുറച്ചു നടന്നു.പാര്‍ക്കിലെ തനിക്കേറ്റവും പ്രിയപ്പെട്ട റോസാചെടികള്‍ നില്‍ക്കുന്നിടത്തെ ബെഞ്ചില്‍തന്നെ ഇരുന്നു. സമയം 5 മണി ആയി. എന്തോ, ഹൃദയമിടിപ്പും സംഭ്രമവും കൂടുന്നതുപോലെ.

പാര്‍ക്കിലെ അവസാനത്തെ ആളും പോയപ്പോളാണ് വാച്ച്മാന്‍ വന്നുപറഞ്ഞത് മാഡം പാര്‍ക്ക് അടക്കാനുള്ള സമയമായി , ദയവായി ഇറങ്ങി തരണമെന്ന്. അപ്പോളാണ് ഓര്‍മ്മകളില്‍ നിന്നും അവള്‍ പെട്ടന്ന് വേര്‍പെട്ടത്. അയാള്‍ ഇനിയും വന്നിട്ടില്ല.
ആളൊഴിഞ്ഞ പാര്‍ക്കില്‍ നിന്നും ഇറങ്ങി ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടന്നപോള്‍ മനസ്സ് ശൂന്യമായിരുന്നു.കാരണം കാലം തനിച്ചക്കിയ ആളുകള്‍ക്ക് മറ്റൊന്നും പ്രതീക്ഷിക്കനില്ലല്ലോ…!!!!